Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നും ഇന്നും റസാഖിനൊപ്പം ഞങ്ങൾ; രഞ്ജിത്

ranjith-t-a-razak

തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവും തുടർന്നുണ്ടായ ചില വിവാദങ്ങളും വീണ്ടും വാർത്തയാവുകയാണ്. റസാഖിന്റെ ഭാര്യയ്ക്ക് വീട് വാങ്ങി കൊടുക്കാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി നടത്തിയ പരിപാടിയുടെ ലാഭവിഹിതം അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ നടന്ന സംഭവങ്ങളുടെ യാഥാർഥ്യം വെളിപ്പെടുത്തി സംവിധായകൻ രഞ്ജിത്.

രഞ്ജിത്തിന്റെ വാക്കുകളിലേക്ക്–

ടിഎ റസാഖ് നമ്മളെ വിട്ടുപോയിട്ട് ഒരു വർഷം കഴിഞ്ഞു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് എറണാകുളം അമൃത ഹോസ്പിറ്റലിലാണ് റസാഖിനെ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 25 ലക്ഷം രൂപ ചിലവ് വരുമെന്ന് റസാഖ് അറിയിച്ചിരുന്നു. റസാഖിന്റെ സഹോദരൻ ടിഎ ഷാഹിദ് മരിച്ചപ്പോള്‍  സുഹൃത്തുക്കൾ മുൻകൈയെടുത്താണ് അദ്ദേഹത്തിന്റെ ബാധ്യതകൾ തീർത്തത്. വീണ്ടും സുഹൃത്തുക്കളെ സഹായത്തിനായി സമീപിക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് കോഴിക്കോട് പരിപാടി നടക്കുന്ന കാര്യം ഓർമ്മയിൽ വന്നത്. കോഴിക്കോട് നടത്തുന്ന മോഹനം പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് റസാഖിന്റെ ചികിത്സാ ചിലവിനായുള്ള പണം നൽകാമെന്നായിരുന്നു പിന്നീട് ഞങ്ങളുടെ കണക്ക് കൂട്ടൽ. 35 ലക്ഷം രൂപ നൽകാമെന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ധാരണയുമായി. 

ഈ കമ്പനിക്കായിരുന്നു മോഹനം പരിപാടിയുടെ നടത്തിപ്പ് ചുമതല. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് ഒരു സ്വകാര്യ ചാനലുമായി അവർ കരാറുമുണ്ടാക്കി. ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നാണ് റസാഖിനുള്ള 35 ലക്ഷം രൂപ തരുന്നത്. അമൃത ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി ആദ്യം 10 ലക്ഷം രൂപയും ഇവർ‌ നൽകിയിരുന്നു. മോഹനം പരിപാടിയുടെ അന്ന് രാവിലെയാണ് ടിഎ റസാഖ് നമ്മെ വിട്ട്പോകുന്നത്.  തുടർന്ന് റസാഖിന്റെ മകനുമായി കൂടിയാലോചിച്ച് പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.അന്ന് അവിടെയുണ്ടായിരുന്ന മലയാളത്തിലെ മുതിർന്ന സംവിധായകരുടെ കൂടി അറിവോടെയായിരുന്നു ഈ തീരുമാനം. എറണാകുളത്ത് നിന്നും റസാഖിന്റെ മൃതദേഹം എത്താൻ വൈകുമെന്നതിനാൽ പരിപാടി നടത്തുന്നതിന് തടസമില്ലെന്നായിരുന്നു മിക്കവരുടെയും നിലപാട്. പരിപാടിയുടെ അവസാനം റസാഖിന്റെ മരണവാർത്ത സദസ്സിനെ അറിയിക്കുകയും ചെയ്തു. മാത്രമല്ല നേരത്തെ  പത്ത് ലക്ഷം രൂപ റസാഖിന്റെ ചികിത്സയ്ക്കായി കമ്പനിയിൽ നിന്ന് സ്വീകരിച്ചതിനാൽ പരിപാടി മാറ്റിയാൽ അത് കരാർ‌ ലംഘനവുമാകും.

മരണശേഷം കമ്പനി തരുന്ന തുക കൊണ്ട് റസാഖിന്റെ രണ്ടാം ഭാര്യ ഷാഹിദയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങി നൽകാനാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനായി ഞങ്ങള്‍ കണ്ടെത്തിയ ഫ്ളാറ്റ് ഷാഹിദയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ പരിപാടിയുടെ സംപ്രേഷണാവകാശം നേടിയെടുത്ത സ്വകാര്യ ചാനല്‍ പണം നൽകാൻ വൈകിയതിനാൽ ഇത് സാധിച്ചിട്ടില്ല. മാർച്ചിനുള്ളിൽ 25 ലക്ഷം രൂപ തരാമെന്നാണ് കമ്പനിയും ഏറ്റത്. സ്വകാര്യ ചാനലുമായി ഞാനും വ്യക്തിപരമായി സംസാരിച്ചിരുന്നു. പണം ലഭിക്കാൻ വൈകുന്നതിനാലാണ് റസാഖ് മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കുടുംബത്തിന് വീട് നൽകാൻ കഴിയാത്തത്.

ഏറ്റവുമൊടുവിൽ പണം എത്രയും പെട്ടെന്ന് നൽകുമെന്ന് കഴിഞ്ഞ ദിവസം ചാനൽ ആ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് 25 ലക്ഷം രൂപ ഷാഹിദയെ നേരിട്ട് ഏൽപ്പിക്കാനാണ് തീരുമാനം. ഒരു കാര്യത്തിൽ പ്രതികരിച്ച് ചർച്ച ചെയ്യുകയല്ല മറിച്ച് അതിൽ  ഇടപെടണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സമൂഹ മാധ്യമങ്ങളില്‍  അഭിപ്രായങ്ങൾ ഉയർന്നുവന്നതിനാലാണ് ഇപ്പോൾ ഇതെഴുതാന്‍ മുതിരുന്നതും. സംഘാടക സമിതി കമ്പനിയിൽ നിന്ന് കിട്ടുന്ന തുക കൊണ്ട് റസാഖിന്റെ ചികിത്സാ ചെലവ് വഹിക്കാമെന്നാണ് പറഞ്ഞത്, അല്ലാതെ കുടുംബത്തിന് സഹായം നൽകാെമന്ന് പറഞ്ഞിട്ടില്ല. 

റസാഖിന്റെ മരണത്തിൽ മുതലെടുപ്പ് നടത്താൻ ചിലർ തുടക്കം മുതൽ ശ്രമിക്കുന്നതായി നന്നായി അറിയാം. ഇതുവരെയും റസാഖിന്റെ കാര്യത്തിൽ ഇടപെടാത്തവർ പോലും ഇപ്പോൾ സംരക്ഷകരാകുന്നത് കാണുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കുറിപ്പ്. റസാഖിന്റെയും കുടുംബത്തിന്റെയും കൂടെ എന്നും ഉണ്ടായിട്ടുള്ളത് ജിഎസ് വിജയൻ, വിഎം വിനു, എം പത്മകുമാർ എന്നിവരും ഞാനും ഉൾപ്പെടുന്ന ഒരു കൂട്ടം സുഹൃത്തുക്കളാണ്. അത് ഇനിയും തുടരുകതന്നെ ചെയ്യും.–രഞ്ജിത് പറഞ്ഞു.