Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'രാമനുണ്ണി' ദിലീപ് അല്ല, രാമലീല കാണാതിരിക്കരുത്: അരുൺഗോപി

ramaleela-director-interview

സിനിമ എന്താണെന്ന് അരുൺഗോപിയോട് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേയുള്ളൂ - സ്വപ്നമാണ് സിനിമ. ഇങ്ങനെയെ സാധിക്കൂ, കാരണം രാമലീല എന്ന ദിലീപ് ചിത്രം അരുൺഗോപിയുടെ അഞ്ചുവർഷം നീണ്ടസ്വപ്നം കൂടിയാണ്. ദിലീപിനെപ്പോലെ സാറ്റലൈറ്റ് വാല്യുവും ജനപ്രീതിയുമുള്ള താരത്തെ നായകനാക്കി കന്നിചിത്രം സംവിധാനം ചെയ്യുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. മുളകുപാടം ഫിലിംസ് എന്ന ബാനറിന്റെ കീഴിലുള്ള നിർമാണം കൂടിയായതോടെ വിജയപ്രതീക്ഷകൾ തന്നെയായിരുന്നു സംവിധായകനുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും മേൽ ഇടിത്തീപോലെയാണ് ദിലീപിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും നടന്നിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിസന്ധികൾക്കും വിരാമമിട്ട് രാമലീല തീയറ്ററുകളിലേക്ക് എത്തുകയാണ് ഈ മാസം 28ന്. സിനിമയെക്കുറിച്ച് സംവിധായകൻ പ്രതികരിക്കുന്നു.

രാമലീല  തീയറ്ററിലേക്കെത്തുമ്പോൾ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

സിനിമ കാണാതിരിക്കരുത്. അഞ്ചുവർഷം നീണ്ടപരിശ്രമമാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ വേണ്ടി ആത്മാർഥമായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമത്തിനുള്ള ഫലം നിങ്ങൾക്ക് സിനിമയിൽ കാണുകയും ചെയ്യാം. സിനിമ കണ്ടിട്ട് ഉയരുന്ന ഏതുവിമർശനത്തെയും നിറഞ്ഞമനസോടെ ഞാൻ സ്വീകരിക്കും. സംഭവിച്ച പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് അടുത്ത സിനിമകൾ മികച്ചതാക്കാൻ ശ്രദ്ധിക്കാം. തീയറ്ററിൽ പോയി കണ്ട് വിലയിരുത്താനുള്ള മനസ് കേരളത്തിലുള്ള ജനങ്ങൾ കാണിക്കണം. സിനിമ കാണരുത്, തീയറ്ററുകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ പലയിടത്തും കാണുന്നുണ്ട്. ഇതൊക്കെ ശരിക്കും വേദനാജനകമാണ്.

സംവിധായകന്റേതായ ആശയങ്ങളും പ്രമേയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് സിനിമ ഇറക്കുന്നത്. രാമനുണ്ണി എന്നുപറയുന്ന വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ. കേരളത്തിലെ വളരെ ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന, ഒരാളെ മൊട്ടുസൂചികൊണ്ടുപോലും കുത്തിവേദനിപ്പിക്കാത്ത ആളാണ് രാമനുണ്ണി. അയാൾ ജീവിക്കുന്ന പശ്ചാത്തലത്തിൽ അയാളുടെ കഥയാണ് സിനിമയായി എത്തുന്നത്. ആ കഥ കാണാനാണ് ആളുകളെ ക്ഷണിക്കുന്നത്. അത് കാണാനുള്ള മനസ് കാണിക്കണം.

രാമനുണ്ണിയുടെ ജീവിതത്തിന് ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി സാമ്യമുണ്ടോ?

രാമനുണ്ണിയെന്ന വ്യക്തി സാങ്കൽപ്പിക കഥാപാത്രമാണ്. രാമനുണ്ണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചിലകാര്യങ്ങൾക്ക് ദിലീപേട്ടന്റെ ജീവിതവുമായി പൂർണ്ണമായി ബന്ധമില്ല എന്ന് പറയാനാകില്ല. ഉണ്ടോ എന്ന ചോദിച്ചാൽ ഉണ്ടെന്നും പറയാൻ പറ്റില്ല. എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിലത് തികച്ചും യാദൃശ്ചികമാണ്. തിരക്കഥാകൃത്തിന്റെ ഭാവനയിലാണ് രാമനുണ്ണിയുടെ കഥ ജനിക്കുന്നത്, ദിലീപേട്ടന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നതും ആരുണ്ടെയെങ്കിലും തിരക്കഥയാണോയെന്ന് അറിയില്ല. എല്ലാം ഒരു തിരക്കഥയാണല്ലോ? 

രാമലീലയിലെ 'നെഞ്ചിലെരിതീയേ...' എന്ന ഗാനം ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് ശേഷം എഴുതിയതാണോ?

ഒരിക്കലുമല്ല. സിനിമയിലൂടെ പറയുന്നത് രാമനുണ്ണിയുടെ കഥയാണ് ദിലീപേട്ടന്റെ കഥയല്ലല്ലോ. കേരളത്തിലും കോയമ്പത്തൂരിലുമൊക്കെയായി ചിത്രീകരിച്ച ഗാനമാണ് നെഞ്ചിലെരിതീയേ... രാമനുണ്ണി കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഞാൻ ഹരിനാരായണനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസിൽ തോന്നിയ വരികളാണ്. ദിലീപേട്ടന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെടുത്ത് പാട്ടാക്കാൻ സാധിക്കില്ലല്ലോ. ജീവിതത്തിൽ നിന്നുണ്ടായ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഉണ്ടാക്കിയ പാട്ട് അല്ല. ബി.െക.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത നൽകിയത്.

ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോൾ സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നോ?

കണ്ടിരുന്നു. അദ്ദേഹം വളരെയധികം ആത്മവിശ്വാസത്തിലാണ്. ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടില്ല എന്നുതന്നെയാണ് പറയുന്നത്. കഴിഞ്ഞകാര്യങ്ങളെക്കുറിച്ചൊന്നും സംസാരിച്ചില്ല. നമ്മൾ എല്ലാവരും മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷകളാണല്ലോ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

രാമലീല ദിലീപിന്റെ ജീവിതത്തിൽ എത്രമാത്രം നിർണ്ണായകമാണ്?

ദിലീപേട്ടനെ പോലെയൊരു സൂപ്പർതാരത്തിന്റെ ജീവിതത്തിൽ വലിയമാറ്റങ്ങളൊന്നും കൊണ്ടുവരാൻ രാമലീലയ്ക്ക് സാധിക്കില്ല. സിനിമ വിജയമായാലും പരാജയമായാലും അദ്ദേഹത്തിനെ അത്രകണ്ട് ബാധിക്കില്ല. ഈ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഇനിയും ദിലീപിന്റേതായ ചിത്രങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. 

 

പ്രതിസന്ധികൾ നവാഗതനായ താങ്കളെ തളർത്തിയോ? 

സഞ്ജയ്ദത്ത് ജയിലിലായപ്പോൾ ബോളീവുഡിലും സമാനമായ അവസ്ഥയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജയിൽവാസകാലത്ത് പുറത്തുവന്ന സിനിമയായിരുന്നു മുന്നാഭായി എംബിബിഎസ്. സിനിമ സൂപ്പർഹിറ്റായിരുന്നു. രാജ്കുമാർഹിറാനിയുടെ ആദ്യചിത്രമായിരുന്നു അത്. അതുപോലെയൊക്കെയുള്ള പ്രതിസന്ധികൾ മലയാളത്തിൽ ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയതാണ്. പക്ഷെ എന്റെ നിയോഗമായിരിക്കാം ഇങ്ങനെയൊക്കെ അനുഭവിക്കണമെന്നുള്ളത്. നവാഗതരായസംവിധായകർക്ക് അനുഭവസമ്പത്തില്ല എന്നാണല്ലോ പൊതുവേയുള്ള പരാതി. ഞാൻ ഇപ്പോൾ കടന്നുപോയത് മറ്റൊരു സിനിമ എടുക്കാനും മാത്രമുള്ള അനുഭവങ്ങളിലൂടെയാണ്. ഓരോ അനുഭവങ്ങളും ജീവിതത്തിലെ വലിയ പാഠങ്ങളാണ്. തളർന്നുപോയ സാഹചര്യങ്ങളുണ്ട്. പക്ഷെ സിനിമയിലുള്ളവർ എന്നെ ചേർത്തുനിറുത്തി. ഉണ്ണികൃഷ്ണൻ ചേട്ടൻ, മുകേഷേട്ടൻ, ആന്റണി ചേട്ടൻ (അന്റണി പെരുമ്പാവൂർ) ഇവരുടെയൊക്കെ വലിയ പിന്തുണയുള്ളതുകൊണ്ടാണ് പിടിച്ചുനിന്നത്.

നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

രാമലീല പോലെയൊരു ബിഗ്ബജറ്റ് ചിത്രം പ്രതിസന്ധിയിലാകുമ്പോൾ ഏറ്റവുമധികം ടെൻഷനടിക്കേണ്ട വ്യക്തി നിർമാതാവാണ്. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോപോലും എന്നെ അദ്ദേഹം വേദനിപ്പിച്ചിട്ടില്ല, അരുൺ സ്വന്തം ജോലി ഭംഗിയായി ചെയ്തില്ലേ? ഇനി അടുത്ത സിനിമ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യൂ. സിനിമയൊക്കെ പുറത്തിറങ്ങും വിഷമിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. ഈയൊരു അവസ്ഥയിൽ പിടിച്ചുനിൽക്കാൻ കാണിച്ച മന:സാന്നിധ്യത്തെ പ്രശംസിക്കാതിരിക്കാനാകില്ല.

രാധിക ശരത് കുമാറിന്റെ തിരിച്ചുവരവും കൂടിയാണ് രാമലീല. അതിനെക്കുറിച്ച്?

ramaleela-movie-song

സഖാവ് രാഗിണിയാകാൻ എന്റെ മനസിൽ രാധികമാഡത്തിന്റേതല്ലാതെ വേറെ ആരുടെയും മുഖം വന്നില്ല എന്നുള്ളതാണ് സത്യം. പക്ഷെ ആദ്യം അവരെക്കുറിച്ച് കേട്ടറിഞ്ഞത് കുറച്ച് ടെൻഷനടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. സ്വന്തം പ്രൊഡക്ഷനാണെങ്കിൽ പോലും ഏഴുമണികഴിഞ്ഞ് ഷൂട്ടിന് നിൽക്കില്ല, വളരെ കണിശക്കാരിയാണ് എന്നൊക്കെയാണ്. പേടിയോടെയാണ് ഷൂട്ടിങ് തുടങ്ങിയത്.

പക്ഷെ ഷൂട്ടിങ്ങ് തുടങ്ങിക്കഴിഞ്ഞപ്പോൾ പലയിടത്തുനിന്നായി കേട്ട പേടിപ്പിക്കുന്ന കാര്യങ്ങളിലൊന്നും വാസ്തവവുമില്ലെന്ന് മനസിലായി. സിനിമയുമായി എല്ലാരീതിയിലും അവർ സഹകരിച്ചു. രാത്രി ഷൂട്ടു ചെയ്യേണ്ട നിരവധി സീനുകളുണ്ടായിരുന്നു. അതിനൊന്നും ഒരു എതിരും പറയാതെ ഒപ്പം നിന്നും. മികച്ച പെർഫക്ഷനിസ്റ്റാണ് മാഡം. സഖാവ് രാഗിണിയായി അവർ ജീവിക്കുകയായിരുന്നു.

രാമലീലയിലെ മറ്റ് അഭിനേതാക്കൾ?

പ്രയാഗ മാർട്ടിനാണ് നായിക. വെറുതെ പേരിനുള്ള നായികയല്ല പ്രയാഗ. ശരിക്കും സിനിമയുടെ കഥാഗതി നിർണയിക്കുന്നതിൽ നായികയുടെ പങ്കുവലുതാണ്. പ്രയാഗയുടെ പ്രായത്തേക്കാൾ പക്വതയുള്ള വേഷമായിരുന്നിട്ടും ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. കലാഭവൻ ഷാജോൺ, സുരേഷ്കൃഷ്ണ, രൺജിപണിക്കർ എന്നിവരാണ് മറ്റുതാരങ്ങൾ.