Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു: തുറന്നു പറഞ്ഞ് സോളോ നിർമാതാവ്

abraham-mathew-dulquer

സംവിധായകന്റെ അറിവു കൂടാതെ സോളോ എഡിറ്റ് ചെയ്തു എന്ന വാർത്തയ്ക്ക് പ്രതികരണവുമായി നിർമാതാവ് എബ്രഹാം മാത്യു രംഗത്ത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചില തിരുത്തലുകൾ വരുത്താൻ താൻ സംവിധായകനോട് ആവശ്യപ്പെട്ടെന്നും അതിന് അദ്ദേഹം വഴങ്ങാതായപ്പോൾ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് ക്ലൈമാക്സ് എഡിറ്റ് ചെയ്തതെന്നും എബ്രഹാം പറയുന്നു. 

സോളോ റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ കഥകളുടെ ഓർഡർ മാറ്റാൻ ഞാൻ പലവട്ടം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കണ്ടപ്പോൾ പൊതുവിൽ എനിക്കുണ്ടായ ഒരു അനുഭവം കൊണ്ടാണ് അപ്പോൾ അങ്ങനെ ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം അതിന് തയാറായില്ല. എന്നാൽ പ്രേക്ഷക പ്രതികരണവും മറ്റൊന്നായിരുന്നില്ല. ക്ലൈമാക്സ് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രം റിലീസ് ചെയ്ത് അന്നു തന്നെ ഞാൻ അദ്ദേഹത്തെ കാര്യങ്ങൾ അറിയിച്ചു. 

bijoy-dulquer

പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷൻസ് പരിധിവിട്ടപ്പോൾ വീണ്ടും അദ്ദേഹത്തോട് നാല് കഥകളിൽ നല്ല ക്ലൈമാക്സ് ഉള്ള ത്രിലോക് അവസാനം ഇട്ട് ഓർഡർ തിരുത്താനും അതോടൊപ്പം രുദ്ര ക്ലൈമാക്സ് എഡിറ്റ് ചെയ്യാനും സാധിക്കുമോ എന്നു ചോദിച്ചു. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. പക്ഷെ അദ്ദേഹം ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോളാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. ദുൽഖർ എന്ന നടന്റെ കരിയറിലെ മികച്ച നാല് കഥാപാത്രങ്ങളും അതിനായി  അദ്ദേഹം എടുത്ത കഠിന പ്രയത്നവും പ്രേക്ഷകർ കൂകി തോൽപ്പിക്കുന്നത് വേദനാജനകമായി അതു കൊണ്ട് ക്ലൈമാക്സിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബന്ധിതനായി. എന്റെ മുന്നിൽ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. മാറ്റിയ ക്ലൈമാക്സ് പ്രേക്ഷകർ സ്വീകരിച്ചെന്നാണ് തീയറ്ററുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എബ്രഹാം പറഞ്ഞു. 

നേരത്തെ ചിത്രം എഡിറ്റ് ചെയ്തതിനെതിരെ സംവിധായകൻ ബിജോയ് നമ്പ്യാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായകനായ ദുൽക്കർ സൽമാനും സോളോയെ കൊല്ലരുതെ എന്ന അപേക്ഷയുമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.