Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലനിൽ വിശാൽ എത്തിയത് പൃഥ്വിക്ക് പകരക്കാരനായി

prithvi-villain

‘വില്ലൻ’ മറനീക്കി അവതരിക്കുമ്പോൾ വില്ലനെയല്ല, യഥാർഥ നായകനെത്തന്നെയാണു മലയാള സിനിമ വരവേൽക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ - മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നുള്ള നാലാം ചിത്രം ഉയർത്തുന്ന ഈ ആവേശത്തിന്റെ തെളിവാണ് സ്പെഷൽ ഷോകളുടെയും അഡ്വാൻസ് ബുക്കിങ്ങിന്റെയും കാര്യത്തിൽ പ്രകടമാകുന്നത്. 

ആത്മവിശ്വാസത്തോടെ സംവിധായകൻ

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ചിത്രം തിയറ്ററുകളിലെത്തുന്നത്. ഈ ഇടവേളയാകട്ടെ നല്ലൊരു പ്രമേയത്തിനു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയായിരുന്നു. ‘തിരക്കിട്ട് ഒരു സിനിമ ചെയ്യണമെന്നില്ലായിരുന്നു. എക്സൈറ്റ് ചെയ്യുന്ന ഒരു കഥയ്ക്കായാണു കാത്തിരുന്നത്. കരിയറിൽ ഏറ്റവുമധികം സമയമെടുത്തു തയാറാക്കിയ തിരക്കഥയാണ് വില്ലന്റേത്. ഏറ്റവും വെല്ലുവിളി ഉയർത്തിയ സ്ക്രിപ്റ്റിങ് എന്നുതന്നെ പറയാം’ - ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

മുൻവിധികളില്ലാതെ കാണണം

ഒരു ത്രില്ലർ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ് ‘വില്ലൻ’ അവതരിപ്പിക്കുന്നത്. എങ്കിലും ചിത്രത്തെ ഏതെങ്കിലും കാറ്റഗറിയിൽപ്പെടുത്താൻ സംവിധായകൻ ഒരുക്കമല്ല. എങ്ങനെയുള്ള സിനിമയാണ് ഇതെന്ന നിരന്തരമായ അന്വേഷണങ്ങൾക്ക് സംവിധായകന്റെ മറുപടി ഇങ്ങനെ: ‘തികച്ചും മൗലികമായ ഒരു കഥ ആസ്വാദ്യകരമായ എന്റർടെയ്നറായി അവതരിപ്പിക്കുകയാണ്. യാതൊരു മുൻവിധികളുമില്ലാതെ തുറന്ന മനസ്സോടെ കാണണം. മാസ് എന്നോ ക്ലാസ് എന്നോ വേർതിരിവില്ല. വളരെ എൻഗേജിങ് ആയ ത്രില്ലറാണ്. മേക്കിങ്ങിലും അത്തരത്തിലാണു സമീപിച്ചത്’.

ആവേശം മറയ്ക്കാതെ മോഹൻലാൽ

മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ ഉള്ള സിനിമകളിലൊന്ന് എന്നാണ് ഓഡിയോ ലോഞ്ചിൽ മോഹൻലാൽ വില്ലനെ വിശേഷിപ്പിച്ചത്. ‘വില്ലന്റെ ആദ്യത്തെ ആശയം തോന്നിയപ്പോൾ തന്നെ മോഹൻലാലുമായി ചർച്ച ചെയ്തു. പിന്നെ ഓരോ ഘട്ടത്തിലും അദ്ദേഹം വിളിച്ച് അന്വേഷിക്കുമായിരുന്നു. സംശയങ്ങളും ആകാംക്ഷകളും പങ്കുവെച്ചു. ആ ഇടപെടലുകളിലെല്ലാം നിറഞ്ഞുനിന്നത് അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് തന്നെയാണ്’ – മോഹൻലാലിന്റെ പിന്തുണയെക്കുറിച്ച് ബി. ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

villain-movie-bgm-and-songs

ഹിറ്റ് ഗെറ്റപ്പിൽ ഒരിക്കൽക്കൂടി

‘ജില്ല’, ‘ജനത ഗാരേജ്’ പോലുള്ള സിനിമകളിലൂടെ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട് മോഹൻലാലിന്റെ സോൾട്ട് ആന്റ് പെപ്പർ കഥാപാത്രങ്ങൾ. ഈ ലുക്കിൽ മോഹൻലാലിനെ വളരേ മുൻപു തന്നെ അവതരിപ്പിച്ചവരിലൊരാൾ ബി. ഉണ്ണികൃഷ്ണനാണ് - ‘ഗ്രാൻഡ്മാസ്റ്ററി’ലും ‘മിസ്റ്റർ ഫ്രോഡി’ലും. ‘വില്ലനി’ൽ കഥാപാത്രത്തിനു ചേരുന്ന ലുക് എന്ന നിലയിലാണ് ഇതു തിരഞ്ഞെടുത്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ‘ഡിജിപി റാങ്കിലുള്ള പൊലീസ് ഓഫിസറുടെ വേഷമാണ്. സ്വാഭാവികമായും അതിന്റെ മെച്യുരിറ്റി അതിലുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിൽ നിന്നുകൊണ്ടാണ് കഥ തുടങ്ങുന്നത്. കാരക്ടറിന്റെ ഭാഗമായിട്ടുള്ള ലുക് ആണു നൽകിയിരിക്കുന്നത്. ആദ്യമേ അങ്ങനെ തീരുമാനിച്ച് തയാറെുപ്പു നടത്തിയിരുന്നു’.

പൃഥ്വിരാജിനു പകരം വിശാൽ

മോഹൻലാലിനോടൊപ്പം ശക്തിവേൽ പളനിസാമി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ തമിഴ് യുവതാരം വിശാൽ ആദ്യമായി മലയാളത്തിലെത്തുകയാണ്. ഈ റോളിലേക്ക് സംവിധായകൻ ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നു. ‘കഥ രൂപപ്പെട്ടപ്പോൾ പൃഥ്വിരാജ് ആയിരുന്നു മനസ്സിൽ. 

villain-trailer

എസ്രയുടെ ഷൂട്ടിനിടെയാണു പൃഥ്വിയോടു കഥ പറഞ്ഞത്. അപ്പോൾ തന്നെ അഭിനയിക്കാമെന്ന് ഉറപ്പുതന്നു. പിന്നീട് ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചപ്പോൾ അദ്ദേഹം പക്ഷെ മറ്റു സിനിമകളുടെ തിരക്കിലായിപ്പോയി. ചിത്രീകരണത്തിനായി വിദേശത്തായിരുന്ന പൃഥ്വി, ലാൽ സാറിന്റെ സിനിമ താൻ കാരണം വൈകരുതെന്നാണ് പറഞ്ഞത്. അതോടെ മറ്റ് ഒപ്ഷനുകൾ തേടി. 

കേരളത്തിൽ ജനിച്ചു വളർന്ന തമിഴ് കഥാപാത്രമാണ്. വിശാലിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ മോഹൻലാലും സമ്മതിച്ചു. ഇരുവരും വ്യക്തിപരമായും അടുപ്പമുള്ളവരാണ്. ചെന്നൈയിലെത്തി കഥ പറഞ്ഞയുടൻ വിശാൽ ചോദിച്ചത്, എന്നാണ് ഡേറ്റ് വേണ്ടത് എന്നാണ്. രണ്ട് തമിഴ് സിനിമകളുടെ ഷൂട്ടിങ് നിർത്തിവെച്ചാണ് 20 ദിവസത്തോളം ഈ സിനിമയിൽ അഭിനയിച്ചത്. മലയാള സിനിമയോടുള്ള ബഹുമാനം, മോഹൻലാൽ എന്ന വലിയ നടനോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഇതു രണ്ടും അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചു’.

സാങ്കേതികതയിലും ഏറെ മുന്നിൽ

വിണ്ണൈതാണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഛായാഗ്രഹകൻ മനോജ് പരമഹംസയാണു വില്ലനെ പുതിയ അനുഭവമാക്കി മാറ്റുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രമായ ‘സ്മാർട് സിറ്റി’യിൽ എസ്. ശരവണനൊപ്പം അസോസിയേറ്റ് ക്യാമറാമാനായി തുടങ്ങിയ മനോജ് ഇപ്പോൾ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ മുഖ്യക്യാമറാമാനായി എത്തുന്നു എന്ന കൗതുകവുമുണ്ട്. വിഎഫ്എക്സിന് പ്രാധാന്യമുള്ള വില്ലനിൽ 47 മിനിട്ടോളം വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും സാധാരണ സീനുകളുടെ പശ്ചാത്തലവും മറ്റുമായി വരുന്നതിനാൽ സ്വാഭാവിക ഷോട്ട് ആണെന്നേ തോന്നുകയുള്ളൂ. 8 കെ റെസല്യൂഷനിലെ ചിത്രീകരണത്തിനു പുറമെ മലയാളത്തിൽ ആദ്യമായി ലൊക്കേഷനിൽ വച്ചുതന്നെ ലൈവ് കളർ ഗ്രേഡിങ് നടത്തിയ ചിത്രമെന്ന സവിശേഷതയും വില്ലനു സ്വന്തം. 

villain

പുതിയ വിപണി, പുതിയ സാധ്യതകൾ

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം സിനിമകൾ നിർമിച്ച റോക്ക്‌ലൈൻ പ്രൊഡക്ഷൻസ് വില്ലനിലൂടെ മലയാളത്തിൽ അരങ്ങേറുകയാണ്. ബജ്റംഗി ഭായിജാൻ പോലുള്ള വലിയ ചിത്രങ്ങളൊരുക്കിയിട്ടുള്ള കമ്പനി മലയാളത്തിലേക്കു വരുമ്പോൾ മുന്നോട്ടുവെച്ച ഏക ആവശ്യം മോഹൻലാൽ ഉണ്ടായിരിക്കണം എന്നതു മാത്രമാണ്. മോഹൻലാൽ, മഞ്ജുവാര്യർ എന്നിവർക്കു പുറമെ വിശാൽ, ഹൻസിക, റാഷി ഖന്ന, ശ്രീകാന്ത് എന്നിവർ കൂടി അണിനിരക്കുമ്പോൾ മലയാളത്തിലെ സമീപകാലത്തെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം കൂടിയാവുകയാണു വില്ലൻ. പ്രേമം, പുലിമുരുകൻ തുടങ്ങിയ സിനിമകളിലൂടെ തുറന്നു കിട്ടിയ മലയാളത്തിന്റെ പുതിയ വിപണി സാധ്യതകൾ പൂർണമായി വില്ലൻ പ്രയോജനപ്പെടുത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മലയാളം റിലീസ് കൂടിയായിരിക്കും ഈ ചിത്രം.