Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസി അഭിനയിക്കുന്നു, വരുന്നത് പുതിയ ജയറാം ; സലിം കുമാർ അഭിമുഖം

salim-kumar-jayaram

കംപാർട്ട്മെന്റ്, കറുത്തജൂതൻ എന്നീ ചിത്രങ്ങൾക്കുശേഷം ഒരു കൊമേഴ്സ്യൽ എന്റർടെയ്നറുമായി എത്തുകയാണ് സലിംകുമാർ. ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലറിനു ലഭിച്ച സ്വീകാര്യതയുടെ സന്തോഷത്തിലാണ് സലിംകുമാറും. ജയറാം ആരാധകരെ മാത്രമല്ല ഫുട്ബോൾ പ്രേമികളെയും ആവേശത്തിലാക്കുന്ന സസ്പെൻസോടെയാണ് ചിത്രം എത്തുന്നത്. ആ സസ്പെൻസ് എന്താണെന്ന് സലിംകുമാർതന്നെ പറയുന്നു. 

ട്രെൻഡിങ്ങിൽ ഒന്നാംസ്ഥാനത്താണ് ദൈവമേ കൈതൊഴാമിന്റെ ട്രെയിലർ?

അതേ. പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് ആദ്യമേ നന്ദി പറയുന്നു. ചിത്രത്തിനും ഇതേ സപ്പോർട്ട് കിട്ടുമെന്നാണ് പ്രതീക്ഷ.

DAIVAME KAITHOZHAM K KUMARAKANAM - OFFICIAL TRAILER | SALIM KUMAR | JAYARAM | NADIRSHAH

പഴയ ജയറാമിന്റെ ഒരു തിരിച്ചുവരവ് ആകുമോ ഈ ചിത്രത്തിലൂടെ സംഭവിക്കുന്നത്?

ഈ ചിത്രത്തിൽ ഒരു പുതിയ ജയറാമിനെയാണ് കാണാൻ പോകുന്നത്. പുതിയ ഒരു ജയറാമിനെയാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്കു കിട്ടാൻ പോകുന്നത്

എന്താണ് ചിത്രം പറയുന്നത്?

ഇന്ന് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സ്ത്രീസമത്വം. സ്ത്രീ–പുരുഷ അസമത്വത്തിനെതിരെയുള്ള വാക്‌യുദ്ധങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് വ്യക്തമായ ഒരുത്തരമായിരിക്കും ദൈവമേ കൈതൊഴാം K.കുമാറാകണം. ഇവിടെ ആരാണ് ചെറുത്, ആരാണ് വലുത്... ഈ സംഗതി അടുത്തകാലത്തായിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ആണിനെയും പെണ്ണിനെയും അച്ഛൻ, അമ്മ, സഹോദരൻ, സഹോദരൻ എന്നീ നിലകളിൽ കണ്ടിരുന്ന സമൂഹത്തിലേക്ക് ആൺ–പെൺ വ്യത്യാസത്തെ സൃഷ്ടിക്കാൻ ഇപ്പോൾ സാധിച്ചു. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ആ അപകടത്തിൽ പതിയിരിക്കുന്ന പല സത്യങ്ങളുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഈ ആൺ–പെൺ വ്യത്യാസത്തിന്റെ പിറകേ പോകുമ്പോൾ  അതിൽ എന്തൊക്കെയോ അപകടങ്ങൾ പതിയിരിക്കുന്നു. അതിന് ദൈവസാനിധ്യത്തിൽ വച്ചുണ്ടാകുന്ന ഒരു തീരുമാനമാണ് ചിത്രം. ഇത് തമാശ നിറഞ്ഞ ഒരു കുടുംബചിത്രമാണ്.

salim-kumar-jayaram-1

മൈ സ്റ്റോറിക്ക് ഡിസ്‍ലൈക്ക് അടിച്ച ട്രോളൻമാരുടെ വക ഫുൾ സപ്പോർട്ടാണ് ചിത്രത്തിന് എന്ന കമന്റുകളും വരുന്നുണ്ടല്ലോ. ഇതിനെക്കുറിച്ച് എന്തുപറയുന്നു?

ഞാൻ ഇതിനെതിരെ നിൽക്കുന്ന ആളാണ്. കാരണം ഇവിടെ സ്ത്രീ –പുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നു. എന്നെ പ്രസവിച്ചതും ഒരു സ്ത്രീയാണ്. ഞാൻ ഒരിക്കലും ഒരു സ്ത്രീക്കും എതിരല്ല.  ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യ്രത്തിൽ കൈകടത്താതിരിക്കാൻ ശ്രദ്ധിക്കുക, ഡിസ്‍ലൈക്കുകൾ ഒഴിവാക്കുക ഇത്രയേ ഇതിൽ പറയുന്നുള്ളു.  

മറ്റൊരു ബോബി ചെമ്മണ്ണൂരിനെയും കാണുന്നുണ്ടല്ലോ ട്രെയിലറിൽ? 

ബോബി ചെമ്മണ്ണൂർ ആരാധകനാണോ അല്ലെയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. ഇതിൽ ബോബി ചെമ്മണ്ണൂർ അല്ല ഗോപി കരിമണ്ണൂർ ആണുള്ളത്. 

ആദ്യമായി ഒരു കൊമേഴ്സ്യൽ ചിത്രവുമായി എത്തുമ്പോൾ?

കറുത്തജൂതനും കംപാർട്ടുമെന്റും വിജയം നേടാൻവേണ്ടി ചെയ്ത ചിത്രങ്ങളല്ല. എനിക്കു ചില ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങളിലൊന്നായിരുന്നു കറുത്തജൂതനും കംപാർട്ടുമെന്റും. എന്റെ മനസ്സിൽ കുറേ സിനിമകളുണ്ട്, കുറേ സിനിമാസങ്കൽപ്പങ്ങളുണ്ട്. അതില്‍ രണ്ടെണ്ണമാണ് കംപാർട്ട്മെന്റും കറുത്തജൂതനും. ഇവ ഒരിക്കലും തിയേറ്ററിൽ വിജയിക്കില്ല എന്നറിഞ്ഞിട്ടുതന്നെയാണ് അവ ചെയ്തത്. അതിന്റെ മാർക്കറ്റിങ് വേറേ തലങ്ങളിൽ നടക്കേണ്ടതാണ്. ഐഎഫ്എഫ്കെയിൽ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. 

ദൈവമേ കൈതൊഴാം കുടുംബപ്രേക്ഷകർക്കു വേണ്ടിയുള്ള ചിത്രമാണ്. ഇത് പക്കാ ഒരു വാണിജ്യചിത്രമാണ്. പിന്നെ ഞാൻ ഒരു കൊമേഴ്സ്യൽ ചിത്രം ചെയ്യുമ്പോൾ അതിന് അതിന്റേതായ നിലവാരം വേണമെന്ന ആഗ്രഹം എനിക്കുണ്ട്. ഞാൻ പലതരംതാണ തമാശകളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് കുടുംബമായി ഇരുന്നു, നെറ്റിചുളിക്കാതെ കണ്ട് ചിരിക്കാവുന്ന ഒരു ചിത്രമാണിത്. നൂറു രൂപയുടെ മൂല്യം എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് നൂറുരൂപയ്ക്ക് ടിക്കറ്റെടുത്ത് ചിത്രം കാണാൻ കയറിയാൽ അവർ ഒരിക്കലും എന്നെ പ്രാകരുത്. മുടക്കുന്ന കാശിന്റെ ഇരട്ടി സംതൃപ്തി അവർക്കു തിരിച്ചു കിട്ടണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ചിത്രം ചെയ്തിരിക്കുന്നത്.

ജയറാമിനെ മുന്നിൽക്കണ്ട് ചെയ്ത ഒരു ചിത്രമായിരുന്നോ ഇത്?

ജയറാമിനെ മനസ്സിൽക്കണ്ട് എഴുതിയ ഒരു ചിത്രമേ അല്ല ഇത്. ഞാൻ എന്നെ കണ്ടുകൊണ്ട് എഴുതിയതാണ്. ഇതിന്റെ മൂലകഥയുടെ  റൈറ്റ്  ഞാൻ അഞ്ചാറുവർഷം മുൻപ് പ്രദീപ്കുമാർ കാവുന്തറയുടെ കയ്യിൽ നിന്നു വാങ്ങിയതാണ്. എന്നെ ഹീറോ ആക്കി ചെയ്യാൻ വാങ്ങിയതാണ്. അതിനുശേഷം സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞ സമയത്താണ് ദേശീയ അവർഡൊക്കെ കിട്ടിയത്. കാലം മാറുന്നതിനുനുസരിച്ച് സ്ക്രിപ്റ്റിലും മാറ്റങ്ങൾ അനിവാര്യമായി. പിന്നെ നോക്കിയപ്പോഴാണ് ഇത് യോജിക്കുന്നത് ജയറാമിനാണെന്ന് എനിക്കു തോന്നിയത്. ഇതിന്റെ 15 സീനോളം കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു ഇത് നമുക്ക് ഉടനെ ചെയ്യണമെന്ന്. ഈ സമയത്ത് ഞാൻ ഏറ്റിരുന്നു കുറേ പടങ്ങളുമുണ്ടായിരുന്നു.  അതുകഴിഞ്ഞാണ് പിന്നെ ഈ ചിത്രത്തിലേക്കെത്തിയത്. ഇത് ഒരു സിനിമയുടെ രൂപത്തിൽ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു.

daivame-kai-1

അനുശ്രീയിലേക്കെത്തിയത്?

ഇതിലെ നായിക നിർമല എന്ന കഥാപാത്രം ആരു ചെയ്യണം. എന്റെ മനസ്സിൽ മുഴുവൻ മറ്റൊരു എലീന പടിക്കൽ ആയിരുന്നു. അവരോട് ഞാൻ ചിത്രത്തിന്റെ കാര്യം പറയുകയും ചെയ്തിരുന്നു. എന്നാൽ എലീനക്ക് പ്രായം കുറവായതിനാൽ കൊച്ചുകുട്ടി എന്ന ഫീലിങ് ഉണ്ടാകുമോ എന്ന സംശയമുണ്ടായി. അങ്ങനെയാണ് അനുശ്രീയിലെക്കെത്തിയത്. സത്യം പറഞ്ഞാൽ അനുശ്രീയുടെ ഒരു സിനിമകളും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഞാൻ വീട്ടിൽവന്നു കാര്യം പറഞ്ഞു അതിന് ശേഷം മകൻ ചന്തുവാണ് അനുശ്രീ കഥാപാത്രത്തിനു യോജിച്ചതാകുമെന്ന് പറയുന്നത്. അങ്ങനെ അനുശ്രീ നിർമലയായി. 

ഫുട്ബോളുമായി ചിത്രത്തിന് എന്തൊക്കെയോ ബന്ധമുണ്ടെന്ന് കേട്ടിരുന്നു?

അതേ, ലോക ഫുട്ബോൾ ഇതിഹാസം മെസി ഇതിൽ അഭിനയിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. അതുകൊണ്ട് റൊണാള്‍ഡോ ഫാൻസ് നിരാശപ്പെടരുത് . അദ്ദേഹത്തെ എവിടെയെങ്കിലും നിങ്ങൾ കണ്ടാൽ അതിന് ഞാൻ ഉത്തരവാദിയല്ല. ഒന്നുകൂടി പറയുന്നു റൊണാള്‍ഡോ ഫാൻസ് നിരാശപ്പെടരുത്, അതാണ് സസ്പെൻസ്.