Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രണവിന്റെ അമ്മയെന്ന് കേൾക്കാൻ അഭിമാനം’

suchitra-pranav-1

ഓരോ ജനുവരി 26നും ബാലാജിയും ഭാര്യ ആനന്ദവല്ലിയും വീട്ടിലേക്കു കയറി വരുന്നത് ഒരു കാഴ്ചതന്നെയായിരുന്നു. കസവു മുണ്ടുടുത്തു ബാലാജിയും അമ്പലത്തിൽ പോകുന്ന വേഷത്തിൽ ആനന്ദവല്ലിയും.അന്നവരുടെ വിവാഹ വാർഷക ദിവസമാണ്. വണ്ടിയുടെ പുറകു സീറ്റിൽ നിറയെ പുത്തൻ സാരികൾ നിറച്ച കവർ. രാവിലെ അമ്പലത്തിൽ പോയാൽ നേരെ സാരിക്കടയിലേക്കാണു പോകുക. ബാലാജി വരുന്നതുതന്നെ കടക്കാർക്കു ബഹുമതിയായിരുന്നു. തമിഴ് സിനിമയിലെ തലയെടുപ്പുള്ള നിർമ്മാതാവും നടനുമെല്ലാമായിരുന്നു അന്നു ബാലാജി. ശിവാജി ഗണേശന്റെ കുടുംബത്തിനു കിട്ടുന്ന അതേ ആദരവായിരുന്നു ചെന്നൈ ബാലാജിക്കും നൽകിയിരുന്നത്. പഴയ ചിത്രങ്ങൾ മനസ്സുള്ളതിനാൽ മകൾ സുചിത്ര ഒരിക്കലും ജനുവരി 26 എന്ന തിയ്യതി മറക്കില്ല. 

Aadhi FDFS

സാരികൾക്കും മധുരത്തിനുമെല്ലാം പുറമെ ഭാര്യ ആനന്ദവല്ലക്കു ബാലാജി നൽകിയിരുന്നൊരു വിവാഹ വാർഷിക സമ്മാനമുണ്ട്. അതൊരു സിനിമയാണ്. ആ ദിവസം എന്തായാലും ഒരു തമിഴ് സിനിമ റിലീസ് ചെയ്തിരിക്കും. ആദ്യ ഷോയുടെ ആദ്യ ടിക്കറ്റ് ആനന്ദവല്ലിയും കുട്ടികളും കൂടി തിയറ്ററിൽപ്പോയി ആർ‌ക്കെങ്കിലും സമ്മാനിക്കുകയും ചെയ്യും. വർഷങ്ങൾക്കു ശേഷം ഒരു ജനുവരി 26എത്തിയപ്പോൾ സുചിത്ര മോഹൻലാൽ തിയറ്ററിലെത്തി. തന്റെ മകൻ പ്രണവ് മോഹൻലാലിന്റെ സിനിമ റിലീസ് ചെയ്യുന്നതു കാണാൻ. ആദ്യ ഷോയും രാത്രി ഷോയും കണ്ടു. ഇതിനു മുൻപു രണ്ടു സിനിമ മാത്രമെ സുചിത്ര ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ളു. മണിചിത്രത്താഴും പുലിമുരുകനും. 

∙ബാലാജിയെപ്പോലെ വലിയൊരാളുടെ മകൾ, സുരേഷിനെപ്പോലെ പ്രമുഖ നിർമ്മാതാവിന്റെ സഹോദരി, മോഹൻലാലിന്റെ ഭാര്യ, ഇപ്പോൾ പ്രണവിന്റെ അമ്മ. ഇതിൽ ഏതാണു സുചിത്രയെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ‌

അങ്ങിനെ ആലോചിച്ചിട്ടില്ല. ആലോചിച്ചു നോക്കുമ്പോൾ എന്റെ പേരിനു മുൻപെ എന്നും വലിയവരുടെ പേരുണ്ടായിരുന്നു. ആദ്യം ബാലാജിയുടെ മകൾ സുചിത്ര, പിന്നീടു മോഹൻലാലിന്റെ ഭാര്യ സുചിത്ര, അതിനു ശേഷം സുരേഷ് ബാലാജിയുടെ സഹോദരി. ആരും എന്നെ സുചിത്ര മാത്രമായി കണ്ടിട്ടുണ്ടാകില്ല. പേരിന്റെ കൂടെ വളരെ വേണ്ടപ്പെട്ടവരെ ചേർത്തു പറയുന്നതു സന്തോഷമാണ്. എന്നാൽ ആദി കണ്ടു തിയറ്ററിൽനിന്നു പുറത്തിറങ്ങിയപ്പോൾ പ്രണവിന്റെ അമ്മ എന്നു പറയുന്നതു കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം ചെറുതല്ല. മുൻപു എന്റെ പേരിനോടൊപ്പം വന്നവരെല്ലാം അവരുടെ ലോകത്തു സ്വയം വലുതായവരാണ്. എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്. മുൻപു കേട്ടതിനേക്കാൾ ഏറെ ഞാൻ അഭിമാനിക്കുന്നതു പ്രണവിന്റെ അമ്മയെന്നു കേൾക്കുമ്പോഴാണ്. ഞാൻ അവനെ എന്റെ കഴിവുകൾക്കകത്തുനിന്നു വളർത്തി എന്ന അഭിമാനമുണ്ട്. 

suchitra-pranav-4

∙ മകന്റെ സിനിമ കണ്ട് മോഹൻലാൽ എന്തു പറഞ്ഞു. 

ലാലേട്ടൻ സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കില്ല. സ്വന്തം സിനിമയെക്കുറിച്ചുപോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടൻ മുംബൈയിലായിരുന്നു. അവിടെനിന്നു പതിവില്ലാതെ പലതവണ വിളിച്ചു. അവൻ നന്നായിട്ടുണ്ടെന്നു എല്ലാവരും പറയുന്നതായി പറയുകയും ചെയ്തു. ആന്റണിയും പറഞ്ഞു, ലാൽ സാറിനെ ഇതുപോലെ ടെൻഷനോടെ കണ്ടിട്ടെ ഇല്ലെന്ന്. ഞങ്ങളോടുള്ള കരുതലു കൊണ്ടാകണം ആന്റണി സിനിമ ജനുവരി 26 റിലീസ് ചെയ്തത്. ക്രിസ്മസ്സിനു റിലീസ് ചെയ്യാണ് ആദ്യം ആലോചിച്ചത്. ഡാഡിയും മമ്മിയും ഇതു കാണാനുണ്ടായില്ല എന്ന സങ്കടം എനിക്കുണ്ട്. 

suchitra-pranav-3

പ്രണവ് ? 

അപ്പു മനസ്സു തുറക്കുന്നതിൽ അച്ഛനെക്കാൾ പതുക്കെയാണ്. റിലീസ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് അവൻ ഹിമാലയത്തിലേക്കു പോയി. ഫോൺ റെയ്ഞ്ചുപോലും ഇല്ല. റിലീസ് ദിവസം ഉച്ചയ്ക്കു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, സിനിമ എല്ലാവരും നന്നായി എടുത്തുവെന്നു തോന്നുന്നുവെന്ന്. ‘ഗുഡ്, ഗുഡ്’ എന്നു രണ്ടു തവണ പറഞ്ഞു. പിന്നെ അവൻ സിനിമയെക്കുറിച്ചു സംസാരിച്ചതെയില്ല. മായ അമേരിക്കയിലാണ്. അവൾക്കു സിനിമ കാണാനായിട്ടില്ല. കുട്ടികൾ രണ്ടുപേരും നല്ല കൂട്ടാണ്. അവളാണ് എന്നും ചേട്ടന്റെ സംരക്ഷക. സിനിമയെക്കുറിച്ചു അവർ തമ്മിൽ സംസാരിച്ചുകാണും. 

suchitra-pranav-6

∙ കുട്ടിക്കാലം മുതലെ പ്രണവ് ഇങ്ങിനെയായിരുന്നോ. 

ആരുടെ അടുത്തും ഇടിച്ചു കേറില്ല. ഒരു നാണക്കാരൻ കുട്ടിയായിരുന്നു. പക്ഷെ അടുത്താൽ അവൻ എന്തിനും അവരോടൊപ്പം ഉണ്ടാകും. എന്റെ കസിൻസിന്റെ കുട്ടികൾ എല്ലാവരും വലിയ അടുപ്പമാണ്. അവർ ഒരുമിച്ചു കൂടിയാൽ രാവും പകലും പാട്ടുപാടലാണ്. മിക്കവരും എന്തെങ്കിലും ഉപകരണം വായിക്കും. അവിടെ അപ്പു വേറെ ഒരു കുട്ടിയാണ്. വായനയും സംഗീതവും യാത്രയുമാണു അവന്റെ ലോകം. അച്ഛനും മകനും തമ്മിൽ കൂടുതലും സംസാരിക്കുന്നതുപോലും വായിച്ച പുസ്തകങ്ങളെക്കുറിച്ചാകുമെന്നു തോന്നുന്നു. അവന്റെ വഴി അവൻതന്നെ തിരഞ്ഞെടുത്തു. അതു ശരിയായ വഴിയാണെന്നു അമ്മ എന്ന നിലയിൽ എനിക്കു തോന്നുന്നു. ആദി എന്ന സിനിമയുടെ അവസാന ഭാഗം കണ്ടപ്പോൾ അവന്റെ കുട്ടിക്കാലം എനിക്കോർമ്മ വന്നു. ഓട്ടവും ചാട്ടവും തലകുത്തിമറയലും വലിയ ഹോബിയായിരുന്നു. ഗോവണിയിലൂടെ നേരിട്ടു കയറില്ല. പിടിച്ചു പിടിച്ചു പുറകിലൂടെയാണു കയറുക. സ്കൂൾ പഠിക്കുമ്പോൾ അവനെ ഇടയ്ക്കിടെ ഹോസ്റ്ററിൽനിന്നു കയ്യും കാലും മുറിഞ്ഞു ആശുപത്രിയിലേക്കു കൊണ്ടുപോകും. നാലോ അഞ്ചോ തവണ കയ്യും കാലും ഒടിച്ചിട്ടുണ്ട്. 

∙ സിനിമക്കാർ നിറഞ്ഞ കുടുംബത്തിലേക്ക് ഒരാൾ കൂടെ അപ്രതീക്ഷിതമായി വരുന്നു. എങ്ങിനെയാണു അവിടത്തെ അന്തരീക്ഷം.

ഞങ്ങളുടെ കുടുംബത്തിൽ ഇതു വലിയ ആഘോഷംതന്നെയാണ്. പ്രത്യേകിച്ചു കുട്ടികൾക്ക്. അവരുപോലും അപ്പു അഭിനയിക്കുമെന്നു കരുതിയിട്ടില്ല. പക്ഷെ അവൻ അഭിനയിച്ച നാടകം കണ്ടു വർഷങ്ങൾക്കു മുൻപു പ്രിയദർശൻ പറഞ്ഞു, അവനൊരു നല്ല നടനാകുമെന്നു തോന്നുന്നുണ്ടെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിക്കുകയും ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ദുൽക്കർ ഫെയ്സ്ബുക്കിൽ എഴുതിയ വാക്കുകൾ മറക്കാനാകില്ല. അവരെല്ലാം അവന്റെ കൂടെ നിൽക്കുന്നു എന്നതു നൽകുന്നതു വലിയ സന്തോഷമാണ്.