Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്കയെ നോക്കി ആ ഡയലോഗ് പറയാൻ പേടിയായിരുന്നു: ഷംന കാസിം

mammootty-shamna

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഞെട്ടിയത് ഷംന കാസിമിന്റെ ഡയലോഗ് കേട്ടിട്ടായിരുന്നു. മമ്മൂട്ടിയെ നോക്കി, 'എഴുന്നേൽക്ക്' എന്ന് പറയുന്ന ഷംനയുടെ പൊലീസ് കഥാപാത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു. 

ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ശക്തമായ ഒരു തിരിച്ചുവരവിനു തയാറെടുക്കുകയാണ് ഷംന കാസിം. റിലീസ് മാറ്റിയെങ്കിലും കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് ഷംന കാസിം വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി ഷംന പങ്കു വച്ചു. 

ആ ഡയലോഗ് പറയാൻ ധൈര്യമില്ലായിരുന്നു

ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നേനെ! സത്യത്തിൽ 'എഴുന്നേൽക്കെടോ' എന്നായിരുന്നു ഡയലോഗ് ഷീറ്റിൽ. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടൻ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫർട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാൻസുകാരെ ഓർക്കുമ്പോൾ പേടിയുണ്ട്. എന്തായാലും തിയ്യറ്ററിൽ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ട്. 

Oru Kuttanadan Blog Official Trailer | Mammootty | Sethu | Anantha Visions

കൂളിങ് ഗ്ലാസ് പ്രേമം

ഈ സിനിമയിൽ എന്റെ കഥാപാത്രത്തിന് കൂളിങ് ഗ്ലാസിനോട് വല്ലാത്ത ഇഷ്ടമാണ്. എപ്പോഴും കൂളിങ് ഗ്ലാസ് വച്ചാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഇക്കാര്യം എന്നോടു പറഞ്ഞപ്പോൾ ഞാൻ സേതു ചേട്ടനോട് ചോദിച്ചിരുന്നു, ഈയൊരു കൂളിങ് ഗ്ലാസ് പ്രേമം സത്യത്തിൽ മമ്മൂട്ടിയുടേതല്ലേ... എന്നിട്ട് എന്റെ കഥാപാത്രത്തിനാണല്ലോ ആ സ്വഭാവം നൽകിയിരിക്കുന്നത് എന്ന്. പക്ഷേ, ഇങ്ങനെയൊരു ട്വിസ്റ്റ് വേണമെന്നത് സേതു ചേട്ടന്റെ ആശയമായിരുന്നു. 

ഈ അവസരം നൽകിയത് മമ്മൂക്ക

കുട്ടനാടൻ ബ്ലോഗിലെ പൊലീസ് കഥാപാത്രം സത്യത്തിൽ എനിക്കു നൽകിയത് മമ്മൂക്കയാണ്. സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ, മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിന് നിർദേശിച്ചത്. അതു തന്നെ എനിക്ക് വലിയ അംഗീകാരമാണ്. 

ഷംന കാസിം

ആ ആഗ്രഹം സാധിച്ചു

വണ്ടിയോടും ഡ്രൈവിങിനോടും വലിയ താൽപര്യമുള്ള ആളാണ് മമ്മൂക്കയെന്ന് കേട്ടിട്ടുണ്ട്. മമ്മൂക്കയുടെ ഡ്രൈവിങ് എങ്ങനെയാണെന്നറിയാൻ എനിക്ക് വലിയൊരു ആഗ്രഹം ഉണ്ടായിരുന്നു. ഈ സിനിമയിൽ എന്റെ കഥാപാത്രത്തെ മമ്മൂക്ക പിക്ക് ചെയ്തു പോകുന്ന രംഗമുണ്ട്. മമ്മൂക്കയാണ് വണ്ടിയോടിക്കുന്നത്. അത് ശരിക്കും ഞാൻ ആസ്വദിച്ചു. 

പൊലീസാണ്, ഫൈറ്റ് ഇല്ല

ഈ സിനിമയിൽ ഞാൻ ആരേയും തല്ലിയിട്ടൊന്നുമില്ല. ഡയലോഗ് മാത്രമേയുള്ളൂ. ഫൈറ്റ് സീക്വൻസ് ഒന്നുമില്ല. പൊലീസ് മുറയിൽ നന്നായൊന്നു പെരുമാറിയാൽ എല്ലാം പറഞ്ഞോളുമെന്ന് സിനിമയിൽ എന്റെ കഥാപാത്രം പറയുന്നുണ്ട്. ഇത് കേട്ടിട്ട്, സിനിമയിൽ ഷംന ഇത്രമാത്രം തല്ല് ഉണ്ടാക്കുന്നുണ്ടോ എന്നായിരുന്നു മമ്മൂക്കയുടെ സംശയം. സത്യത്തിൽ എനിക്ക് ഇത്തരം ഡയലോഗ് മാത്രമേയുള്ളൂ. ഫൈറ്റ് ഇല്ല.  

പൊലീസ് വേഷം കിടു!

ആദ്യമായാണ് പൊലീസ് വേഷത്തിൽ അഭിനയിക്കുന്നത്. എനിക്ക് അധികം ഉയരമില്ലാത്തതിനാൽ തമിഴിൽ പൊലീസ് വേഷം വന്നപ്പോഴൊക്കെ ഞാൻ ഒഴിവാക്കിയിരുന്നു. എല്ലാ രംഗങ്ങളിലും പൊലീസ് വേഷം ധരിക്കാൻ എനിക്ക് ആത്മവിശ്വാസം ഇല്ലാതിരുന്നതിനാൽ ചില രംഗങ്ങളിൽ ജീൻസും ഷർട്ടും ഇടാമെന്നായിരുന്നു സേതു ചേട്ടൻ നിർദേശിച്ചത്. എന്നാൽ ഷൂട്ടിങിന് എത്തി പൊലീസ് യൂണിഫോം ഇട്ടപ്പോൾ നന്നായി ഇണങ്ങുന്നതു പോലെ തോന്നി. സെറ്റിലുള്ളവരും നല്ല അഭിപ്രായം പറഞ്ഞു. അതോടെ ആത്മവിശ്വാസം വന്നു. ഹെയർ കട്ടും പൊലീസ് വേഷവും കണ്ട് ലൊക്കേഷനിൽ ഉള്ളവർ പറഞ്ഞത് മെറിൻ ഐപിഎസിനെ പോലെയുണ്ടെന്നായിരുന്നു. 

കാത്തിരുന്ന കഥാപാത്രം

കുറച്ചു നാളുകൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. 'ചട്ടക്കാരി'ക്ക് ശേഷം 'മിലി' ചെയ്തപ്പോൾ എനിക്ക് സങ്കടമായിരുന്നു. അത് ചെയ്യുമ്പോൾ പ്രതീക്ഷിച്ചത് അല്ല, സിനിമയ്ക്ക് ശേഷം വന്നത്. അതിനുശേഷം മലയാള സിനിമകൾ വരുമ്പോൾ ഞാൻ കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നു. ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. 'കുട്ടനാടൻ ബ്ലോഗ്' പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ. 

related stories