Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല്ലാം, തിരുത്താം, കൊല്ലരുത്: ആസിഫ് അലി

asif-family

മുഖത്തോടു ചേർത്തു രണ്ടു കൈകളും തൊഴുകൈ പോലെ പിടിച്ചു ഇരിക്കുമ്പോൾ ആസിഫ് അലിയുടെ മുഖ ഭാവം ശരിക്കു കാണാൻ പറ്റുമായിരുന്നില്ല . തെളിഞ്ഞ ചിരിയോടെ മുഖം ഉയർത്തിയപ്പോഴും ആസിഫ് സംസാരിക്കുന്നില്ല. പരാജയങ്ങൾക്കും നേരിയ രക്ഷപ്പെടലുകൾക്കും അവസാനം ആസിഫിനു തുടരെ തുടരെ രണ്ടു വിജയമുണ്ടായിരിക്കുന്നു. ആദ്യം അനുരാഗ കരിക്കിൻ വെള്ളം വിജയിച്ചു. ഇപ്പോൾ കവി ഉദ്ദേശിച്ചതിൽ ആസിഫ് നന്നായി ചെയ്തുവെന്നും രസമുള്ള സിനിമയാണെന്നുമുള്ള അഭിപ്രായം കൂടി കൂടി വരുന്നു.

∙ ജീവിതം കലങ്ങി തെളിഞ്ഞതായി ആസിഫിനു തോന്നുന്നുണ്ടോ.

എന്റെ മനസ്സ് ഇപ്പോൾ പറയുന്നത് അതാണ്. സിനിമയിലും ജീവിതത്തിലും തളർന്നുപോയ കുറെ ദിവസങ്ങളുണ്ടായിരുന്നു. . ശരിയാകുന്നില്ല എന്നൊരു തോന്നൽ. അനുരാഗ കരിക്കൻ വെള്ളം പരാജയപ്പെടുകയായിരുന്നെങ്കിൽ ഞാൻ തൽക്കാലം സിനിമയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു . മനസ്സിൽ അതുറപ്പിച്ചാണ് ആ സിനിമ ചെയ്തു തുടങ്ങിയത്. എനിക്കുള്ള എല്ലാ ഇമേജും തിരുത്തണം എന്നു കരുതിത്തന്നെയാണു ആ സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്.

asif-family

∙ ചില സിനിമ പരാജയപ്പെട്ടപ്പോൾ പേടിച്ചു പോയോ

പേടിച്ചില്ല. എവിടെയാണു പിഴച്ചു പോകുന്നത് എന്നറിയാതെ സിനിമകൾ ചെയ്തു കൊണ്ടിരിക്കുക എന്നതു വലിയ പ്രശ്നമാണ്. ഓരോ നിമിഷവും സ്വയം ചോദിക്കുന്നതു എവിടെയാണു തെറ്റുന്നതെന്ന് എന്നാണ്. അതു മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ട്. പലപ്പോഴും രാത്രി ഉറക്കത്തിൽനിന്നുണർന്നു ഞാൻ മിണ്ടാതിരിക്കും.. ഭാര്യ സമ എന്നെ സമാധാനിപ്പിക്കും. . പതറിപ്പോകുമ്പോൾ ഞാൻ പൊട്ടിക്കരയും വിജയിക്കുമ്പോൾ അലറി വിളിച്ചു സന്തോഷിക്കും. പണ്ടുമുതലെ അതാണു എന്റെ രീതി. എന്റെ ഭാര്യ കൂടെയില്ലായിരുന്നുവെങ്കിൽ എനിക്കീ തോൽവികൾ മറികടക്കാൻ കഴിയുമായിരുന്നില്ല .

∙ആസിഫിനെ സാമൂഹ്യ മാധ്യമ‌ങ്ങൾ വേട്ടയാടിയതായി തോന്നുന്നുണ്ടോ .

വേട്ടയാടി എന്നതു ചെറിയ വാക്കാണ്. എന്നെ വേട്ടയാടി നിലത്തിട്ടു കൊത്തിപ്പറിച്ചു . ‍ഞാൻ അറിയുക പോലും ചെയ്യാത്ത പലതും ഞാൻ പറഞ്ഞുവെന്ന പേരിൽ പല പോസ്റ്റുകളും വന്നു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നെഴുതി . എന്റെ കൂടെ ജീവിക്കുന്നവരെ അപമാനിക്കുന്ന പോസ്റ്റുകൾ ഇട്ടു. മൂകാംബികയിൽ ഞാൻ പോയി എന്നതായിരുന്നു ഒരു തെറ്റ്. എത്രയോ തവണ വായിച്ച‌റിഞ്ഞ സ്ഥലം കാണാൻ പോകുമ്പോൾ അതല്ലാതെ മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. എന്റെ വിശ്വാസം എന്റെ മനസ്സിലുണ്ട്. അതെന്റെ ബാപ്പയും ഉമ്മയും വീട്ടുകാരും കുട്ടിക്കാലത്തു മനസ്സിൽ നട്ടു പിടിപ്പിച്ച വിശ്വാസമാണ്. അതു ഏതെങ്കിലും യാത്ര കൊണ്ടു മാറുന്നതല്ല.

asif-nivin

എന്റെ ഭാര്യയുടെ വേഷത്തെക്കുറിച്ചു പലരും പോസ്റ്റുകളിട്ടു. പലരും ചീത്ത വിളിച്ചു. കുടുംബത്തെക്കുറിച്ചാക്ഷേപിച്ചു. സഹിക്കാതെ വന്നപ്പോൾ ഞാൻ രണ്ടോ മൂന്നോ തവണ പ്രതികരിച്ചു. ഞാനുമൊരു സാധാരണ മനുഷ്യനല്ലെ. സ്ക്രീനിൽ കാണുന്ന കഥാപാത്രമല്ലല്ലോ ഞാൻ. എന്റെം ഭാര്യ എന്നതല്ലാതെ വല്ല തെറ്റും അവൾ ചെയ്തിട്ടുണ്ടോ. മാന്യയെന്നു സമൂഹം പറയുന്ന വസ്ത്രം അവർക്കു ധരിച്ചു കൂടെ.

എന്റെ കൂടെ ജീവിക്കുന്നവരെക്കു‌റിച്ചു വേണ്ടാത്തതു പറയുമ്പോൾ അറിയാതെ പൊട്ടിപ്പോകും . പ്രത്യേകിച്ചു ഒരു സ്തീയെക്കുറിച്ച്. ഈ വേട്ടയെല്ലാം അവസാനിച്ചപ്പോഴും എനിക്കു പരാതിയില്ലായിരുന്നു . ആസിഫലി എന്ന ചെറുപ്പക്കാരനെ ആസിഫലിയെന്ന നടനാക്കിയത് ജനമാണ്. അവരിൽ ചിലർ എനിക്കുതന്ന സമ്മാനമായി ഞാനതിനെ കണ്ടു. എനിക്കു സിനിമയിലും ജീവിതത്തിലും തെറ്റുകൾ പറ്റിക്കാണും . തെറ്റുണ്ടെങ്കിൽ തിരുത്തും. എനിക്കു സിനിമയല്ലാതെ മറ്റൊന്നുമറിയില്ല. വേറെയൊന്നും വേണ്ടതാനും . നല്ല നടനാകാൻ ഞാൻ ഓരോ സിനിമയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നു . ഇതെല്ലാം പരമകാരുണികനും കാണികളും എനിക്കുതന്നെ ദാനം മാത്രമാണെന്നെനിക്ക‌റിയാം. . പുറത്തു കാത്തുനിൽക്കുന്നവരിൽ എത്രയോ പേർ എന്നെക്കാൾ കഴിവുള്ളവരാണ് എന്നും അറിയാം.

∙ കഴിഞ്ഞ രണ്ടു സിനിമകളിലൂടെ ആസിഫിനെ കുടുംബങ്ങൾ സ്വീകരിച്ചു എന്നു തോന്നിയിട്ടുണ്ടോ .

സത്യൻ അന്തിക്കാടു സാറിന്റെ സിനിമയിലെ വേഷത്തോടെ ഞാൻ കുടുംബങ്ങളിലെത്തി . പക്ഷെ പിന്നീടു വന്ന പല സിനിമകളിലും എന്റെ വേഷം ഇതിൽനിന്നെല്ലാം വിഭിന്നമായിരുന്നു. അതു തുടർച്ചയായി വരികയും ചെയ്തു. അനുരാഗ കരിക്കിൻവെള്ളം, കവി പോലുള്ള സിനിമകളിലൂടെ ഞാൻ മലയാളികളുടെ വീടുകളിലേക്കു തിരിച്ചെത്തി എന്നാണ് വിശ്വാസം. സത്യൻ സാർ, സബി മലയിൽ, രഞ്ജിത്ത്,ജോഷി സാർ തുടങ്ങി പുതിയ തലമുറയിലെ എല്ലാ നല്ല സംവിധായകരുടെയും കൂടെ ചെറുതായെങ്കിലും സഹകരിക്കാൻ അവസരം കിട്ടിയ ആളാണു ഞാൻ. അതുതന്നെ വലിയ ഭാഗ്യമല്ലെ.

∙ പലപ്പോഴും ചെറിയ വേഷത്തിൽപ്പോലും ആസിഫ് വരാറുണ്ടല്ലോ.

ഇന്നും എന്നെ അറിയാവുന്ന എല്ലാ സംവിധായകരെയും വിളിച്ചു ഞാൻ വേഷം ചോദിക്കാറുണ്ട്. നായകനാക്കണമെന്നു ആരോടും ഞാൻ പറഞ്ഞിട്ടില്ല. എന്നെ ചെറിയ വേഷത്തിനെ പ‌​റ്റൂ എന്നൊരു സംവിധായകൻ പറഞ്ഞ​ാൽ അതു തെറ്റാണെന്നു പറയില്ല. ആ ചെറിയ വേഷത്തിലൂടെ ഞാൻ മറ്റൊരു വേഷത്തിനായി അദ്ദേഹത്തിന്റെ മനസ്സിൽ കയറാൻ നോക്കും.

∙ കല്യാണം കഴിച്ച ശേഷം ആസിഫ് കൂടുതൽ നല്ല കുട്ടിയായെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

സത്യമാണ്. ഭാര്യ സമ എന്നെ കരുതലോടെ കൊണ്ടുനടക്കുകയാണെന്നു പറയാം. വേണ്ട സമയത്തു ഫോണെടുക്കാത്തതുകൊണ്ടും തിരിച്ചു വിളിക്കാത്തതുകൊണ്ടും എനിക്കു സൂപ്പർ ഹിറ്റായ സിനിമകളിലെ ഒരു പാടു വേഷങ്ങൾ നഷ്ടമായിട്ടുണ്ട്. ഇപ്പോൾ സമ വൈകീട്ടു എന്നെ തിരിച്ചു വിളിക്കേണ്ടവരെ ഓർമ്മിപ്പിക്കും . വിളിച്ചുവോ എന്നു ഉറപ്പാക്കും. വീട്ടിലേക്കു വിളിച്ചുവോ എന്നു ചോദിക്കും. പലപ്പോഴും വീടു വിട്ടാൽ തിരിച്ചുവരുന്നതുവരെ വീടില്ലാത്ത ലോകത്തു സഞ്ചരിക്കുന്ന ഒരാളായിരുന്നു ഞാൻ. തിരിച്ചു വന്നാലെ വീടിനെക്കുറിച്ചാലോചിക്കൂ. സമ കൂടെ ഇല്ലായിരുന്നുവെങ്കിൽ അടി പതറിപ്പോയെനെ . ആകെ ജീവിതം വൃത്തിയാക്കി എന്നു പറയാം. ബാപ്പയും ഉമ്മയും പല തവണ പറഞ്ഞിട്ടും നടക്കാത്ത കാര്യമാണു പലതും.

∙ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റു പറ്റിയെന്നു തോന്നിയിട്ടുണ്ടോ.

കഥ കേൾക്കുമ്പോൾ അതിലെ ഒരു നല്ല കാര്യം കേട്ടാൽ ഞാനതിൽ വീണുപോകും.. പലപ്പോഴും ഷൂട്ടു തുടങ്ങിയ ശേഷമായിരിക്കും മനസ്സിലാകുക നേരത്തെ പറഞ്ഞ സ്ഥലത്തൊന്നും ക‌‌ഥ എത്തിയിട്ടില്ല എന്ന്. പിന്നെ തിരുത്താനോ പിന്മാറാനോ പോകാറില്ല. അഞ്ചു വർഷംകൊണ്ടു 35 സിനിമ ചെയ്തു. അതു വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു. സിനിമയോടുള്ള മോഹംകൊണ്ടു ഒന്നും ആലോചിക്കാതെ ചെയ്യുകയായിരുന്നു.

∙ പരാജയപ്പെട്ട സിനിമകളുടെ പ്രതിഫലം തിരിച്ചു കൊടുത്തിട്ടുണ്ടെന്നു കേട്ടു.

മൂന്നു സിനിമകളുടെ പ്രതിഫലം ഞാൻ തിരിച്ചു കൊടുത്തിട്ടുണ്ട് . അത് എന്റെ ഔദാര്യമൊന്നുമല്ല. തോന്നി, ചെയ്തു എന്നുമാത്രം . ബാപ്പ പണ്ടു പറഞ്ഞിട്ടുണ്ട് പണത്തിനു വേണ്ടി മാത്രം സിനിമ ചെയ്യരുത് എന്ന്. അതു ഞാൻ പാലിച്ചിട്ടുണ്ട്. ജീവിക്കാൻ വേറെ ജോലിയൊന്നും അറിയില്ല. സിനിമയിലൂടെ വാരിയെടുക്കാമെന്നു കരുതിയിട്ടുമില്ല. ജീവിക്കണം, നന്നായി കുടുംബം നോക്കണം. അതിൽ ഞാൻ തൃപ്തനാണ്. അതേ മനസ്സുള്ള ഒരു സ്ത്രീ കൂടെ ജീവിക്കുന്നു എന്നതും അനുഗ്രഹമാണ്. എന്നെ വച്ചു സിനിമ ചെയ്ത ഒരു നിർമ്മാതാവും സംവിധായകനും എന്നിലേക്കു തിരിച്ചു വരില്ല എന്നു പറഞ്ഞിട്ടില്ല. മിക്കവരും രണ്ടും മുന്നുതവണ വിളിച്ചിട്ടെയുള്ളു. പലപ്പോഴും എന്റെ സ്വാഭാവംകൊണ്ടു മാത്രമാണു പല വേഷവും കിട്ടാതെ പോയത്.

∙ അടുത്ത കാലത്തു ആസിഫിനെ ടോറന്റ് നായകൻ എന്നു വിളിക്കുന്നതു കേട്ടു.

ശരിയാണ്. തിയറ്ററിൽ കാണാതെ പോയ എന്റെ പല സിനിമയും ‍ടോറന്റിലൂടെ ഡൗൺലോഡു ചെയ്തു കണ്ടവർ നല്ല അഭിപ്രായം പറയുകയും പോസ്റ്റു ചെയ്യുകയും ചെയ്തു. നിർണ്ണയവും ഒഴിമുറിയുമാണ് ഞാൻ ചെയ്ത ഏറ്റവും നല്ല സിനിമകളിൽ രണ്ടെണ്ണം. രണ്ടും ജനം കണ്ടതു കംപ്യൂട്ടറിലും ടിവിയിലുമാണ്. ഇന്നലെപ്പോലും ഒരാൾ ആ സിനിമകളെക്കുറിച്ചു സംസാരിച്ചു. മോശയിലെ കുതിര മീനുകൾ നല്ല സിനിമയായിരുന്നു. അതും ഓടിയില്ല. പക്ഷെ ഡിവിഡി വന്നപ്പോൾ പലരും വിളിച്ചു. തിയറ്ററിലും കൂടുതൽ എന്റെ പല നല്ല സിനിമകളും കംപ്യൂട്ടറിലും മൊബൈലിലും ഓടി. സിനിമ ഓടേണ്ടതു തിയറ്ററിലാണ്. വീട്ടിലല്ലല്ലോ.

∙ ആസിഫ് അലിയുടെ സുഹൃത്ത് ബന്ധം വളരെ വലുതാണ്. കല്യാണം കഴിഞ്ഞ ശേഷം ഒതു​ങ്ങിപ്പോയോ.

എന്നോടു ലാൽ ചേട്ടൻ (സിദ്ദിഖ് ലാൽ) ഒരിക്കൽ ചോദിച്ചു എന്തിനാണ് നീ എറണാകുളത്തു താമസിക്കുന്നതെന്ന്. ഞാൻ പറഞ്ഞു സിനിമയുടെ സൗകര്യത്തിനുവേണ്ടിയാണെന്ന്. നിന്നെ വേണ്ടവർ തൊടുപുഴയിലെ വീട്ടിൽ വരുമെന്നും ക‌ഥ​ കേൾക്കണമെങ്കിൽ ഹോട്ടലിൽ മുറിയെടുത്താൻ പോരെ എന്നു ചോദിച്ചു. കൂട്ടുകാരെല്ലാം എറണാകുളത്താണെന്നു പറഞ്ഞപ്പോൾ ചോദിച്ചു, ഉമ്മയും ബാപ്പയും എവിടെയാണെന്ന്. അവരുടെ കൂടെ പോയി താമസിക്കടാ. കൂട്ടുകാരെല്ലാം പിന്നെയും ബാക്കികാണും. ആദ്യം അവരുടെ സന്തോഷം നോക്ക്. അവസാനം ബാക്കിയാകുക വീടാണെടാ. ’ . ആ വാക്കുകൾ വലിയ തിരിച്ചറിവായിരുന്നു. വീട്ടിലെ കാര്യം നോക്കാതെ ഞാൻ തുടർച്ചയായി യാത്ര ചെയ്യുമായിരുന്നു. കൂട്ടുകാരിൽനിന്നു കൂട്ടുകാരിലെക്കുള്ള യാത്രയായിരുന്നു പണ്ട്. പിന്നീടതു കു‌റഞ്ഞു. ഇന്നും അവരെല്ലാം എന്റെ കൂടെ അതേ സ്നേഹത്തോടെയുണ്ട് . കൂടുതൽ സമയം വീട്ടുകാരോടൊപ്പമാണെന്നു മാത്രം. വീട്ടിലെ ചടങ്ങുകൾക്കു പോകുന്നില്ല എന്ന ചീത്തപ്പേരു ഭാര്യ സമ മാറ്റിയതോടെ ഞാൻ കുടുംബത്തിൽ മോശക്കാരനല്ലാതായിട്ടുണ്ട് . ( ആസിഫലി അലറി ചിരിക്കുകയാണ്. )

∙ സിനിമയിൽ പോകുന്നതിനു ബാപ്പ എതിരായിരുന്നില്ലെ.

എതിരായിരുന്നു. ഇപ്പോൾ എന്റെ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം ബാപ്പ ശരിക്കുറങ്ങാറില്ലെന്നും രാവിലെ എഴുനേറ്റു ആദ്യ ഷോയ്ക്കു പോകുമെന്നും ഉമ്മ പറയാറുണ്ട്. ഞാൻ എത്തിപ്പെട്ട തൊഴിലിനെ ബാപ്പ അംഗീകരിച്ചുവെന്നു മനസ്സിലാക്കുമ്പോൾ അഭിമാനമുണ്ട്. ഒഴിമുറിയും മോശയിലെ കുതിരമീനും നിർണ്ണയവും ഇഷ്ടമായി എന്നു ബാപ്പ പറഞ്ഞപ്പോൾ നടനെന്ന നിലയിൽ സന്തോഷം തോന്നി. ബാപ്പ എന്നിൽനിന്നു പ്രതീക്ഷിക്കുന്നതൊരു നടനെയാണ്. താരത്തെയല്ല.

ഇനി ആസിഫ് ആരാകും ?

ഹണി ബീയുടെ രണ്ടാം ഭാഗം വരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് കുട്ടപ്പനെന്ന സിനിമയുടെ ഷൂട്ടിംങ് തുടരുകയാണ്. തൃശ്ശിവപ്പേരൂർ ക്ളിപ്തമെന്ന സിനിമയുടെ ഷൂട്ടും തുടങ്ങി. അങ്ങിനെ കുറെ നല്ല സിനിമകളുടെ ലോകത്താണിന്ന്. എനിക്കു ചെറിയ സ്വപ്നങ്ങളെയുള്ളു. വേട്ടയാടിയവരെക്കുറിച്ചൊന്നും ഇപ്പോൾ ഓർക്കാറില്ല. അവർ ഓർക്കേണ്ടതു ഞാനും ഒരു കുടുംബത്തെ ചേർത്തു പിടിച്ചു മുന്നോട്ടു പോകുന്നൊരു സാധാരണക്കാരനാണ്. തല്ലാം, തിരുത്താം, കൊല്ലരുത്.

Your Rating: