Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരകൾക്കും ഇവിടെ ജീവിക്കണം: ഭാഗ്യലക്ഷ്മി

bhagyalakshmi

തൃശൂരിൽ വീട്ടമ്മയെ മാനഭംഗപ്പടുത്തിയ കേസിൽ കൂടുതൽ വെളിപ്പടുത്തലുമായി ഭാഗ്യലക്ഷ്മി. ‘കേസിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാവിന്റെ പേര് ഇന്നു വെളിപ്പെടുത്തും. വൈകുന്നേരം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ പിൻവലിച്ചിട്ടില്ല. ആദ്യം അത് സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിലായിരുന്നു, ഇപ്പോൾ അത് പബ്ലിക്കാക്കിയിട്ടുണ്ട്.’ ഭാഗ്യലക്ഷ്മി മനോരമ ഓൺലൈനോട് പറഞ്ഞു.

‘രണ്ടുവർഷം മുമ്പ് നടന്ന സംഭവമാണ്. മനോരമ ഉൾപ്പെടയുള്ള പത്രങ്ങളിൽ വന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന് പങ്കുണ്ട്. അയാളുടെ പേര് ഇന്ന് വെളിപ്പെടുത്തും. അത് വെളിപ്പെടുത്തേണ്ടത് ആ പെൺകുട്ടിയാണ്. ഞാനും പെൺകുട്ടിയും ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മുഖ്യമന്ത്രിയോട് പേര് വെളിപ്പെടുത്തും.

Dubbing artist Bhagya Lakshmi reveals horrific story of a gang rape | Manorama News

മൂന്നാഴ്ചമുമ്പ് ഇൗപെൺകുട്ടി എന്നെക്കാണാൻ വരികയായിരുന്നു. അന്ന് മരണത്തിന്റെ വക്കിലായിരുന്നു അവർ. ഇരകൾക്കും ഇവിടെ ജീവിക്കണം. മാധവിക്കുട്ടിയുടെ വാക്കുകൾ കടമെടുക്കുകയാണ്. ഡെറ്റോൾ വെള്ളത്തിൽ കുളിച്ചിട്ട് എന്റെ ശരീരത്തെ മാത്രമേ നിനക്ക് സ്പർശിക്കാനാവൂ മനസിനെ തൊാൻ പോലും സാധിക്കില്ലെന്ന് ഉറക്കെ പറയണം. ഞാൻ ആപെൺകുട്ടിയെ ഇപ്പോൾ കൗൺ‌സ,ിലിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ്.

കോടതിയുടെ മുമ്പിൽ തെളിവാണ് പ്രധാനം. സൗമ്യക്കേസിൽ എല്ലാതെളിവും കൊടുത്തിട്ടും വളച്ചൊടിക്കപ്പെട്ടില്ലേ ? സൗമ്യ സ്വയരക്ഷയ്ക്കായി ചാടിയാൽ അത് കൊലപാതകമാകില്ലെന്നാണ് പറയുന്നത്. എത്രയോ അപകടകരമായ അവസ്ഥയെ നേരിടേണ്ടി വരുമ്പോലാണ് നാം മരണത്തെ പൂകുന്നത്.

നമ്മുടെ സമൂഹത്തിൽ കുടുംബബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. കുടുംബം തകരാതിരിക്കാൻ വേണ്ടി എന്തും സഹിക്കാൻ തയ്യാറാണ് നമ്മുടെ സ്ത്രീകൾ. പരാതിപ്പെട്ടാലും അവരുടെ മനസിനെ പീഡിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളെയാണ് നേരിടേണ്ടി വരിക. അത്കൊണ്ട് നിയമ വ്യവസ്ഥയിൽ വിശ്വാസമില്ല. ഇരകൾ സ്വയം പര്യാപ്തരാകുക ഭാഗ്യലക്ഷ്മി മനോരമ ഒാൺലൈനോട് പറഞ്ഞു.

‘എല്ലായിടത്തും പൊലീസിന്റെ ഭാഷയാണ് പ്രശ്നം. എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും ഇരകളോട് ക്രൂരമായി പെരുമാറാനേ ഇവർക്കറിയൂ, ഇവർക്കു നല്ലൊരു പരിശീലനം നൽകണം. ഇപ്പോൾ ശാരീരികമായ പരിശീലനം മാത്രമാണ് നൽകുന്നത്. മാനസീകമായുള്ള ട്രെയിനിംഗ് അവർക്ക് ആവശ്യമാണ്. ഇവരുടേയൊക്കെ കരിങ്കല്ലുപോലുള്ള ഹൃദയമാണ്. ഇതേക്കുറിച്ചും മുഖ്യമന്ത്രിയോട് പറയും..–ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്–

‘ഇത് വായിക്കുന്നവര്‍ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ.വ്യക്തമായി അന്വേഷിച്ചു.സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്. രാത്രി 8മണിയായിക്കാണും, ഫോണ്‍ ബെല്ലടിച്ചു.ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ?പിന്നീട് ഒന്നും മിണ്ടുന്നില്ല..സ്ത്രീയുടെ കരച്ചില്‍ മാത്രം. ഇങ്ങനെയുളള ഫോണ്‍ കാളുകള്‍ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു..ആരാ?എന്തിനാ കുട്ടി കരയുന്നേ?. ഞാന്‍ ചോദിച്ചു.എനിക്ക് ചേച്ചിയെ ഒന്ന് കാണണം.കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു..വെറുതെ ഒരു പെണ്‍കുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയത്‌കൊണ്ട് ഞാന്‍ പറഞ്ഞു.അതിനെന്താ വീട്ടിലേക്ക് വരൂ..ഞാന്‍ അഡ്രസ്സ് പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു..ഗൗരവമുളള എന്തോ പ്രശ്‌നമാണെന്ന് തോന്നിയത്‌കൊണ്ട് എല്ലാ ജോലിയും മാറ്റി വെച്ച് ഞാന്‍ ആ കുട്ടിയെ കാത്തിരുന്നു...

രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി..ഭാര്യയും ഭര്‍ത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുളള ഒരു മെലിഞ്ഞ സ്ത്രീ .സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം..കരഞ്ഞ് വീര്‍ത്ത കണ്ണുകള്‍.ചിരിക്കാന്‍ മറന്നുപോയ മുഖം.പറന്നു കിടക്കുന്ന തലമുടി..കസേരയില്‍ ഇരുന്നപാടേ കരയാന്‍ തുടങ്ങി.നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവ്..ഒന്നും മിണ്ടാതെ ഞാനും..''അവള്‍ മാഡത്തിനോട് സംസാരിക്കട്ടെ ഞാന്‍ പുറത്ത് നില്‍ക്കാം'' എന്ന് പറഞ്ഞ് അയാള്‍ പുറത്തിറങ്ങി വാതിലടച്ചു.. ഞാന്‍ കൊടുത്ത വെളളം കുടിച്ച് അവള്‍ പറഞ്ഞു തുടങ്ങി..

അവര്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്‌നേഹമുളള ഒരു കൊച്ചു കുടുംബം.ഭര്‍ത്താവിന് ചെറിയ വരുമാനമേ ഉളളൂ.അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം..വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ അവളോട് വന്ന് പറഞ്ഞു ''ചേട്ടന് ചെറിയൊരു പ്രശ്‌നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.'' കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദര്‍ശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവള്‍ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാന്‍ അവള്‍ക്ക് തോന്നിയില്ല.അതിലൊരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉന്നതനുമാണ്.

ആ വിശ്വാസത്തില്‍ അവള്‍ ആ നാല് പേരോടൊപ്പം കാറില്‍ പുറപ്പെട്ടു. ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവള്‍ക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവെച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകള്‍ക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാന്‍ എന്ത് ബുദ്ധിമുട്ട്.? നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാര്‍ തന്നെ അവളെ വീട്ടില്‍ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,''നടന്നത് മുഴുവന്‍ ഞങ്ങള്‍ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാല്‍...പിന്നെ അറിയാല്ലോ''..

ആരോടും ഒന്നും പറയാനുളള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിര്‍ബന്ധിച്ച് ചോദിച്ച ഭര്‍ത്താവിനോട് അവള്‍ നടന്നത് മുഴുവന്‍ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങള്‍കഴിഞ്ഞിരുന്നു..ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്‍പില്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍.''?.''അതെ സാര്‍'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥന്‍ പച്ചക്ക് ചോദിച്ചത്രേ..

കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.''കുറച്ച് വെളളം കുടിച്ചിട്ട് അവള്‍ തുടര്‍ന്നു..''പിന്നീടങ്ങോട്ട് പോലീസുകാരുടെ ചോദ്യങ്ങള്‍ കൊണ്ടുളള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം...സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് കേസ് കൊടുത്തത് കൊണ്ട് എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങള്‍ക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാല്‍ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ കേസ് പിന്‍വലിച്ചു. ഈ രാജ്യത്ത് നിയമം കുറ്റവാളികള്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെണ്‍കുട്ടിയും, നിര്‍ഭയയും സൗമ്യയും.ഇനി വരാന്‍ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും.. നിര്‍ഭയയും,സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ 16 വര്‍ഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്‌പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.''അവള്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ് നിര്‍ത്തി..അപ്പോഴും അവളുടെ കണ്ണുനീര്‍ നിര്‍ത്താതെ ഒഴുകുന്നുണ്ടായിരുന്നു..

എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെണ്‍കുട്ടിയെ എന്നോര്‍ത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാന്‍.. ഇതെന്നാണ് സംഭവിച്ചത് ?ഞാന്‍ ചോദിച്ചു.രണ്ട് വര്‍ഷമായി.രണ്ട് വര്‍ഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്?.നിസ്സഹായാവസ്ഥയില്‍ സങ്കടം അടക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു. ''ചേച്ചീ ഈ രണ്ട് വര്‍ഷമായി എനിക്കും എന്റെ ഭര്‍ത്താവിനും ഉറങ്ങാന്‍ സാധിക്കുന്നില്ല, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല,കുട്ടികളുടെ കാര്യമന്വേഷിക്കാന്‍ പറ്റുന്നില്ല,ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സില്‍ നിന്ന് മായാത്തത്‌കൊണ്ട് എനിക്കും ഭര്‍ത്താവിനും കുടുംബജിവിതം നയിക്കാന്‍ പറ്റുന്നില്ല.

എന്നിട്ടും പരസ്പരം സ്‌നേഹമുളളത്‌കൊണ്ട് മക്കളെയോര്‍ത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങള്‍ ജീവിക്കുന്നു..പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയില്‍ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തില്‍ മാന്യന്മാരായി വാഴുന്നു..ഞങ്ങള്‍ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകള്‍ എന്റെ ഭര്‍ത്താവിനോട് പറയുന്നു ''ഞങ്ങള്‍ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്''.എനിക്കിത് സഹിക്കാന്‍ വയ്യ ചേച്ചി, ഞാന്‍ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല..ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം...?''

നെഞ്ച്‌പൊട്ടിക്കരയുന്ന ഈ പെണ്‍കുട്ടിയോട് എന്ത് പോംവഴിയാണ് ഞാന്‍ പറയേണ്ടത് ?..ബലാത്സംഗം ചെയ്യുന്നവന്‍ ആഗ്രഹിക്കുന്നതും ഇരയുടെ ജീവന്‍ ഇല്ലാതാവുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കുക എന്ന് തന്നെയാണ്..അത് ആത്മഹത്യയായാല്‍ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി.കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങള്‍ സഹിച്ച എത്രയെത്ര പെണ്‍കുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?. ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയില്‍ നിലനില്‍പ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ. നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയ്യില്‍ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുര്‍ഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം...സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു.’

Your Rating: