Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹാന ഇനി നിവിന്റെ നായിക

ahana-nivin

നടന്‍ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാര്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. ഫര്‍ഹാന്റെ നായികയായി വെള്ളിത്തിരയിലെത്തിയ അഹാന ഒരിടവേളയ്‍ക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. യുവതാരം നിവിൻ പോളിയുടെ നായികയായാണ് അഹാനയുടെ തിരിച്ചുവരവ്. അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. വിശേഷങ്ങളുമായി അഹാന മനോരമ ഓൺലൈനിൽ.

∙ ആദ്യ ചിത്രം കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷം നിവിന്റെ നായികയായി

അതേ ശരിക്കും സന്തോഷമുണ്ട്. രണ്ടുവർഷത്തെ ഇടവേള എടുത്തെങ്കിലും ഈ രണ്ടുവർഷം വളരെ പെട്ടെന്നാണു പോയത്. കോളജും പഠിത്തവുമൊക്കെയായി രണ്ടു വർഷം പോയതേ അറിഞ്ഞില്ല. ഇതിനിടയ്ക്കും കഥയൊക്കെ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ പഠനത്തിനിടയ്ക്ക് ആയതുകൊണ്ടുതന്നെ എനിക്ക് അത്രയും ഇഷ്ടപ്പെടുന്നതും എന്റെ കൈയിൽ ഭദ്രമാണെന്നു കരുതുന്നതേ ചെയ്യാവൂ എന്നുണ്ടായിരുന്നു. കോഴ്സ് തീരുന്ന സമയത്തുതന്നെ ഈ ഫിലിം വന്നു. സ്ക്രിപ്റ്റ് കേട്ടപ്പോൾ ഇഷ്ടപ്പെടുകയും ചെയ്തു.

ahana

∙ ആദ്യ ചിത്രം ഫർഹാനൊപ്പം ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം നിവിന്റെ ഒപ്പമാണ്?

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം നിവിന് ആരാധകർ ഏറെയാണ്. എന്റെ കോളജ് ഫ്രണ്ട്സെല്ലാം നിവിന്റെ കടുത്ത ആരാധകരുമാണ്. അതുകൊണ്ടു തന്നെ അടുത്തത് നിവിന്റെ ചിത്രത്തിലാണെന്ന് അറിഞ്ഞപ്പോൾ എന്നെക്കാൾ എക്സൈറ്റ്മെന്റ് അവർക്കായിരുന്നു

∙ ചിത്രത്തിന്റെ വിശേഷങ്ങൾ

22 നായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. കൊച്ചിയും തൃശൂരുമായിരിക്കും ലൊക്കേഷനുകൾ. ഫാമിലിഡ്രാമയാണ്. എല്ലാവർക്കും എൻജോയ് ചെയ്യാൻ പറ്റുന്ന ഇന്ററസ്റ്റിങ് കഥയാണ്. നല്ലൊരു കാസ്റ്റിങ് ഉണ്ട്. ചിത്രത്തിനു പേര് ആയിട്ടില്ല. ഇത്രയുമൊക്കെയേ എനിക്ക് ഇപ്പോൾ പറയാൻ സാധിക്കൂ. ടൈറ്റിൽ ഡിസൈനിങ് നടക്കുന്നതേ ഉള്ളൂ.

∙ ചിത്രത്തിലേക്ക് അഹാനയെ ആകർഷിച്ചത്?

നിവിൻപോളിയുടെ ഒരു ചിത്രം എന്നതു തന്നെ. അതുകൊണ്ടുതന്നെ ഓഫർ വന്നപ്പോൾ സ്ക്രിപ്റ്റ് കേൾക്കുന്നതിനു മുമ്പേ തന്നെ ഞാൻ ആഗ്രഹിച്ചിരുന്നു നല്ല സ്ക്രിപ്റ്റ് ആയിരിക്കണേയെന്ന്. യെസ് പറയാൻ പറ്റുന്ന സ്ക്രിപ്റ്റ് ആകണേയെന്നു പ്രാർഥിച്ചുകൊണ്ടാണ് തിരക്കഥ കേൾക്കാൻ പോയതും. നിവിൻ ആയാലും ദുൽഖർ ആയാലും ഫഹദ് ആയാലും പൃഥ്വിരാജ് ആയാലും യൂത്തിന്റെ ഫേവറിറ്റ് ആണ്, എന്റെയും.

ahana-1

ഇവർക്കെല്ലാം മലയാളത്തിലും തമിഴിലുമെല്ലാം ആരാധകരുമുണ്ട്. സത്യം പറഞ്ഞാൽ നിവിൻപോളി ചിത്രം എന്നതു തന്നെയാണ് ഏറ്റവുമാദ്യം എന്നെ ആകർഷിച്ചത്. ഡിസൈനിങ് ഫാക്ടർ സ്ക്രിപ്റ്റ് തന്നെയാണ്. സ്ക്രിപ്റ്റ് കേട്ടുകഴിഞ്ഞപ്പോൾ വലിയ സന്തോഷമായി. ഇതെനിക്കു ചെയ്യണം. ഇതിന്റെ ഭാഗമാകണമെന്ന ആഗ്രഹമായി. പ്രേമം സിനിമയുടെ കോമൺ ക്രൂ ഇതിലുമുണ്ട്.

∙ അപ്പോൾ അഹാനയും ഒരു നിവിൻ ഫാനാണ്?

ഞാനും ഫാനൊക്കെയാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് തട്ടത്തിൻ മറയത്ത് ഇറങ്ങുന്നത്. ആ സമയത്ത് ഞാനും എന്റെ ഫ്രണ്ട്സുമെല്ലാം നിവിൻ ഫാൻസായിരുന്നു. നിവിന്റെ ചിത്രങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു വർക്ഷോപ്പിനു പോയപ്പോഴാണ് ആദ്യമായി നിവിനെ കണ്ടത്. അതിനു മുന്നേ അച്ഛന്റെ കൊളീഗ് എന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ സൂപ്പർ സ്റ്റാർഡത്തിന്റെ മുകളിൽ നിന്നിട്ട് അതിന്റെ ഒരു വിചാരവുമില്ലാത്ത വളരെ സിംപിൾ ആയിട്ടുള്ള ഒരാളാണ് നിവിൻ. അതുകൊണ്ട് പെട്ടെന്നുതന്നെ കമ്പനി ആകാനും സാധിച്ചു.

∙ ഇടയ്ക്ക് ഒരു മ്യൂസിക് ആൽബവും ചെയ്തിരുന്നല്ലോ

കരി എന്നൊരു മ്യൂസിക് വിഡിയോയിൽ അഭിനയിച്ചു ജഗൻ ഷാജി കൈലാസ് ആയിരുന്നു സംവിധാനം ചെയ്തത്. നിവിൻ പോളിയായിരുന്നു അതിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്. മസാല കോഫി എന്ന ബാൻഡാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ആക്ൻ ഓറിയന്റഡ് മ്യൂസിക് വിഡിയോആണ്.