Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവ നൽകിയ ഭാഗ്യം

vysakh പുലിമുരുകനിൽ അഭിനയിച്ച കടുവകളിലൊന്നിനോടൊത്ത് വൈശാഖ്

‘പുലി മുരുകൻ’ റിലീസ് ചെയ്ത ശേഷം സംവിധായകൻ വൈശാഖിന്റെ ഫോണിനു വിശ്രമമില്ല.പടം കണ്ടു ഹരം കയറിയ പലരും ‘ഒരു ഉമ്മ തരാനാണു വിളിച്ചത് എന്നാണ് പറയുക.അങ്ങനെ പ്രേക്ഷകരിൽ നിന്ന് ഏറ്റവുമധികം ഉമ്മ ലഭിക്കുന്ന സംവിധായകനായി വൈശാഖ് മാറിക്കഴിഞ്ഞു. തങ്ങൾ ആഗ്രഹിച്ച സിനിമ ലഭിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാലിന്റെ കടുത്ത ആരാധകർ.ഇത്രയും കാലവും സിനിമയിൽ പ്രവർത്തിച്ചിട്ടും ഇതുപോലുള്ള അനുമോദനം മുമ്പെങ്ങും തനിക്കു ലഭിച്ചിട്ടില്ലെന്നു വൈശാഖ് പറയുന്നു.

ചങ്ങനാശേരിയിൽ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്റെ വിവാഹ വാർഷികത്തിനെത്തിയ വൈശാഖിനെ കണ്ട് പ്രേക്ഷകർ ഇളകി മറിയുകയായിരുന്നു. യുവാക്കൾ കെട്ടിപ്പിടിച്ചു ചുംബിച്ചാണ് വിട്ടത്. ആരാധകരുടെ ആവേശം അണ പൊട്ടുന്ന സാഹചര്യത്തിൽ ഇപ്പോൾ വൈശാഖ് അധികം പുറത്തേക്ക് ഇറങ്ങാറില്ല.

വിജയത്തിന്റെ ആഹ്ലാദത്തിലും ‘പുലി മുരുകനു വേണ്ടി രണ്ടു വർഷത്തോളം അനുഭവിച്ച കഷ്ടതകളും മാനസിക സംഘർഷവും വൈശാഖ് മറന്നിട്ടില്ല. കടുവയെ തേടി മൂന്നു രാജ്യങ്ങളിലുള്ള അലച്ചിലും അത്ര പെട്ടന്നു മറക്കാനാവില്ല.

vysakh-1

തായ്‌ലൻഡിലെ കാഞ്ചനാപുരി ഗ്രാമത്തിലുള്ള ബുദ്ധ ക്ഷേത്രത്തിലെ 140 കടുവകളിൽ നാലെണ്ണമാണ് ‘പുലിമുരുകനിൽ അഭിനയിച്ചത്. 350 കിലോ ഭാരവും ഏഴടി നീളവുമുള്ള വമ്പൻ കടുവകൾക്കു നടുവിൽ ജീവൻ പണയം വച്ചാണ് പല രംഗങ്ങളും ചിത്രീകരിച്ചത്. ഭക്ഷണം കഴിച്ചാൽ ഉടൻ ഉറങ്ങുന്ന ശീലമാണ് കടുവകൾക്കുള്ളത്. തുടർച്ചയായി ഇറച്ചി കൊടുത്തില്ലെങ്കിൽ ഷൂട്ടിങ് യൂണിറ്റിലുള്ള ആരെയെങ്കിലും കടുവ കടിച്ചു കീറും. അതിനാൽ എപ്പോഴും ഭക്ഷണം കൊടുത്തു കൊണ്ടിരിക്കും. അതു കഴിച്ചാലുടൻ അഭിനയിക്കാൻ മിനക്കെടാതെ ഉറങ്ങാനാണ് ശ്രമം. ഇതിനിടെ വേണം സിനിമയ്ക്ക് ആവശ്യമുള്ള രംഗങ്ങൾ എടുക്കാൻ.

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ പേടിച്ചു വിറച്ചാണ് കടുവയുടെ അടുത്തേക്കു പോയിരുന്നത്.ഓരോ കടുവയ്ക്കുമൊപ്പം ആറു പരിശീലകർ വീതം ഉണ്ടാവും.ഷൂട്ടിങ്ങിനിടെ അവന്റെ സ്വഭാവം മാറിയാലുടൻ പരിശീലകർക്ക് അറിയാം. നിമിഷങ്ങൾക്കുള്ളിൽ അവർ ബെൽറ്റും ചെയിനുമിട്ട് ലോക്ക് ചെയ്തു വലിച്ചു കൊണ്ടു പോയി കെട്ടിയിടും. ഭാഗ്യവശാൽ ചിത്രീകരണം തീരും വരെയും തങ്ങളുടെ കൂട്ടത്തിലുള്ള ആരെയും കടുവ ആക്രമിച്ചില്ലെന്ന് വൈശാഖ് പറയുന്നു.

vysakh-2

കാഞ്ഞങ്ങാട് സ്വദേശിയായ എബി ഏബ്രഹാം ടിവി അവതാരകനായപ്പോഴാണ് വൈശാഖ് ആയി മാറിയത്.പോക്കിരി രാജ,സീനിയേഴ്സ്,മല്ലു സിങ്,സൗണ്ട് തോമ,വിശുദ്ധൻ,കസിൻസ് എന്നിങ്ങനെ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നാലും സൂപ്പർ ഹിറ്റായിരുന്നു. ജോഷിയുടെയും ജോണി ആന്റണിയുടെയും സഹായി ആയിരുന്ന വൈശാഖ്, വിശുദ്ധൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ രണ്ടു കൊല്ലം പല നിർമാതാക്കളുടെയും പിന്നാലെ നടന്നിട്ടും ആരും ഈ ചിത്രം എടുക്കാൻ തയാറായില്ല. വിവാഹിതനായതോടെ ജീവിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ. നിരാശനായി നാട്ടിലേക്കു മടങ്ങിയ വൈശാഖ്, വിദേശത്തു ജോലി തേടിപ്പോകാൻ ഇരിക്കുമ്പോഴാണ് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ ദൈവദൂതനെപ്പോലെ എത്തുന്നത്.‌

mohanlal-vysakh-6

‘ട്വന്റി 20 എന്ന സിനിമയിൽ ജോഷിയുടെ സഹായി ആകാൻ വൈശാഖിനെ വിളിച്ചുകൊണ്ടു പോയ ഉദയ് കൃഷ്ണ, ’പോക്കിരി രാജ’എന്ന തിരക്കഥയും എഴുതിക്കൊടുത്തു. അങ്ങനെ ആ സിനിമയിലൂടെ ഏഴു വർഷം മുമ്പ് വൈശാഖ് സംവിധായകനായി. ഈ പടം വൻ വിജയമായതോടെ മോഹൻലാൽ നായകനാകുന്ന തന്റെ അടുത്ത പടവും വൈശാഖ് സംവിധാനം ചെയ്യണമെന്നു ടോമിച്ചൻ മുളകുപ്പാടം ആവശ്യപ്പെട്ടു. പോക്കിരി രാജ പോലൊരു കച്ചവട സിനിമ എന്നു മാത്രമേ അന്നു മനസിൽ ഉണ്ടായിരുന്നുള്ളൂ.

mohanlal-vysakh-1

വാക്കു കൊടുത്തു പിരിഞ്ഞതല്ലാതെ അതേക്കുറിച്ച് പിന്നീട് ആരും ചിന്തിച്ചില്ല. തുടർന്നു ‘വിശുദ്ധൻ ഉൾപ്പെടെ അഞ്ചു ചിത്രങ്ങൾ കൂടി വൈശാഖ് സംവിധാനം ചെയ്തു.അവസാനം എടുത്ത ‘കസിൻസ്’പൊളിഞ്ഞതോടെ അദ്ദേഹം ആകെ തളർന്നു പോയി.വേണ്ടപ്പെട്ടവരെന്നു കരുതിയവരെല്ലാം കുറ്റപ്പെടുത്തിയപ്പോൾ മനസു തകർന്നു. ആർക്കും മുഖം കൊടുക്കാതെ സ്വന്തം നാട്ടിൽ പോയി ഒതുങ്ങിക്കഴിയുകയായിരുന്ന വൈശാഖിനെ കൈപിടിച്ചുയർത്താൻ ഒരിക്കൽ കൂടി ദൈവദൂതനെ പോലെ ഉദയ് കൃഷ്ണ കാഞ്ഞങ്ങാട്ടെ കല്ലിയോട്ട് ഗ്രാമത്തിൽ എത്തി.

പണ്ട് ടോമിച്ചൻ മുളകുപ്പാടം വാക്കു നൽകിയ മോഹൻലാൽ സിനിമ നമുക്ക് എടുക്കാമെന്ന് ഉദയ് കൃഷ്ണ അറിയിച്ചു.പിടിച്ച പിടിയാലേ ഉദയ് കൃഷ്ണ, വൈശാഖിനെ സ്വന്തം വണ്ടിയിൽ കയറ്റി കൊച്ചിയിൽ കൊണ്ടു വന്നു.തൊട്ടടുത്ത ദിവസം തന്നെ ഇരുവരും അബുദാബിയിൽ പോയി നിർമാതാവിനെ കണ്ടു. കാടിനോട് ചേർന്നുള്ള പ്രദേശത്തു പുലി ഇറങ്ങുന്ന പുലിയൂർ ഗ്രാമവും അവിടെ ജീവിക്കുന്ന പുലിവേട്ടക്കാരനായ മുരുകനും എന്നതായിരുന്നു ആശയം. രണ്ടു കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിലായിരുന്നു ഈ കൂടിക്കാഴ്ച്ച.

tomichan-udhay

ഇത് എടുക്കാൻ ഒരുപാട് പണം വേണ്ടി വരുമെന്നും എത്ര ദിവസം ചിത്രീകരിക്കേണ്ടി വരുമെന്നു പറയാനാവില്ലെന്നും നിർമാതാവിനോട് വൈശാഖ് തുറന്നു പറഞ്ഞു. അദ്ദേഹം യേസ് മൂളിയതോടെ 15 കോടി രൂപ ബജറ്റുമായി രണ്ടു കൊല്ലം മുമ്പ് സിനിമയ്ക്കു തുടക്കം കുറിക്കുകയായിരുന്നു.ചിത്രത്തിലെ കടുവകളെ എവിടെക്കിട്ടുമെന്ന് അപ്പോൾ ധാരണയൊന്നുമില്ലായിരുന്നു. എങ്കിലും മോഹൻലാലിനെ കണ്ടു മുരുകന്റെ കുട്ടിക്കാലത്തെ കഥ വിശദീകരിച്ചു. സിനിമയുടെ ആദ്യ 15 മിനിറ്റ് സമയത്തെ കഥ ഷോട്ട് തിരിച്ചു വിശദീകരിച്ചതു കേട്ടതോടെ അദ്ദേഹം ആവേശഭരിതനായി. ഈ
സിനിമയ്ക്കു വേണ്ടി എത്ര ദിവസം വേണമെങ്കിലും അഭിനയിക്കാൻ തയാറാണെന്നും ധൈര്യമായി മുന്നോട്ടു പോകാനും മോഹൻലാൽ പറഞ്ഞു.

വയനാട്ടിലെ വനമേഖലയിലുള്ള വീട്ടിലിരുന്നു മൂന്നു മാസം കൊണ്ടു തിരക്കഥ എഴുതിത്തീർത്തു.അതോടെ കടുവ പ്രത്യക്ഷപ്പെടുന്ന അഞ്ചു സീനുകൾ ഉണ്ടാകുമെന്നു വ്യക്തമായി.തുടർന്നു ഗ്രാഫിക്സ് ചെയ്യുന്നവരുമായി വിശദ ചർച്ച നടത്തി.ജീവനുള്ള കടുവയെത്തേടി ദക്ഷിണാഫ്രിക്കയിലേക്കാണ് ആദ്യം പോയത്.അവിടെ കടുവയുണ്ടെങ്കിലും അതിനെ വച്ചു ചിത്രീകരിക്കുന്നതിന്റെ ഭീമമായ ചെലവു മനസിലാക്കിയതോടെ തിരിച്ചു പോന്നു.തുടർന്നു മോഹൻലാലിന്റെ നിർദേശ പ്രകാരം തായ്ലൻഡുകാരനായ ഹോളിവുഡ് ഫൈറ്റ്മാസ്റ്റർ കേച്ചയുമായി ചർച്ച നടത്തി.മൃഗങ്ങൾ കഥാപാത്രങ്ങളാകുന്ന ഒട്ടേറെ സിനിമകൾ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.

udhay-vyshakh

അദ്ദേഹത്തിനു കഥയും സിനിമയിലെ രംഗങ്ങളുമെല്ലാം ഇഷ്ടപ്പെട്ടു. ഇത്തരമൊരു സിനിമ നിശ്ചിത സമയത്തിനകം ചെയ്തു തരാമെന്ന് ഉറപ്പു പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ചിത്രീകരണത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ വേണം. ഇപ്പോൾ തനിക്കു മറ്റു സിനിമകളുടെ തിരക്കുണ്ട്.അതു തീർത്ത ശേഷമേ ഇതിലേക്ക് കടക്കാനാവൂ. രണ്ടു മൂന്നു വർഷമെങ്കിലും കാത്തിരുന്നാലേ ഇതു ചെയ്യാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ കാര്യം നടക്കില്ലെന്നു ബോധ്യമായി.തുടർന്നാണ് ഇന്ത്യൻ ഫൈറ്റ് മാസ്റ്ററെ ആശ്രയിക്കാമെന്നു തീരുമാനിച്ചത്. ഇന്ത്യാക്കാരാകുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ മനിസിലാക്കുമല്ലോ.

ശങ്കറിന്റെയും രാജമൗലിയുടെയും ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ സംഘട്ടനം ഒരുക്കിയ പീറ്റർ ഹെയ്നിനെ അങ്ങനെയാണ് സമീപിക്കുന്നത്.പീറ്റർ ഹെയ്നിന്റെ അമ്മ വിയറ്റ്നാംകാരിയും അച്ഛൻ തമിഴ്നാട്ടുകാരനുമാണ്.‘പുലിമുരുകന്റെ കഥ കേട്ടപ്പോൾ ആദ്യം പീറ്റർ പകച്ചു പോയി. സംഘട്ടനം എങ്ങനെ വേണമെങ്കിലും ഗംഭീരമാക്കാമെന്നും മൃഗങ്ങളെ വച്ചുള്ള രംഗങ്ങൾ താൻ ഇതുവരെ ചെയ്തിട്ടില്ലെന്നും പീറ്റർ അറിയിച്ചു.പക്ഷേ വൈശാഖും ടോമിച്ചനും നിർബന്ധിച്ചതോടെ അദ്ദേഹം വഴങ്ങി.ഒന്നര വർഷം മുമ്പായിരുന്നു ഈ കൂടിക്കാഴ്ച്ച.

mohanlal-peter-6

തുടർന്നു കടുവയെ കണ്ടെത്താനായി പീറ്ററിനെയും കൂട്ടി വിയറ്റ്നാമിലേക്ക് പോയി.കടുവകളെ വളർത്താൻ അനുമതിയുള്ള രാജ്യമാണ് വിയറ്റ്നാം.അവിടത്തെ ഫാമിൽ നൂറ്റമ്പതോളം കടുവകളെയാണ് വളർത്തുന്നത്.പക്ഷേ അവയെ പരിശീലിപ്പിച്ചെടുക്കുക അസാധ്യമാണെന്നു വൈകാതെ അവർക്കു മനസിലായി.തുടർന്നാണ് തായ്ലൻഡിലെ കാഞ്ചനാപുരി ഗ്രാമത്തിലെ ബുദ്ധ ക്ഷേത്രത്തിൽ കടുവകളുണ്ടെന്ന് അറിഞ്ഞ് അവിടേക്ക് പോയത്.കടുവകളെ ചങ്ങലയ്ക്കിട്ട് നടത്തുകയും സന്ദർശകർക്ക് അവയ്ക്കൊപ്പം ചിത്രമെടുക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്ന സ്ഥലമാണിത്.

കടുവയെ സിനിമയിൽ അഭിനയിപ്പിക്കണമെന്നു പറഞ്ഞപ്പോൾ അധികൃതർ വിസമ്മതിച്ചു.അമേരിക്കയിൽ പോയാൽ പരിശീലനം നേടിയ കടുവകളെ ലഭിക്കുമെന്നും അവിടെ പോയി ചിത്രീകരിക്കാനുമായിരുന്നു അവരുടെ മറുപടി.അതിനു തങ്ങൾക്കു പണമില്ലെന്നും സഹായിക്കണമെന്നും അപേക്ഷിച്ചു.കാലു പിടിച്ചതോടെ അവരുടെ മനസ് അലിഞ്ഞു. സ്റ്റോറി ബോർഡ് നൽകിയിട്ടു പോയാൽ ശ്രമിച്ചു നോക്കാമെന്നായി അവർ. മൂന്നു മാസം കഴിഞ്ഞ് എത്താൻ പറഞ്ഞു വൈശാഖിനെയും സംഘത്തെയും അവർ യാത്രയാക്കി.

പുലിമുരുകനെക്കുറിച്ച് സംവിധായകൻ വൈശാഖ് | ​ അഭിമുഖം | ​ഐ മീ മൈസെൽഫ് ​| മനോരമ ഓൺലൈൻ

നാട്ടിലെത്തിയ വൈശാഖ് പൂയംകുട്ടി വനാന്തരങ്ങളിൽ ‘പുലിമുരുകന്റെ ഷൂട്ടിങ് തുടങ്ങി. ആനയിറങ്ങുന്ന സ്ഥലങ്ങളിൽ കനത്ത മഴയെ അതിജീവിച്ച് രാവിലെ 9 മുതൽ 5 വരെയായിരുന്നു ചിത്രീകരണം. 60 അടി ആഴമുള്ള അഗാധ ഗർത്തത്തിൽ കയർ കെട്ടിയിറങ്ങിയാണ് മോഹൻലാലും കമാലിനി മുഖർജിയും വെള്ളച്ചാട്ടത്തിൽ വച്ച് കണ്ടു മുട്ടുന്ന രംഗം ചിത്രീകരിച്ചത്.

ചിത്രീകരണം പൂർത്തിയാക്കുന്നതു വരെ താരങ്ങൾ ഉൾപ്പെടെ ആരും മുകളിലേക്ക് കയറിയില്ല.ഭക്ഷണവും മറ്റും കയറിൽ കെട്ടിയിറക്കി കൊടുക്കുകയായിരുന്നു.വനത്തിലെ ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും കടുവകളുടെ രംഗം എങ്ങനെ എടുക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തത് വലിയ ടെൻഷനായി. ‌

വീണ്ടും തായ്‌ലൻഡിലെത്തിയപ്പോൾ ബുദ്ധ ക്ഷേത്രത്തിന്റെ അധികൃതർ കൈമലർത്തി. 140 കടുവകളിൽ അഞ്ചോ ആറോ എണ്ണമേ മനുഷ്യനുമായി ഇണങ്ങൂ. അവ ഓടുന്നതല്ലാതെ സിനിമയ്ക്ക് ആവശ്യമായ മറ്റൊന്നും ചെയ്യാൻ കൂട്ടാക്കുന്നില്ല.ഇതിനോടകം കോടികൾ മുടക്കിക്കഴിഞ്ഞ സിനിമ പൂർത്തിയാക്കാനാവാതെ ആരും തകർന്നു പോകുന്ന അവസ്ഥ. തങ്ങൾക്ക് ഒരു അവസരം തരണമെന്ന് അപേക്ഷിച്ച് അവർ അക്ഷരാർഥത്തിൽ ക്ഷേത്രഭാരവാഹികളുടെ കാലു പിടിച്ചു.

വൈശാഖ്, പീറ്റർ,ക്യാമറാമാൻ ഷാജികുമാർ,ഉദയ്കൃഷ്ണ,ടോമിച്ചൻ മുളകുപ്പാടം എന്നിവർ 10 ദിവസം അവിടെ ക്യാപ് ചെയ്തു കടുവകളുമായി ഇണങ്ങി. തുടർന്നു ക്യാമറയിൽ രംഗങ്ങൾ പകർത്താനുള്ള ശ്രമമായി. പക്ഷെ ക്യാമറ കണ്ടാലുടൻ കടുവകൾ തിരിഞ്ഞു നടക്കും. 25 ദിവസം കഴിഞ്ഞതോടെ കടുവകൾ വിചാരിച്ച പോലെ സഹകരിച്ചു തുടങ്ങി.കടുവ ചാടുന്ന രംഗവും മറ്റും വലിയ സ്റ്റാൻഡിനു മുകളിൽ നിർത്തിയാണ് എടുത്തത്.ഇതിനിടെ മോഹൻലാലും തായ്‌ലൻഡിൽ എത്തി.

Puli Murugan Theme Song Muruga Muruga | Gopi Sunder Release 2016| Full HD

ആവശ്യമായ രംഗങ്ങളെല്ലാം എടുത്ത ശേഷം ഹൈദരബാദിലെ ഗ്രാഫിക്സ് വിദഗ്ധരെ ഏൽപ്പിച്ചു. അവരാണ് ഇന്നു കാണുന്ന രീതിയിലുള്ള ‘പുലിമുരുകന് അന്തിമ രൂപം നൽകിയത്. അവരുടെ കരവിരുതിൽ തായ്‌ലൻഡിലെ കടുവകൾ പൂയംകുട്ടി വനാന്തരങ്ങളിലൂടെ കുതിച്ചു പാഞ്ഞു. ഗ്രാഫിക്സ് ജോലികൾ പൂർത്തിയാക്കാൻ ഏതാണ്ട് ഒരു വർഷത്തോളം എടുത്തു. പുലിമുരുകനും കടുവയുമായി പുലിമടയിൽ ഏറ്റുമുട്ടുന്ന ക്ലൈമാക്സ് രംഗം സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്.

ഹോളിവുഡ് സിനിമകളിലെ സ്റ്റണ്ട്മാന്മാരായ രണ്ടു വിയറ്റ്നാംകാരും രണ്ടു ഫ്രഞ്ചുകാരും ഈ ചിത്രത്തിൽ അഭിനയിക്കാനായി പൂയംകുട്ടിയിലെത്തിയിരുന്നു. പീറ്റർ ഹെയ്നിനു പരിചയമുള്ള ആളുകൾ വഴിയാണ് ഇവരെ വിളിച്ചു വരുത്തിയത്.

Puli Murugan Accident Movie Director Vysakh Escapes Car Chase

മോഹൻലാലും വില്ലന്മാരും തമ്മിൽ മരുന്നു കമ്പനിയിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ, വില്ലൻമാരിൽ ഒരാൾ 180ഡിഗ്രിയിൽ കാർ വട്ടം തിരിക്കുന്ന രംഗമുണ്ട്.ചിത്രീകരണത്തിനായി പീറ്റർ ഹെയ്ൻ ഓടിച്ചിരുന്ന കാർ വൈശാഖിനെ ഇടിച്ചു വീഴ്ത്തിയിരുന്നു. തലനാരിഴയ്ക്കാണ് ശരീരത്തിൽ ടയർ കയറാതെ രക്ഷപ്പെട്ടത്.100 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. രണ്ടു വർഷക്കാലം വീട്ടിൽ പോലും പോകാതെ ഇതിന്റെ പിന്നാലെ നടക്കുകയായിരുന്നു വൈശാഖ്.ഒടുവിൽ കഷ്ടപ്പാടിനു ദൈവം പ്രതിഫലം നൽകി.

ഇനി മറ്റൊരു കാര്യം കൂടി വൈശാഖിനു പറയാനുണ്ട്. പലരും കരുതുന്ന പോലെ, ‘മരുഭൂമിയിലെ ആന എന്ന ബിജു മേനോൻ സിനിമയിൽ അഭിനയിച്ച കടുവയല്ല ‘പുലിമുരുകനിലുള്ളത്.തങ്ങളുടെ കടുവകൾ യഥാർഥ വന്യമൃഗങ്ങളാണെന്നും അതിന്റെ ക്രൗര്യം ചിത്രത്തിൽ കാണാമെന്നും വൈശാഖ് പറയുന്നു.