Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ കാണാതെ പോയ ഒരാൾ

shaji-mohanlal-1

സിനിമ കണ്ടിറങ്ങിയവരുടെ ആരവവും ശിങ്കാരിമേളത്തിന്റെ ആവേശവും ആകാശത്തേക്കെറിയുന്ന കടലാസു തുണ്ടുകളുടെ മഴയും തിയറ്ററിനു അകത്തും പുറത്തുമായി നിറയവെ ഷാജി കുമാറിന്റെ മനസ്സിൽ മക്കൾ ചോദിച്ച ചോദ്യം മാത്രമായിരുന്നു. ഓരോ നിമിഷവും പുലിമുരുകൻ തിയറ്ററിൽ കടലുപോലെ ആഞ്ഞടിക്കവെ ഇരുവശവുമിരുന്ന കുട്ടികൾ അച്ഛനോടു ചോദിച്ചു, ഇതു കാണാൻ നമ്മുടെ അമ്മകൂടി ഉണ്ടായിരുന്നെങ്കിൽ അല്ലെ.

ജീവിതത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ഷാജി പറഞ്ഞു, ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമെത്തിയപ്പോൾ അതു കാണാൻ അവളില്ലാതെ പോയി. ജീവിതം തകർന്നുപോയി എന്നു തോന്നിയ സമയത്താണ് എന്നെ വൈശാഖും ഉദയനും കൈ പിടിച്ചു തിരിച്ചുകൊണ്ടുവന്നത്. അവർ ഇല്ലായിരുന്നുവെങ്കിൽ പുലിമുരുകനിൽ ഞാനുണ്ടാകുമായിരുന്നില്ല.’ ക്യാമറാമാൻ ഷാജി കുമാർ പറഞ്ഞു.

Pulimurugan Official Trailer | Mohanlal | Vysakh | Mulakuppadam Films

ഷാജിയെ പലരും വേണ്ടതുപോലെ അറിഞ്ഞിട്ടില്ല. കാരണം, സിനിമ കഴിഞ്ഞാൽ ഷാജിക്കു ജീവിതം കുടുംബം മാത്രമായിരുന്നു. ഒരാളോടു പോലും തന്നെക്കുറിച്ചെഴുതാൻ ഷാജി പറഞ്ഞിട്ടില്ല. ചാനലുകളുടെ സൗഹൃദം തേടി പോയിട്ടില്ല. 15 വർഷംകൊണ്ടു ഷാജി 40 സിനിമക​ൾക്കു ക്യാമറാമാനായി. പലതും വൻ ഹിറ്റുകൾ. ഉത്തമനിൽ 2001–ലായിരുന്നു തുടക്കം. ഒരു തവണ ഷാജിയെ ക്യാമ‌റ ഏൽപ്പിച്ച എല്ലാവരും വീണ്ടും ഷാജിയെ തേടിപ്പോയി. പലരും ഷാജിക്കുവേണ്ടി ഷൂട്ടിങ് മാറ്റിവച്ചു.

വാൽക്കണ്ണാടി, വേഷം, നരൻ, സത്യം, റെഡ് ചില്ലീസ്, പോക്കിരി രാജ, സൗണ്ട് തോമ, കസിൻസ്, റിങ് മാസ്റ്റർ, ശൃംഗാരവേലൻ, കസിൻസ് തുടങ്ങിയ നീണ്ട നിര. ജോഷിക്കൊപ്പം ഷാജി നാലു സിനിമകൾ ചെയ്തു. വൈശാഖിനൊപ്പം അഞ്ച്, ഷാജി കൈലാസിനൊപ്പം മൂന്ന്, വിനയനോടും വി.എം.വിനുവിനോടുമൊപ്പം മൂന്ന്, അനിൽ ബാബുവിനോടൊപ്പം നാല്. അങ്ങനെ നീളുന്നതാണു ഷാജിയുടെ സൗഹൃദം.

തകർച്ചയുടെ നാളുകളെ എങ്ങിനെയാണു തിരിച്ചുപിടിച്ചത്?

നമ്മുടെ കൂടെ നിൽക്കുന്നവരെ നാം തിരിച്ചറിയുന്നതു തകർന്നു പോകുമ്പോഴാണ്. എന്റെ ഭാര്യ സ്മിതയെ നഷ്ടപ്പെടുന്നതു 2014ലാണ്. ഞാൻ സിനിമ ചെയ്യുന്നതിന്റെ ഇടയിലാണു സ്മിത സുഖമില്ലാതെ ആശ​ുപത്രിയിലേക്കു പോയത്. പിന്നീടറിഞ്ഞു കാൻസറാണെന്ന്. ജീവിതം എവിടേക്കു പോകുന്നുവെന്നു മനസ്സിലാകാതെ പോയ ദിവസങ്ങളായിരുന്നു പിന്നീട്. എട്ടാം ക്ലാസിലും രണ്ടാം ക്ലാസിലുമായി രണ്ടു കുട്ടികളും. പണം കൊണ്ടൊന്നും ഒന്നും നടക്കില്ലെന്നു മനസ്സിലായ ദിവസങ്ങൾ.

shaji-mohanlal-1-4

2014 ഫെബ്രുവരി 10നു സ്മിത പോയപ്പോൾ മുന്നിൽ ഒന്നുമില്ലായിരുന്നു. അന്നെനിക്കു മനസ്സിലായി ഇനി സിനിമാ ജീവിതം ഇല്ലെന്ന്. കാരണം, കുറെ നാളുകളായി ജോലി ചെയ്തിട്ടില്ല. മാത്രമല്ല സൗഹൃ‍ദങ്ങളും അകന്നുപോയി. അന്നാണു വൈശാഖ് എന്നോടു തിരിച്ചുവരാൻ പറയുന്നത്.

ആ വർഷം ഞാൻ മൂന്നു സിനിമകൾ ചെയ്തു. കസിൻസും റിങ് മാസ്റ്ററും രാജാധിരാജയും. തിരിച്ചു വിളിക്കാൻ ഒരാളില്ലായിരുന്നുവെങ്കിൽ റാഫിയും അജയ് വാസുദേവനും ഉദയനും വൈശാഖും കൂടെ നിന്നില്ലായിരുന്നുവെങ്കിൽ ഞാൻ ആ വീട്ടിലിരുന്നു തകർന്നു പോയേനെ. അവർക്കെല്ലാം വേറെ ആളുകളെ വിളിക്കാമായിരുന്നു. എന്നിട്ടും വിളിച്ചു.

പുലിമുരുകൻ ഷാജിയുടെ ജീവിതം മാറ്റിമറിച്ചോ?

തീർച്ചയായും. മലയാളത്തിലെ ഏറ്റവും വലിയ സിനിമയുടെ ക്യാമ‌റാമാൻ ഞാനായിരുന്നുവെന്നു പറഞ്ഞു തല ഉയർത്തി നിൽക്കാമല്ലോ. എന്റെ കുട്ടികൾക്കും അഭിമാനത്തോടെ ഇതു പറയാം. പക്ഷേ, ആദ്യദിവസം പുലിമുരുകൻ തിയറ്ററിൽ കാണുമ്പോൾ കുട്ടികൾക്കുപോലും തോന്നി അവരുടെ അമ്മ ഉണ്ടായിരുന്നുവെങ്കിലെന്ന്. എന്റെ ഏറ്റവും വലിയ വിജയം തിയറ്ററിൽ ആഘോഷിക്കുന്നതു കാണാൻ അടുത്ത സീറ്റിൽ സ്മിത ഉണ്ടായില്ല എന്നതാണു ഏറ്റവും വലിയ വേദന. പുലിമുരുകൻ സന്തോഷവും വേദനയുമാണ്.

മോഹൻലാലിന്റെ രണ്ടു വലിയ സാഹസിക സിനിമകൾ ചെയ്തതിനെക്കുറിച്ച്

NARAN

ഈ രണ്ടു സിനിമകളിലും കാട്ടിലും വെള്ളത്തിലും മഴയിലും ഒഴുക്കിലുമായിരുന്നു ഷൂട്ടിങ്. അട്ട കടികൊണ്ടു മതിയായിട്ടുണ്ട്. പെരുമഴയിൽ കാട്ടിൽ മരച്ചുവട്ടിൽ കുടയും പിടിച്ചു മണിക്കൂറുകൾ നിന്നിട്ടുണ്ട്. നനഞ്ഞു കുതിർന്നു വിറച്ചിട്ടുണ്ട്. ഒരിക്കൽപ്പോലും ലാൽ സാർ മുഖം കറുപ്പിച്ചിട്ടില്ല. നമ്മുടെ കുഴപ്പംകൊണ്ടു ഷോട്ട് കട്ടായാൽപ്പോലും അരക്കൊപ്പം വെള്ളത്തിലിറങ്ങി നിന്ന് അതു വീണ്ടും ചെയ്യും.

കൊടും തണുപ്പിൽപ്പോലും മടിയില്ല. നരനിൽ കുത്തൊഴുക്കുള്ള പുഴയിലായിരുന്നു ദിവസങ്ങളോളം ഷൂട്ടിങ്. ഒഴുക്കിൽ മരം പിടിക്കുന്നതുപോലുള്ള വളരെ അപകടം പിടിച്ച ഷോട്ടുകൾ. പുലിമുരുകനിൽ വലിയ വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായിരുന്നു കുറെ ജോലി. വഴുതി വീഴാതിരിക്കാൻ എല്ലാവർക്കും സേഫ്റ്റി ബെൽറ്റുമെല്ലാം ഇട്ടിരുന്നു. കാട്ടിനകത്തുള്ള ജോലി വളരെ കടുപ്പമാണ്. വളരെ ശ്രദ്ധിക്കണം.

പുലിയുടെ അഭിനയം?

ഇണങ്ങാത്ത മൃഗമാണത്. ഒന്നോ രണ്ടോ നിമിഷത്തിനകം പെട്ടെന്നു ദേഷ്യം പിടിക്കും. ഒരിടത്തേക്ക് ഇമ വെട്ടാതെ കുറച്ചു സമയം നോക്കിയാൽ ഉടൻ പരിശീലകർ അതിനെ കൂട്ടിലേക്കു കൊണ്ടുപോകും. അതിനർഥം ദേഷ്യം വന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്.

ഞാനതിനെ കാണുന്നതു ക്യാമറയിലൂടെയാണ്. അതുകൊണ്ടുതന്നെ ചുറ്റും എന്തു സംഭവിക്കുന്നു എന്നറിയില്ല. അതിനെ ചിത്രീകരിക്കുന്ന ഓരോ നിമിഷവും പരിശീലകർ മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. കഴുത്തിൽ ചങ്ങലയും പട്ടയും ഉണ്ടെങ്കിൽ പുലി പരിധിവരെ ശാന്തനാണ്. എന്നാൽ ഷോട്ട് എടുക്കുമ്പോൾ എല്ലാം അഴിക്കും. അതോടെ കാടിനു നടുവിൽ സ്വതന്ത്രനായി പുലി നിൽക്കുകയാണ്. തൊട്ടടുത്തു നമ്മളും.