Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബത്തിന് ഭീഷണി; െ‍ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയുടെ സഹോദരൻ

ramakrishnan-mani രാമകൃഷ്ണനും കലാഭവൻ മണിയും

ഒരു മാസം മുമ്പുവരെ മലയാളികൾ ഒന്നടങ്കം ചർച്ച ചെയ്ത ഒരു വിഷയമുണ്ട്, കലാഭവൻ മണിയുടെ മരണം. എന്നാൽ എല്ലാവാർത്തകളെയും പോലെ മണിയുടെ മരണവാർത്തയും കെട്ടടങ്ങി. പക്ഷെ അതരത്തിൽ അടിഞ്ഞുപോകേണ്ട ഒന്നാണോ കലാഭവൻ മണിയുടെ അസ്വഭാവിക മരണവും അതിന്റെ പിന്നിലെ ദുരൂഹതയും. കലാഭവൻ മണിയുടെ സഹോദരൻ മണി രാമകൃഷ്ണൻ കുടുംബം നേരിടുന്ന മാനസികസംഘർഷങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചുമൊക്കെ മനോരമ ഓൺലൈനുമായി മനസ്സുതുറക്കുന്നു.

തിരഞ്ഞെടുപ്പ് കോലാഹലത്തിന്റെ ഇടയിൽ മണിയുടെ മരണം മുങ്ങിപോയെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാവാം അന്വേഷണം മന്ദഗതിയിലാണ് പോകുന്നത്. യഥാർഥ പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഇല്ലാത്തത് ആശങ്കാജനകമാണ്. ഞങ്ങൾക്ക് പക്ഷെ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. പൊലീസുകാരോടൊക്കെ പോയി ചോദിക്കാനുള്ള അധികാരമൊന്നും നമുക്ക് ഇല്ലല്ലോ? കൃത്യമായിട്ടുള്ള യാതൊരുവിധ വിവരങ്ങളും ഞങ്ങൾക്ക് കിട്ടുന്നില്ല. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഒന്നും മിണ്ടാതെയിരിക്കുന്നത്. എടുത്തുചാടി ഒന്നും പ്രവർത്തിച്ചിട്ട് കാര്യമില്ലല്ലോ?

സിനിമാക്കാരുടെ ഭാഗത്തു നിന്നും രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നും സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ലേ?

എല്ലാവരും വാക്കാൽ കൂടെ നിൽക്കാം എന്ന് പറയുന്നതല്ലാതെ, അന്വേഷണം വേഗത്തിലാക്കാനുള്ള സഹായങ്ങളൊന്നും ചെയ്യുന്നില്ല. വാക്കുകൊണ്ട് എല്ലാം ശരിയാക്കാം, അന്വേഷണം ഊർജിതമാക്കാം എന്നുപറയുന്നതല്ലാതെ പ്രവർത്തിയിൽ സഹായിക്കുന്നില്ല. സത്യം പറഞ്ഞാൽ ഞങ്ങളോടൊപ്പം നിൽക്കാനോ സഹായിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്.

ഭാര്യയുടെയും മകളുടെയും നിലപാട് എന്താണ്?

അവർ ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. അവർക്കുണ്ടായ വിഷമവും വിടവും നികത്താൻ പറ്റുന്നതല്ലല്ലോ. മണിചേട്ടന്റെ കൊലപാതകത്തിന് കാരണമായവർ കൺമുമ്പിൽ വിലസുമ്പോൾ അവർക്കെങ്ങനെ സമാധാനിക്കാൻ സാധിക്കും.

ഭാര്യാപിതാവിന് മരണത്തിൽ പങ്കുണ്ടെന്നൊക്കെ വാർത്തകൾ വന്നിരുന്നു. അതിനെക്കുറിച്ച്?

അതിലൊന്നും സത്യാവസ്ഥയില്ല. മരണത്തിന് ഉത്തരവാദികളായിട്ടുള്ളവർ തന്നെ അടിച്ചിറക്കുന്ന വാർത്തകളാണ് ഇതെല്ലാം. അല്ലാതെ പൊലീസ് വൃത്തങ്ങളിൽ നിന്നുമുള്ള വാർത്തയൊന്നുമല്ല ഇതൊന്നും.

കലാഭവൻ മണിയെ കൊല്ലാൻ തക്ക വൈര്യാഗമുള്ളവർ ഉണ്ടായിരുന്നോ?

കൂടെ നടന്നവരെ തന്നെയാണ് എനിക്ക് സംശയം. സാമ്പത്തികമാണ് ഇതിന്റെ പിന്നിൽ. പാടിയ്ക്കടുത്ത് കുറച്ചുസ്ഥലം വാങ്ങാനുള്ള പദ്ധതിയുണ്ടായിരുന്നു. അതിനായി കടം കൊടുത്ത കാശ് ചേട്ടൻ തിരിച്ചു ചോദിക്കുന്ന സമയമായിരുന്നു. അതിൽ എതിർപ്പുള്ളവരാണ് ചേട്ടനെ കൊന്നത്. ഇത് ചോദിച്ചുതുടങ്ങിയപ്പോൾ സുഹൃത്തുക്കൾ തന്നെയാണ് കലാഭവൻ മണിയെ വകവരുത്തിയത്.

അതും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുമൂന്ന് മാസങ്ങൾ കൊണ്ട് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാകാനാണ് സാധ്യത. ആരോഗ്യം തകർത്ത് പതിയെ കൊല്ലുന്ന വല്ല സ്ലോപോയിസണിങ്ങും നൽകാനാണ് സാധ്യത. കോടികൾ ചേട്ടന് തിരികെ കിട്ടാനുണ്ട്. ഇതിന്റെ പേരിൽ ഊമകത്തുകളൊക്കെ ഞങ്ങൾക്ക് ഇപ്പോൾ കിട്ടാറുണ്ട്. പണമിടപാടിന്റെ കാര്യങ്ങളൊന്നും കുടുംബവുമായി പങ്കുവെയ്ക്കാറില്ലായിരുന്നു. കുടുംബമായിട്ട് വരെ മണിയെ അകറ്റിയത് ഈ സുഹൃത്തുക്കളാണ്.

മുരുകനാണ് കൊലപാതകിയെന്ന് വിശ്വസിക്കുന്നുണ്ടോ?

മുരുകനെ കൊണ്ടുവന്നത് മറ്റൊരു സുഹൃത്താണ്. പെട്ടന്ന് വന്നുകയറിയ സുഹൃത്താണ് മുരുകൻ. ഇവരൊന്നും അറിയാെത ഒന്നും സംഭവികില്ല. ഇവരുടെയൊക്കെ അറിവോടെയുള്ള ആസൂത്രിതമായ കൊലപാതകമായിരുന്നു.

സിനിമ കുറഞ്ഞതും മണിയെ മാനസികമായി തകർത്തിരുന്നോ?

സിനിമ ഇല്ലാതെയിരുന്നതൊന്നുമല്ല. പലപ്പോഴും ഈ ശിങ്കിടികളായി നടക്കുന്നവർ സംവിധായകർക്ക് ചേട്ടനോട് സംസാരിക്കാനുള്ള അവസരം കൊടുക്കാറില്ലായിരുന്നു. അവരുമായി കൂട്ടിമുട്ടിക്കാനുള്ള അവസരം ഇവർ ഇല്ലാതാക്കുകയായിരുന്നു. പലപ്പോഴും പല വലിയ സംവിധായകരും ചേട്ടനെ ഫോണിൽ കിട്ടാതെ എന്നെ വിളിച്ചിട്ടുണ്ട്. തിരക്കിലാണ്, പരിപാടികളിലായിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.

മാനസികമായും ശാരീരികമായും തകർത്തുകൊണ്ടിരിക്കുകയായിരുന്നു. അത് അദ്ദേഹത്തിന് ഇടയ്ക്ക് മനസ്സിലായിരുന്നു. രക്ഷപെടണമെന്ന് ചേട്ടന് ആഗ്രഹമുണ്ടായിരുന്നു. അതുകാരണം കൂടെ നിക്കുന്നവരോട് വേറെ ജോലി അന്വേഷിച്ചുകൊള്ളാനൊക്കെ പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്തതാണ് എന്നുള്ള പ്രചരണവുമുണ്ടല്ലോ?

മണിചേട്ടന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മരണം കൊലപാതകം തന്നെയാണെന്നാണ് നൂറുശതമാനം വിശ്വാസം.

കുടുംബത്തിന് ഭീഷണികളുണ്ടോ?

നേരിട്ട് ഇല്ല. പക്ഷെ പൊലീസുകാരുവഴി ഭീഷണിയുടെ സ്വരം ഉണ്ടായിട്ടുണ്ട്. മണി കള്ളുകുടിച്ച് മരിച്ചതല്ലേ, കൂടുതൽ എന്ത് അന്വേഷിക്കാനാണ് എന്ന രീതിയിൽ പൊലീസിനെക്കൊണ്ട് പലരും പറയിക്കാറുണ്ടായിരുന്നു. അവരെ സ്വാധീനിച്ച് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ പലരീതിയിലും നടന്നിട്ടുണ്ട്. അന്വേഷണത്തെക്കുറിച്ച് തിരക്കുമ്പോൾ പൊലീസിന്റെ ഭാഗത്തു നിന്നും നിസംഗതയാണ് ഉണ്ടായിട്ടുള്ളത്. കൊലപാതകം പുറത്തുവരരുത് എന്ന് ആഗ്രഹമുള്ളവരാണ് ഇതിന്റെ പിന്നിൽ. രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ചുവരെ ചരടുവലികൾ നടക്കുന്നുണ്ട്. അല്ലെങ്കിൽ പിന്നെ കലാഭവൻ മണിയെപ്പോലെയുള്ള ഒരാളുടെ കൊലപാതകിയെ കണ്ടെത്താൻ ഇത്രയും വൈകില്ലല്ലോ.

അന്വേഷണവുമായി മുന്നോട് പോകാനാണോ തീരുമാനം?

അതെ. ഞങ്ങൾക്ക് അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ. ഞങ്ങളുടെ മരണംവരെയും ഇതിനുവേണ്ടി പോരാടുക തന്നെ ചെയ്യും.

related stories