Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാന് സാധിക്കാത്തത് ദിലീപിന് സാധിച്ചു

dileep-jacky-chan

ദിലീപിന്റെ സമീപകാല സിനിമകളെല്ലാം ക്യാമറക്കണ്ണു തുറന്നത് വിദേശ ലൊക്കേഷനുകളുടെ മനോഹാരിതയിലേക്കാണ്. ഈസ്റ്റർ – വിഷു സമയത്തേക്ക് റിലീസിനായി ഒരുങ്ങുന്ന സിദ്ദിഖ്–ലാൽ–ദിലീപ് സിനിമയായ ‘കിങ് ലയറും’ മനോഹരമായ മറ്റൊരു വിദേശക്കാഴ്ചയുമായാവും വിരുന്നൊരുക്കുക. ഇത്തവണ ലൊക്കേഷൻ ദുബായ് ആണ്.

ലോകത്തിലെ ആഡംബര നഗരങ്ങളിലൊന്നായ ദുബായ്, അതിന്റെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള സൗന്ദര്യം അപ്പാടെ നമ്മൾ ആസ്വദിച്ചിട്ടുണ്ട് ‘അറബിക്കഥ’യിലൂടെയും, ‘ഡയമണ്ട് നെക്‌ലേസി’ലൂടെയും, ‘പത്തേമാരി’യിലൂടെയുമൊക്കെ. അതുകൊണ്ടുതന്നെ ദുബായ് ലൊക്കേഷനിൽ ചിത്രീകരിക്കുന്ന ഒരു സിനിമ സംവിധായകനെ സംബന്ധിച്ചൊരു വെല്ലുവിളിയാണ്.

ഇതുവരെ കാണാത്ത കാഴ്ചകൾ വേണം പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത്. അത്തരമൊരു വെല്ലുവിളി വിജയകരമായി സ്വീകരിച്ച് ‘കിങ് ലയർ’ ഒരു പുതിയ കാഴ്ചയുമായി തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ എമിറേറ്റ്സ് വൈസ് പ്രസിഡന്റിന്റെ ഓഫീസാണ്. ഒരു പക്ഷേ, മലയാളി പ്രേക്ഷകന് ആദ്യമായിട്ടാവും ഇത്തരമൊരു ഓഫീസ് സിനിമയിലൂടെ ആസ്വദിക്കാൻ സാധിക്കുന്നത്.

ousepachan-madona

മുൻപൊരു ജാക്കിച്ചാൻ ചിത്രത്തിൽ ഈ ഓഫീസിന്റെ പുറമേ നിന്നുള്ള ഒരു ഭാഗം സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. സുരക്ഷാപ്രശ്നങ്ങളാൽ ഓഫീസിലെ ഉൾഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ തടസമുണ്ടായിരുന്നു.

എന്നാൽ ഇന്റീരിയർ ഉൾപ്പെടെയുള്ള വിശദമായ ചിത്രീകരണം ഇതാദ്യം. അതും മലയാള സിനിമയിൽ. ആശ ശരത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഓഫീസായാണ് എമിറേറ്റ്സ് വൈസ് പ്രസിഡന്റിന്റെ ഓഫീസ് സിനിമയിൽ രംഗപ്രവേശനം നടത്തുന്നത്. സിനിമാ ഷൂട്ടിങ്ങിനുള്ള അനുമതി നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ല.

വളരെയധികം പ്രൗഢഗംഭീരമായ ഒരോഫീസായിരുന്നു സിനിമയ്ക്കു വേണ്ടിയിരുന്നത്. കേരളത്തിലൊരിടത്തും കാണാനാവാത്തത്ര മനോഹാരിതയും പ്രൗഢ ഭംഗിയും നിറച്ചാണ് ഓഫീസ് സിനിമയിൽ ഒരുങ്ങിയിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി ഒരു വസ്തു പോലും പുറമേ നിന്ന് ഉപയോഗിക്കേണ്ടതായി വന്നിട്ടില്ല. ആ ഓഫീസിലുണ്ടായിരുന്നവയൊന്നും മാറ്റുകയും ചെയ്തില്ല. എല്ലാം അതേപടി ഉപയോഗിച്ചു.

ദുബായിലെ ആസ്പിൻ ടവറിൽ 53–ാമത്തെ നിലയിലായിരുന്നു ഓഫീസ്. 54 നിലകളുള്ള ടവറിന്റെ മുകൾഭാഗം ഷൂട്ടിങ്ങിന് എത്തിയവർക്ക് ഭക്ഷണം കഴിക്കാനും മറ്റുമായി വിട്ടുകൊടുത്ത് അധികാരികൾ മികച്ച സഹകരണമാണ് സിനിമയ്ക്ക് നൽകിയത്.

ലൊക്കേഷൻ മാത്രമല്ല ആശാശരത്തുൾപ്പെടെയുള്ള താരങ്ങൾ വളരെ സ്റ്റൈലിഷായ വസ്ത്രങ്ങളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ദിലീപിന്റെ താടിയും മുടിയുമെല്ലാം റിലീസിനു മുൻപുതന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Your Rating: