Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന അവാർഡിനോട് ജയസൂര്യയ്ക്ക് പുച്ഛം: മോഹൻ

jayasurya-mohan ജയസൂര്യ, മോഹൻ

സംസ്ഥാന അവാർഡിനു പിന്നാലെയാണ് ദേശീയ അവാർഡ് പ്രഖ്യാപനവും അതിനു പിന്നാലെ ഇരു അവാർഡുകളും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദങ്ങളും. കാലാകാലങ്ങളായി തുടരുന്ന സംഭവ വികാസങ്ങൾക്ക് ഇത്തവണയും മാറ്റമില്ല. പതിവു പോലെ സംസ്ഥാന പുരസ്കാരം കിട്ടയവർ പലരും ദേശീയ തലത്തില്‍ പുറത്തായി മറിച്ചും സംഭവിച്ചു. വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുമ്പോൾ സംസ്ഥാന അവാർഡ് ജൂറി ചെയർമാനായിരുന്ന മോഹൻ സംസാരിക്കുന്നു.

സംസ്ഥാന–ദേശീയ പുരസ്കാരങ്ങളിൽ ഇത്ര അന്തരം വരുന്നത് എന്തു കൊണ്ടാണ് ?

ചാർലി ദേശീയ അവാർഡിന് മത്സരിക്കാത്തതുകൊണ്ടു മാത്രമാണ് അവാർഡ് കിട്ടാതെ പോയത്. അങ്ങനെ പോയിരുന്നുവെങ്കിൽ ചാർലിക്ക് അവാർഡുകൾ കിട്ടിയേനെ. ഇപ്പോൾ ജയസൂര്യയും മമ്മൂട്ടിയും ഒപ്പത്തിനൊപ്പം നിന്നു എന്നൊക്കെയാണ് കേട്ടത്. മികച്ച നടനുള്ള പുരസ്കാരത്തിന് മത്സരിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളെല്ലാം നിൽക്കുന്നത്. അതിൽ പ്രത്യേകതയൊന്നുമില്ല. മാധ്യമങ്ങൾ നമ്മുടെ ആൾക്കാരെ ഉയർത്തിക്കാണിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ് ഒപ്പത്തിനൊപ്പം. ഒരുപക്ഷേ ചാർലി മത്സരത്തിനുണ്ടായിരുന്നുവെങ്കിൽ ദുൽഖറും ബച്ചനും ഒപ്പത്തിനൊപ്പം നിന്നു എന്ന് നമ്മൾ കേൾക്കുമായിരുന്നു. ഇക്കാര്യം ഞങ്ങൾ ഒമ്പത് ജൂറി മെംബേഴ്സിനും ഒരുമിച്ച് പറയാനാകും.

ഇന്ത്യൻ സ്ക്രീനിൽ പുതിയ അഭിനയശൈലിയെഴുതിയ കഥാപാത്രമാണ് ചാർലി. നാടകീയമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെയാണ് ദുൽഖർ അതിൽ അഭിനയിച്ചത്. രാജ് കപൂറൊക്കയാണ് അങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. തിരക്കഥ, സംവിധാനം, ആർട്ട് ഡയറക്ഷൻ, ഫോട്ടോഗ്രാഫി, കല എന്നിവയിലെല്ലാം സംസ്ഥാന പുരസ്കാരം നേടിയ ചിത്രമാണ് ചാർലി. അത് ദേശീയ അവാർഡിന് പോയിരുന്നുവെങ്കിൽ അവാർഡ് കിട്ടിയേനെ. അത്രയ്ക്ക് റിയലിസ്റ്റിക് ആയ സിനിമയാണത്. അത് നല്ല പടമായതു കൊണ്ടാണ് എട്ട് അവാർഡുകൾ അതിന് കൊടുത്തത്.

ബാഹുബലിക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൊടുത്തതിനെക്കുറിച്ച് ?

ഏറ്റവും മികച്ച ഗ്രാഫിക്സ് ഒരുക്കിയ ഇന്ത്യൻ ചിത്രത്തിന് അവാർഡുണ്ടായിരുന്നുവെങ്കിൽ അതൊരുപക്ഷേ ബാഹുബലിക്ക് ലഭിച്ചേനെയെന്ന് . ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് എസ് എസ് രാജമൗലിയുടെ ബാഹുബലിക്ക് നൽകുമ്പോൾ ജൂറിയുടെ നിലവാരം എത്രത്തോളമാണുള്ളതെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം പറഞ്ഞു. പക്ഷേ ബാജിറാവു മസ്താനിക്കോ ബാഹുബലിക്കോ അവാർഡ‍് നൽകിയതിൽ എന്തെങ്കിലും രാഷ്ട്രീയ നീക്കമുണ്ടെന്ന് കരുതാനാകില്ല. ഞാൻ ഒരുപാടിടങ്ങളിൽ ജൂറിയായിരുന്നയാളാണ്. അവിടെയൊരിടത്തും ഒരു രാഷ്ട്രീയ ഇടപെടലുകളുമുണ്ടായിട്ടില്ല. പിന്നെ സംസ്ഥാന അവാര്‍ഡിൽ നിന്നും ദേശീയ അവാർഡ് വ്യത്യസ്തമാകുന്നുവെങ്കിൽ അത് ജൂറിയുടെ നിലവാരം മാത്രമാണ്. ദേശീയ അവാർഡ് ജൂറി ചെയർമാനായ രമേഷ് സിപ്പിക്ക് മലയാള സിനിമകളെ കുറിച്ച് കാര്യമായ അറിവുണ്ടോ എന്നെനിക്ക് അറിയില്ല. ഷോലെയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നല്ല പടങ്ങളിറങ്ങിയിട്ടുണ്ടോയെന്ന് അറിയില്ല.

ജയസൂര്യ മോശമായി പ്രതികരിച്ചെന്ന ആരോപണത്തോട് ?

സംസ്ഥാനം നൽകയിതു പോലെ പ്രത്യേക ജൂറി പുരസ്കാരമാണ് രാഷ്ട്രവും നൽകിയത്. ജയസൂര്യയ്ക്ക് സംസ്ഥാനം നൽകിയ പുരസ്കാരം ഒട്ടും തൃപ്തി നൽകിയില്ല. ദേശീയ പുരസ്കാരം കിട്ടിയ ശേഷം എന്നെ വിളിച്ച് ജയസൂര്യ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. അദ്ദേഹത്തിന് പുച്ഛമാണ് ഇതിനോടൊക്കെ. എനിക്ക് അഭിനയിക്കാൻ മാത്രമേയറിയൂ...കൈക്കൂലി കൊടുത്ത് അവാർ‍ഡ് വാങ്ങാനറിയില്ല എന്നൊക്കെ പറ‍ഞ്ഞായിരുന്നു സംസാരം. പണം മാത്രമല്ല മറ്റെന്തൊക്കെയോ സ്വാധീനിച്ചുവെന്ന രീതിയിൽ നികൃഷ്ടമായ കാര്യങ്ങളൊക്കെ ഉദ്ദേശിച്ചായിരുന്നു സംസാരം. ജൂറിയിൽ പ്രവർത്തിക്കാനാകുന്നതും പുരസ്കാരം കിട്ടുന്നതും അംഗീകാരമാണ്. അഴിമതി നടത്തണമെങ്കിൽ എല്ലാ ജൂറി അംഗങ്ങളും ചെയ്യണ്ടേ. സ്വാഭിമാനം കളഞ്ഞുകൊണ്ട് ഒരു ജൂറി മെംബറും പ്രവർത്തിക്കില്ല. അവാർഡ് കിട്ടാതെ വരുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ശരിയല്ല.

സംസ്ഥാനം നൽകിയ പുരസ്കാരത്തിന് ഒരു വിലയും കൽപ്പിക്കാതെ ദേശീയ തലത്തിൽ സ്വന്തമാക്കിയതിനെ കൊട്ടിഘോഷിക്കുകയാണ് ജയസൂര്യ ചെയ്തത്. അഭിനയം നല്ലതായതുകൊണ്ടു തന്നെയാണ് ജയസൂര്യക്ക് പുരസ്കാരം കിട്ടിയത്. പക്ഷേ സംസ്ഥാനം നൽകുന്നതും രാഷ്ട്രം കൊടുക്കുന്നതും അദ്ദേഹം ഒരുപോലെ കാണുന്നില്ല. നമ്മുടെ അവാർഡിന് ദേശീയ തലത്തിൽ അതിന്റേതായ മഹത്വമുണ്ട്.

വലിയ ചിറകുള്ള പക്ഷികളെ തഴഞ്ഞതെന്തിന് ?

എന്റെ ചിത്രങ്ങളായ തീര്‍ഥം, മംഗളം നേരുന്നു എന്നീ ചിത്രങ്ങളൊക്കെ അവസാന റൗണ്ടിൽ പിന്തള്ളിപ്പോയവയാണ്. പക്ഷേ അന്ന് അവാര്‍ഡ് കിട്ടിയ പടങ്ങളെയൊക്കെ ഞാൻ അഭിനന്ദിച്ചിട്ടേയുള്ളൂ. അന്ന് അവാര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ യുക്തിപരമായ മാറ്റം വന്നപ്പോൾ കിട്ടാതെ പോയി. മലയാളത്തിൽ അങ്ങനെയൊന്നുമില്ല. ഇതുപോലെയാണ് അമീബ എന്ന ചിത്രത്തിന്റെ കാര്യവും. എന്‍ഡോസൾഫാൻ ദുരന്തത്തെ കുറിച്ചുള്ള ചിത്രം മനസ്‍ തകർത്തു. എന്തുമാത്രം വലിയ ദുരന്തമാണ് അവർ നേരിടുന്നതെന്ന് മലയാളിയായ എനിക്ക് പോലും ഈ ചിത്രം കണ്ട് കഴിഞ്ഞത്. എന്തുകൊണ്ടോ അതിന് അവാർഡ‍് കിട്ടാതെ പോയി.

അതേസമയം വലിയ ചിറകുള്ള പക്ഷി ഡോക്യുമെന്ററിയോ ഫീച്ചർ ഫിലിമോ അല്ല. അത് വെറുമൊരു ന്യൂസ് കവറേജ് മാത്രമേയറിയുള്ളൂ. ഒരുപക്ഷേ ജൂറി അംഗങ്ങൾക്ക് എൻഡോസൾഫാന്‍ ദുരന്തത്തെ കുറിച്ച് ആഴത്തിലുള്ള അറിവില്ലായിരിക്കാം. അല്ലെങ്കില്‍ കൃത്യമായി മനസിലായിട്ടുണ്ടാകില്ല. ചിത്രത്തെ കുറിച്ച് നല്ല ആശയവിനിമയം നടന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകും.