Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാതാവ് അജയ് കൃഷ്ണന്റെ മരണം; പ്രചരിക്കുന്നത് അസത്യം

shanila-ajay ഷാനിലും അജയ്‌യും

സിനിമാക്കഥയെപോലും വെല്ലുന്ന ദുരന്തമാണ് ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘അവരുടെ രാവുകള്‍’ എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രം റിലീസ് ചെയ്യാൻ ഒരുമാസം മാത്രം സമയമുള്ളപ്പോൾ ചിത്രത്തിന്റെ നിർമാതാവായ അജയ് കൃഷ്ണന്‍ ജീവനൊടുക്കുന്നു.

അജയന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർക്കോ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ല. എന്തുചെയ്യണമെന്നറിയാതെ ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ പകച്ച് നിൽക്കുമ്പോഴാണ് ഇതേ സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് അജയ് ആത്മഹത്യ ചെയ്തതെന്ന തരത്തിലുള്ള വാർത്ത വന്നത്. ചിത്രം പരാജയപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് അജയ് ജീവനൊടുക്കിയതെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവയെ ഉദ്ധരിച്ച് ചില മലയാള മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തിരുന്നു.

എന്നാൽ ഈ വാർത്ത ഞെട്ടലോടെ കേട്ട സിനിമയുടെ സംവിധായകനായ ഷാനിൽ മുഹമ്മദ് പറയുന്നതിങ്ങനെ:

‘എന്ത് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ല, വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാൻ. നിർമാതാവെന്നതിനപ്പുറം ഒരു ബന്ധം ഞാനും അജയ്‌യും തമ്മിൽ ഉണ്ടായിരുന്നു. സിനിമയുടെ ഒരുഘട്ടത്തിൽപ്പോലും അദ്ദേഹമൊരു ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ട പൂർണ പിന്തുണ അജയ്‌യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. പൊതുവേ നിർമാതാക്കൾക്ക് കാണുന്ന ടെന്‍ഷൻ അത്രമാത്രം. സെറ്റിലെല്ലാം ഓടി നടന്ന് എന്താണ് വേണ്ടതെന്ന് എല്ലാവരോടും ചോദിച്ച് മനസ്സിലാക്കി ചെയ്യുന്ന നിർമാതാവ്. ഷൂട്ടിങ് സെറ്റിൽ ഒരാൾക്ക് പോലും പരാതി പറയാനില്ലായിരുന്നു.

unni-ajay

സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് അജയ് മാനസിക വിഷമത്തിലായതെന്നൊക്കെ വാർത്തകൾ കണ്ടു. നിങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് പറയുന്നത്. സിനിമയുടെ എഡിറ്റിങ് പോലും കഴിഞ്ഞിട്ടില്ല. ഡബ്ബിങ്, ബിജിഎം മുതലായവ പൂർത്തിയായിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രിവ്യു നടത്തുന്നത്. മാനസികമായി ആകെ തളർന്ന അവസ്ഥയിലാണ്, തെറ്റായ വാർത്തകൾ വിശ്വസിക്കരുത്.

ഈ സിനിമ ഒരിക്കലും അദ്ദേഹത്തെ മോശമായി ബാധിക്കില്ല. സാറ്റലൈറ്റും ഡിസ്ട്രിബ്യൂഷനുമെല്ലാം ശരിയാക്കി നല്ലരീതിയിൽ മുന്നോട്ട് പോകുകയായിരുന്നു. സിനിമയ്ക്കായി ഒരാൾക്ക് വോയ്സ്ഓവർ പോലും അജയ് നല്‍കിയിരുന്നു. സാമ്പത്തികമായി യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും അദ്ദേഹത്തിനില്ലായിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുൻപേ എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നതാണ്.

asif-ajay

ചിത്രീകരണത്തിനിടയിൽ ഞാൻ ടെൻഷൻ അടിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് അത് പെട്ടന്ന് മനസ്സിലാകും. എന്നിട്ട് പറയും , ‘നീ ടെൻഷൻ അടിക്കരുത്, ടെൻഷൻ അടിക്കുന്നത് എന്റെ ഡ്യൂട്ടി. നിന്റെ ജോലി സംവിധാനം.’ കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ അദ്ദേഹം പറയും, ‘എന്നാൽ പാക്ക് അപ് ചെയ്യാം, വിഷമം മാറിയിട്ട് മതി ഷൂട്ടിങ് എന്ന്’, അങ്ങനെ പറയുന്നൊരു വ്യക്തിത്വത്തിനുടമ. ഞാനുമായിട്ട് മാത്രമല്ല പരിചയപ്പെടുന്ന എല്ലാവരുമായിട്ടും പെട്ടന്ന് അടുക്കുന്ന സ്വഭാവമായിരുന്നു അജയ്‌യുടേത്.

ഈ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രം കൂടി നിർമിക്കാനുള്ള പദ്ധതിയിലായിരുന്നു അജയ്. എന്നാൽ ജീവൻ കളയാൻ മാത്രം എന്ത് പ്രശ്നമാണ അജയ്ക്കുണ്ടായിരുന്നതെന്ന് അറിയില്ല. ഇപ്പോഴും അജയ് ഇനിയില്ല എന്ന സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കായിട്ടില്ല. ഷാനിൽ മുഹമ്മദ് പറഞ്ഞു.