Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനങ്ങൾക്കു മറുപടിയുമായി ലിജോ

lijo-jose-pellissery ലിജോ ജോസ് പെല്ലിശ്ശേരി

ആളുകള്‍ പ്രതീക്ഷിക്കുന്നത് ചെയ്യുന്നിടത്താണ് സിനിമ എന്ന കലാരൂപം മരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആഗ്രഹിക്കുന്നത് കൊടുക്കുക, പ്രതീക്ഷിക്കുന്നത് നല്‍കുക അതിനൊരു മറുതലമുണ്ട്. ആളുകള്‍ പ്രതീക്ഷിക്കുന്നതല്ല പ്രതീക്ഷിക്കാത്തത് കൊടുക്കുന്നവനാണ് ഒരു നല്ല സംവിധായകന്‍. പറയുന്നത് മറ്റാരുമല്ല ഡബിൾ ബാരൽ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി.

പ്രേക്ഷകർ ചിന്തിക്കാത്തത് നല്‍കുമ്പോഴാണ് ആ സിനിമ നൂറും ഇരുന്നൂറും വര്‍ഷം അറിയപ്പെടുക. സിനിമയില്‍ മാത്രമല്ല മറ്റേത് വിഭാഗത്തിലാണെങ്കിലും നമ്മള്‍ കാലങ്ങളായിട്ട് പിന്തുടരുന്ന പല കാര്യങ്ങളും അതേ പടി പിന്തുടരേണ്ടതില്ല‍.

ഡീഗ്രേഡിങ്-പ്രേക്ഷക പ്രതികരണം

റേപ്പിസ്റ്റുകളെക്കാളും ക്രൂരമായാണ് ആളുകൾ കലയെ ആക്രമിക്കുന്നത്. പ്രകോപനമില്ലാതെയുള്ള ആക്രമണമാണ് സിനിമയ്ക്കെതിരെ നടക്കുന്നത്. ഏതൊരു കലാരൂപമായാലും അതിനെ ബഹുമാനിക്കുക എന്നൊരു കടമയുണ്ട്. അതില്‍ നമ്മുടെ ചില ആളുകളുടെ സ്വഭാവം എന്നെപ്പോലെ ഒരു ഫിലിംമേക്കറെ വേദനിപ്പിക്കുന്നു. അദ്ദേഹം പറയുന്നു.

ഒരു സിനിമ തിയറ്ററില്‍ ഇരുന്ന് കാണുന്ന പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപ്പോകാനുള്ള സൗകര്യം ഉണ്ട്. അതിനുപകരം ഒച്ചയും ബഹളവും ഉണ്ടാക്കി, ആ സിനിമ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലും മോശമായ അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് അവർ. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്ന ആളുകളെ പോലും വീട്ടില്‍പ്പറഞ്ഞു വിടുകയാണ് ഇവിടെ ചിലര്‍.

രണ്ടു തലത്തിലുള്ള വിമര്‍ശനങ്ങള്‍ ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷം എനിക്ക് ലഭിച്ചു. ചിത്രം ഒരുപാട് ഇഷ്ടമായവരുണ്ട്, ഒട്ടും ഇഷ്ടപ്പെടാത്ത ആളുകളുമുണ്ട്. സിനിമയപ്പറ്റി ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതുതന്നെ ആ സിനിമ അവരെ എവിടെയൊക്കെയോ സ്വാധീനിച്ചു എന്നതിന്‍റെ തെളിവാണ്. അതില്‍ സന്തോഷമുണ്ട്.

എക്സ്പ്രെസ് ഹൈവേ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ നാട് രണ്ടായി പിളരും എന്നു പറഞ്ഞുനടക്കുന്നതുപോലെയാണ് സിനിമയുടെ അവസ്ഥയും. മാറ്റം അനിവാര്യമാണ്. എന്നാല്‍ നമ്മുടെ പ്രേക്ഷകരില്‍ ഇനി മാറ്റം ഉണ്ടാകുമോ എന്നത് സംശയം. ഈ സിനിമയ്ക്ക് ലഭിക്കുന്ന മോശം അഭിപ്രായം ഇനിവരുന്ന സംവിധായകരും അഭിമുഖീകരിക്കേണ്ട ഒന്നാണ്. ലിജോ കൂട്ടിച്ചേർത്തു.

സ്വപ്നം കാണുന്ന സിനിമ

ഒരു കഥ രൂപപ്പെടുമ്പോള്‍ ഞാന്‍ ആദ്യം മനസ്സില്‍ കാണുന്ന ഒരു സ്വപ്നം മാത്രമാണ് സിനിമ . അത് പിന്നീട് വെള്ളിത്തിരയിലെത്തുമ്പോൾ കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. ഡബിൾ ബാരലിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് ഇനി മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ സ്വപ്നം കണ്ട സിനിമയാണ് നിങ്ങള്‍ ആദ്യം കണ്ടത്. പ്രേക്ഷകനെ സിനിമയുമായി ബന്ധിപ്പിക്കാത്ത ചില രംഗങ്ങളാണ് കട്ട് ചെയ്ത് മാറ്റുക.

renganaath-lijo

റിസ്ക് ഫാക്ടര്‍

ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം അതുപോലെ നാലോ അഞ്ചോ സിനിമകള്‍ പുറത്തിറക്കാമായിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് അങ്ങനെയൊരു രീതിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സേഫ് സോണില്‍ നിന്നും മാറി യാത്ര ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇതുവരെ കാണാത്ത കാഴ്ചകള്‍, കഥാപാത്രങ്ങള്‍, കഥകള്‍ ഇതൊക്കെ പ്രേക്ഷകന് നല്‍കുക എന്നതാണ് എന്‍റെ സിനിമയിലൂടെ ഞാന്‍ ചെയ്യുന്നത്. ഇനിയും അത് അങ്ങനെത്തന്നെ ആയിരിക്കും. ഒരു സിനിമയും പ്രേക്ഷകനെ പൂര്‍ണമായി തൃപ്തിപ്പെടുത്തണം എന്നില്ല.

double-barrel-still

സിനിമ അവസാനിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ആയിരം വര്‍ഷവും സുഖമായി ജീവിക്കട്ടെ എന്നു ചിന്തിക്കുന്നത് എന്തിനാണ്. ഈ സിനിമയേ ഇങ്ങനെയേ അവസാനിക്കൂ എന്നു ശാഠ്യം പിടിക്കുന്നത് എന്തിനാണ്. ഒരു നാണയം ടോസ് ഇടുമ്പോള്‍ ഹെഡ് അല്ലെങ്കില്‍ ടെയ്ല്‍ ഇതാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആ വിശ്വാസം , അത് പൊളിച്ചുമാറ്റുകയാണ് ഒരു ഫിലിംമേക്കര്‍ ചെയ്യേണ്ടത്.

ഗൈ റിച്ചി ഫാക്ടര്‍

ഹോളിവുഡ് സിനിമയാണ് ഏറ്റവും ആത്യന്തികം എന്നു വിശ്വസിക്കുന്നവരാണ് ചില മലയാളിപ്രേക്ഷകര്‍. സാങ്കേതികത്തികവും പെര്‍ഫക്ഷനും വിഷ്വല്‍ ക്വാളിറ്റിയും ഇവര്‍ കണ്ടു ശീലിച്ചിട്ടുള്ളതും ഹോളിവുഡ് സിനിമകളിലാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ക്ക് അവര്‍ എടുക്കുന്ന സമയം, മുതല്‍മുടക്ക്, സാങ്കേതികത ഇതൊന്നും ആരും ചിന്തിക്കാറില്ല. എന്നാല്‍ അവിടെ പുറത്തിറങ്ങുന്ന പല ചിത്രങ്ങളും യാതൊരു നിലവാരവും പുലര്‍ത്താത്തവയാണ്. ഹോളിവുഡിനും അപ്പുറത്ത് ലോകസിനിമകള്‍ ഉണ്ട്. കോടികള്‍ മുടക്കാതെ ടെക്നോളജിയുടെ പിന്‍ബലമില്ലാതെ പുറത്തിറങ്ങുന്ന നല്ല ചിത്രങ്ങള്‍.

double-barrel-making

ഇവിടെ ഒരു സിനിമ ഇറങ്ങിയാല്‍ ആദ്യം ചെയ്യുക ഹോളിവുഡ് സിനിമകളോട് താരതമ്യപ്പെടുത്തുകയാണ്. പരിമിതമായ സാഹചര്യത്തില്‍ നിര്‍മിക്കപ്പെടുന്നവയാണ് ഇവയെല്ലാം.

സിനിമയുടെ മുതല്‍മുടക്ക്

ഈ സിനിമയുടെ ഭൂരിഭാഗം തുകയും ചെലവഴിച്ചിരിക്കുന്നത് സിനിമയ്ക്ക് വേണ്ടി മാത്രമാണ്. അല്ലാതെ അഭിനേതാക്കള്‍ക്കോ സംവിധായകനോ വേണ്ടിയല്ല. ഈ സിനിമയുടെ ഒരു നിര്‍മാതാവ് കൂടിയാണ് ഞാന്‍. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കും സാങ്കേതികയ്ക്കും മാത്രമാണ് തുക ചെലവാക്കിയത്. മലയാളത്തിനൊപ്പം തമിഴിലും ഡബിള്‍ ബാരല്‍ റിലീസ് ചെയ്യുന്നുണ്ട്. ഡബ്ബ് ചെയ്ത പതിപ്പായിരിക്കും തമിഴില്‍ പുറത്തിറക്കുക. അതിന്‍റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.