Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലീല’യ്ക്ക് പിന്നിൽ; രഞ്ജിത് പറയുന്നു

ranjith രഞ്ജിത്

ലീല ഒരു കണ്ണാടിയാണ്. അച്ഛനും മകൾക്കും ഭാര്യയ്ക്കും അമ്മയ്ക്കും സ്വയം നോക്കികാണാൻ സാധിക്കുന്ന കണ്ണാടി. അത് അറിയണം, അനുഭവിക്കണം, പ്രതികരിക്കണം. നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികയാഥാർത്ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരം. ആ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാൽ മാത്രമേ ഇവിടെ മാറ്റങ്ങളുണ്ടാകൂ. പറയുന്നത് ലീല മലയാളികൾക്കായി ഒരുക്കിയ രഞ്ജിത്താണ്.

പ്രേക്ഷകപ്രതികരണം

ഈ ചിത്രം ഓൺലൈനിൽ കണ്ട ഒരു പ്രേക്ഷകൻ എനിക്കൊരു മെസേജ് അയച്ചു. ‘ഐ ആം എ ബെറ്റർ ഹ്യൂമൻബീയിങ്, ആഫ്റ്റർ വാച്ചിങ് ലീല ’എന്നായിരുന്നു അദേഹത്തിന്റെ സന്ദേശം. ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരം ഇതുതന്നെയാണ്. എനിക്ക് പൂർണതൃപ്തിയുണ്ട്.

leela

ലീല കാണിച്ചു തരുന്നത് ?

നമുക്ക് കാണാനും കേൾക്കാനും ഇഷ്ടമുള്ള കാര്യങ്ങളുമുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങളുമുണ്ട്. നിർഭാഗ്യവശാൽ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് നമുക്ക് ചുറ്റും കൂടുതൽ നടക്കുന്നത്. അതിന് നേരെ മുഖം തിരിച്ചു നടന്നിട്ട് എന്ത് കാര്യം. മദ്യപിച്ച് ലക്കുകെട്ട ഒരച്ഛൻ സ്വന്തം മകളെ ബലാത്സംഘം ചെയ്ത വാർത്ത നമ്മൾ കഥകളിൽ വായിച്ചതല്ല. ഒരുനേരത്തെ അന്നത്തിന് വേണ്ടി സ്ത്രീകൾ ഉടിതുണി ഉരിയിരുന്നതും നാം കാണുന്നില്ലേ ?

ക്ലൈമാക്സ്

ഒരു സിനിമ അത് ഏതാണെങ്കിലും അതൊരിക്കലും അവസാനിക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് നമ്മളെ പിന്തുടർന്ന് കൊണ്ടിരിക്കണം. ക്ലൈമാക്സിൽ സിനിമ തീരണമെന്ന് എഴുതപ്പെട്ടിട്ടുണ്ടോ? അത് പ്രേക്ഷകനൊപ്പം തന്നെ സഞ്ചരിക്കട്ടെ. അവന്റെയുള്ളിൽ ചോദ്യങ്ങൾ അവശേഷിക്കട്ടെ.

ഉത്തരങ്ങൾ തേടിയുള്ള യാത്രയായിരിക്കണം ഓരോ സിനിമയുടെയും അവസാനം. ലീലയുടെ ക്ലൈമാക്സും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടട്ടെ.

ranjith-leela

പാത്രസൃഷ്ടിയെക്കുറിച്ച് ?

കുട്ടിയപ്പനും പിള്ളാച്ചനും ദാസപ്പാപ്പിയും നമ്മെ പിന്തുടരട്ടെ. ഇവിടെയാണ് ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ കഴിവ് തിരച്ചറിയപ്പെടുന്നത്. ഓരോ കഥാപാത്രത്തെയും സൂക്ഷമതയോടെയാണ് എഴുതി ഉണ്ടാക്കിയിരിക്കുന്നത്. ആ കഥാപാത്രങ്ങൾക്ക് പറ്റിയ നടന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു എന്റെ മറ്റൊരു വെല്ലുവിളി.

cast-leela

ജഗദീഷിനെയും ഇന്ദ്രൻസിനെയും പാർവതിയെയുമൊക്കെെ മനഃപൂർവം തിരഞ്ഞെടുക്കുന്നതല്ല. അതൊരു തോന്നലാണ്. വിശ്വാസം എന്നൊക്കെ പറയാം. മികച്ച നടന്മാർ തന്നെയാണ് നമ്മുടെ മലയാളത്തിലുള്ളത്. അവരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.

ലീലയെ ഒരുക്കിയവരെക്കുറിച്ച് ?

പ്രശാന്ത് രവീന്ദ്രൻ എന്ന ഛായാഗ്രാഹകൻ മലയാളസിനിമയ്ക്കൊരു മുതൽക്കൂട്ടാകും. ഈ സിനിമയോട് അദ്ദേഹം നടത്തിയ കമ്മിറ്റ്മെന്റ് മറക്കാനാകില്ല. അതുപോലെ ഓരോരുത്തരും. ശബ്ദലേഖകന്‍ ഹരികുമാര്‍, ചിത്രസംജോയകനായ മനോജ്, സംഗീതം നൽകിയ ബിജിപാൽ.

കുട്ടിയപ്പന്റെ ‘ലീലാ’വിലാസങ്ങൾ

എല്ലാം ശരിയായി ലീല എത്തിയതെങ്ങനെ ?

vijayaraghavan

ഒരു വർക്കിനോട് സത്യസന്ധമായ സ്നേഹം പുലർത്തിയാൽ മാത്രമാണ് എല്ലാരീതിയിലും അത് നന്നാകൂ. ലീലയുടെ ഏറ്റവും വലിയ വിജയവും ഈ സ്നേഹം തന്നെയാണ്. അതിജീവിക്കൽ എന്ന് പറയാനാകില്ല. സിനിമ ആസ്വാദകരിൽ എത്തില്ലെന്ന ഘട്ടം വന്നപ്പോഴും എനിക്കൊപ്പം നിന്നത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും അതിന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറുമാണ്.

സെൻസറിങ് കഴിഞ്ഞ് സിനിമ കിട്ടിയാൽ ഇത് തിയറ്ററിലെത്തും എന്ന ഉറപ്പ് അദ്ദേഹം തന്നിരുന്നു. അതിന് ഏത് സംഘടനയുടെ പ്രതികാരമനോഭാവവും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീല തുടക്കമിട്ട ഒാൺലൈൻ‌ വിപ്ലവത്തെക്കുറിച്ച് ?

team-leela

കേരളത്തിന് പുറത്ത് ഏത് സിനിമ, അല്ലെങ്കിൽ ആരുടെ സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്ന മൂന്നാം ശക്തി മലയാളസിനിമയിലുണ്ട്. എന്ത് വില നൽകണമെന്നും എത്ര തിയറ്റർ നൽകണമെന്നും ഇവരാണ് തീരുമാനിക്കുന്നത്. ദുൽക്കറിനെ നായകനാക്കി ഒരുക്കിയ ‘ഞാൻ’ എന്ന ചിത്രവും വിദേശത്ത് റിലീസ് ചെയ്യാൻ സാധിച്ചില്ല.

കച്ചവടതാൽപര്യം മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഇത്തരം മാഫിയ സംഘങ്ങൾക്കുള്ള മറുപടിയാണ് ഈ ഓൺലൈൻ റിലീസ്. അയ്യായിരത്തോളം ആളുകളാണ് റിലീസ് ദിവസം കേരളത്തിന് പുറത്ത് ഓൺലൈനിലൂടെ ഈ സിനിമ കണ്ടത്. ഇതൊരു വിപ്ലവമാണ്. സ്ഥാപിതതാൽപര്യങ്ങളുടെ കച്ചവടലക്ഷ്യങ്ങൾ ഇവിടെ തകർക്കപ്പെട്ട് കഴിഞ്ഞു.

Your Rating: