Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സിനിമയെ കൊല്ലരുത്, പ്ളീസ്

mammootty-marthandan-movie മമ്മൂട്ടിക്കൊപ്പം മാര്‍ത്താണ്ഡന്‍

‘മറ്റുള്ളവരെ കൊന്നിട്ടല്ല വളരേണ്ടത്, മറ്റുള്ളവരെ സ്നേഹിച്ച് വളരണം. ഇത് ശരിക്കും കൊലപാതകമാണ്. പിച്ചവച്ചു വളരുന്ന ഒരു പിഞ്ചു കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കാതെ കൊന്നുകുഴിച്ചു മൂടുന്നതിന് തുല്യമാണിത്’ ....ഹൃദയവേദനയോടെ മാര്‍ത്താണ്ഡന്‍ പറയുന്നു.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് ആ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ സിനിമയെ വിമര്‍ശിക്കുന്നവര്‍ അതിന് തങ്ങൾക്ക് അർഹതയുണ്ടോന്ന് സ്വയം ചിന്തിച്ച് നോക്കണം. പലരും സിനിമ കാണാതെ വിമര്‍ശിക്കുന്നവരാണ്. ഒരാളുടെ അഭിപ്രായം മാത്രം സോഷ്യല്‍മീഡിയയിലൂടെ കണ്ട് അതിനെ ഊതിപ്പെരുപ്പിക്കുകയാണ പലരും ചെയ്യുന്നത്.

അച്ഛാ ദിന്‍ ഒരു സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. എനിക്കു ചുറ്റും അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഒരു ചെറിയ ചിത്രം. ഒരവകാശവാദവും ഞാന്‍ ഉന്നയിച്ചിരുന്നില്ല, സന്ദേശം പോലെയുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ കണ്ട് ഇഷ്ടപ്പെട്ട് അതുപോലുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം തമാശകളൊന്നുമില്ലെങ്കിലും ഗൗരവകരമായ രീതിയിലാണ് അച്ഛാ ദിന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ദയവ് ചെയ്ത് സിനിമ കണ്ട് ചിത്രത്തെ വിലയിരുത്തൂ.

marthandan-mammootty

250 കോടി മുടക്കി ഒരുക്കിയിരിക്കുന്ന ബാഹുബലി പോലുള്ള വലിയ ചിത്രങ്ങളോടാണ് അച്ഛാ ദിന്‍ അടക്കമുള്ള കൊച്ചു മലയാള ചിത്രങ്ങള്‍ മത്സരിക്കുന്നത്. ഇവിടെ അന്യഭാഷ ചിത്രങ്ങള്‍ വന്ന് കൊള്ളയടിച്ച് പോകുകയാണ്. മലയാള സിനിമയ്ക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല. ഒരു വശത്ത് സിനിമയെ കീറിമുറക്കുന്ന വിമര്‍ശകര്‍, മറുവശത്ത് വ്യാജസിഡി ലോബികള്‍ പിന്നെ എങ്ങനെയാണ് ഞങ്ങളെ പോലുള്ള സിനിമാപ്രവര്‍ത്തകര്‍ നിലനിൽക്കുക.

ഞങ്ങള്‍ എന്തോ വലിയ അപരാധം ചെയ്ത പോലെയാണ് ചിലരുടെ വിലയിരുത്തല്‍ കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്നത്. കൊല്ലാക്കൊല ചെയുകയാണ് അവർ സിനിമയെ. ദയവായി ജീവിക്കാന്‍ അനുവദിക്കൂ. ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ ഒരു അവസരം തരൂ. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള അവസരം നല്‍കണം. ഇതൊരു കുഞ്ഞ് പിറന്നുവീഴുന്ന ഉടനെ അതിനെ കൊല്ലുന്നതിന് തുല്യമാണ്. ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരാഴ്ചയ്ക്ക് ശേഷമേ അതിനെ വിമര്‍ശിക്കാവൂ. ഒരാളുടെ തെറ്റു തിരിച്ചറിഞ്ഞ് അത് തിരുത്താനുള്ള സമയം കൊടുക്കണം. എന്‍റെ സിനിമയെ മാത്രമല്ല പൊതുവായി സിനിമകളെ കല്ലെറിയുന്നവരോട് ആ കല്ല് എറിഞ്ഞിട്ട് പോകരുത്, അത് തന്‍റെ നേരെയാണോ വരുന്നതെന്നു കൂടി നോക്കണം. മാര്‍ത്താണ്ഡന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.