Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡുകൾ വലുപ്പവും നിറവും നോക്കി നൽകി: ഇന്ദ്രൻസ്

indrans

ശരീരത്തിന്റെ വലുപ്പവും നിറവും നോക്കിയാണ് അവാർഡുകൾ നൽകപ്പെടുന്നതെന്ന് നടൻ ഇന്ദ്രൻസ്. തനിക്ക് നിറവുമില്ല വലുപ്പവുമില്ല. വീക്കിലിയുടെ കവർ പേജായും വന്നിട്ടില്ല. പുരസ്കാരത്തിന് അവസാന റൗണ്ട് വരെ മത്സരത്തിനുണ്ടായിരുന്നുവെന്ന് കേട്ടിരുന്നു. വലിയ വലിയ നടന്മാരൊക്കെ ഉള്ളതുകൊണ്ട് പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. ഇവിടുത്തെ സിസ്റ്റമനുസരിച്ച് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. അഭിനയം നോക്കിയല്ല. ആളുടെ സൈസ് നോക്കിയാണ് അവാർഡ് നൽകുന്നത്. വെളുപ്പും പൊക്കവുമൊക്കെ പ്രധാനമാണ്. നമ്മളെ മാർക്കറ്റു ചെയ്യാൻ ആരുമില്ല. ജൂറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. കിട്ടിയവരെ അഭിനന്ദിക്കുന്നു. എനിക്ക് വ്യക്തിപരമായി കിട്ടാത്തതിൽ വിഷമമില്ല.

തന്നെപ്പോലുള്ളവരെയൊക്ക രണ്ടാംകിട നടന്മാരായാണ് കാണുന്നത്. മലയാള സിനിമയിൽ സൗന്ദര്യവും നിറവും ശരീര വലുപ്പവുമൊക്കെ നോക്കി പുരസ്കാരങ്ങൾ നൽകാറുണ്ട്. സലീം കുമാറിനും സുരാജിനുമൊക്കെ കേരളത്തിൽ നിന്ന് പുരസ്കാരങ്ങൾ നൽകിയില്ലല്ലോ. നൽകിയാൽ തന്നെ കോമഡിക്കോ രണ്ടാം നിര നടനോ മറ്റോ ആയിട്ടായിരിക്കും. എന്നാൽ ഇന്ത്യൻ സിനിമയിൽ അത്തരമൊരു വേർതിരിവില്ല. ഇന്ദ്രൻസ് പറഞ്ഞു.

നല്ല സിനിമകൾ അംഗീകരിക്കപ്പെടാതെ പോകരുത്. പുരസ്കാരം ലഭിച്ചില്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു എന്നുള്ളതാണ് സന്തോഷം. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു. മൺട്രോ തുരുത്തിൽ ഒരു വൃദ്ധകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അടുത്ത അവകാശിയെക്കാത്ത് തുരുത്തിൽ കഴിയുന്ന വൃദ്ധൻ. പഴമയും പുതുമയും തമ്മിൽ ഒത്തുചേരാനാകാതെ ബുദ്ധിമുട്ടുന്ന കഥാപാത്രം. അമീബ എൻഡോ സൾഫാൻ ഇരകളുടെ ദുരന്തം പറയുന്ന ചിത്രമായിരുന്നു. അതിൽ ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷമാണ്. അയാളുടെ ജീവിതത്തേയും എൻഡോ സൾഫാൻ ദുരന്തം ബാധിക്കുന്നുണ്ട്.