Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടറിവുകളെയെല്ലാം രാജുവേട്ടൻ തെറ്റിച്ചു: വിഷ്ണു

vishnu-bibin വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്

മിമിക്രിയും സിനിമകളിലെ ചെറിയ വേഷങ്ങളുമായി അടിച്ചുപൊളിച്ചു നടക്കുന്ന രണ്ട് കൂട്ടുകാർ. സിനിമയെന്ന സ്വപ്നവും നായകൻ എന്ന അൽപം അതിമോഹവവും ഒപ്പംകൊണ്ടു നടന്നവർ. ഒന്നിച്ചിരുന്ന് അവരൊരു കഥയെഴുതി. മിമിക്രിയിൽ തങ്ങളുടെ ആശാന്റെയടുത്ത് കഥയുമായെത്തി. സംവിധായകനാകനുള്ള തയ്യാറെടുപ്പുകളുമായി നടന്ന അദ്ദേഹം അവരുടെ സംവിധായകനായി.

അവർ‌ ‌അകലെ നിന്നു മാത്രം കണ്ടിരുന്ന നടൻമാർ ആഡംബരങ്ങളും അവകാശവാദങ്ങളുമില്ലാത്ത അവരുടെ സ്ക്രിപ്റ്റിലെ കഥാപാത്രങ്ങൾക്ക് ജീവനായി, വായിച്ചറിവു മാത്രമുള്ള സിനിമാ സെറ്റുകളിൽ അവരുടെ കഥകൾക്ക് ചിത്രീകരണമൊരുങ്ങി. സിനിമയുടെ പേര്, അമർ അക്ബർ അന്തോണി. തിരക്കഥ ബൈ വിഷ്ണു ഉണ്ണികൃഷ്ണൻ ആൻഡ് ബിബിൻ ജോർജ്...അമർ അക്ബർ അന്തോണിയുടെ വിശേഷങ്ങളുമായി വിഷ്ണുവും ബിബിനും മനോരമ ഓണ്‍ലൈനില്‍...

തീയറ്ററുകളിൽ‌ അമറും അക്ബറും അന്തോണിയും പ്രിയപ്പെട്ടവരാകുകയാണ്. എന്തു തോന്നുന്നു വിഷ്ണുവിന് ഇപ്പോൾ

സത്യത്തിൽ സംഭവിച്ചതെല്ലാം യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്കായിട്ടില്ല. ഇപ്പോഴും എല്ലാം സ്വപ്നമാണെന്നാണ് തോന്നുന്നത്. പിന്നെ തീയറ്ററുകൾ‌ നിറയുന്നത് കാണുമ്പോൾ, ടിക്കറ്റ് കിട്ടിയില്ലെന്ന് പലരും വിളിച്ച് പറയുമ്പോൾ‌ പറഞ്ഞറിയിക്കാനാകുന്നില്ല സന്തോഷം. ഒരു ലോട്ടറിയടിച്ചതുപോലെ എന്നു പറഞ്ഞാലും തെറ്റില്ലെങ്കിലും കുറേനാൾ ഇതിനു പിന്നാലെയായിരുന്നു. പക്ഷേ അത് വേഗത്തിൽ യാഥാർഥ്യമായി എന്നു തോന്നുന്നു. ജയസൂര്യയ്ക്കൊപ്പം ഹൗസ് ഫുള്‍ ആയിരുന്ന പത്മാ തീയറ്ററിൽ സിനിമ കണ്ടു. ആളുകളിങ്ങനെ കയ്യടിക്കുന്നതൊക്കെ കാണുമ്പോൾ എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഇത് ‍ഞങ്ങൾ തന്നെയാണ് ചെയ്തതെന്ന്. ഈ വിജയം ഞെട്ടിപ്പിച്ചു കളഞ്ഞു.

jayan-pithvi

എങ്ങനെയായിരുന്നു വിഷ്ണു-ബിബിൻ‌ കൂട്ടുകെട്ടുണ്ടായത്.

സ്കൂൾ കാലം തൊട്ടേയുള്ള പരിചയമായിരുന്നു. ആറാം ക്ലാസ് മുതൽ‌ കൂട്ടുകാരാണ്. രണ്ട് സ്കൂളുകളിലായാണ് പഠിച്ചതെങ്കിലും സബ്ജില്ലാ മത്സരങ്ങളിൽ മിമിക്രിയിൽ പരസ്പരം മത്സരിക്കാൻ‌ ഞങ്ങളുണ്ടാകും. അന്നു തുടങ്ങിയ പരിചയമാണ്. പിന്നീട് വളർന്നപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഒരേ സ്വപ്നമായിരുന്നു. സിനിമ. എട്ടാം ക്ലാസ് മുതൽ മിമിക്രിയ്ക്കു വേണ്ടി സ്ക്രിപ്റ്റ് ചെയ്ത് സ്വന്തമായി പൈസയുണ്ടാക്കുമായിരുന്നു ഞാൻ. പിന്നീട് വളർന്നപ്പോൾ ബിബിനൊപ്പമായി എഴുത്ത്. മിമിക്രിയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമ്പോഴും സിനിമയായിരുന്നു മനസിൽ. സാധിക്കുമോയെന്നറിയില്ലെങ്കിലും...

അമറും അക്ബറും അന്തോണിയും. എവിടുന്ന് കിട്ടി ഇവരെ?

മൂന്നു പേരും ഞങ്ങൾ തന്നെയാണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ ആലോചിച്ച് തലപുണ്ണാക്കാത്ത സാധാരണ സ്വപ്നങ്ങളുമായി ജീവിക്കുന്ന ചെറുപ്പക്കാർ. കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന കുഞ്ഞ് കുഞ്ഞ് വിഷമങ്ങളുള്ള മനുഷ്യർ. അതിലെ കഥാപാത്രങ്ങൾ ചെയ്യുന്ന പലതും ഞങ്ങളും ചെയ്തിട്ടുണ്ട്.

നാദിർഷയിലേക്ക് എങ്ങനെയാണെത്തിയത്.

നാദിർഷ മിമിക്രിയിൽ‌ ഞങ്ങളുടെ ഗുരുവാണ്. സ്ക്രിപ്റ്റ് എഴുതിത്തുടങ്ങും മുൻപ് അദ്ദേഹത്തെ വിളിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. നാദിർഷ ഞങ്ങളുടെ സിനിമയുടെ സംവിധായകനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആദ്യം ഞങ്ങൾ വേറൊരാളെയാണ് സംവിധായകനാക്കുവാൻ‌ തീരുമാനിച്ചിരുന്നത്. അത് നടന്നില്ല. ഒന്നരക്കൊല്ലത്തിനു ശേഷം ഒരു സ്റ്റ്യുഡിയോയിൽ വച്ച് നാദിർഷയെ കാണുമ്പോൾ അദ്ദേഹം ചോദിച്ചു ഡാ നിങ്ങൾടെ സ്ക്രിപ്റ്റ് എന്തായി എന്നൊക്കെ. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കഥ പറയുവാൻ പറഞ്ഞു. ചുമ്മാ പോയി നോക്കാം എന്ന മട്ടിലാണ് ഞങ്ങൾ പോയത്. പത്ത് മിനുട്ട് കൊണ്ട് കഥ പറയാൻ പരഞ്ഞു, സത്യത്തിൽ കഥ പറയാനൊന്നും ഞങ്ങൾക്കറില്ലായിരുന്നു. എഴുതി വച്ചിരുന്ന സ്ക്രീനുകളോരോന്നായി വായിച്ചു കേൾപ്പിച്ചു. രണ്ടര മണിക്കൂർ കൊണ്ടാണ് വായിച്ച് തീർത്തത്. ആ സമയമത്രയും അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു. വായിച്ചു തീർന്നപ്പോൾ ഞങ്ങളുടെ ചങ്കിടിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം കൈപിടിച്ചപ്പോൾ‌ ഞാൻ സംവിധാനം ചെയ്യാമെന്നു പറഞ്ഞപ്പോൾ ഞങ്ങളാകെ സംതംഭിച്ചു പോയി. രണ്ടു പേരുടേയും ചെവിയിൽ നിന്ന് കിളി പറന്നുപോയി.

vishnu-bibin-nadhirshah

മിമിക്രി കണ്ട് ആർത്തലച്ച് ചിരിക്കുകയും പിന്നാമ്പുറത്ത് നിന്ന് പുച്ഛിക്കുകയും ചെയ്യുന്നവരാണ് അധികവും. അവരോട് കുഞ്ഞൻ തിരക്കഥാകൃത്തുക്കൾക്ക് എന്താണ് പറയാനുളളത്?

അതവരുടെ കണ്ണിന്റെ കുഴപ്പമാണെന്നേ പറയാനുള്ളൂ. ചുമ്മാതൊരു സ്ക്രിപ്റ്റ് എഴുതി എന്തെങ്കിലും കാണിച്ചാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും ആസ്വദിക്കുമോ...ഒരു സ്ക്രിപ്റ്റ് എഴുതുന്നത് നല്ല നിരീക്ഷണത്തിനു ശേഷമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്. മിമിക്രിക്കാരുടെ സിനിമ എന്ന് വിലയിരുത്തി ആരും താഴ്ത്തിക്കെട്ടരുത്. മുഴുനീളെ കോമഡിയാകരുതെന്ന നിർബന്ധമുണ്ടായിരുന്നു. അനാവശ്യമായി ഒരു കോമഡി പോലുമില്ല എവിടെയും.

സ്ക്രിപ്റ്റ് എഴുതിയപ്പോൾ നേരിട്ട വെല്ലുവിളികളെന്തെല്ലാമായിരുന്നു?

അങ്ങനൊന്നും സംസാരിക്കാൻ സത്യം പറഞ്ഞാൽ അറിയില്ല. കാരണം ഞാനൊരു സിനിമ കാണുമ്പോൾ എനിക്കതിലെന്തൊക്കെയാണ് ഇഷ്ടമാകുക, അല്ലെങ്കിൽ എന്തുണ്ടായെങ്കിൽ ഇഷ്ടമാകുമായിരുന്നു എന്നു മാത്രമാണ് ചിന്തിച്ചത്. പിന്നെ പറഞ്ഞല്ലോ. ഞങ്ങൾ കൂച്ചുകാർ ജീവിതത്തിൽ കടന്നുപോയ സാഹചര്യങ്ങൾ തന്നെയാണ് സിനിമയിലധികവുമുള്ളത്. അതുകൊണ്ട് വെല്ലുവിളികളില്ല, ഞങ്ങൾ തിരക്കഥ എഴുതിയ ഓരോ നിമിഷത്തിലും ജീവിക്കുക തന്നെയായിരുന്നു, സത്യം പറഞ്ഞാൽ കൂടുതൽ ആലോചിച്ച് തലപുകച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. കാണാൻ വരുന്നവരോട് യുക്തിക്ക് നിരക്കാത്ത യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറയരുതെന്നും മാത്രമേ ചിന്തിച്ചുള്ളൂ. പക്ഷേ അവരെ വട്ടാക്കി വിടരുതെന്നും. ഞങ്ങൾ ബുദ്ധിജീവികളൊന്നുമല്ല. സൈദ്ധാന്തികമായി ചിന്തിക്കാനുള്ള കഴിവൊന്നുമില്ല.

vishnu-prithvi

ദിലീപിനെയാണ് സിനിമയിലേക്ക് ആദ്യം വിളിക്കാനിരുന്നതെന്ന് കേട്ടല്ലോ..

അത് സത്യമല്ല. നാദിര്‍ഷ ഇക്കയുടെ അടുത്ത സുഹൃത്താണ് ദിലീപേട്ടനെന്ന് അറിയാമായിരുന്നു. സ്ക്രിപ്റ്റ് എഴുതിയപ്പോഴും മനസിൽ ദിലീപേട്ടൻ ഇല്ലായിരുന്നു. അതുകൊണ്ട് ഇക്ക സംവിധാനം ചെയ്യാമെന്ന് പറഞ്ഞപ്പോഴേ ഞങ്ങൾ അക്കാര്യം പറഞ്ഞിരുന്നു. അത് വേറൊന്നും കൊണ്ടല്ല കുറേക്കൂടി യങ് ആയിട്ടുള്ളവർക്ക് ചേരുന്നതാണ് തിരക്കഥ എന്നുള്ളതുകൊണ്ടായിരുന്നു. അത് ഇക്ക തന്നെ ഇപ്പോൾ പറയുന്നുണ്ട് ഞങ്ങളങ്ങനെ പറഞ്ഞിരുന്നുവെന്ന്.

പിന്നെ അതിനേക്കാൾ രസകരമായ കാര്യം ഞങ്ങളായിരുന്നു ഈ സിനിമയിൽ ആദ്യം അഭിനയിക്കാനിരുന്നത്. സിനിമയ്ക്കിട്ട പേരും ഇതല്ലായിരുന്നു. പേര് നാദിർഷ ഇക്കയുടെ സംഭാവനയാണ്. ഞങ്ങൾ‌ നടൻമാരായാൽ ആര് കാണാനാ എന്ന ചിന്ത ആ മോഹം നിർത്തിച്ചു.

kalidas-vishnu

നായക മോഹം പടിയിറങ്ങിപ്പോയോ?

അങ്ങനെ പോകുമോ. അതിപ്പോഴും അവിടെ തന്നെയുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ ഞാനൊരറ്റ സീനിലാണ് അഭിനയിച്ചത്. ഒറ്റ ടേക്കിലത് ശരിയായി. സിബി സർ ഒത്തിരി അഭിനന്ദിച്ചു. മായാവി, അമൃതം, പളുങ്കിലെ വില്ലന്‍ വേഷം, രാപ്പകൽ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ചെറിയ വേഷങ്ങളിലാണ് ‌അഭിനയിച്ചത് എങ്കിലും ഇന്നുമത് ഒത്തിരിപ്പേർ ഓർത്തിരിക്കുന്നുവെന്നറിയുമ്പോൾ സന്തോഷം. ആത്മവിശ്വാസം തരുന്നു അതെല്ലാം.

എങ്ങനെയാണ് നിങ്ങളുടെ സിനിമയിലേക്ക് ജയസൂര്യയും പൃഥ്വിരാജും ഇന്ദ്രജിത്തും എത്തിയത്.

ഞങ്ങളുടെ മനസിൽ ഇവർ മൂന്നു പേരും തന്നെയായിരുന്നു. പക്ഷേ എങ്ങനെ അവരിലേക്കെത്തും എന്ന ചിന്തയുണ്ടായിരുന്നു. നാദിർഷ ഇക്ക ഉള്ളതുകൊണ്ടാണ് ഇതൊക്കെ യാഥാർഥ്യമായത്. ജയസൂര്യ ചേട്ടനെ നേരത്തേ അറിയാം. കോമഡിയുമായി ബന്ധപ്പെട്ടൊക്കെ. നടൻമാരിൽ ആദ്യം സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചത് ജയസൂര്യയോടാണ്. അദ്ദേഹത്തിനത് ഭയങ്കര ഇഷ്ടമായി. ഒത്തിരി അഭിനന്ദിച്ചു. അഭിനയിക്കാമെന്ന് സമ്മതിച്ചു. പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും അത്ര പരിചയമില്ല. പക്ഷേ തിരക്കഥയുമായി ചെന്നപ്പോൾ ഇരുവരുടെയും പെരുമാറ്റം അത്ഭുതപ്പെടുത്തി. പൃഥ്വിരാജ് ആണ് ഇന്ദ്രജിത്തിനെ സജസ്റ്റ് ചെയ്യുന്നത്. ഇന്ദ്രജിത്ത് ഇത് ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. ജയസൂര്യ പൃഥ്വിരാജ് ഇന്ദ്രജിത്ത് കെമിസ്ട്രി നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. പോയ ഇടത്തെല്ലാം ഞങ്ങളുടെ മനസ് വായിക്കാൻ ആളുകളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ.

കേട്ടറിവ് കാണുമല്ലോ പൃഥ്വിരാജിനെ കുറിച്ച്. ടെൻഷനുണ്ടായിരുന്നോ പൃഥ്വിയെ കാണാൻ പോകുമ്പോൾ.

സത്യം പറയണമല്ലോ. അങ്ങനെ തന്നെയാ പോയത്. പക്ഷേ എല്ലാ കേട്ടറിവുകളെയെല്ലാം രാജുവേട്ടൻ തെറ്റിച്ചു. സിനിമയിൽ മുൻ പരിചയങ്ങളിലാത്ത രണ്ടു പിള്ളേർ ആർക്കും അറിയാത്ത രണ്ടു പേർ തിരക്കഥയുമായി ചെല്ലുമ്പോൾ ഇത്രയും ക്ഷമയോടെ കേട്ടിരിക്കുമോ എന്ന് ഞങ്ങളത്ഭുതപ്പെട്ടു. മണിരത്നത്തിന്റെ മുന്നിലിരുന്ന കഥ കേട്ടയാൾ ഞങ്ങളുടെ മുന്നിലും അങ്ങനെയിരുന്നപ്പോൾ എല്ലാ മുൻ ധാരണകളും തകർന്നു പോയി. അത്ര സപ്പോർട്ടീവ് ആയിരുന്നു അദ്ദേഹം.

akbar-sefie

സിനിമയിലെ രണ്ട് ഗാനങ്ങൾ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഞങ്ങൾ ആദ്യമായിട്ടാണ് അവിടെ പോകുന്നത് തന്നെ. കേട്ടിട്ടേ ഉള്ളൂ ഇങ്ങനൊരു സംഭവത്തെ കുറിച്ച്. അന്തംവിട്ട് അവിടെ നിന്നപ്പോൾ രാജുവേട്ടൻ ചോദിച്ചു. വെണ്ടുരുത്തി പാലത്തിന‌ടിയിൽ വച്ച് നിങ്ങൾ ചിത്രീകരിക്കാനിരുന്നതല്ലേ ഈ പാട്ട്, ഇപ്പോൾ ലെവൽ എവിടം വരെയെത്തിയെന്നു നോക്ക് എന്നൊക്കെ. ഒത്തിരി തമാശകൾ പറഞ്ഞ് നമ്മളെ കൂളാക്കും അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് ജാഡയെന്നൊക്ക പറയുന്നത് കഷ്ടമാണ്.

ഷൂട്ടിങിനിടയിലെ രസകരമായ അനുഭവം പങ്കുവയ്ക്കാമോ?

ഇത് ഞങ്ങളുടെ ആദ്യ സിനിമയാണ്. എല്ലാവരും പറയില്ലേ സെറ്റിൽ ഒരു കുടുംബം പോലെയായിരുന്നുവെന്ന് ഞാൻ ആ വാചകം കടമെടുത്തുവെന്ന് പറയരുത് ശരിക്കും അങ്ങനെയായിരുന്നു. മറക്കാനാവാത്ത ഒരനുഭവമില്ല. സ്ക്രിപ്റ്റ് എഴുതി തുടങ്ങിയതു മുതൽ ഇന്നീ നിമിഷം വരെ ഞങ്ങളുടെ ജീവിതത്തിൽ നടന്നതെല്ലാം മറക്കാനാവാത്ത അനുഭവമാണ്. സിനിമയുടെ ചീത്രീകരണത്തിനിടയിൽ കടന്നുപോയ ഓരോ സന്ദർഭങ്ങളും മറക്കാനാവില്ല. ജീവിതത്തിലൊരിക്കലും അത് മനസിൽ നിന്ന് മായില്ല. ആ അറുപത്തിയഞ്ച് ദിവസങ്ങൾ.

ഇനിയെന്തൊക്കെയാണ് സ്വപ്നങ്ങൾ?

അതേയുള്ളൂ. ഒരുപാടുണ്ട്. ഞങ്ങളങ്ങനെ ജീവിക്കുന്നവരാണ്. ഇതുവരെ പ്ലാനിങ് ഒന്നും തുടങ്ങിയിട്ടില്ല പക്ഷേ. സ്വപ്ന സിനിമ, സ്വപ്ന നായകൻ നായിക അങ്ങനൊന്നുമില്ല. പുറത്തു പറയാൻ പേടിച്ചിട്ടല്ല. അങ്ങനില്ലാത്തതുകൊണ്ട്. സിനിമ മാത്രമാണ് മനസിൽ.

വീട്ടിലാരൊക്കെയുണ്ട്.

എന്റെ വീട് കലൂരാണ്., ബിബിന്റേത് നോർത്ത് പറവൂരും. എന്റെ വീട്ടിൽ അച്ഛനും അമ്മയും രണ്ടു ചേച്ചിമാരും. ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു. അച്ഛൻ എറണാകുളത്തെ ഒരു കടയിൽ നിൽക്കുന്നു. ടെൻഷൻ കാരണം കക്ഷി ആദ്യ പ്രദർശനം കാണാൻ വന്നില്ല. ഇപ്പോൾ വല്യ സന്തോഷത്തിലാ. ബിബിന്റേത് നോർത്ത് പറവൂർ. അവന്റെ അച്ഛൻ മരിച്ചുപോയി. അവനും രണ്ടു ചേച്ചിമാരാ എന്റേത് പോലെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.