Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 കൺട്രീസ്; 2 ബ്രദേഴ്സ്

shafi-rafi-directors ഷാഫി, റാഫി

ക്രിസ്മസ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടി 2 കൺട്രീസ് ബോക്സ് ഓഫീസ് ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. നല്ല തിരക്കഥ, പ്രതിഭാധനനായ സംവിധായകൻ, അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ അനുയോജ്യരായ കഥാപാത്രങ്ങൾ, മനസിൽ കാണുന്നത് കാമറയിലേക്ക് ആവാഹിപ്പിക്കാൻ കഴിവുള്ള ഛായാഗ്രാഹകൻ, അനുയോജ്യമായ സംഗീതം നൽകി ചിത്രത്തെ പരിപോഷിപ്പിക്കുന്ന സംഗീത സംവിധായകൻ...

ഈ വിജയത്തിന്റയെല്ലാം ക്രെഡിറ്റ് പ്രേക്ഷകർക്കും ദൈവത്തിനും 2 കൺട്രീസ് ടീമിനും സമർപ്പിക്കുകയാണ് സംവിധായകനായ ഷാഫിയും തിരക്കഥാകൃത്തായ റാഫിയും. 2 കൺട്രീസിലെ കൂട്ടായ്മയെക്കുറിച്ച്, തിരക്കഥാകൃത്ത് കാമറയ്ക്കു മുന്നിലെത്തിയതിനെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് ഇരുവരും...

ആദ്യ ചോദ്യം തിരക്കഥാകൃത്തിനോടാണ്, തമാശ എഴുതി ഫലിപ്പിക്കാൻ മാത്രമല്ല അഭിനയിച്ചു പ്രതിഫലിപ്പിക്കാനും സാധിക്കുമെന്ന് 2കൺട്രീസിലൂടെ തെളിയിച്ചിരിക്കുന്നു. ഡാനിയേലായി അഭിനയിക്കേണ്ടി വന്ന സാഹചര്യം?

ശരിക്കും ആ കഥാപാത്രത്തിനായി ഞാൻ മറ്റൊരാളെയായിരുന്നു കണ്ടുവച്ചിരുന്നത്. എന്നാൽ ഷാഫിയും രഞ്ജിത്തും കൂടിയാണ് എന്നെ ഡാനിയേലാക്കിയത്. നല്ല രസമുള്ള ഒരു കാരക്ടറായിരുന്നു മംമ്തയുടെ ഈ അച്ഛൻ വേഷം. അതുകൊണ്ടു തന്നെ ലൊക്കേഷനിൽ പല കമന്റുകളും കേൾക്കാമായിരുന്നു. ദിലീപിനോടും മംമ്തയോടുമൊപ്പമുള്ള അഭിനയം ബുദ്ധിമുട്ടായി തോന്നിയതേ ഇല്ല. എല്ലാവരുടേയും പിന്തുണ ഉള്ളതുകൊണ്ടു തന്നെ അഭിനയിച്ചു പ്രതിഫലിപ്പിക്കാനും സാധിച്ചുവെന്നേയുള്ളു.

mamta-shafi

ഫാമിലി, കോമഡി, സെന്റിമെന്റ്സ്, ലവ് ഇതിനെല്ലാമുപരി നല്ലൊരു കഥയും ചിത്രത്തിലുണ്ട്. ഇതിന്റെ ഒരു ത്രഡ് എവിടുന്നാണ് കിട്ടിയത്?

2 കൺട്രീസ് ഒരു ലവ് സ്റ്റോറി ആയിട്ടു തന്നെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ബാക്കി ഘടകങ്ങൾ എല്ലാം കൊണ്ടു വന്നിരിക്കുന്നുവെന്നു മാത്രം. പുതിയ തമാശകൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു. സാധാരമ രീതികളിൽ നിന്നു വ്യത്യസ്തമായി നല്ലൊരു പശ്ചാത്തലം ഒരുക്കി. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. സന്താന കൃഷ്ണൻ എന്ന പുതിയ കാമറാമാനാണ് നല്ല വിഷ്വലുകൾ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഇത്. ബാക്ക്ഗ്രൗണ്ട് സ്കോറും ഗോപി സുന്ദറിന്റെ സംഗീതവും തുടങ്ങി എല്ലാം ചേർന്നപ്പോൾ 2 കൺട്രീസ് ഒരു വിജയമായി.

പുതിയ തമാശകൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതായി പറഞ്ഞുവല്ലോ, ഈ തമാശകളിൽ ദ്വയാർഥ പ്രയോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നോ?

ഇതിനു മുൻപും ഒരു സിനിമയിലും ഞാൻ ദ്വയാർഥ കോമഡികൾ ഉപയോഗിച്ചിട്ടില്ല. പൊതുവേ ഞാൻ സിനിമയുടെ ഡയലോഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ്. അറിയാതെ അത്തരത്തിലുള്ള എന്തെങ്കിലും കടന്നു കൂടിയാൽ തന്നെ എഡിറ്റിങ്ങിൽ അവ ഒഴിവാക്കി വിടാറുണ്ട്. ഇത് റിലീസ് ആകുന്നതിനു തൊട്ടുമുൻപ് ചാർലിയൊക്കെ റിലീസ് ആകുന്നതിനാൽത്തന്നെ 2 കൺട്രീസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.

dileep-shafi

ഈ ചോദ്യം രണ്ടുപേരോടുമായിക്കോട്ടെ, ന്യൂ ജനറേഷൻ ചിത്രങ്ങളോടായിരുന്നു 2 കൺട്രീസ് മത്സരിച്ചത്. ഇത്രയും മികച്ച ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ?

(ഷാഫി) മത്സരം എന്നൊന്നില്ല. എല്ലാ സിനിമകളും വിജയിക്കണം. എല്ലാം തന്നെ നമുക്ക് വേണ്ടപ്പെട്ടവരുടെ സിനിമകളാണ്. കുറച്ചു കാലമായി മലയാള സിനിമയുടെ ട്രെൻഡ് മാറിവരികയാണ്. എന്റെ രീതിയിലുള്ള ഒരു സിനിമയായി തന്നെയാണ് 2 കൺട്രീസും ചെയ്തിരിക്കുന്നത്. കുറച്ച് ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. വിജയം പ്രതീക്ഷിച്ചാണ് എല്ലാ ചിത്രങ്ങളും ചെയ്യുന്നത്. എല്ലാ കഥയും നന്നാകുകയും പ്രേക്ഷകർക്ക് ഇഷ്ടമാകുകയും ചെയ്യുന്നതു കാണുമ്പോൾ സന്തോഷം. ജനങ്ങൾ ഇത്രയും നന്നായി സ്വീകരിച്ചതു തന്നെയാണ് ചിത്രത്തിന്റെ വിജയം. എന്റെ സിനിമയിൽ മേരിക്കുണ്ടൊരു കുഞ്ഞാടായിരുന്നു ബിഗസ്റ്റ് ഹിറ്റ്. ഇപ്പോൾ അതിനെക്കാളും ഹിറ്റായി മാറാൻ 2 കൺട്രീസിനു സാധിക്കുന്നു. കളക്ഷന്റെ കാര്യത്തിലും അങ്ങനെ തന്നെ. എനിക്കു തോന്നുന്നത് ദിലീപ് ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടുന്നതും ഇതു തന്നെയാകും. എല്ലാത്തിലും വളരെയധികം സന്തോഷം. ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്നാലും എല്ലാവരോടും നന്ദി.

രണ്ടു വർഷത്തെ ഗ്യാപ്പിനു ശേഷമാണ് ഞാൻ ഒരു സിനിമ ചെയ്യുന്നത്. അതിനു മുൻപ് ചെയ്ത രണ്ടു ചിത്രങ്ങൾ വലിയ വിജയം നേടിയതുമില്ല. അതുകൊണ്ടു തന്നെ ഒരു ഹിറ്റ് ഉണ്ടാകേണ്ടതും അത്യവശ്യമായിരുന്നു. എല്ലാം ദൈവാനുഗ്രഹം.

shafi-director

(റാഫി) മത്സരം ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല. ഇപ്പോൾ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അനുയോജ്യമായ സമയമാണ്. ക്രിസ്മസ് ആഘോഷം, 10 ദിവസത്തെ സ്കൂൾ അവധി, പുതുവർഷം.. രണ്ടു മൂന്നു ചിത്രങ്ങൾ ഹിറ്റ് ആകാൻ സാധ്യതയുള്ള സമയമാണിത്. വിഷുവിനും ഇതുപോലെ ഉണ്ടാകാറുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകർ കുടുംബസമേതമാണ് തിയേറ്ററിലേക്ക് എത്തുന്നത്. കുട്ടികളുടെ പരീക്ഷയൊക്കെ കഴിഞ്ഞ്. കുടുംബചിത്രങ്ങളാകുമ്പോൾ കൂടുതൽ നന്നാകും. കുടുംബ സമേതം കാണാവുന്ന തമാശകൾ നിറഞ്ഞ ഒരു ചിത്രമാണ് 2 കൺട്രീസ്. വളരെ അനുയോജ്യമായ ഒരു സമയത്താണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്..

അടുത്ത ചോദ്യം സംവിധായകനോടായിക്കോട്ടെ, ദിലീപ്–ഷാഫി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ് ആയിരുന്നു. എന്തു കെമിസ്ട്രിയാണ് രണ്ടു പേർക്കുമിടയിലുള്ളത്. അതോ ദിലീപ് ഒരു ഭാഗ്യതാരമാണോ?

ഭാഗ്യം വരുന്നത് കഠിനാധ്വാനം ചെയ്യുമ്പോഴാണ്. ഞാനും ദിലീപും ഒരു പോലെ ചിന്തിക്കുന്ന ആളുകളാണ്. പ്രോക്ഷകരുടെ ട്രെൻഡ്സ് നന്നായി അറിയാവുന്ന ഒരു നടനാണ് ദിലീപ്. അതുകൊണ്ടു തന്നെ അത്രയും ഡിസ്കസ് ചെയ്തും ആലോചിച്ചുമൊക്കെയാണ് ഓരോ സീനും ചെയ്യുന്നത്. ഓരോ സീനും എടുക്കുമ്പോൾ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ചെയ്യുന്നതും. പിന്നെ മറ്റൊരു പ്രാധാന കാര്യം നല്ല സ്ക്രിപ്റ്റ് ഉണ്ടാകുക എന്നതാണ്. നല്ല നല്ല തമാശകൾ നിറഞ്ഞ ഒരു സ്ക്രിപ്റ്റായിരുന്നു 2 കൺട്രീസിന്റേത്. ഇതിനു മുൻപുള്ള രണ്ടു ദിലീപ് ചിത്രങ്ങളിലും ഇതിലുള്ളതു പോലെ തന്നെ നല്ല റൈറ്റർ സപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെയും സ്ക്രിപ്റ്റ് ഗംഭീരമായിരുന്നു.

ദിലീപ് എന്ന നടന്റെ പെർപോമൻസ്. ഒരു സീൻ കിട്ടിക്കഴിഞ്ഞാൽ അത് ദിലീപ് എങ്ങനെ ചെയ്യുമെന്ന് എനിക്ക് മനസിൽ കാണാൻ സാധിക്കുമായിരുന്നു. അത്രയും അടുപ്പവും പരിചയവും ദിലീപുമായുണ്ട്. ദിലീപിന് ഇണങ്ങുന്ന കോമഡികൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളതും. സ്ഥിരമുള്ള കോമഡി ആയിപ്പോകരുത് എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹ്യൂമർ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് ചിത്രത്തിനു മിഴിവേകിയിരിക്കുന്നത്. നമ്മൾ ഒരു കൗണ്ടർ അങ്ങോട്ടു പറയുമ്പോൾ തിരിച്ചൊരു കൗണ്ടർ ഇങ്ങോട്ടു വരും. അത്രയും രസകരമായിരുന്നു. സ്ക്രിപ്റ്റിലും മനോഹരമായ തമാശരംഗങ്ങൾ ഒരുപാടുണ്ട്. സംഗീതമായാലും കാമറ ആയാലും എല്ലാവരുടേയും ഭാഗത്തു നിന്നും നല്ല കഠിനാധ്വാനം ഇതിനു പിന്നിലുണ്ട്. അതുകൊണ്ടു തന്നെ ഒരു കൂട്ടായ്മയുടെ വിജയമാണ് ഈ ചിത്രം.

Two-Countries

ചിത്രത്തിൽ ജനറേഷൻ ഗ്യാപ്പില്ലാതെ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടല്ലോ? കാസ്റ്റിങും പ്രത്യേകം ശ്രദ്ധ കൊടുത്ത മേഖലയായിരുന്നോ?

(ഷാഫി) കാസ്റ്റിങ്ങ് ഞാനും റാഫിക്കയും കൂടി വളരെ ആലോചിച്ചാണ് ചെയ്തിരിക്കുന്നത്. മുകേഷേട്ടനും ജഗദീഷേട്ടനും സുരാജും അജു വർഗീസും സ്രിന്റയുമെല്ലാം ചിത്രത്തിലുണ്ട്. വെറുതേ വന്നു പോകുന്ന കഥാപാത്രങ്ങളല്ല, എല്ലാവർക്കും തുല്യ പ്രാധാന്യവും നല്ല അഭിനയ മുഹൂർത്തങ്ങളും ഓരോരുത്തർക്കും യോജിച്ച കഥാപാത്രങ്ങളുമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഹ്യൂമർ നന്നായിട്ട് ആസ്വദിക്കുന്നുമുണ്ട്. ജഗദീഷേട്ടനായാലും മുകേഷേട്ടനായാലും കൊമേഡിയൻ റോൾ അല്ല, കഥയ്ക്ക് യോജിച്ച വേഷങ്ങളാണ്. നമുക്ക് ഇത്രയും ആർട്ടിസ്റ്റ് സമ്പത്ത് കിടക്കുകയല്ലേ... അതിനാൽ ആ കാര്യത്തിൽ യാതൊരു കൺഫ്യൂഷനും ഇല്ലായിരുന്നു. നേരത്തേ തന്നെ തീരുമാനിച്ച ആൾക്കാർ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

aju-renjith

എന്നെ അത്ഭുതപ്പെടുത്തിയ ഒരു നടനാണ് അജു വർഗീസ്. ഹ്യൂമർ ഇത്രയും ശക്തമായി ചെയ്ത് ഫലിപ്പിക്കുന്ന ഒരു നടൻ. സാധാരണ കോമഡി ചെയ്യുമ്പോൾ അൽപം ഇളകിയെക്കെയാണ് മിക്കവരും അവതരിപ്പിക്കുന്നത്. അജുവാകട്ടെ, റിയലിസ്റ്റാക്കായി വളരെ നാച്ച്വറലായാണ് ചെയ്യുന്നത്. അജു ചെയ്യുന്നത് നമ്മൾ നോക്കിനിൽക്കും. ഞാൻ ഇത് അജുവിനോടു പറയുകയും ചെയ്തിരുന്നു.

(റാഫി) ഒരു വലിയ താരനിര ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ചെലവും വരും. അതിന് ആദ്യം ഒരു നിർമാതാവ് തയാറാകണം. ഒരു നല്ല തിരക്കഥയോ സംവിധായകനോ ഉണ്ടായാൽ പോരാ നല്ല ഒരു പ്രൊഡ്യൂസറാണ് ഉണ്ടാകേണ്ടത്. അദ്ദേഹം ഒരു കലാകരനോ കലയെ മനസിലാക്കുന്ന ആളോ ആകണം. ആ കാര്യത്തിൽ രഞ്ജിത്തിന്റെ സപ്പോർട്ട് വളരെ വലുതാണ്. ഇപ്പോൾ മുകേഷേട്ടൻ ചെയ്ത റോൾ അത് അദ്ദേഹത്തിനേ ചെയ്യാൻ സാധിക്കൂ. അതുപോലെ തന്നെയാണ് ഓരോ കഥാപാത്രങ്ങളും. കാസ്റ്റിങ്ങിന്റെ കാര്യത്തിൽ എത്ര കാശ് ചെലവാക്കാനും രഞ്ജിത്തിനു മടിയുണ്ടായില്ല. സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് കാസ്റ്റിങ് കുറയ്ക്കാനും തയാറായിട്ടില്ല.

two-countries

മംമ്തയുടെ ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണല്ലോ ചിത്രം സമ്മാനിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മംമ്തയെ തന്നെ നായികയായി പരിഗണിച്ചത്?

(ഷാഫി) ഇത് നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള ചിത്രമാണ്. നന്നായി പെർഫോം ചെയ്യുന്ന നല്ല ലാംഗ്വേജ് ഉള്ള ഒരാളായിരിക്കണം നായികയെന്ന ആഗ്രഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ദിലീപാണ് മംമ്തയുടെ പേര് നിർദേശിച്ചത്. അപ്പോഴും അവർ അഭിനയിക്കുമോയെന്നൊക്കെയുള്ള കാര്യത്തിൽ സംശയമുണ്ടായിരുന്നു.എന്നാൽ മംമ്തയോടു പറഞ്ഞപ്പോൾ തന്നെ അവർക്ക് വലിയ ത്രിൽ ആയി, ചിത്രത്തിന്റെ ഷൂട്ടിങ് ആദ്യം തീരുമാനിച്ചിരുന്നത് ലണ്ടനിലായിരുന്നു. എന്നാൽ മംമ്തയുടെ സൗകര്യാർഥമാണ് ലൊക്കേഷൻ കാനഡയിലേക്ക് മാറ്റിയത്. സിനിമയ്ക്കു വേണ്ടി മംമ്തയും അത്രയും സഹകരിച്ചു. വെയിലൗന്നും കൊള്ളാൻ പാടില്ലാഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെയാണ് അവർ അഭിനയിച്ചത്. അത്രയും ഹർഡ് വർക് ചെയ്തിട്ടുണ്ട്. വളരെ ബ്രില്യന്റ് ആയ ഒരു നടിയാണ് മംമ്ത. ആദ്യത്തെ സീൻ ഷൂട്ട് ചെയ്തപ്പോൾ തന്നെ കാരക്ടറിനെ അവർ ഉൾക്കൊണ്ടു കഴിഞ്ഞെന്ന് എനിക്ക് മനസിലായി.

ഇനി ഒന്നു ചോദിച്ചോട്ടെ, എന്താണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഫോർമുല?

(ഷാഫി) (ചിരിക്കുന്നു). സിനിമ വിജയിക്കാൻ ഫോർമുല ഒന്നുമില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ എല്ലാ പടവും പ്രൊഡ്യൂസ് ചെയ്ത് എന്നേ ഒരു കോടീശ്വരനായേനേ. ചിത്രം ഒരു ഫാമിലി എന്റർടെയിനറായിരിക്കണം. രണ്ടു– രണ്ട മണിക്കൂർ നീളുന്ന ചിത്രം പ്രേക്ഷകരുടെ ടെൻഷൻ അടിപ്പിക്കുന്നതാകരുത്. തിയേറ്ററിലിരുന്ന് 2 കൺട്രീസ് കണ്ടപ്പോൾ അടുത്തിരിക്കുന്ന ആളുകൾ ചിരിക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഞങ്ങളുടെ പേരു കാണുമ്പോൾ തന്നെ ആളുകൾ ചിരിക്കാറുണ്ട്. ആ ഒരു പ്രതീക്ഷയോടെ തന്നെയാണ് അവർ തിയേറ്ററിലേക്കെത്തുന്നതും. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ നമ്മൾ ചിരിപ്പിച്ചുണ്ട്.

dilee--2-countries

ഇനി റാഫിയോടു ചോദിച്ചോട്ടെ... എന്നാണ് പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം? മെക്കാർട്ടിനോടൊപ്പമുള്ള അടുത്ത ചിത്രം ഉടൻ പ്രതീക്ഷിക്കാമോ?

രണ്ടും ഉടനേ ഇല്ല. രണ്ട് സ്ക്രിപ്റ്റുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ. ഒന്ന് കാമറാമാൻ രാമചന്ദ്ര ബാബുവിന്റെ ആദ്യമായി സംവിധായകനാകുന്ന ചിത്രം, മറ്റൊന്ന് ഷാഫിക്കു വേണ്ടി തന്നെയാണ്.

ഷാഫിയിൽ നിന്ന് അടുത്ത ഉടൻ ഒരു ചിത്രം പ്രതീക്ഷിക്കാമോ?

ഒന്നും തീരുമാനിച്ചിട്ടില്ല. എനിക്ക് എഴുതാനും പ്ലാൻ ഉണ്ട്. എല്ലാം അതിന്റേതായ സമയത്ത് നടക്കും.

സംവിധാനത്തിൽ ഷാഫിയെ സഹായിച്ചിരുന്നോ?

ഷാഫി എന്നെക്കാൾ സിനിമ ചെയ്തിട്ടുള്ള ആളാണ്. ഞാൻ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളു. ഒരു സംവിധായകൻ എന്ന നിലയിൽ ഷാഫിക്ക് യാതൊരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.