Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വർഗത്തിലിരുന്ന് മണിച്ചേട്ടൻ അവസാന സിനിമ കാണും’

aneesh-mani അനീഷ് വർമ, യാത്ര ചോദിക്കാതെ(പോസ്റ്റർ)

കലാഭവൻ മണി നമ്മെ വിട്ടു പോയിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ജനമനസുകളിൽ ആ വിയോഗം ഉണ്ടാക്കിയ വേദന ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ പേരിൽ നടക്കുന്ന അനുശോചന യോഗങ്ങളും ചർച്ചകളും നിറ‍ഞ്ഞ സദസ്സുമൊക്കെ ഓരോരുത്തരുടെയും ഉള്ളിലുള്ള കലാഭവൻ മണി എന്ന അതുല്യ പ്രതിഭയുടെ സാന്നിധ്യം ഊട്ടി ഉറപ്പിക്കുന്നതാണ്. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രവും റിലീസിങ്ങിനൊരുങ്ങുകയാണ്.

‘യാത്ര ചോദിക്കാതെ’ എന്ന പുതിയ ചിത്രത്തിന്റെ പേരു പോലെ ഒരു ശിവരാത്രി തലേന്ന് മണിയും യാത്ര ചോദിക്കാതെ അങ്ങ് പോകുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച് മണി കടന്നു പോയപ്പോൾ അതുൾക്കൊള്ളാനായിട്ടില്ല ഇൗ ചിത്രത്തിന്റെ സംവിധായകൻ അനീഷ് വർമയ്ക്ക്. ചിത്രത്തിന്റെ സംവിധായകൻ അനീഷ് വർമ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

കലാഭവൻ മണിയുടെ അവസാന ചിത്രം റിലീസിങ്ങിനൊരുങ്ങി നിൽക്കുന്നു. അദ്ദേഹം സൃഷ്ടിച്ച ആ ശൂന്യത വിട്ടുമാറിയിട്ടുമില്ല. മണി അഭിനയിച്ച അവസാന ചിത്രം എന്ന നിലയിൽ സംവിധായകനു പറയാനുള്ളത്?

മണി ചേട്ടന്റെ വിയോഗം ഉണ്ടാക്കിയ ആ ഷോക്കിൽ നിന്ന് ഇതു വരെ ഞാൻ മോചിതനായിട്ടില്ല. ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ. അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും അദ്ദേഹത്തെ ഓർക്കാതിരിക്കാനും സാധിക്കുന്നില്ല. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എല്ലാത്തിനും എന്റെ കൂടെത്തന്നെ ഉണ്ടാകുമായിരുന്നു. ജയരാജ് സാറിന്റെ കൂടെ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായാണ് വർക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ മിലേനിയം സ്റ്റാർസ് മുതൽ എനിക്ക് മണിചേട്ടനെ അറിയാം.

ആദ്യം മണിച്ചേട്ടനുമായി ചെയ്യാൻ തീരുമാനിച്ചിരുന്നത് ഈ ചിത്രം ആയിരുന്നില്ല. മറ്റൊരു കഥയായിരുന്നു മണിച്ചേട്ടനോടു പറഞ്ഞിരുന്നത്. അത് കേട്ട് ഇഷ്ടപ്പെട്ട് ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അതിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് ഈ ചിത്രത്തിന്റെ സബ്ജക്ട് കിട്ടുന്നത്. സത്യം പറഞ്ഞാൽ സെറ്റിൽ വരുന്നതിന് രണ്ടു മൂന്നു ദിവസം മുൻപാണ് ഈ സ്ക്രിപ്റ്റുമായ് അദ്ദേഹം എന്നോടു സഹകരിച്ചത്. അതിനു മുൻപു വരെ ആദ്യം പറഞ്ഞ ചിത്രം ചെയ്യാമെന്നു പറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ എന്തുകൊണ്ട് ആദ്യം ഈ ചിത്രം തന്നെ ചെയ്തെന്നും എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തിയെന്നും ഒന്നും മനസിലാകുന്നില്ല. ബാലൻ എന്നാണ് കലാഭവൻ മണിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലും ബാലൻ ഒരു യാത്ര പോകുന്നുണ്ട്. ആ യാത്ര എങ്ങോട്ടാണെന്നും എന്തിനാണെന്നുമൊക്കെ ചിത്രം തന്നെ പറയും.

mani-movie

കലാഭവൻ മണിയുമൊത്തുള്ള അനുഭവം?

മണിച്ചേട്ടനെ കുറിച്ച് എന്താ പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നോടു വളരെയധികം സഹകരിച്ച ഒരു വ്യക്തിയായിരുന്നു മണിചേട്ടൻ. മണിചേട്ടനെ വച്ച് സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ പലരും എന്നോടു പറഞ്ഞു സെറ്റിൽ വന്നാൽ ഭയങ്കര പ്രശ്നമാണ്, സമയത്തു വരില്ല എന്നൊക്കെ. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ എനിക്കു മുന്നേ സെറ്റിൽ വന്ന ആളായിരുന്നു മണിച്ചേട്ടൻ. ഒരു ദിവസം ഷൂട്ടിങ് തീർന്നപ്പോൾ വെളുപ്പിന് 2 മണി വരെ ആയിരുന്നു. നാളെ എപ്പോഴാ വരേണ്ടതെന്ന് ചേട്ടൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു രാവിലെ 6.30 നു നമുക്കു തുടങ്ങാമെന്ന്. അനീഷ് 6.30ന് എത്തുമോ എന്നു ചോദിച്ചപ്പോൾ ഞാൻ വരുമെന്ന് പറയുകയും ചേട്ടൻ എന്നോടു ബെറ്റ് വയ്ക്കുകയും ചെയ്തു.

എന്നാൽ ചേട്ടൻ തന്നെ ബെറ്റിൽ ജയിച്ചു എന്റേതായ കാരണങ്ങൾ കൊണ്ടു തന്നെ ഞാൻ സെറ്റിൽ എത്തിയപ്പോൾ ഏഴു മണിയായി. ചേട്ടനാകട്ടെ 6.30ന് എത്തുകയും ചെയ്തു. ഇത്രയും നല്ല മനുഷ്യസ്നേഹി, അസുഖമുണ്ടായിരുന്നിട്ടു കൂടി കാരക്ടറിനു വേണ്ടി ഉറക്കമൊഴിഞ്ഞ് രാത്രി ഒരു മണി വരെയും രണ്ടു മണി വരെയുമൊക്കെ സഹകരിച്ച ഒരാൾ. അത്രയും ഡെഡിക്കേറ്റഡ് ആയി ചെയ്ത ഒരു കാരക്ടറായിരുന്നു ബാലൻ. കുട്ടനാട്ടിലെ ഒരു സാധാരണ കർഷകത്തൊഴിലാളി.

aneesh

ഷൂട്ടിങ് സമയത്ത് മണിചേട്ടന് രോഗം ഉണ്ടെന്ന വിവരം അറിഞ്ഞിരുന്നോ?

ഏയ് ഇല്ല. എന്നോടു പറഞ്ഞിട്ടില്ല. എനിക്കു തോന്നുന്നത് മണിച്ചേട്ടൻ ആരോടും അസുഖത്തിന്റെ വിവരങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നാണ്. എന്റെ സെറ്റിൽ യാതൊരുവിധ പ്രശ്നങ്ങളും തോന്നിയിട്ടുമില്ല.

ടൈറ്റിൽ‌ പോലെ മണിചേട്ടനും യാത്ര ചോദിക്കാതെ പോയി. ഈ യാദൃശ്ചികതയെക്കുറിച്ച്?

അതിനെക്കുറിച്ച് എന്തു പറയാനാണ്. അത് അങ്ങനെ സംഭവിച്ചു. ആദ്യ പടം മാറ്റിവച്ച് രണ്ടാമത്തെ പടം ചെയ്യുക. ചിത്രത്തിന്റെ റിലീസിങ്ങിനു പോലും കാത്തു നിൽക്കാതെ മണിചേട്ടനും ഒരു നീണ്ട യാത്ര അങ്ങ് പോകുക. പലരും എന്നോടു വിളിച്ച് ചോദിക്കുകയും ചെയ്തു എന്താ ഇങ്ങനെയെന്ന്. അങ്ങനെ പറ്റിപ്പോയി അല്ലാതെന്തു പറയാൻ.

ചിത്രത്തെക്കുറിച്ച് മണിയുടെ കാഴ്ചപ്പാട്?

അദ്ദേഹത്തിന്റെ പിറന്നാൾ കഴിഞ്ഞപ്പോൾ, ഏകദേശം ഒരു മാസം മുൻപ് ഞാൻ മണിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. അവിടെ ചെന്നപ്പോൾ കുറച്ചു സുഹൃത്തുക്കളുണ്ട്. എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കിത്തന്നു. ആരു ചെന്നാലും ആഹാരം കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു വീക്ക്നെസ് ആണെന്നു തോന്നുന്നു. അന്ന് എന്നോടു പറഞ്ഞിരുന്നു എത്രയും പെട്ടെന്ന് നമുക്ക് ഈ സിനിമ ഇറക്കണം. എനിക്ക് വളരെ പ്രതീക്ഷയുള്ള ഒരു കാരക്ടറാണിത്. എല്ലാം കഴിഞ്ഞു വന്നപ്പോൾ ഇങ്ങനെ ആയിപ്പോയി. എന്തു ചെയ്യാനാ?

yathra-chodikathe

നായകനടൻ സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് ചിത്രം റിലീസ് ചെയ്യുമ്പോൾ?

എനിക്ക് ഏറ്റവും വലിയ സങ്കടം പ്രിവ്യു കാണണമെന്ന് മണിചേട്ടൻ എന്നോടു പറഞ്ഞിരുന്നു. എന്നാൽ എന്റേതായ തിരക്കുകൾ കാരണം പ്രിവ്യു അദ്ദേഹത്തെ കാണിക്കാൻ സാധിച്ചില്ല. അത് ഇപ്പോഴും ഒരു വലിയ സങ്കടമായി എന്റെ ഉള്ളിൽ നീറുന്നുണ്ട്. അദ്ദേഹത്തിന് ഇതുവരെ ഒരു സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ല. എന്നാൽ ഈ കാരക്ടറിലൂടെ അദ്ദേഹത്തിന് ഒരു അവാർഡു കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ട്. കിട്ടട്ടെ എന്ന് ഞാൻ പ്രാർ‌ഥിക്കുന്നു. പ്രമോഷന്റെ കാര്യങ്ങൾ എന്തുണ്ടെങ്കിലും വിളിച്ചാൽ മതി, ഞാൻ വന്നോളാം എന്നൊക്കെ പറഞ്ഞിട്ട്.... അവസാനം ഒരു പ്രമോഷനും കാത്തുനിൽക്കാതെ ചേട്ടനങ്ങ് പോയി.

ഡബ് ചെയ്ത് കണ്ണു നിറഞ്ഞ് ഇറങ്ങിയ മണിചേട്ടനാണ് എന്റെ മനസു മുഴുവൻ. എന്നിട്ടു പറഞ്ഞു ഞാൻ വിചാരിച്ചതിനും അപ്പുറം ഈ സിനിമ എത്തിയിട്ടുണ്ടെന്ന്. ആറുമാസം മുൻപ് ഷൂട്ടിങ് പൂർത്തിയായതാണ്. ചിത്രത്തിന്റെ റിലീസിങ്ങിന് ഇത്രയും നാൾ കാത്തിരിക്കണമായിരുന്നോ എന്നു പലരും ചോദിക്കാം. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് റിലീസിങ് നീണ്ടുപോയി എന്നേ എനിക്കു പറയാൻ സാധിക്കൂ. ഇപ്പോഴായിരിക്കാം ചിലപ്പോൾ സമയമായത്.

അടുത്തയാഴ്ച ചാലക്കുടിയിൽ വച്ച് തന്നെ പ്രിവ്യു ചെയ്യണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുടുംബാംങ്ങഗങ്ങളെയുമൊക്കെ വിളിക്കുന്നുമുണ്ട്. ദിലീപിന്റെ തിയേറ്ററിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതിന്റെ പ്ലാനിങ് നടന്നുകൊണ്ടിരിക്കുകയാണ്.

നായകനായി കലാഭവൻ മണിയെ തീരുമാനിച്ചതിനു പിന്നിൽ?

കഥ കേട്ടപ്പോൾ തന്നെ എന്റെ മനസിൽ ബാലനായി മണി ചേട്ടനെ അല്ലാതെ ആരെയും സങ്കൽപിക്കാൻ കഴിഞ്ഞില്ല. റൈറ്ററുടെ മനസിലും മണിചേട്ടൻ മാത്രമായിരുന്നു. കുട്ടനാട്ടിലെ ഒരു തനി കർഷകന്റെ വേഷം, അച്ഛനും മകളും തമ്മിലുള്ള ഒരു ബന്ധം ഇതിനെല്ലാം യോജിച്ചത് മണിച്ചേട്ടൻ തന്നെയായിരുന്നു. ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോഴും നമ്മുടെ തീരുമാനം കറക്ട് ആയിരുന്നുവെന്ന് മണിച്ചേട്ടൻ തെളിയിച്ചുകൊണ്ടേ ഇരുന്നു.

ആദ്യചിത്രം മാറ്റിവയ്ക്കാൻ കാരണം?

അതൊരു പീരിയഡ് മൂവി ആയിരുന്നു. ഇത്രയും ഒരു എമൗണ്ടിൽ ചെയ്യുക ബുദ്ധിമുട്ടാണ്. അത് ഓടാനും സാധ്യത വളരെ കുറവാണ്. അങ്ങനെയാണ് മാറ്റിയത്. ഇതാകട്ടെ വളരെ പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് ഒരു ചിത്രമാണ്.

ഷൂട്ടിങ് ദിവസങ്ങളെക്കുറിച്ച്?

23 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചേട്ടനെ ഇപ്പോൾ ഒന്നു കണ്ടാൽ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ആ 23 ദിവസങ്ങൾ മറക്കാൻ സാധിക്കില്ല. ചേട്ടനു വേണ്ടി ആലപ്പുഴയിൽ ഒരു വീടെടുത്ത് കൊടുത്തിരുന്നു. അവിടെ ഏതാനും അടുത്ത സുഹ‍ത്തുക്കളോടൊപ്പമായിരുന്നു താമസം. അവിടെ ആഹാരം ഉണ്ടാക്കി സെറ്റിൽ കൊണ്ടുവന്ന് ഞങ്ങൾക്കും തരുമായിരുന്നു. സെറ്റിൽ നിന്ന് ആഹാരം കഴിച്ചിട്ടേ ഇല്ലെന്നാണ് തോന്നുന്നത്. സുഹൃത്തുക്കൾക്കു വേണ്ടി ജീവിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

ചിത്രത്തിന് മണിച്ചേട്ടന്റെ എല്ലാ അനുഗ്രഹവും ആശിർവാദവുമുണ്ടാകും. അങ്ങ് സ്വർഗത്തിലിരുന്ന് ചേട്ടനും കാണുന്നുണ്ടാകും, ഇവിടെ പ്രേക്ഷരോടൊപ്പം.

related stories