Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലാലേട്ടൻ പറഞ്ഞു, നീ കുനിച്ച് നിർത്തി ഇടിക്കണം’

mohanlal-shajone

ഹാസ്യത്തിലൂടെ ചെറിയ വേദികളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അഭിനേതാവ്. ചിരി നിറഞ്ഞ മുഖങ്ങളിൽ നിന്ന് തീർത്തും അപ്രതീക്ഷിതമായ ഭാവപ്പകർച്ചയോടെ നമ്മെ അമ്പരപ്പിച്ചയാൾ. കലാഭവന്‍ ഷാജോൺ. ഹാസ്യത്തിന്റെ രസക്കൂട്ടിൽ നിന്ന് ക്രൗര്യമുള്ള വേഷങ്ങളിലേക്കും കാമ്പുള്ള കാരക്ടർ റോളിലേക്കും സംവിധാനത്തിലേക്കുമൊക്കെ ചുവടുറപ്പിക്കുകയാണ് ഷാജോൺ. സൗമ്യമായ ചിരിയും വർത്തമാനങ്ങളുമായി ഷാജോൺ മനോരമ ഓൺലൈനോടൊപ്പം...

ഷാജോൺ മോഹന്‍ലാലിനെ അടിച്ചാൽ ചിത്രം വിജയിക്കും

ഫെയ്സ്ബുക്കിലും മറ്റും ഇങ്ങനെ എഴുതിയിരിക്കുന്നതു കണ്ടു. എന്തുപറയുവാനാണ് ഞാൻ. മോഹന്‍ലാലിനെ പോലൊരു നടന്റെ പ്രതിസ്ഥാനത്തു നിന്ന് അഭിനയിക്കുവാൻ കഴിയുന്നതു തന്നെ വലിയ കാര്യമാണ്. അതൊരു അംഗീകാരമാണ്. അദ്ദേഹത്തിനൊപ്പം ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം ഉള്ളതുകൊണ്ടു കൂടിയാണത്. അദ്ദേഹത്തിനൊപ്പമുള്ള ഓരോ സിനിമകൾ ചെയ്യുമ്പോഴും അദ്ദേഹം തന്ന ധൈര്യം ഒരുപാട് വലുതാണ്. എനിക്കു മാത്രമല്ല പുതിയതായി ഈ മേഖലയിലേക്കു കടന്നുവരുന്ന ആർക്കും അദ്ദേഹവുമായി പെട്ടെന്ന് അടുക്കുവാൻ സാധിക്കുന്നതും ആ വ്യക്തിത്വത്തിന്റെ മഹത്വം കൊണ്ടാണ്.

mohanlal-shajone-2

ഒപ്പത്തിലെ ആ അടി

സത്യത്തിൽ ഒപ്പത്തിലെ ഫൈറ്റ് സീൻ ചെയ്യുമ്പോൾ ടെൻഷൻ കുറവായിരുന്നു. ദൃശ്യത്തിൽ പക്ഷേ വലിയ ടെൻഷനായിരുന്നു. കാരണം അതിൽ സ്റ്റണ്ട് മാസ്റ്ററൊന്നുമില്ലായിരുന്നു, ജീത്തു തന്ന നിർദ്ദേശത്തിനനുസരിച്ചായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ പ്രതിയെ എങ്ങനെയാകും കുറ്റം തെളിയിക്കുവാനായി ചോദ്യം ചെയ്യുക അതുപോലെ അങ്ങ് ചെയ്താൽ മതി. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലാലേട്ടനെ തല്ലേണ്ടി വരുന്നതിന്റെ സമ്മർദ്ദം വേറെ. അദ്ദേഹമാണെങ്കിൽ അടി നിന്നു കൊള്ളണം അങ്ങനെയായിരുന്നല്ലോ സീൻ. എനിക്കു പേടിയായിരുന്നു ജീത്തു പറഞ്ഞപോലെ നല്ല എഫക്ടില്‍ ചെയ്താൽ അദ്ദേഹത്തിന്റെ ദേഹത്തെങ്ങാനും അടി വീഴ‌ുമോ എന്ന്. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല അതിനു കാരണം ലാലേട്ടന്റെ പിന്തുണയാണ്

mohanlal-shajone-1

എങ്ങനെ അടിക്കണം എന്ന് അദ്ദേഹം തന്നെ പറഞ്ഞു തരികയായിരുന്നു എന്നതാണ് വാസ്തവം. നീ കുനിച്ച് നിർത്തി ഇടിക്കണം, അപ്പോൾ ഞാൻ അങ്ങോട്ടേക്ക് മാറും അവിടെ വന്ന് ഇടിക്കണം, പിന്നെ മറ്റേ വശത്തു നിന്ന് അടിക്കണം. അങ്ങനെയൊക്കെ പറഞ്ഞു തന്നെത് അദ്ദേഹമായിരുന്നു. ഇതേപോലെ തന്നെയായിരുന്നു ഒപ്പത്തിന്റെ കാര്യത്തിലും എങ്ങനെ അടിക്കണം എന്ന് ലാലേട്ടൻ തന്നെ നമ്മൾക്കു പഠിപ്പിച്ചു തരും. ഷൂട്ടിങിനിടയിൽ അദ്ദേഹം വെറുതെ നിൽക്കുക ആണെങ്കിൽ കൂടി നമുക്ക് തോന്നും, ശരിക്കും കണ്ണു കാണാത്ത ആളാണെന്ന്...

 സ്റ്റണ്ട് മാസ്റ്റർ സ്റ്റണ്ട് സിൽവയാണ് ഒപ്പത്തിനും ഫൈറ്റ് ഒരുക്കിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ചാകുമ്പോൾ കുറേ കൂടി ഈസി ആകുമല്ലോ. പക്ഷേ അപ്പോഴും ലാലേട്ടനെയാണു തല്ലുന്നതെന്ന ചിന്ത മനസില്‍ ബുദ്ധിമുട്ടുണ്ടാക്കി.

പക്ഷേ സ്റ്റണ്ട് മാസ്റ്റർ തന്നെ എന്നോടു പറഞ്ഞു. നിങ്ങൾ തല്ലിക്കോളൂ...നിങ്ങളുടെ ഒരു ചെറുവിരൽ പോലും ലാല്‍ സാറിന്റെ ദേഹത്ത് കൊള്ളാൻ പോകുന്നില്ല എന്ന്...പിന്നെ ലാലേട്ടനും പറഞ്ഞു തന്നിരുന്നു എങ്ങനൊക്കെ നന്നായി തല്ലാം എന്ന്..അദ്ദേഹത്തിനറിയാം നമ്മുടെ മനസിൽ ഒരു ബുദ്ധിമുട്ടും പേടിയും ഒക്കെ ഉണ്ടെന്ന്. അതുകൊണ്ട് സിനിമ തുടങ്ങും മുൻപ് അദ്ദേഹം നമ്മളോടു സംസാരിക്കും , നമ്മളെ ഒരു കംഫർട്ട് സോണിൽ ആക്കിയിട്ടേ അഭിനയത്തിലേക്ക് കടക്കൂ.

ദൃശ്യം നന്നായി ചെയ്യുവാനായതിനു മറ്റൊരു കാരണം കൂടിയുണ്ട്. ദൃശ്യത്തിനു മുൻപ് ഞാൻ ലേഡീസ് ആൻഡ് ജെന്റിൽമെൻ എന്നൊരു സിനിമയിൽ ലാലേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവർ ആയിട്ടായിരുന്നു അഭിനയിച്ചത്. അന്നേരം തന്നെ ഞങ്ങൾക്കിടയിൽ മാനസികമായി നല്ലൊരു അടുപ്പമുണ്ടായി. ആ സിനിമയുടെ ലൊക്കേഷനിൽ വന്നാണ് ദൃശ്യത്തിന്റെ കഥ ജീത്തു പറയുന്നതും.

 ദൃശ്യം എനിക്കു നേടിത്തന്ന പ്രസക്തി ചെറുതല്ല. ആ സിനിമ ഇറങ്ങിയതിനു ശേഷം എനിക്കു കിട്ടിയ ഏറ്റവും മനോഹരമായ അഭിനന്ദനം ലാലേട്ടനിൽ നിന്നാണ്. ഒരു കാര്യം ഉറപ്പിച്ചു പറയുവാനാകും എനിക്ക്, ലാലേട്ടനല്ലാതെ മറ്റാരെങ്കിലുമാണ് ആ സിനിമ ചെയ്തതെങ്കിൽ അത് ഈ ലെവലിൽ എത്തില്ലായിരുന്നു. നല്ലൊരു സിനിമയായിരുന്നേനെ. പക്ഷേ അതിന്റെ ലെവൽ ഒരിക്കലും ഇങ്ങനെയാകില്ല.

ജീവിതത്തിലും ചൂടനാണോ?

ഒരിക്കലുമല്ല. ജീവിതത്തിലൊരിക്കലും ഞാൻ അങ്ങനെ അല്ല.ഞാനെന്റെ മക്കളെ പോലും ഇതുവരെ തല്ലിയിട്ടില്ല. എനിക്കി കിട്ടുന്ന കഥാപാത്രങ്ങളെ എന്നെ കൊണ്ടു കഴിയുന്നതിന്റെ പരമാവധി നന്നായി  അതരിപ്പിക്കണം എന്നേ ചിന്തിച്ചിട്ടുള്ളൂ. 

പതിയെ പതിയെ തുടങ്ങി വലിയ വേഷങ്ങളിലേക്ക്...

mohanlal-shajone-mammootty

കരിയറിൽ അങ്ങനെയൊരു മാറ്റം വന്നത് വലിയ കാര്യമാണ്. ജോലിയോടു നമ്മൾ കാണിക്കുന്ന ആത്മാര്‍ഥതയുടെ ഫലമാണ് അതെന്നാണ് ഞാൻ കരുതുന്നത്. ഒരിക്കലും ഒത്തിരി സിനിമകൾ ചെയ്യണം എന്ന് ആഗ്രഹിച്ചിട്ടില്ല. കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യണം. അതു പ്രേക്ഷകരുടെ മനസിലുണ്ടാകണം അങ്ങനയേ ആഗ്രഹിച്ചിരുന്നുള്ളൂ. അതിന്റെ ഫലമാണിതെന്നാണ് വിശ്വസിക്കുന്നത്.

ചാച്ചനോടൊപ്പമുള്ള സിനിമ കാണൽ...

എന്റെ ചാച്ചൻ പൊലീസുകാരനായിരുന്നു. അമ്മ കോട്ടയം ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സും. അമ്മയ്ക്ക് മാസത്തിൽ ഒരാഴ്ച നൈറ്റ് ഡ്യൂട്ടി വരും. ആ ഒരാഴ്ച മുഴുവൻ എനിക്ക് സിനിമ കാണുവാനുള്ള അവസരമാണ്. ചാച്ചൻ ഞങ്ങളേയും കൂട്ടി രാത്രി സിനിമയ്ക്കു പോകും. അതാകുമ്പോൾ രാത്രി ഭക്ഷണം ഉണ്ടാക്കുകേം വേണ്ട സിനിമയും കാണാം. അങ്ങനെയുള്ള യാത്രകളാണ് സിനിമയുമായി കൂടുതല്‍ അടുപ്പിച്ചത്. പിന്നെ 18 വയസൊക്കെ ആയപ്പോൾ കോമഡി ചെയ്യുവാൻ തുടങ്ങി. ചെറിയ വേദികളിൽ നിന്നു വേഷങ്ങളിൽ നിന്നും സിനിമയിലേക്ക്...

മൈ ബോസ് എന്ന സിനിമയാണ് വഴിത്തിരിവായത്. അതുവരെ നായകനൊപ്പം നടക്കുന്നയാൾ , പ്രത്യേകിച്ച് പെർഫോമൻസിനൊന്നും അവസരമില്ലാത്ത വേഷങ്ങൾ‌ ഒക്കെയാണല്ലോ ചെയ്തത്. പക്ഷേ ആ സിനിമയിലെ കാമ്പുള്ള ഹാസ്യവും അതിലെ പെർഫോമൻസും പ്രേക്ഷക ശ്രദ്ധ നേടി. അതോടെയാണ് കുറേ നല്ല വേഷങ്ങളിലേക്കെത്തിയത്.

എന്റെ അച്ഛനും പൊലീസുകാരൻ

ചാച്ചന് എന്നെ ഒരു പൊലീസുകാരൻ ആക്കുവാനായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാനായില്ലെങ്കിലും സിനിമയിൽ അങ്ങനെയുള്ള വേഷങ്ങൾ ചെയ്യുവാനായി. പക്ഷേ ചാച്ചൻ ഞാൻ ചെയ്ത പൊലീസ് വേഷങ്ങളുടെ നേരെ വിപരീതമുള്ള സ്വഭാവമായിരുന്നു. കൈക്കൂലിക്കാരനോ ഒരുപാട് ദേഷ്യമുള്ളയാളോ ഒന്നുമല്ലായിരുന്നു. പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. ഓർമ വച്ച നാൾ മുതല്‍ കോളജിലെത്തുന്ന കാലം വരെ അവിടെയായിരുന്നു. പലതരത്തിലുള്ള പൊലീസുകാരെ കണ്ടിട്ടുണ്ട്. അവര്‍ ഒരു പ്രതിയോടും, വ്യക്തിപരമായി അടുപ്പമുള്ളവരോടും എങ്ങനെയാണ് പെരുമാറുന്നതെന്നും ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ കണ്ടു വളർന്നതിന്റെ സ്വാധീനം അഭിനയത്തിലൊക്കെ സ്വാധീനിച്ചിട്ടുണ്ടാകാം.

സംവിധാനത്തിലേക്ക് കടക്കുന്നു?

mohanlal-shajone-5

അതെ. എന്റെ വലിയ ആഗ്രഹമായിരുന്നു സിനിമാ സംവിധാനം. തിരക്കഥയും എന്റേതു തന്നെ. അഭിനയത്തിന്റെ തിരക്കിനിടയിൽ എഴുതിത്തീര്‍ത്താണ്. നല്ലൊരു ഫാമിലി എന്റെർടെയ്നറാണ് എന്റെ സിനിമ. പൃഥ്വിരാജ് ആണു നായകൻ. അദ്ദേഹത്തിന്റെ തിരക്ക് കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്കു സിനിമ മാറ്റി വച്ചിരിക്കുകയാണ്.

കോമഡിയേക്കാൾ ആഗ്രഹം കാരക്ടർ റോൾ ചെയ്യാൻ

കുറേയധികം കാരക്ടർ റോൾ െചയ്യണം എന്നാണ് ആഗ്രഹം. കോമഡിയിൽ നമ്മൾ ട്യൂൺ ചെയ്യപ്പെട്ടിരിക്കയാണ്. കോമഡി വേഷങ്ങള്‍ ചെയ്യുവാൻ എളുപ്പമായിരിക്കും. പണ്ടു മുതൽക്കേ ചെയ്യുന്നത് കൊണ്ട്. ഇതുവരെ ചെയ്തിട്ടില്ലാത്ത എല്ലാത്തരം വേഷങ്ങളും ചെയ്യുവാൻ എനിക്കിഷ്ടമാണ്. സിനിമയിൽ വേഷം കിട്ടുവാനായി വലിയ തിരക്കുപിടിച്ച അന്വേഷണങ്ങളൊന്നും നടത്താറില്ല. അങ്ങനെ ചെയ്യാത്തത് എന്റെ ഒരു കുറവായിട്ടു തന്നെയാണ് ഞാൻ കരുതുന്നത്.

എങ്ങനെയായിരുന്നു എന്തിരനിലേക്ക്?

ശങ്കർ സാറിന്റെ മാനേജരാണ് എന്നെ വിളിക്കുന്നത്. സാധാരണ ശങ്കർ സര്‍ മലയാളം സിനിമകളൊന്നും കാണാറില്ല. പക്ഷേ അപ്രതീക്ഷിതമായി ദൃശ്യം കണ്ടു. അതിലെ എന്റെ കാരക്ടറാണ് എന്തിരനിലേക്ക് എത്തിച്ചത്. ഒരുപാട് സന്തോഷം തോന്നി ഇത്രയും വലിയൊരു അവസരം കിട്ടിയപ്പോള്‍. തമിഴിലെ ആദ്യ ത്രീഡി സിനിമയാണിത്. വമ്പൻ പ്രോജക്ട്. എല്ലാത്തിനേക്കാളുമുപരി രജനി സർ അഭിനയിക്കുന്നു.

ആദ്യം പറഞ്ഞ ഡേറ്റില്‍ അമേരിക്കന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നതിനാല്‍ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ലെന്ന് വിചാരിച്ചതാണ്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി ശങ്കർ സാർ എന്റെ സമയത്തിലേക്ക് സിനിമയുടെ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു.

ഏതാണ്ട് ഒമ്പത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു. അക്ഷയ് കുമാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു ഷൂട്ട് ചെയ്തത്.രജനീസാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ അടുത്ത ഷെഡ്യൂളിലാണ്.

ആരാണ് പരീത് പണ്ടാരി?

mohanlal-shajone-3

നവാഗത സംവിധായകനായ ഗഫൂർ ഇല്യാസ് ഒരുക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ ബാപ്പയും ഒരു പാചകക്കാരനാണ്. അദ്ദേഹത്തിന്റെ ജീവിതവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കുന്നത്. സംവിധായകന്‍ തന്റെ ജീവിതത്തിൽ കണ്ട കാഴ്ചകളും ആളുകളുമൊക്കെ തന്നെയാണീ സിനിമയിലുള്ളത്.

കല്യാണങ്ങൾക്ക് ബിരിയാണി വച്ചു കൊടുക്കുന്നവരെയാണ് പണ്ടാരി എന്നു പറയുന്നത്. ആ ജോലി ചെയ്യുന്ന പരീത് എന്നൊരാളുടെ കഥയാണിത്. തീർത്തും റിയലിസ്റ്റിക് സ്റ്റോറി. ഞാനാണ് സിനിമയിലെ നായകൻ എന്നൊന്നും പറയുവാനാകില്ല. കാരണം ഒരു കമേഷ്യൽ സ്റ്റോറിക്കുള്ള ചേരുവകകള്‍ ഒന്നുമില്ല. സുബ്രഹ്മണ്യപുരം എന്ന സിനിമയ്ക്കു സംഗീതമൊരുക്കിയ ജെയിംസ് വസന്തനാണ് ഈ സിനിമയ്ക്കും ഈണമിടുന്നത്.