Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി മോഹൻലാലിന് കൊടുക്കുന്ന ഭക്ഷണം എന്തായിരിക്കും?

mammootty-latest-83 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

തൊഴിലില്ലായ്മ കഴിഞ്ഞാൽ ഒരുകാലത്ത് കേരളത്തിലെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ ചർച്ചാവിഷയം എങ്ങനെ മമ്മൂട്ടിയെപ്പോലെ യൗവനം നിലനിർത്താം എന്നതായിരുന്നു.

നായികയെ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ എന്നുവിളിച്ച പ്രേംനസീർ സൗന്ദര്യവും യൗവനവും നിലനിർത്താൻ രാവിലെയും വൈകിട്ടും തങ്കഭസ്മം കഴിച്ചിരുന്നതായി പറ‍ഞ്ഞുകേട്ടിട്ടുണ്ട്. നസീറിന്റേത് നഖക്ഷതമേൽക്കാത്ത പൂങ്കവിളുകളും ഇളംകാറ്റിൽ ഉലയാത്ത മുടിയുമായിരുന്നു !

വടക്കൻ വീരഗാഥകളിലെ ഉടവാളുപോലെ കാലത്തിന്റെ കാറ്റിൽ അധികം ഉലയാത്ത, ഉടയാത്ത ഉടലാണ് ഇന്നും മമ്മൂട്ടി. നന്നായി തേച്ചു മടക്കിയ, ഒട്ടും ചുളിവു വീഴാത്ത കോട്ടൺ ഷർട്ടുപോലെ. !

ചിങ്ങത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ പിറന്നാൾ. ഈ നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. പുറമെ നിന്നു കാണുന്നവർക്ക് ഇവർ വലിയ അഹങ്കാരികളും ദേഷ്യക്കാരുമായി തോന്നും. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ ഇവർ സൗമ്യരായിരിക്കും. നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകും. ഭാര്യ പറയുന്നതിനു കൂടുതൽ പ്രാധാന്യം നൽകും. ഭക്ഷണക്കാര്യത്തിൽ പിശുക്കു കാണിക്കില്ല. സസ്യഭുക് ആകാനായിരിക്കില്ല താൽപര്യം. മത്സ്യം, മാംസം എന്നിവ കൂടുതൽ ഇഷ്ടപ്പെടും.

ഉമ്മയ്ക്കും വാപ്പയ്ക്കും അഞ്ചു വർഷത്തോളം കുട്ടികളില്ലാതിരുന്ന ശേഷമാണ് മമ്മൂട്ടി പിറന്നത്. ആ അഞ്ചുവർഷം നെയ്യും രസായനവും മരുന്നുമൊക്കെ സേവിച്ചിരുന്ന കഥ ഉമ്മ എപ്പോഴോ പറഞ്ഞിട്ടുണ്ട്.

mammootty-latest-22 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

ആ മരുന്നുകളുടെ ആരോഗ്യവും ഓജസ്സും സൗന്ദര്യവും യൗവനവും മകനു കിട്ടിയതാണോ ! കുട്ടിക്കാലത്ത് തടിച്ചു കൊഴുത്ത് കുട്ടിക്കുറാ ആയിരുന്നു ! യുവാവായതോടെ പ്രായത്തിന്റെ പ്രയാണം സ്ളോമോഷനിലായി.

മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നത് ?

ആദ്യം മോഹൻലാലിനെപ്പറ്റി പറയാം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് ലാലാണ്. നല്ല വൃത്തിയായിട്ട് കഴിക്കും. ഭക്ഷണത്തിനോട് നല്ല ഇഷ്ടവും ആഗ്രഹവുമുള്ള ആളാണ് ലാൽ. എന്തു ഭക്ഷണം കണ്ടാലും കഴിക്കും. വേണ്ടെന്നു പറയില്ല. ലാൽ കഴിക്കുന്നതു കാണുമ്പോൾ കാണുന്നവർക്കും വിശപ്പു തോന്നും. നമ്മൾക്കും കഴിച്ചാലോ എന്നു തോന്നും !

ഭക്ഷണത്തോടുള്ള ഈ പ്രണയം കൊണ്ടാവാം, ലാൽ ഒരിക്കൽ ഇങ്ങനെ സങ്കടം പറഞ്ഞു.. പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണു കഴിക്കുന്ന സീൻ ഉണ്ടായിരുന്നു. ഇപ്പോഴില്ല..

മമ്മൂട്ടി സിനിമകളിൽ എപ്പോഴൊക്കെയാണ് സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ടുള്ളത് ?

ഭരതൻ സംവിധാനം ചെയ്ത അമരത്തിൽ ഞാൻ ഊണു കഴിക്കുന്ന സീനുണ്ട്. ആലപ്പുഴയിലെ ചെത്തി കടപ്പുറത്തായിരുന്നു ഷൂട്ടിങ്. കടപ്പുറത്തെ ഏതോ വീട്ടിൽ നിന്നു കുത്തരിച്ചോറും നല്ല പുളിയിട്ടു വച്ച കടൽ മീൻ കറിയും പേരറിയാത്ത വേറെ ഒരു കറിയും കൊണ്ടുവന്നു. നിലത്തിരുന്ന് അലുമിനിയം ചെരുവത്തിൽ നിന്ന് കൈകൊണ്ടു കുഴച്ച് വാരി വാരി കഴിക്കുന്ന രംഗമാണ്. മൂന്നു ദിവസം കൊണ്ടാണ് സീൻ ഷൂട്ട് ചെയ്തത്. ഈ മൂന്നു ദിവസവും ഞാൻ മുക്തകണ്ഠം ഉണ്ടു. മുക്തകണ്ഠം എന്നാണോ പറയേണ്ടത് എന്നൊന്നും ചോദിക്കരുത്. ആ മീൻകറി... ഇപ്പോഴും വായിൽ വെള്ളംവരും ! മൽസ്യത്തൊഴിലാളികളൊക്കെ എന്തു ടേസ്റ്റി ആയിട്ടാണ് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്.. !

Amaram - 2 Mammootty, Lohithadas, Bharathan Malayalam Classic (1991)

ആ സീനിൽ വലിയ വലിയ ഉരുളകൾ ഉരുട്ടിയാണ് ​ഞാൻ ഉണ്ടത്. അത് ലോഹിതദാസിന്റെ ഊണുരീതിയാണ്. കുറെ അധികം ചോറെടുത്ത് കറിയൊക്കെ ചേർത്ത് ഇളക്കി ലോഹി കൈയിലെടുത്ത് ഒന്നു തട്ടും. എന്നിട്ട് രണ്ടു മൂന്നു തവണ കൈവെള്ളയിലിട്ട് ഉരുട്ടിയുരുട്ടി നല്ല ഷേപ്പുള്ള ഉരുളയാക്കും. എന്നിട്ട് ഭം... ഭം.. ഭം.. എന്ന് വായിലേക്ക് ഒരേറാണ്. അങ്ങനെയാണ് ലോഹിയുടെ ഊണ്. അതു തന്നെ ആ സിനിമയിലും ഞാൻ അവതരിപ്പിച്ചു. ലോഹിയുടെ ഊണിന്റെ തനിയാവർത്തനം.

ചെമ്പിലെ പൊന്നിനെ കണ്ടെത്തിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരാണെങ്കിൽ ഊതിക്കാച്ചിയെടുത്തത് ലോഹിതദാസാണ്. മമ്മൂട്ടിയുടെ ഫ്ളെക്സിബിളിറ്റിയെപ്പറ്റി ചർച്ച വന്നപ്പോൾ ലോഹിതദാസ് പറഞ്ഞു.. ഉടലിന്റെ ആടിക്കുഴയലല്ല, കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവാണ് ഫ്ളെക്സിബിളിറ്റി ! സ്വന്തം സിനിമ തുടങ്ങുന്ന ദിവസം അതിരാവിലെ മമ്മൂട്ടിയെ വിളിച്ചിട്ടു ലോഹി പറയുമായിരുന്നു.. ഞാൻ ഷൂട്ടിങ് തുടങ്ങാൻ പോവുകയാണ്. ആ കൈയൊന്ന് ഫോണിലൂടെ എന്റെ തലയിൽ വച്ചേക്കൂ.. മമ്മൂട്ടി പറയും.. എപ്പോഴേ വച്ചു.. ഇതായിരുന്നു അവർ തമ്മിലുള്ള അടുപ്പം.

ലോഹിയുടെ പല സിനിമകളിലും എനിക്ക് ഊണു കിട്ടാറുണ്ട്. ലോഹി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കനൽക്കാറ്റിൽ ഞാൻ നത്തു നാരായണൻ എന്ന ഗുണ്ടയാണ്. ആദ്യത്തെ ക്വട്ടേഷനു കിട്ടുന്ന കാശുമായി നത്ത് ഉച്ചയ്ക്ക് ചായക്കടയിൽ ഊണു കഴിക്കാൻ ചെല്ലുന്ന സീനുണ്ട്. കൊച്ചിയിലെ ഗാന്ധിനഗറിലായിരുന്നു ഷൂട്ട്. ഉണ്ണുന്ന സീൻ ഉണ്ടെന്ന് സത്യൻ രാവിലെ പറഞ്ഞതുകൊണ്ട് ഊണു കഴിക്കാതെയാണ് ഞാൻ ചെന്നത്. ഒരു ചെറിയ ചായക്കടയാണ്. സാധാരണ അത്തരം സീനുകൾ എടുക്കുമ്പോൾ പ്രൊഡക്ഷനിൽ നിന്നുള്ള ഭക്ഷണമാണ് ചായക്കടയിലേതായി വിളമ്പുന്നത്.

പക്ഷേ ആ കട കണ്ടപ്പോൾ എനിക്കൊരു മോഹം. സെറ്റിലെ വേണ്ട, ഈ കടയിലെ ഊണു മതി. സത്യൻ ആദ്യം സമ്മതിച്ചില്ല. വൃത്തിയുണ്ടാവില്ലെന്നായിരുന്നു പുള്ളിക്കു പേടി. സീനെടുക്കാനായി കഴിക്കാനിരുന്നപ്പോൾ നല്ല പുഴുക്കലരിയുടെ ചോറു വന്നു. ഒന്നു രണ്ടു കൂട്ടുകറിയും ഒരു ബീഫ് കറിയും കൂടെ വിളമ്പി. ഞാൻ ഒരു നാലു പ്രാവശ്യം ചോറു വാങ്ങി. അവിടെയുണ്ടായിരുന്ന ബീഫ് കറി മുഴുവൻ കഴിച്ചു. ആ സിനിമ കണ്ടാലറിയാം. എന്റെ മുന്നിൽ ചോറിങ്ങനെ കുന്നുപോലെ കൂട്ടിയിരിക്കുന്നത്. അതു മുഴുവൻ ഞാൻ കഴിച്ചിട്ടേ എഴുന്നേറ്റുള്ളൂ. മൂന്നു ദിവസം അവിടെത്തന്നെ ഷൂട്ടിങ്. എന്നും ഭക്ഷണവും അവിടെ നിന്നു തന്നെ.

mammootty-latest-93 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

ബ്ളെസിയുടെ കാഴ്ച എന്ന സിനിമയിൽ കുട്ടനാടൻ കായലിലെ കൊച്ചു വള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടെടീ.. എന്നു പാട്ടു കേട്ടാൽ എനിക്ക് കപ്പയും മീൻകറിയും കഴിക്കാൻ കൊതി വരും. ആ പാട്ടിന്റെ സീൻ ചിത്രീകരിച്ചത് ആലപ്പുഴയിലെ ചമ്പക്കുളത്തായിരുന്നു. നല്ല കപ്പയും മീൻ കറിയും കഴിച്ച് പാടുന്നതാണ് സീൻ. പാട്ടല്ലേ, നാലഞ്ചു ദിവസം വേണ്ടി വന്നു ഷൂട്ടിങ് തീരാൻ. ഒരു ദിവസത്തെ സീനിന്റെ ബാക്കിയാണ് പിറ്റേന്ന് എടുക്കുക. കണ്ടിന്യൂവിറ്റി ഉള്ളതുകൊണ്ട് എല്ലാ ദിവസവും കപ്പയും മീനും പാട്ടുംപാടി കഴിച്ചു.

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ഒരു ദിവസം എല്ലാവർക്കും ഫ്രീയായി ബിരിയാണിയുണ്ട്. കുറെ വർഷങ്ങളായി ഇതൊരു പതിവാണല്ലോ..

ആ ബിരിയാണിയുടെ തുടക്കം ഒരു ചോറുപൊതിയിൽ നിന്നാണ്. ആൺകുട്ടികൾ ഹൈസ്കൂളിലെത്തുമ്പോൾ ഉപേക്ഷിക്കുന്ന ആദ്യത്തെ വസ്തു എന്താണെന്നറിയാമോ ! സ്വന്തം പേരെഴുതിയ സ്റ്റീൽ ചോറ്റു പാത്രം ! പെൺകുട്ടികൾ നെഞ്ചോടു ചേർത്തു പിടിക്കുന്ന ചോറ്റുപാത്രം ആൺകുട്ടികൾക്ക് ചമ്മലാണ്. ഞാൻ ചോറ്റുപാത്രം കൊണ്ടുപോകാതെയായപ്പോഴാണ് ഉമ്മ ഇലപ്പൊതിയുമായി രംഗത്തെത്തിയത്. നല്ല വാഴയില വെട്ടി ചെറുതീയിൽ ചൂടാക്കും. ഇലയുടെ മുഖമൊന്നു വാടിയാൽ അതിൽ വെളിച്ചെണ്ണ പുരട്ടി ആശ്വസിപ്പിക്കും. എന്നിട്ട് നല്ല ചൂടുള്ള ചോറ് ഇലയിൽ ഇട്ടിട്ട് അതിൽ അച്ചാറും മീൻ പൊരിച്ചതും മുട്ടപൊരിച്ചതും അടുക്കി വച്ചാണ് ഉമ്മയുടെ ചോറുപൊതി.

വാഴയില വാടുമ്പോൾത്തന്നെ ഒരു മണമുണ്ട്. വെളിച്ചെണ്ണയും ചൂടു ചോറും മീനും മുട്ടയും കൂടി ചേരുമ്പോൾ എന്താ മണം ! ഒരു തരി പോലും പുറത്തുപോവാതിരിക്കാൻ ഇല നല്ല ചതുര വടിവിൽ പൊതിഞ്ഞ് വാഴനൂലിട്ട് കെട്ടും. എന്നിട്ട് പത്രക്കടലാസിൽ അമർത്തി പൊതിയും. ചതുരത്തിലുള്ള ഫിറ്റായ പൊതി കണ്ടാൽ പാഠപുസ്തകം ആണെന്നേ തോന്നൂ.

ഞാൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണമാണിത്. ഇപ്പോഴും കുറച്ചു ദിവസം തുടർച്ചയായി സിനിമാ സെറ്റിൽ നിന്നു ഭക്ഷണം കഴിച്ചാൽ പഴയ ഇലപ്പൊതിയോടു കൊതി തോന്നും.

ഇതെങ്ങനെ ബിരിയാണിയായി ?

ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിന്റെ ഷൂട്ടിങ്. അന്ന് ഞാൻ സുലുവിനെ സോപ്പിട്ടു. പണ്ട് ഉമ്മയുണ്ടാക്കി തരുന്നതുപോലൊരു പൊതിയുണ്ടാക്കി തരണം. അന്ന് സെറ്റിൽ മോഹൻലാലൊക്കെയുണ്ട്. ഒരു ദിവസം എനിക്കു മാത്രം ഉച്ചയ്ക്ക് ഒരു പൊതി കിട്ടിയപ്പോൾ ലാൽ അടുത്തു കൂടി.. എന്താ ഇത് ?

ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക.

Harikrishnans Comedy Scene

ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്.

മമ്മൂട്ടിക്കും മോഹൻലാലിനും ഇടയിൽ ഇന്നസെന്റായൊരു ചിരിയുണ്ട്. ഒരിക്കൽ പാലക്കാട്ട് മമ്മൂട്ടിയുടെയും ലാലിന്റെയും സിനിമകൾ ഒരേ സമയം ഷൂട്ടിങ്. ലാലിനെ അന്ന് മമ്മൂട്ടി ഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. ഓർക്കാപ്പുറത്ത് അവിടെയെത്തിയ ഇന്നസെന്റിനെയും മമ്മൂട്ടി വിളിച്ചു. ഇന്നസെന്റ് പറഞ്ഞു.. മമ്മൂട്ടി മോഹൻലാലിനു കൊടുക്കുന്ന ഭക്ഷണമാണോ? ആദ്യം ഒരു പൂച്ചയ്ക്ക് കൊടുത്തിട്ട് അത് ജീവനോടെയുണ്ടെങ്കിൽ ഞാൻ കഴിച്ചോളാം..എല്ലാവരും ചിരിച്ചു. സൂപ്പർ താരങ്ങൾ തമ്മിലുള്ള മൽസരത്തെപ്പറ്റിയായിരുന്നു ഇന്നസെന്റിന്റെ കോമഡി.

മലയാളത്തിലെ താരങ്ങൾ തമ്മിലുള്ള മൽസരത്തെപ്പറ്റി മമ്മൂട്ടി ഒരിക്കൽ പറഞ്ഞു.. ഞാൻ ഉൾപ്പെടെ എല്ലാ കലാകാരന്മാരും ഭയങ്കര അസൂയക്കാരാണ്. അയാൾക്കു കാറുണ്ട്, മറ്റെയാൾക്ക് വീടുണ്ട് എന്നൊന്നുമല്ല. സിനിമയിൽ കൂടെ അഭിനയിക്കുന്നവരെക്കാൾ നന്നായി അഭിനയിക്കണം. അയാൾക്കു കിട്ടുന്നതിനെക്കാൾ നല്ല റോൾ കിട്ടണം. അയാൾ ആ പടത്തിൽ നന്നായി. എനിക്ക് അത്ര പറ്റിയില്ല. അടുത്ത പടത്തിൽ അവനെ തോൽപ്പിക്കണം.. അതു തന്നെ.. അത് ഒരു സ്പിരിറ്റാണ്. സിനിമയെ നിലനിർത്തുന്ന സ്പിരിറ്റ്..സൗന്ദര്യം നിലനിർത്താനും ഇതേ സ്പിരിറ്റാണ് മമ്മൂട്ടിക്ക്.
........

അരിയാഹാരമേ കഴിക്കാറില്ല. ഊണിനു പകരം ചില ഗുളികകൾ‌ വെള്ളം ചേർക്കാതെ വിഴുങ്ങുകയാണ്. മൂന്നു നേരവും പാവയ്ക്കാ ജ്യൂസാണ് കഴിക്കുന്നത് എന്നൊക്കെ പലരും പറയുന്നുണ്ടല്ലോ?

പാവയ്ക്കയെക്കാൾ എനിക്ക് ഇഷ്ടം കുറെ ങ്ങ കളോടാണ്. പടവലങ്ങാ, പീച്ചിങ്ങ, വഴുതിനങ്ങ, മത്തങ്ങ, കുമ്പളങ്ങ.. അങ്ങനെ കുറെ ങ്ങ കൾ. വൈക്കത്ത് ചെമ്പിലെ തറവാട്ടിൽ ഇതൊക്കെ ധാരാളമായി കൃഷി ചെയ്തിരുന്നു. പറമ്പിൽ എന്റെ പേരുള്ള മരങ്ങളുണ്ട്. കുട്ടിക്കാലത്ത് വാപ്പ എന്നെക്കൊണ്ട് തൈ വയ്പ്പിക്കുമായിരുന്നു. ഞാൻ വയ്ക്കുന്ന തൈകൾക്ക് എന്റെ പേരാണ്. അനിയൻ വയ്ക്കുന്ന തൈകൾക്ക് അവന്റെ പേരും. അവ വളർത്തുന്നതു ഞങ്ങളുടെ ചുമതലയാണ്. ഇങ്ങനെ കൂടെ നിൽക്കണം. അന്നു ഞാൻ നട്ട ചെറി എന്നെക്കാൾ ചെറുപ്പമായി പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.

mammootty-latest-11 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

ഇലപ്പൊതി പോലെ ഉമ്മയുടെ അടുക്കളയിൽ വേറെ എന്തൊക്കെയുണ്ടായിരുന്നു ?

ഒരു മീൻ കറി, ഒരു വെജിറ്റബിൾ കറി, പിന്നെ ഒരു ഫ്രൈ, ഒരുലത്തു കറി. ഇത്രയുമേ കാണൂ ചെറുപ്പത്തിൽ ചെമ്പിലെ അടുക്കളയിൽ. ഇറച്ചിയൊക്കെ അപൂർവമാണ്. ഞായറാഴ്ചകളിൽ പോത്തിറച്ചി വയ്ക്കും. ചില വ്യാഴാഴ്ചകളിൽ ആട്ടിറച്ചി കിട്ടും. കോഴിയിറച്ചിയൊക്കെ ഭാഗ്യം പോലെയിരിക്കും. കോഴി നാട്ടിലെ വിഐപിയാണ്. മുട്ട വിറ്റാണ് പലരും അരിയും പലവ്യഞ്ജനവുമൊക്കെ വാങ്ങുന്നത്. കോഴിയെ കൊല്ലുകയോ വിൽക്കുകയോ ചെയ്താൽ പിന്നെ പലരുടെയും അടുപ്പിൽ തീ പുകയില്ല.

എന്റെ വീട്ടിലൊന്നും അന്നു കറന്റില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്താണ് പഠിച്ചത്. ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുമ്പോഴാണ് കറന്റ് വന്നത്. എന്റെ കല്യാണത്തിന് മട്ടൺ ബിരിയാണിയാണ് വച്ചത്. അതിനൊപ്പം ഒരു കഷണം കോഴി ഫ്രൈ കൂടി കൊടുത്താലോ എന്ന് ആലോചന വന്നു. ഞാനും അനുജനും കൂടി ചെമ്പിലും കുലശേഖരമംഗലത്തും മുഴുവൻ ഓടി, കോഴിയെപ്പിടിക്കാൻ... കല്യാണത്തിന്റെ കാര്യമാണ്, ഒരു കോഴിയെ താ എന്നു പറഞ്ഞ് വീടുകൾ തോറും കയറിയിട്ടും 25 എണ്ണംതികച്ചു കിട്ടിയില്ല. ആരും തരില്ല.

ഇപ്പോഴോ, കാലത്തു കോഴി, ഉച്ചയ്ക്കു കോഴി, വൈകുന്നേരം കോഴി.. എന്തെല്ലാം തരം മീനുകളാ ആളുകൾ വാങ്ങുന്നത്. അന്നത്തെ വിശപ്പും ഇന്നത്തെ വിശപ്പും തമ്മിൽ എന്താ വ്യത്യാസം ! ഒരു വ്യത്യാസവുമില്ലല്ലോ... ! കേരളത്തിൽ എത്ര തരം കോഴിയുണ്ടെന്ന് അറിയാമോ?

രണ്ടു തരം, മുട്ടയിടുന്ന കോഴിയും മുട്ടയിടാത്ത കോഴിയും..

രണ്ടല്ല, മൂന്ന്.. വൈറ്റ് ലഗൂൺ, ബ്ളാക്ക് മൈനോർക്ക, റോഡ് ഐലൻഡ് റെഡ്.. ബ്ളാക്ക് മൈനോർക്കയ്ക്ക് കറുത്ത ഉടുപ്പിൽ ചുവന്ന പുള്ളികൾ. സിനിമാ നടിമാരെപ്പോലെ സുന്ദരിക്കോഴികളാണ്. നടന്നു വരുന്നതു കാണാനൊരു ഗമയുണ്ട്. റോഡ് ഐലൻ‍ഡ് റെഡ് ചുവന്ന കോഴികളാണ്. അവയുടെ പൂവങ്കോഴികൾ സ്മാർട്ടാണ്. വൈറ്റ് ലഗോൺ ആണിപ്പോൾ നമ്മുടെ നാട്ടിൽ കൂടുതൽ കഴിക്കുന്നത്. നമ്മുടെ നാട്ടിൽ ബ്രോയ്‌ലർ കോഴി കൂവാൻ തുടങ്ങിയിട്ട് 15 വർഷമായിക്കാണും.

mammootty-latest-13 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

പഠിക്കാനായി കൊച്ചിയിൽ എത്തിയതോടെയാണോ ജീവിതത്തിലേക്ക് പുതിയ രുചികളും ഭക്ഷണശാലകളും വന്നത് ?

അന്നൊക്കെ രാവിലെ ലേറ്റായിട്ട് എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റൊന്നും കഴിക്കാതെ ഒറ്റയോട്ടമാണ് ബസ് സ്റ്റോപ്പിലേക്ക്. ചെമ്പിലൂടെ അന്ന് കെഎസ്ആർടിസി ബസു മാത്രമേയുള്ളൂ. ഞങ്ങളുടെ സ്റ്റോപ്പിലെത്തുമ്പോൾ വണ്ടി പാക്ക്ഡ് ആയിരിക്കും. നിർത്തില്ല.. അങ്ങനെ ഓടുന്ന ബസിൽ ചാടിക്കയറാൻ എക്സ്പർട്ടായി.

ഉച്ചയൂണിന് വാപ്പ രണ്ടൂരൂപ തരും. അത് ഹോട്ടലിനു പകരം തീയറ്ററിലാണ് കൊടുത്തിരുന്നത്. ഊണ് ഒഴിവാക്കി സിനിമ കാണും. ഫസ്റ്റ് ഷോ കഴിഞ്ഞാൽ ചെമ്പിലേക്കുള്ള ബസിൽ കൺസെഷൻ കിട്ടില്ല. അതുകൊണ്ട് രണ്ടു ദിവസം പട്ടിണി കിടന്നാലേ ഒരു സിനിമ കാണാൻ പറ്റൂ.. സിനിമ ടിക്കറ്റിനും ബസിലെ ഫുൾ ചാർജിനും പൈസ വേണമല്ലോ.. ഞാൻ പട്ടിണി കിടന്നു വളർ‌ത്തിയതാണ് ഈ മലയാള സിനിമ എന്നു വേണമെങ്കിൽ തമാശയായി പറയാം..

തട്ടുതട്ടായുള്ള അടുക്കു പാത്രത്തിലാണ് സിനിമാ ലൊക്കേഷനിലെ ഭക്ഷണം. ലൊക്കേഷനിൽ വിളമ്പുന്ന ഭക്ഷണം ആരോഗ്യകരമാക്കാൻ ഇടപെട്ടയാളാണ് മമ്മൂട്ടി....

സിനിമയിൽ വന്ന കാലത്തും എനിക്ക് ബ്രേക്ക്ഫസ്റ്റ് പതിവില്ലായിരുന്നു. അന്നും രാവിലെ ഉണരാൻ വൈകും. കഴിക്കാനൊന്നും നിൽക്കാതെ ഒരു ചായയും കുടിച്ചിട്ട് ലൊക്കേഷനിൽ ചെല്ലും. വെറും വയറ്റിൽ ചെന്നിട്ടാണ് സ്റ്റണ്ടും ഫൈറ്റും പ്രണയവും പ്രതികാരവുമൊക്കെ ! ആദ്യമൊക്കെ മലയാള സിനിമാ ലൊക്കേഷനിലെ ഭക്ഷണം ചോറും ഒന്നോ രണ്ടോ കറികളും മാത്രമായിരുന്നു. ഇപ്പോൾ പല വിഭവങ്ങളായി.

നല്ല ഭക്ഷണം മാത്രമല്ല, സിനിമയുടെ കഥ ചോദിച്ചു തുടങ്ങിയതും റോളെന്താണെന്ന് ആദ്യമായി ചോദിച്ചു തുടങ്ങിയതും ഞാനാണ്. അതുവരെ ഡേറ്റിനെപ്പറ്റി മാത്രമേ സംസാരമുള്ളൂ. നിർമാതാവോ സംവിധായകനോ നടനെ വിളിച്ചുപറയും, പതിനഞ്ചോ ഇരുപതോ ദിവസത്തെ ഡേറ്റ് വേണം. സബ്‌ജക്‌ടും റോളും എന്താണെന്നൊന്നും പറയില്ല. കഥയൊക്കെ അറിയുന്നത് അഭിനയിക്കാൻ ചെല്ലുമ്പോഴാണ്. നമ്മുടെ ഡ‍േറ്റ് ചോദിച്ച് ആളു വന്നാൽ മനസ്സിലാക്കുക, നമ്മൾക്ക് ഡിമാന്റുണ്ടെന്ന് !

പടയോട്ടം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അന്ന് സഹസംവിധായകനായ സിബി മലയിൽ എന്നോടു പറഞ്ഞത് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ കഥയാണ് എന്നു മാത്രമാണ്. അതിൽ ഏതു റോളാണ് എന്നു ഞാൻ ചോദിച്ചു. സിബി കഥാപാത്രത്തെപ്പറ്റി പറഞ്ഞു. അങ്ങനെയൊരു കഥാപാത്രം ആ കഥയിൽ ഇല്ല. പുതിയൊരു കഥാപാത്രത്തെ അവർ‌ സൃഷ്ടിച്ചതാണ്. അത് എന്താണെന്ന് അറിയണമല്ലോ. രാത്രിയിൽ ഇരുന്ന് ഞാൻ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. നടന്മാർ സ്ക്രിപ്റ്റ് വായിക്കുന്നതൊക്കെ അതുവരെ ആരും കേട്ടിട്ടുപോലുമില്ല. അതൊക്കെ അറിവില്ലായ്മയോ അഹങ്കാരമോ ആണെന്ന് അന്നൊക്കെ ചിലരെങ്കിലും വിചാരിച്ചിട്ടുണ്ട്. ആ ചീത്തപ്പേര് എനിക്ക് ഇപ്പോഴുമുണ്ട് !

ചെന്നൈ നഗരത്തിന്റെ കടുംതമിഴ്നിറങ്ങൾക്കടിയിൽ പച്ചപ്പിന്റെ ആഘോഷമാണ് അഡയാറിലെ മമ്മൂട്ടിയുടെ വീട്. പണ്ടൊരു വെള്ളക്കുഴിയായിരുന്നു അവിടം. ഇപ്പോൾ നിറയെ മരങ്ങളും ചെടികളും..

സിനിമയിലെത്തി മദ്രാസിൽ വന്നപ്പോൾ ആദ്യം സ്ഥലം വാങ്ങിയത് കൃഷി ചെയ്യാൻ കുറെ സ്ഥലമാണ്.  കുളമൊക്കെ കുഴിച്ചെങ്കിലും തുള്ളി വെള്ളമില്ല. നട്ടതൊക്കെ ഉണങ്ങിപ്പോയി. എന്നിട്ടും വാശിയോടെ മരങ്ങളൊക്കെ വച്ചുപിടിപ്പിച്ചു.

പിന്നെ വീടുണ്ടാക്കാൻ ആർഎ പുരത്ത് സ്ഥലം വാങ്ങിയപ്പോൾ ആ സങ്കടം തീർന്നു. അവിടെ ധാരാളം മരങ്ങൾ ഞാൻ നട്ടുപിടിപ്പിച്ചു. എന്റെ ബെഡ്റൂമിന്റെ തൊട്ടടുത്ത് ഒരു ചെമ്പകമുണ്ട്. ഞാൻ വരുന്ന ദിവസം നോക്കി ബെഡ്റൂമിന്റെ ജനലിനരികിലെ ചില്ലകൾ നിറയെ പൂവിടും.  വീട്ടുമുറ്റത്തുള്ള ഈ മാവ് ഒരുപാടു വളർന്നു. നല്ല നീളമുള്ള മാങ്ങയാണ്. നല്ല മധുരവുമുണ്ട്.
എന്താണ് മാവിന്റെ പേരെന്നു മറന്നു പോയി.

അതു കേട്ട് മരത്തിലിരുന്ന കിളി വിളിച്ചു പറഞ്ഞു.. തോത്താപ്പൂരി.. തോത്താപ്പൂരി..!ആ മാഞ്ചുവട്ടിൽ അറബികൾ ഓടിച്ചിരുന്ന പഴയ ലാൻഡ് ക്രൂസർ പാർക്ക് ചെയ്തിട്ടുണ്ട്. കുറെ നാളായി ഓടിച്ചിട്ടെന്ന് ജീപ്പ് പരാതി പറഞ്ഞു. വണ്ടിയുടെ ബോഡിയിലാകെ പലനിറത്തിൽ പൂക്കൾ വീണു കിടക്കുന്നു.

ഉണ്ണാനുള്ള നെല്ല് കുമകരത്തെ പാടത്തു നിന്നു കിട്ടുന്നുണ്ടോ ?

ഉണ്ണാനുള്ളതു കഴിച്ച് അത്യാവശ്യം വിൽക്കാനുള്ളതും കിട്ടുന്നുണ്ട്. പാടത്തു കിളയ്ക്കാനും തെങ്ങിനു തടം വെട്ടാനും നെല്ലു ചിക്കാനും പാകം നോക്കാനുമൊക്കെ എനിക്കും അറിയാം.   നെല്ല് കർഷകനെ നോക്കി ചിരിക്കുന്നതു കണ്ടിട്ടുണ്ടോ ? ഞാൻ കണ്ടിട്ടുണ്ട്.  ആദ്യത്തെ തവണ പുഴുങ്ങി കഴിയുമ്പോൾ ഓരോ നെല്ലും ചുണ്ടു പിളർത്തി ചിരിക്കും.

വാപ്പയ്ക്ക് ചന്തിരൂരിലും ബ്രഹ്മമംഗലത്തും നെൽ‌ക്കൃഷിയുണ്ടായിരുന്നു. ബ്രഹ്മമംഗലത്തു മുണ്ടകനും ചന്തിരൂരിൽ ചെട്ടിവിരിപ്പും.  മുണ്ടകന്റെ നെല്ല് പുട്ടിനും അപ്പത്തിനുമൊക്കെ എടുക്കും. ചെട്ടിവിരിപ്പിന്റെ നെല്ല് ഉണ്ണാനുള്ളതാണ്.

mammootty-farm

രണ്ടു പ്രാവശ്യം വലിയ ചെമ്പിലിട്ട് പുഴുങ്ങുന്നതാണ് ഇരുപ്പുഴുക്കൻ. നെല്ലിന് വേവ് ആയാൽ തീ കെടുത്തി അരിപ്പക്കയിലു കൊണ്ട് കോരിക്കോരി കുട്ടയിലിടും. കുട്ടയിലിരുന്ന് വെള്ളം തോർന്നാൽ നെല്ല് മുറ്റത്ത് നിരത്തും. വീടിന്റെ മുറ്റം മുഴുവൻ വലിയ തഴപ്പായകൾ വിരിച്ചിട്ടിട്ടുണ്ടാകും.  കാലുകൊണ്ട് ചിക്കി ചിക്കി നടന്നാണ് നെല്ലു നിരത്തുന്നതും ഉണക്കുന്നതും.

വാൽസല്യം എന്ന സിനിമയിൽ ഞ​ാൻ നെല്ലിന്റെ പാകം നോക്കുന്ന സീൻ ഉണ്ട്. അത് എന്റെ വീട്ടിൽ കണ്ടു ശീലിച്ചതാണ്. പത്തായം പെറുന്നതും ചക്കി കുത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്.  പത്തായത്തിന് രണ്ടു മണമാണ്. പുഴുങ്ങിയ നെല്ലിന്റെ മണം. പാറ്റയുടെ മണം.  പത്തായത്തിൽ കയറി ഒളിച്ചിട്ടുണ്ട് ഞാൻ.  പത്തായത്തിൽ ഇറങ്ങി നെല്ല് എടുത്ത് ഉരലിൽ ഇട്ട് ഇങ്ങനെ ഥും ഥും ഥും ഥും എന്ന് ജോലിക്കാരികൾ കുത്തും.

കുട്ടിക്കാലത്ത് നെല്ലു പായയിൽ കയറി ഓടിയതിന് നല്ല അടി കിട്ടിയിട്ടുണ്ട്.  മുറ്റത്തെ മണൽ പായയിൽ ചവിട്ടിക്കേറ്റുന്നതിനാണ് അടി.  കാലിലെ പൊടിയൊക്കെ കുടഞ്ഞ് വൃത്തിയാക്കി നല്ല ബഹുമാനത്തോടെ വേണം നെൽപ്പായയിൽ ചവിട്ടാൻ. അങ്ങനെ കല്ലും മണ്ണും പൊടിയുമൊന്നുമില്ലാതെ ശുദ്ധമായ ഭക്ഷണമായിരുന്നു നമ്മുടെ നാട്ടിലേത്.  

ഇപ്പോൾ ചോറു കാണുമ്പോൾ പേടി തോന്നാറുണ്ടെന്ന് മമ്മൂട്ടി പറയുന്നു...

സിനിമയിൽപ്പോലും ഇത്രയും മേയ്ക്കപ്പ് ഇല്ല. എത്ര കളർ ചേർത്താണ് ഭക്ഷണ സാധനങ്ങൾ‌ പുറത്തിറക്കുന്നത്. മനുഷ്യരെ കൊല്ലാൻ വേണ്ടി വിഷം ചേർത്ത ഭക്ഷണം തയാറാക്കുന്നവരെ കാനിബാൾസ് എന്നു വിളിക്കാൻ തോന്നും ! നരഭോജികൾ !

mammootty-latest-33 മമ്മൂട്ടി. ചിത്രം– മാർട്ടിൻ പ്രക്കാട്ട് (സംവിധായകൻ)

നമ്മുടെ നാട്ടിൽ ചൈനീസ് ഭക്ഷണം കഴിക്കുകയും വിദേശത്തു ചെന്നാൽ ഇലയിൽ ഊണു കിട്ടുമോ എന്നു മെനു കാർഡിൽ നോക്കുകയും ചെയ്യുന്നവരാണ് മലയാളികൾ.  വിദേശങ്ങളിലെ ഭക്ഷണ ശാലകളിൽ നിന്ന് രുചിയുള്ള ഓർമകൾ ഉണ്ടാവില്ലേ..?

ആളറിഞ്ഞേ പെരുമാറാവൂ എന്നു പറയുന്നതു പോലെ സ്ഥലമറിഞ്ഞേ ഭക്ഷണം ഓർ‍ഡർ ചെയ്യാവൂ. അമേരിക്കയിൽ ഒരാൾക്ക് ഭക്ഷണം ഓർഡർ ചെയ്താൽ മൂന്നു പേർക്ക് കഴിക്കാം. വലിയ മീലുകളാണ് അവിടെ. യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ഐറ്റം ഒരാൾക്കു പോലും തികയില്ല.  നാലഞ്ച് ഡിഷ് ഓർഡർ ചെയ്താലേ വയറു നിറയൂ..  ജപ്പാനിലൊക്കെ  എല്ലാം ചെറുതാണ്. ഒരു സാഷ്മിയായാലും ശരി, സൂഷിയായാലും എല്ലാം സൂക്ഷ്മമാണ്. ചൈനയിൽ കുറച്ചൂടെ വലുത്.

ലോകത്ത് അരിയാഹാരം കഴിക്കുന്നവരാണ് കൂടുതൽ. എന്തുകൊണ്ടാണെന്ന് അറിയാമോ? ഉത്തരം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.  ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വിളയുന്ന ധാന്യമാണ് നെല്ല്.

ഒരുപാട് സമ്പന്ന രാജ്യങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ദാരിദ്ര്യം കംബോഡിയയിലാണ്.  കൃഷിയുണ്ടെങ്കിലും വിളവു കുറവ്. ഒരു തവണ അവിടെ വച്ച് ടാക്സി വിളിച്ചു. ഫോറി‍ൻ കാറാണ്. 250 കിലോമീറ്റർ യാത്രയ്ക്ക് 250 അമേരിക്കൻ ഡോളർ കൂലി വേണമെന്നൊക്കെ പറഞ്ഞിരുന്നു. ചുമച്ചു കുരച്ചു വന്നത് 84 മോഡൽ ടൊയോട്ട കാർ.   അതാണ് അവരുടെ ഏറ്റവും വലിയ ഫോറിൻ കാർ.

ആ കാറിൽ കയറി കുണ്ടിലും കുഴിയിലുമൊക്കെ ചാടി കുറെ ദൂരം ചെന്നപ്പോൾ നല്ല വിശപ്പ്. ഒരു ചായക്കടയുടെ മുന്നിൽ നിർത്തി. ചായ കുടിക്കാൻ തോന്നിയില്ല.  ഡ്രൈവർ അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടു. ചോറും പുഴുങ്ങിയ മീനും മാത്രം. പച്ചപ്പശയുള്ള ദുർഗന്ധമുള്ള ചോറ്. സങ്കടം തോന്നി. വണ്ടിയിൽ കയറിയിട്ടും അയാളുടെ കൈയിൽ അതിന്റെ മണമുണ്ടായിരുന്നു.

ഒടുവിൽ ഒരു സ്റ്റാർ ഹോട്ടലിൽ കയറി. അവിടത്തെ ഏറ്റവും വലിയ ഹോട്ടലാണ്. ഏറ്റവും റിസ്ക് കുറ‍ഞ്ഞ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. മെനുവിൽ തപ്പിയപ്പോൾ അതാ റൈസ്. അങ്ങനെ റൈസും ഫിഷ് കറിയും ഫിഷ് കേക്കും ഓർഡർ ചെയ്തു. നീളത്തിലുള്ള മീൻ ഫ്രൈ വന്നു. പിന്നെ കൊണ്ടു വന്നത് ഒരു കരിക്കാണ്. അതിനുള്ളിൽ നല്ല തേങ്ങരയച്ച മീൻ കറി !  വിശന്നിരിക്കുമ്പോൾ നല്ല മീൻ കിട്ടിയാൽ വിടുമോ ? രണ്ടു പ്രവാശ്യം ഓർഡർ ചെയ്തു. അത് കംബോഡിയയിലെ കറിയല്ല. തായ്‌ലൻഡിലെ കറികളാണ്.

കഴിച്ചതിൽ ഏറ്റവും വില കൂടിയ ഭക്ഷണം?

അങ്ങനെയൊന്നും കഴിച്ചിട്ടില്ല. ചോറിനും കറിക്കും തന്നെ പലയിടത്തും പല വിലയല്ലേ.. പല ഹോട്ടലുകളിലും ഭക്ഷണത്തിന്റെ വിലയല്ലല്ലോ നമ്മൾ കൊടൂക്കുന്നത്, കഴിക്കുന്ന സ്ഥലത്തിന്റെ കൂടെ വിലയല്ലേ..!

സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ ചെന്നവരെല്ലാം കോടമ്പാക്കത്തെ പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നിട്ടുണ്ട്. മമ്മൂട്ടിയോ ?

ഭക്ഷണം ഒഴിവാക്കാറുണ്ടെങ്കിലും ദാരിദ്ര്യം അധികം അറിഞ്ഞിട്ടില്ല.  ചന്തിരൂരിലെ ഉമ്മയുടെ ഉമ്മയുടെ വീട്ടിൽ അടുത്തു വന്ന് സ്ഥിരമായി ഭക്ഷണം കഴിച്ചിട്ടു പോകുന്നവരുണ്ടായിരുന്നു. രാവിലെയും വൈകിട്ടും അവർ വരും. അവരുടെ വീടുകളിൽ ഭക്ഷണം  ഇല്ലാഞ്ഞിട്ടാണ്. അതെപ്പറ്റി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഉമ്മയുടെ ഉമ്മ അവർക്കു വേണ്ടി  എന്നും പ്രാർഥിക്കുമായിരുന്നു. ഒരു കാര്യം മാത്രം പറയാം, ദൈവത്തിന്റെ കൃപ കൊണ്ട് അവരൊക്കെ നല്ല നിലയിലാണിപ്പോൾ.

മമ്മൂട്ടി സെറ്റിൽ വന്നാൽ എല്ലാവരും എഴുന്നേൽക്കും.  ആ ആദരം മമ്മൂട്ടിക്ക് ഇഷ്ടവുമാണ്.  പക്ഷേ തന്നെക്കണ്ടാൽ ലൈറ്റ് ബോയ്സ് പോലും എഴുന്നേൽക്കരുതെന്ന് ഈ സൂപ്പർ താരം ആഗ്രഹിക്കുന്ന സമയമുണ്ട്. സെറ്റിലെ ഭക്ഷണ സമയം.  ഭക്ഷണം കഴിക്കുന്നതിനിടയിൽ താൻ വരുന്നതു കണ്ട് ആരെങ്കിലും എഴുന്നേറ്റാൽ അവരെ കൊല്ലും. എന്നെക്കാളും ബഹുമാനിക്കേണ്ടത് നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തോടാണ് എന്നു പറയും മമ്മൂട്ടി. ഭക്ഷണക്കാര്യത്തിൽ വലിയ കൺട്രോളാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്..

എനിക്ക് അങ്ങനെ കൺട്രോളൊന്നും ഇല്ല.  ഓട്ടോമാറ്റിക് കൺട്രോൾ ആണ്. നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആയിരം മുതൽ ആയിരത്തഞ്ഞൂറു വരെ കാലറിയാണ് വേണ്ടതെന്നാണ് എന്റെ അറിവ്. നമ്മൾ പലപ്പോഴും 1500ൽ  കൂടുതൽ കഴിക്കും. ഇത് അധ്വാനത്തിലൂടെ കളയുകയാണ് വേണ്ടത്.  ഭക്ഷണം കഴിക്കുമ്പോൾ, ഓ.. ഞാനെങ്ങും ഇതു ശ്രദ്ധിക്കാറൊന്നുമില്ല. അങ്ങനെയൊരു ശ്രദ്ധയേയില്ല.

വിദേശങ്ങളിലെ യാത്രയിൽ മിസ്സായ ഒരു ഭക്ഷണ സാധനം.

പറഞ്ഞാൽ ചിരിക്കും. പോർച്ചുഗലിലെ ഉണ്ടമ്പൊരി പോലൊരു ഭക്ഷണം. സോഷ്യൽ സ്റ്റഡ‍ീസിലെ വാസ്കോഡ‍ ഗാമ കോഴിക്കോട്ടേക്ക് കപ്പൽ കയറിയ പോർച്ചുഗലിലെ ബേലം തുറമുഖത്തു ഞാൻ കാൽകുത്തിയിട്ടുണ്ട്. അവിടെ പേസ്റ്റിസ് ഡി ബേലം എന്നൊരു റസ്റ്റോറന്റുണ്ട്. അരമണിക്കൂർ പുറത്തു കാത്തു നിന്നു കഴിഞ്ഞാണ് ഇരിക്കാൻ സീറ്റ് കിട്ടിയത്. ആ ഹോട്ടലിൽ നമ്മുടെ ഉണ്ടമ്പൊരി കണ്ടു. നമ്മുടെ നാട്ടിലെ ചായ, പഴംപൊരി, ചക്കയപ്പം പോലുള്ള സാധനങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. കഷ്ടകാലത്തിന് ഊണു കഴിഞ്ഞാണ് അവിടെ ചെന്നത്. ഒന്നും ടേസ്റ്റ് ചെയ്യാൻ പറ്റിയില്ല.  ബേലത്തെ ചെറിയ കടകളിൽ ഇടിയപ്പത്തിന്റെ അച്ച്, പുട്ടുകുറ്റി, അരിപ്പക്കയില്, സാധാരണ കയില് ഒക്കെ വിൽക്കാൻ വച്ചിട്ടുണ്ട്.  പണ്ട് നമ്മുടെ ഉൽസപ്പറമ്പിൽ കിട്ടുന്ന കളിപ്പാട്ടമില്ലേ, ഞെക്കുമ്പോൾ ചാടുന്ന സർക്കസുകാരൻ ! അവൻ അവിടെ കടകളിൽ ഇരിക്കുന്നതു കണ്ടു!

mammootty-london

പോർച്ചുഗലിൽ ചെന്നാൽ വിശിഷ്ട ആഹാരമായി ഓർഡർ ചെയ്യാവുന്നത് സാർഡിനാണ്. അതായത് ചാള.  ഒരു പ്ളേറ്റ് ചാള  പറഞ്ഞാൽ‌ ആറു ചാള പൊരിച്ചത് തരും. കൈയുടെ നീളം.  നമ്മുടെ നാട്ടിൽ കിട്ടുന്ന ഒമാൻ ചാളയെക്കാൾ വലിയചാള. ചാള അവിടെ  വിശിഷ്ട ഭോജ്യമാണ്.

ഇടുക്കിയിലെ പല ഹോട്ടലുകാരും പറയാറുണ്ട്, മമ്മൂട്ടി ഇവിടെ നിന്നാണ് അച്ചാറു വാങ്ങുന്നതെന്ന്... സത്യമാണോ ?

ഞാനൊരിടത്തുനിന്നും അച്ചാറു വാങ്ങിക്കാറില്ല. ഇപ്പോൾ അച്ചാറു കഴിക്കാറുമില്ല. ഇടുക്കിയിലെ ചില ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.  ഒരിക്കൽ ഷൂട്ടിങ് കഴിഞ്ഞ് വെളുപ്പിനെ ഇടുക്കിയിൽ നിന്നു മലയിറങ്ങുകയാണ്. ചെറുതോണി എത്തിയപ്പോൾ ഒരു നാടൻ ചായക്കട.  പലക കൊണ്ടു തട്ടികളാണ്. അതു തന്നെയാണ് കടക്കാരന്റെ വീടും. ചില്ലിട്ട അലമാരിയിൽ ഒന്നുമില്ല.

ഞാൻ ചോദിച്ചു.. കഴിക്കാൻ വല്ലതുമുണ്ടോ ?

ഒന്നൂല്ല സാറേ.. എന്ന് ചായക്കടക്കാരൻ.

സേതുരാമയ്യർ സിബിഐ പോലെ ആകെ ഒന്നു നോക്കിയപ്പോൾ ഒരു പാത്രത്തിൽ കുറച്ചു കാച്ചിലു പുഴുങ്ങിയത് ഇരിക്കുന്നു.  അയാൾ മുളകു പൊട്ടിച്ച് വെളിച്ചെണ്ണ ചേർത്ത് ഒരു കിടിലൻ ചമ്മന്തിയുണ്ടാക്കിത്തന്നു. ഞാൻ ആ കാച്ചിലു മുഴുവൻ  കഴിച്ചു.

ഇതറിഞ്ഞപ്പോൾ എന്റെ ഭാര്യയ്ക്കും അവിടെ പോകാൻ മോഹം. അങ്ങനെ ഒരു ദിവസം പെട്ടെന്ന് ഞങ്ങൾ രണ്ടു പേരും കൂടി അതേ കടയിൽ ചെന്നു. കടക്കാരൻ വണ്ടറടിച്ചുപോയി.നേരത്തെ പറഞ്ഞിരുന്നേൽ സ്പെഷൽ ഉണ്ടാക്കിയേനേ, സാറേ, എന്നായിരുന്നു അയാളുടെ സങ്കടം. നേരത്തെ  പറയാതിരുന്നതിൽ എനിക്കു സന്തോഷം തോന്നി. പറഞ്ഞിരുന്നെങ്കിൽ കാച്ചിലിനു പകരം സ്പെഷ്യൽ കഴിക്കേണ്ടി വന്നേനെ. 

ഇതുപോലെ വേറെയും കാണില്ലേ, രുചിയുള്ള ഓർമകൾ...?

കുന്നംകുളം റൂട്ടിൽ ചങ്ങരംകുളം കഴിയുമ്പോൾ ഒരു അയിഷാ ഹോട്ടൽ.  പണ്ടൊക്കെ കോഴിക്കോട്ടൊക്കെ ഷൂട്ടിങ് ഉള്ളപ്പോൾ അതിരാവിലെ കൊച്ചിയിലെ വീട്ടിൽ നിന്ന് കോഴിക്കോടിനു ‍ഡ്രൈവ് ചെയ്യും. വെള്ള കീറുമ്പോൾ കുന്നംകുളത്തെത്തും.  അയിഷ ഹോട്ടലിൽ നല്ല ചൂടു പുട്ടും മട്ടൺ കറിയും മീനും ഒക്കെ കിട്ടും. അത് കഴിക്കും. ആളുകൾ കയറി വരുന്നതിനു മുമ്പ് സ്ഥലം വിടും.

ജോഷിയുടെ സൈന്യത്തിന്റെ ഷൂട്ടിങ് കൊല്ലം ഭാഗത്തായിരുന്നു. പാലാറിൽ നിന്ന് പുനലൂർക്കു വരുന്ന വഴി പുഴയുടെ തീരത്ത് കുറെ ചെറിയ ചായക്കടകളുണ്ട്.  ഷൂട്ടിങ് കഴിഞ്ഞാൽ ആദ്യത്തെ പരിപാടി അവിടെ കയറി നാടൻ പലഹാരങ്ങളുടെ രുചി നോക്കലായിരുന്നു.  ഇന്നു കയറുന്ന കടയിൽ നാളെ കയറില്ല.  ആ കളിക്ക് അന്ന് വിജയ് മേനോനും എന്റെ കൂടെയുണ്ടായിരുന്നു.

ഭക്ഷണത്തെക്കുറിച്ച് ഇത്രയും പറയുന്ന ആൾക്ക് ഹോട്ടൽ തുടങ്ങണമെന്ന് തോന്നിയിട്ടുണ്ടോ, എപ്പോഴെങ്കിലും ?

ഒരിക്കലും ഇല്ല.  ടിവിയിലെ കുക്കറി ഷോ കണ്ടിട്ട് പരീക്ഷണം നടത്താൻ ഞാൻ ഇടയ്ക്കൊക്കെ അടുക്കളയിൽ കയറാറുണ്ട്.   ഞാനുണ്ടാക്കുന്ന സാധനങ്ങൾക്ക് വലിയ കുഴപ്പമൊന്നും ഉണ്ടാകാറില്ലെന്നാണ് സുലുവിന്റെ സർട്ടിഫിക്കറ്റ്..

mammootty-sulfath-dulquer

ഈ വീട്ടിൽ ദുൽക്കർ മുതൽ എല്ലാവരും അടുക്കളയിൽ കയറും. ഞാനും സുലുവും മക്കളും ഒരുമിച്ചുള്ളപ്പോൾ ഓരോരുത്തരും ഓരോ ഡിഷ് ഉണ്ടാക്കും.  പരസ്പരം മൽസരിച്ചാണ് പാചകം.എങ്കിലും സുലു അടുക്കളയിൽ കയറാത്ത ദിവസം ആഹാരം മുന്നിലെത്തിയാലുടനെ എനിക്ക് തിരിച്ചറിയാൻ പറ്റും.

ഇച്ചാക്കയുടെ പ്രിയപ്പെട്ട സുലു ഇതു തലകുലുക്കി സമ്മതിച്ചു. എന്നിട്ടു പറഞ്ഞു..  ചിലപ്പോൾ ഇച്ചാക്ക സ്വയം അടുക്കളയിൽ കയറും. അതുവരെ രുചിച്ചിട്ടില്ലാത്ത ചില സാധനങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്യും...

മമ്മൂട്ടിക്കായ്ക്ക് ഇഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ് കേട്ടിട്ടില്ലേ ?. അതു കുടിച്ചിട്ടുണ്ടോ?

ജ്യൂസിന് ആ പേരുണ്ടെങ്കിലും  എനിക്ക് വലിയ പ്രിയമൊന്നുമില്ല.   ഫോർട്ട് കൊച്ചിക്കാരു പാടുന്ന പാട്ടാണ്.

ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്.. മമ്മൂട്ടിക്കായ്ക്കിഷ്പ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്.. മമ്മൂട്ടി ഏറ്റുപാടുന്നു..

ആദ്യത്തെ ചോദ്യം ഒരിക്കൽക്കൂടി.. ഈ രൂപഭംഗി നിലനിർത്താൻ മമ്മൂട്ടി എന്തൊക്കെ ഭക്ഷണമാണ് കഴിക്കുക ?

അപ്പോൾ മമ്മൂട്ടി ഒരു കഥ പറഞ്ഞു..

ഒരു സെൻഗുരു ശിഷ്യന്മാരോടൊത്താണ് എന്നും  ഭക്ഷണം കഴിച്ചിരുന്നത്. ഒരു ദിവസം ശിഷ്യന്മാർക്കു വിളമ്പിയതിനെക്കാൾ മുന്തിയ സൂപ്പാണ് ഗുരുവിന്റെ മുന്നിൽ വിളമ്പിയത്.

ഗുരു ചോദിച്ചു..  ആരാണ് ഇന്നത്തെ വെപ്പുകാരൻ ?

ഒരു ശിഷ്യൻ താനാണെന്നു പറഞ്ഞ് മുന്നോട്ടു വന്നു.

ഇന്ന് ഞാനൊന്നും കഴിക്കുന്നില്ലെന്നു പറഞ്ഞ് ഗുരു മുറിയിൽ കയറി വാതിലടച്ചു.  

ഒരാഴ്ചയോളം ഗുരു പിന്നെ ഭക്ഷണം കഴിച്ചില്ല... ഉണ്ണാവ്രതം...

ഗുരു ഭക്ഷണം കഴിക്കാതെ ശിഷ്യന്മാർ എങ്ങനെ കഴിക്കും ?

വിശപ്പു സഹിക്കാൻ പറ്റാതെ ഒരു ദിവസം ശിഷ്യൻ ഗുരുവിന്റെ മുറിയുടെ വാതിലിൽ തട്ടി.. വിശന്നിരുന്നാലും അങ്ങേയ്ക്കു കുഴപ്പമൊന്നുമില്ല. പക്ഷേ ഞങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങൾക്കു വിശപ്പു സഹിക്കാൻ കഴിയുന്നില്ല.

ഗുരു പറഞ്ഞു... ഇനി ഒരിക്കലും എന്റെ ശിഷ്യന്മാർ കഴിക്കുന്ന ഭക്ഷണമല്ലാതെ വേറൊന്നും എനിക്കു വിളമ്പരുത്.  നീയൊരു ഗുരുവാകുമ്പോളും ഇത് ഓർമ വേണം.

ഇക്കഥ പറഞ്ഞിട്ട് മമ്മൂട്ടി പറഞ്ഞു... ഞാൻ ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ ഇഷ്ടമുള്ള അത്രയും കഴിക്കില്ല.