Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജൻമാരുടെ ആദ്യപണി മണിച്ചിത്രത്താഴിന്

mohanlal-sureshgopi

പ്രേമം വ്യാജന്‍ ഇന്റര്‍നെറ്റില്‍ വിലസുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി മലയാളസിനിമയില്‍ ഉണ്ടായിട്ടുണ്ട്. മലയാള സിനിമാചരിത്രത്തിൽ വ്യാജന്റെ ഭീഷണി നേരി‌‌ടേണ്ടിവന്ന ആദ്യമെഗാഹിറ്റാണ് മണിചിത്രത്താഴ്. വ്യാജൻ മുൻപും ഇറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വ്യാജകോപ്പികൾ ഇറങ്ങിയതും ഇതിന്റെ പേരിൽ വലിയ നിയമപോരാട്ടം ന‍ടന്നതും ഈ സിനിമയുടെ പേരിലാണ്.

കാസറ്റിനായി മട്ടാഞ്ചേരിയിൽ റെയ്ഡ് ന‌ടത്താനെത്തിയ പോലീസ് സംഘം ഞെട്ടി. 21 വി.സിആറിൽ മണിചിത്രത്താഴിന്റെ‌ കോപ്പികൾ രാപകലില്ലാതെ പകർത്തുന്നു. അന്ന് വ്യാജനിറക്കി പണം സമ്പാദിച്ചയാൾ ഒരു സിനിമ സ്വന്തമായി നിർമ്മിച്ചു. പോലീസിന്റെ‌ റിക്കോർഡിൽ ഇപ്പോളും പി‌ടികിട്ടാപുള്ളി. പാപനാശത്തിന് മുൻപ് കമൽഹാസനും കിട്ടിയി‌ട്ടുണ്ട് വ്യാജന്റെ പണി.

വ്യാജനെ മണിചിത്രത്താഴിട്ട് പൂട്ടാൻ ന‌ടത്തിയ ഓപ്പറേഷന്റെ കഥ

∙റിലീസിന്റെ അടുത്തയാഴ്ച്ച വ്യാജൻ

മണിചിത്രത്താഴ് വൻഹിറ്റായി മുന്നേറുന്നു. എല്ലാ തിയേറ്ററിലും ഹൗസ്ഫുൾ. ഇതിനിടെ വ്യാജനിറങ്ങി,അതും നല്ല തെളിച്ചമുള്ള പ്രിന്റ്. രക്ഷയില്ലാതായതോടെ വ്യാജ കാസറ്റിനെക്കുറിച്ച് സൂചന തരുന്നവർക്ക് നിർമ്മാതാക്കൾ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. ഒടുവിൽ എറണാകുളത്തെ ഒരു കാസറ്റ് കടയിൽ നിന്നുമെടുത്ത വ്യാജ കാസറ്റുമായി ഒരു പയ്യനെത്തി,ക‌ടയെക്കുറിച്ച് സൂചന നൽകി. പോലീസ് സംഘം വീഡിയോകടയിലെത്തി ഉടമയെപൊക്കി. കാക്കനാടുള്ള ഒരാളാണ് കാസറ്റ് തന്നതെന്ന് കടയുടമ. കാക്കനാട്ടുകാരൻ യുവാവിനെ ഏറെ അന്വേഷണത്തിനൊടുവിൽ സാഹസികമായി പോലീസ് പിടികൂടി. മട്ടാഞ്ചേരിക്കാരനായ മാർവാഡിയെക്കുറിച്ച് സൂചന കിട്ടുന്നതങ്ങനെ.

∙സിനിമ പകർത്താൻ 21 വിസിആർ

മാർവാടിയുടെ വീ‌ട്ടിൽ മണിചിത്രത്താഴ് പകർത്താൻ 21 വിസിആർ. ഷൊർണൂരിൽ നിന്നാണ് കാസറ്റ് കിട്ടിയതെന്ന് മാർവാഡി. അന്വേഷണം മലബാറിലേക്ക് നീണ്ടു. ദോഹയിലെ ഒരു മലയാളിയാണ് കാസറ്റ് എത്തിച്ചതെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. വിദേശത്തായതിനാൽ അയാളെ പി‌ടിക്കാനായില്ല. കൂട്ടുപ്രതികളെ കിട്ടി. യഥാർഥ പ്രതിയെ പിടിക്കാൻ കുടുംബത്തിലെ ച‌ടങ്ങുകൾവരെ പോലീസ് സംഘം നിരീക്ഷിച്ചു. അയാൾ മറവിൽതന്നെ നിന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ഡിജിപിയായിരുന്ന ജയറാംപടിക്കലും വരെ ഇടപെട്ടു. ആളെ കി‌ട്ടിയില്ല. സ്വർഗചിത്രയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ. അന്വേഷണം നീണ്ടതോടെ പകർപ്പുകൾ വീണ്ടുമിറങ്ങി. നിർമ്മാതാവിന് സാരമായ നഷ്ടവും വന്നു. ആലുവ കോടതിയിലാണ് കേസ് ന‌‌ടന്നത്.

∙കമല്‍ഹാസന് പണ്ട് കിട്ടിയ പണി

മണിചിത്രത്താഴിറങ്ങിയ വർഷം കമൽഹാസന്റെ ഒരു സിനിമയും തകർത്തോടുന്നു. വ്യാജനിറങ്ങാതിരിക്കാൻ ഓരോ പ്രിന്റിനൊപ്പവും കമലിന്റെ അനുയായികളുണ്ടാകും. പക്ഷേ ആ സിനിമയും ചോർന്നു. കോതമംഗലത്തെ തിയേറ്ററിന്റെ ഉടമയാണെന്ന വ്യാജേന ഡിസ്ട്രിബ്യൂഷൻ ഓഫീസിൽ നിന്നും പടത്തിന്റെ കോപ്പി തട്ടിപ്പ് സംഘം കൈക്കലാക്കി. വൈറ്റിലയിലെ ഒരു വീട്ടിലെ വെള്ള ചുവരിൽ ചെറിയ പ്രൊജക്ടർ ഉപയോഗിച്ച് പടം പ്രദർശിപ്പിച്ചു. അത് ഒരു ചെറിയ ക്യാമറിൽ ഷൂട്ട് ചെയ്ത് വ്യാജനിറക്കി. തട്ടിപ്പുകാരിൽ ചിലരെ കിട്ടി. അപ്പോളേക്കും ആയിരക്കണക്കിന് കാസറ്റ് വിപണിയിലെത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.