Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനായകൻ ഉറഞ്ഞുതുള്ളി, ദുൽക്കറിനെ മാര്‍ക്കറ്റ് ചെയ്തില്ല; പി. ബാലചന്ദ്രൻ

balachandran-dulqer-vinayakan

വിനായകന്റെ അവാർ‌ഡ്‌ ലബ്ധിയെ വാനോളം പുകഴ്ത്തുമ്പോഴും കമ്മട്ടിപ്പാടം സിനിമയെ വാഴ്ത്തുമ്പോഴും നാം മറക്കരുതാത്ത ഒരു പേരുണ്ട്. പി ബാലചന്ദ്രൻ. കമ്മട്ടിപ്പാടത്തെ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവർക്ക് ജീവൻ പകർന്ന തിരക്കഥാകൃത്ത്. ‘‘ന്യൂജനറേഷൻ പിള്ളാരുടെ’’ ഒപ്പം സിനിമ ഒരുക്കാൻ ചേർന്ന ഒാൾഡ് ജനറേഷൻ മുഖം. പവിത്രം പോലുള്ള കാമ്പുള്ള ഒട്ടനവധി സിനിമകൾക്കായി തൂലിക ചലിപ്പിച്ചിട്ടുള്ള ബാലേട്ടൻ കമ്മട്ടിപ്പാടത്തെക്കുറിച്ച് സംസാരിക്കുന്നു.

കമ്മട്ടിപ്പാടത്തിലെ കഥാപാത്ര സൃഷ്ടി എങ്ങനെയായിരുന്നു? തിരക്കഥാരചന എപ്രകാരമായിരുന്നു ? വിനായകനും മണികണ്ഠനും എപ്പോഴാണ് സിനിമയുടെ ഭാഗമായത്.

ആത്യന്തികമായി പറഞ്ഞാൽ കമ്മട്ടിപ്പാടം സംവിധായകന് മേൽക്കോയ്മയുള്ള ഒരു സിനിമയാണ്. അതിന് അദ്ദേഹത്തെ സഹായിക്കുന്ന പല ഘടകങ്ങളിലൊന്നു മാത്രമാണു സ്ക്രിപ്റ്റിംഗ് എന്നു പറയുന്നത്. അല്ലാതെ തിരക്കഥയിൽ അടിസ്ഥാനമായ സിനിമയല്ലിത്. ഞാനും രാജീവ് രവിയും ചേർന്നുള്ള ഒരു ചർച്ചയ്ക്കിടെ ഉരുത്തിരിഞ്ഞൊരു ആശയമാണ് അതിന്റെ അടിത്തറ. നമ്മൾ സാധാരണ കാണുന്നതുപോലെ ഒരാളൊരു തിരക്കഥയെഴുതി പിന്നെ ഒരു ഡയറക്ടർ വന്നു അതിനെ പല തലത്തിൽ നിന്നു നോക്കി സംവിധാനത്തിലേക്കു കടക്കുന്നു. അങ്ങനെയുള്ള പതിവ് രീതിയല്ല ഇവിടെ നടന്നത്. ഒരു അടിസ്ഥാന ആശയത്തിൽ നിന്നുകൊണ്ട് ഷൂട്ടിങ് ആരംഭിച്ച് അതാതു സമയങ്ങളിലെ ആർട്ടിസ്റ്റുകളും കൂടെയുള്ള ആൾക്കാരും ഒക്കെ കൂടെ ചേർന്ന് അതാതു സമയത്തെ ഡയലോഗുകളെ മാറ്റിയും മറിച്ചും ഒക്കെ ചെയ്തു ചെയ്താണ് ഓരോ ദിവസവും സിനിമ പുരോഗമിച്ചത്.

P Balachandran | Exclusive Interview | Part 2/4 | I Me Myself | Manorama Online

എറണാകുളത്തെ കെഎസ്ആർടിസി സ്റ്റാന്റിനടുത്തുള്ള, കമ്മട്ടിപ്പാടം എന്നു പണ്ടു വിളിച്ചിരുന്ന സ്ഥലത്ത് ജീവിച്ചിരുന്നവരുടെ കഥയാണ് പറഞ്ഞത്. വിനായകൻ അവിടെയുള്ള ആളാണ്. വിനായകനെയും അയാളുടെ കുടുംബത്തെയുമൊക്കെ രാജീവിനറിയാം. പക്ഷേ സിനിമയുടെ തുടക്കത്തിലൊന്നും വിനായകനെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നില്ല. അത് സിനിമയുടെ വഴികളിലെവിടെയോ സംഭവിച്ചു പോയതാണ്. എന്റെ ശിഷ്യനായ വിജയകുമാറായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ. കഥാപാത്രങ്ങൾ ആരു ചെയ്യണം എന്നു തീരുമാനിച്ചത് അദ്ദേഹമാണ്. അങ്ങനെ വിജയകുമാർ വഴിയാണ് വിനായകനിലേക്കും മണികണ്ഠനിലേക്കുമെത്തുന്നത്.

സിനിമയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് വിനായകനും മണികണ്ഠനുമാണ്. എങ്ങനെയാണതു സാധ്യമായത് ?

സ്ക്രിപ്റ്റ് എന്നു പറയുന്നത് ഒരു പ്രതലമാണ്, ഒരു ഓർബിറ്റാണ്. അതിനകത്തേയ്ക്കൊരു ഒരു അഭിനേതാവു വന്നാൽ പിന്നെ അയാളിൽ നിന്നാണ് അഭിനയവും സിനിമയും ഒക്കെ സംഭവിക്കുന്നത്. സ്ക്രിപ്്റ്റും സംവിധായകനും കൊടുക്കുന്ന ഒരു വലയം അതിനെയാണ് ഓർബിറ്റ് എന്നു പറയുന്നത്. സ്ക്രിപ്റ്റ് കൊടുക്കുന്ന ഒരു സ്വതന്ത്ര വലയത്തിനകത്ത് വിനായകൻ നിന്നിട്ട് ഗംഗയെന്ന കഥാപാത്രത്തെ ആവിഷ്കരിക്കുകയാണ്. ഓർബിറ്റിന്റെ വിശാലമായ പ്രതലമാണ് വിനായകൻ എന്ന ആളിനെ സ്വതന്ത്രനാക്കുന്നത്. മണികണ്ഠനെയും അതുപൊലെ തന്നെ. ഇവിടെ വിനായകനും മണികണ്ഠനും കൊടുത്ത സ്വാതന്ത്ര്യമാണ് സിനിമയിൽ പ്രതിഫലിച്ചത്. അവരുടെ അഭിനയത്തെ മികച്ചതാക്കിയത്.

Vinayakan

ഏതൊരു നടന്റെയായാലും മനുഷ്യന്റെയായാലും സ്വാഭാവികത പുറത്തു വരുന്നത് സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴാണ്. ഇവിടെ വിനായകനും മണികണ്ഠനും അനുഭവിച്ച സ്വാതന്ത്ര്യം കൊണ്ടാണ് അവര്‍ക്ക് നമ്മളെയെല്ലാം ആകർഷകമാക്കുമാറ് സ്വയം അവനവന്റെ ഉള്ളിൽ കിടക്കുന്ന അനന്ത സാധ്യതകളെ കണ്ടെത്തി കഥാപാത്രങഅങളായി മാറാനായത്. അതാണ് നമ്മളെ ഇത്രയധികം ആകർഷിച്ചത്. അല്ലാതെ കൃത്രിമമായി മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിനായകനും മണികണ്ഠനും കുറേ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിൽ ഈ അഭിനയ ഭംഗി ആസ്വദിക്കാൻ പ്രേക്ഷകർക്കു സാധിക്കുമായിരുന്നില്ല. ഈ ഷോട്ടിൽ ഇവരെ ഇങ്ങനെയാകാം, അങ്ങോട്ട് നോക്കിക്കണം, ഈ ഭാഗത്തേക്ക് നടത്തിക്കണം അങ്ങനെയുള്ള കൃത്രിമമായ ഒരു ചെയ്തികളും ഉണ്ടായിരുന്നില്ല. അഭിനയിക്കുമ്പോൾ ഒരിക്കലും ചിന്തിക്കാൻ പാടില്ല. dont think please...എന്നാണ്. ഇവിടെ രണ്ടു പേരും ഒരു ചിന്തയ്ക്കും അടിമപ്പെടുന്നതായി എനിക്കു തോന്നിയില്ല.

ഷൂട്ടിങ് സമയത്തെ ഇവരുടെ പ്രകടനങ്ങൾ അമ്പരിപ്പിച്ചോ ?

ഞാനും വിനായകനും വളരെ കുറച്ചു സീനുകളിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ചില ഷൂട്ടിങ് രംഗങ്ങളെ കുറിച്ചു പറയാം. ദുൽക്കർ അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടായിരുന്നു ഞാൻ വേഷമിട്ടത്. തിരുവനന്തപുരം ജയിലില്‍ ‌നിന്ന് പുറത്തിറങ്ങിയ അവനെയും കൊണ്ടെങ്ങനെയെങ്കിലും നാട്ടിലേക്ക് അടുത്ത ട്രെയിൻ പിടിച്ച് പോരുന്ന കാര്യം പറഞ്ഞ് ഞങ്ങൾ സെൻട്രൽ ജയിലിന്റെ മുൻപിൽ കൂടി നടന്നു വരികയും അപ്പോൾ എന്റെ ചിന്തകളെയെല്ലാം തെറ്റിച്ച് വിനായകൻ വന്ന് ദുൽക്കറിനേയും കൂട്ടി പോകുന്നതായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നു.

ഞങ്ങൾ വരുന്നതിന്റെ നേരെ എതിരെ ഒരു കാറിനകത്ത് വിനായകനും മൊക്കെ കൂടെ ഇവനെ സ്വീകരിക്കാൻ വരുന്നുണ്ട് എന്ന് രാജീവ് പറഞ്ഞിരുന്നു. എന്റെ വിചാരം കാർ കൊണ്ടുനിർത്തി വിനായകൻ ഇറങ്ങി വന്ന് കൃഷ്ണാ എന്റെ കൂടെ വാ നമുക്ക്് പോകാം എന്നു പറയുമെന്നായിരുന്നു കരുതിയത്. അതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ സംഭവിച്ചതു നേരെ മറിച്ചായിരുന്നു.

ഞാനും ദുൽക്കറും കൂടി നടന്നു വന്നപ്പോൾ കാർ പെട്ടെന്ന് കൊണ്ടുനിർത്തി. വിനായകൻ ചാടിയിറങ്ങി. ഒരുതരം വെളിപാട് കൊണ്ടവനെപ്പോലെയായിരുന്നു അന്നേരം അവൻ. കാറിൽ നിന്ന് ചാടി ഇറങ്ങി വന്ന് കൃഷ്ണാ നീ ഇങ്ങോട്ട് വാ... മാധവേട്ടാ ഞാൻ ഇവനെയും കൊണ്ട് അങ്ങോട്ട് പോകുവാണ് കെട്ടോ മാധവേട്ടാ എന്നു പറഞ്ഞ് അങ്ങോട്ടു പോകുന്നു....ആകെകൂടെ നിലപാട് മറന്നുപോയവനെ പോലെ എന്നേ പറയാനാകൂ. വെളിച്ചപ്പാടിനെപ്പോലെ ആയിപ്പോയി. അങ്ങ് ഉറഞ്ഞുതുള്ളി.... കൃഷ്ണനോടുള്ള സ്നേഹവും അവനെ കൊണ്ടുപോകാനുള്ള വെപ്രാവളും എന്നോടു യാത്ര ചോദിക്കുന്നതും അവനെ കൈപിടിച്ച് വണ്ടിയിൽ കയറ്റുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഒറ്റ ടേക്കിൽ കഴിഞ്ഞു. ഇതെല്ലാം ഇൗ ചടുല താളത്തിൽ അവൻ ചെയ്യുമെന്ന് ഞാൻ സത്യത്തിൽ വിചാരിച്ചില്ല. ഇത്തരം പ്രകടനങ്ങളെ നിരന്തരം ഈ സിനിമയിൽ കാണാൻ പറ്റും. ഇതുപോലത്തെ അവസ്ഥയിലായിരുന്നു വിനായകൻ സിനിമയിൽ. അവനങ്ങ് ഉറഞ്ഞാടുന്ന ഒരവസ്ഥയിൽ പോയപ്പൊഴാണ് അതൊരു വല്ലാത്തൊരു മികവുള്ള പ്രകടനമാകുന്നതും. അവൻ ഈ പറഞ്ഞതു പോലെ ഏറ്റവും നല്ല നടനുള്ള അവാർഡിന് അർഹനാകുന്നതും.

vinayakan

അവാർഡുകൾ പ്രതീക്ഷിച്ചിരുന്നോ ?

നമ്മുടെ നാടിന്റെ വ്യവസ്ഥിതിയും അവാർഡു നിർണയിക്കുന്ന രീതികളും അറിയാമല്ലോ. പണ്ടുതൊട്ടെ അത്തരം കാര്യങ്ങളിൽ താൽപര്യമോ അകാംക്ഷയോ ഒന്നുമുള്ള ഒരാളല്ല. അതൊന്നും ആരുടെയും കുറ്റമല്ല. അതിനൊക്കെ ഒരുപാട് പരിമിതികളുമുണ്ട്. അറിവില്ലായ്മയുടെയും അഭിരുചികളുടെയുമൊക്കെ ഒരുപാട് പ്രശ്നമുണ്ട്. അവാർഡുകളെക്കുറിച്ച് ഒരു പ്രതീക്ഷയും ഞാൻ വച്ചുപുലർത്താറില്ല. അവാർഡ് പ്രഖ്യാപിക്കുമ്പൊൾ ചുമ്മാതെ കെട്ടോണ്ടിരിക്കുക. ഭാഗ്യം കൊണ്ട് നമുക്കനുകൂലമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷിക്കുക. അല്ലാത്തതു വരുമ്പോൾ നിസ്സഹായതയിൽ ഇരിക്കുക. അതിനെ നമുക്കു കഴിയൂ. അവാര്‍ഡ് നിർണയം പോലുള്ള വിഷയങ്ങളിൽ ഒബജക്ടീവ് ആയിട്ടൊന്നുമല്ലല്ലോ നമ്മുടെ നാട്ടിലെ കാര്യങ്ങളിൽ നടക്കുന്നത്.

manikandan

ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം കഴിഞ്ഞപ്പോളോ?

എനിക്ക് വലിയ സന്തോഷം തോന്നി. അവാർഡ് കിട്ടുമോ ഇല്ലയോ എന്നുള്ളതൊന്നും നമ്മുടെ പരിധിയിലുള്ള കാര്യങ്ങളല്ലല്ലോ. പ്രതീക്ഷയ്ക്കു തന്നെ വകയില്ല. വിനായകനും മണികണ്ഠനും അവാർഡ് കിട്ടിയപ്പോൾ, വല്ലപ്പോഴും നല്ല കാര്യങ്ങൾ നടക്കുന്നതിന്റെ ആഹ്ലാദം തോന്നി. അതുമാത്രമല്ല ഇവരുടെ അഭിനയം കമ്മട്ടിപ്പാടം എന്ന പടത്തിനെയും സംവിധായകനെയുമാണല്ലോ പ്രധാനം ചെയ്യുന്നത്. ഇതെല്ലാം ഇവർക്കു ചെയ്യണമെങ്കിൽ രാജീവ് രവി എന്ന സംവിധായകന്റെ അതിസൂക്ഷ്മമായ പ്രവൃത്തി കൊണ്ടാണല്ലൊ അതില്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലല്ലൊ. അപ്പോൾ ഇതെല്ലാം ആ പടത്തിനും സംവിധായകനും കിട്ടുന്ന ഒരു അംഗീകാരം കൂടിയാണ്. അങ്ങനെയും ഒരു സന്തോഷം.

കമ്മട്ടിപ്പാടത്തിനു കുറച്ചു കൂടി അവാർഡുകൾക്ക് അർഹതയുണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ?

അങ്ങനെയില്ല. സിനിമയുടെ എഡിറ്റർ അജിത്തിനും അവാർഡ് കിട്ടിയല്ലോ. എഡിറ്റിങ് എന്നതു സിനിമയുടെ വലിയൊരു ഭാഗമല്ലേ. അതൊരു നിസാര കാര്യമല്ല. സിനിമ ശരിക്കും സിനിമയാകുന്നത് എഡിറ്റിംഗിലൂടെയാണ്. അപ്പോൾ അതിനൊരു അവാർഡ് കിട്ടുമ്പോൾ സിനിമയുടെ വ്യാകരണം മികവുറ്റതാണ് എന്നുതന്നെയല്ലേ. അല്ലാതെ എനിക്കു തിരക്കഥയ്ക്കോ രാജീവിന് സംവിധാനത്തിനോ ഉള്ള അവാർഡ‍് കിട്ടിയില്ലെന്നുള്ള പരാതികളൊന്നുമില്ല.

മഹേഷിന്റെ പ്രതികാരം എനിക്കിഷ്ടപ്പെട്ട പടമായിരുന്നു. അതിന്റെ തിരക്കഥയ്ക്കാണ് അവാർ‍ഡ് കിട്ടിയത്. ആ അവാർഡിനേയും ആ പടത്തിനു കിട്ടുന്ന അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. വ്യക്തി എന്നുള്ളത് അത്ര പ്രധാനമല്ല. സിനിമയെന്നത് ഒരു വലിയ കൂട്ടത്തിന്റെ പ്രയത്നത്തിലൂടെയാണു സാധ്യമാകുന്നത്. അപ്പോൾ ആർക്ക് അവാർഡ് കിട്ടുന്നതും ആ സിനിമയുടെ മേന്മയെയാണു കുറിക്കുന്നത്. നമുക്ക് ആ സിനിമകൾ കാണാം. ആസ്വദിക്കാംവിധു വിൻസന്റ് സംവിധാനം ചെയ്ത മാൻഹോളിനാണല്ലോ മികച്ച സിനിമയ്ക്കും സംവിധാനത്തിനുമുള്ള പുരസ്കാരം ലഭിച്ചത്. ആ സിനിമ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ എനിക്കത് കാണണമെന്നുണ്ട്. വിധുവിനെ അഭിനന്ദിക്കാൻ, അവരെ കാണാൻ വേണമെങ്കിൽ അവരുടെ വീട്ടിൽ പോയാൽ മതി. പക്ഷെ എനിക്ക് അവരെയല്ല കാണേണ്ടത്,ആ സിനിമയാണ് കാണേണ്ടത്.

kammattipadam-vinayakan

മണിക​ണ്ഠന്റെ പ്രകടനത്തെക്കുറിച്ച് ?

നമ്മൾ വിനായകന്റെ കാര്യം ചർച്ച ചെയ്യുന്നതു പോലെ മണികണ്ഠന്റെ കാര്യവും പ്രത്യേകം പറയണം. കാരണം നാടകത്തിൽ നിന്നു വന്നൊരാളാണ്. 14 വര്‍ഷം സിനിമയ്ക്കു പിന്നാലെ നടന്നിട്ടാണ് അത്തരമൊരു കഥാപാത്രത്തെ കിട്ടിയത്. മണികണ്ഠന് വിനായകനില്ലാത്ത പശ്ചാത്തലമുണ്ട്. നാടകവേദിയോട് അതിഭയങ്കരമായ ആസക്തിയുള്ള ഒരാളാണ്. ഇതൊന്നും ഞാൻ അയാളിൽ നിന്ന് നേരിട്ട് അറിഞ്ഞതല്ല. തൃപ്പൂണിത്തുറയിലുള്ള ഭാസഭേരി പോലുള്ള നല്ല നാടക ട്രൂപ്പുകളിൽ അഭിനയിച്ചും വർക്ക് ഷോപ്പുകളിൽ പങ്കെടുത്തും പരിചയമുണ്ട്. അതു സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. അതായത് നാട‍കത്തിൽ അഭിനയിക്കുമ്പോഴുള്ള പ്രത്യേകത ഒരു ടൊട്ടാലിറ്റി വരുമെന്നുള്ളതാണ്. ശരീരവും മനസും ഒന്നാകുന്ന പൂർണത. നാടകത്തിൽ അങ്ങനെയാണ് ചെയ്യേണ്ട്. അതിനു ഭയങ്കരമായ സ്റ്റാമിനയും എനർജിയും വേണം. മണികണ്ഠന് ഇവയെല്ലാമുണ്ട്. മണികണ്ഠന്‍ ആ വഴിയിൽ നിന്നുവന്നൊരു ആളാണ്. നല്ല അഭിനയ സംസ്കാരമുള്ളയാൾ. ആ സംസ്കാരം പ്രതിഫലിപ്പിക്കാൻ അയാൾ‌ക്കു സിനിമയില്‍ കിട്ടിയ ഇടമാണ് കമ്മട്ടിപ്പാടം. അയാളത് മനോഹരമായി ഉപയോഗിക്കുകയും ചെയ്തു.

യോഗം എന്നു പറയുന്നത് ഇതൊക്കെയാണ്. ഇങ്ങനെയൊരു പടത്തിലല്ല അയാൾ ചെന്നുപെടുന്നത്, ഇങ്ങനെയൊരു സംവിധായകനെയല്ല കിട്ടുന്നത്, എങ്കില്‍ അയാൾക്ക് എത്ര അഭിനയ സംസ്കാരം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. മണികണ്ഠന് ആ യോഗം കിട്ടി, വിനായകന് ആ യോഗം കിട്ടി. ഞാനങ്ങനെയൊക്കെ വിശ്വസിക്കുന്ന കൂട്ടത്തിലാണ്. കഴിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല.

balachandran-dulqer-vinayakan-1

ദുൽക്കർ സൽമാൻ ഒരു മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നോ?

ഒരിക്കലുമല്ല. ചില പ്രമേയങ്ങളിൽ ചില നായകൻമാർക്ക് ഇങ്ങനെയേ നിൽക്കാനാകൂ. പക്ഷേ അവർ ഇല്ലെങ്കിൽ സിനിമ ദുർബലമായി പോകുകയും ചെയ്യും. ദുൽക്കർ അങ്ങനെയൊരു തട്ടിലായിരുന്നു. വിനായകന്‍ അവതരിപ്പിച്ച ഗംഗയെ പോലെയോ മണികണ്ഠൻ ചെയ്ത ബാലനെ പോലെയോ ചടുലമായിരുന്നില്ല ദുൽ‌ക്കർ അവതരിപ്പിച്ച കൃഷ്ണൻ. പക്ഷേ വിനായകന്റെയും മണികണ്ഠന്റെയും പ്രകടനം തുലനം ചെയ്തു കൊണ്ടു പോയത് ദുൽക്കറിന്റെ ഒരു ഇന്നർ എലമന്റ് അതിനകത്ത് പ്രതിഫലിച്ചിട്ടുള്ളതുകൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

kammattipadam-boys

തന്റെയുള്ളിന്റെ ഉള്ളിലേക്ക് ആ കഥാപാത്രത്തെ സ്വാംശീകരിച്ച് ഉള്ളിലേയ്ക്കു വലിയുന്നൊരു അവസ്ഥ. എല്ലാത്തിനും സാക്ഷിയാകുന്നയാളാണ്, കർമ്മനിരതനാകുന്ന കഥാപാത്രമല്ല. എല്ലാത്തിനും സാക്ഷിഭൂതനാകുകയും എന്നാൽ വികാരങ്ങളെ ഉള്ളിലൊതുക്കി പിടിച്ചുനിൽക്കുന്നൊരു കഥാപാത്രമാകുക വലിയ പാടാണ്. കഥാപാത്രത്തെ പിടിച്ചു നിർത്താന്‍ ഉൾക്കരുത്തുള്ളൊരു അഭിനേതാവിനെ സാധിക്കുകയുള്ളൂ. ആ കഥാപാത്രത്തെ ആലോചിച്ചു നോക്കുമ്പോഴേ ഒരു ആക്ടറുടെ വിഷമം‌ മനസിലാകൂ. കൈയ്യും കടാക്ഷവും എടുത്തുറഞ്ഞു തുള്ളാനൊന്നും അയാൾക്ക് അവസരങ്ങളില്ല. പ്രത്യക്ഷത്തിൽ വീക്ക് ആണെന്ന് തോന്നുമ്പോഴും നല്ല ആഴമുള്ള കഥാപാത്രമാണ്. സിനിമയിലൊരിടത്തും അയാൾ മങ്ങിപ്പോകുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ മറ്റൊരു കഥാപാത്രത്തിനും നിലനിൽപ്പുണ്ടാകുമായിരുന്നില്ല.

ക്യാരക്ടർ ബാലന്‍സിങ് എന്നു പറയുന്ന ഒരു സംഭവമാണ് സിനിമയിൽ ദുൽക്കർ നിറവേറ്റിയത്. ഓർക്കസ്ട്രേഷൻ ഓഫ് ക്യാരക്റ്റർ. മ്യൂസിക് ഓർക്കസ്ട്രേഷന്റെ കാര്യമെടുക്കുക. സംഗീത സംവിധായകൻ തയ്യാറാക്കിയ സംഗീതം കുറേ ഉപകരണങ്ങളിലൂടെ എത്തുമ്പോഴാണല്ലോ നമുക്ക് നല്ലൊരു ഈണം അനുഭവിക്കാനാകുക. ഉപകരണങ്ങളിൽ‌ ഏതെങ്കിലുമൊരെണ്ണം ദുര്‍ബലമായിപ്പോയാൽ തീർന്നില്ലേ. അത്രയേയുള്ളൂ ഇവിടെയും. ‌

kammattipadam-mistakes

തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ബോധ്യം കിട്ടിയതിനു ശേഷമാണ് ദുൽക്കർ അഭിനയിക്കാനെത്തിയത്. ദുൽക്കറിനു വേണമെങ്കിൽ ഒഴിഞ്ഞുമാറാമായിരുന്നു. എങ്ങനെയാണു സിനിമ പോകുന്നതെന്ന് ദുൽക്കറിന് അറിയാമായിരുന്നു. എന്നിട്ടും തനിക്കു കിട്ടിയ കഥാപാത്രത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഒരു സിനിമയെന്താണോ ആവശ്യപ്പെട്ടത് അതു പ്രൗഢമായി നിറവേറ്റി. താത്വികമായ രീതിയിൽ ഗംഭീരമായി നിറവേറ്റി.