Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപനാശക്കരയിൽ കമലും ലാലും ടി.പത്മനാഭനും

kamal-padmanabhan

പുതിയ സിനിമ റിലീസ് ചെയ്താൽ ഉലകനായകൻ കമൽഹാസൻ കഥയുടെ കുലപതി ടി.പത്മനാഭനെ ഫോണിൽ വിളിക്കും. അങ്ങനെയാണു രണ്ടുദിവസം മുൻപ് അദ്ദേഹം ടി.പത്മനാഭനെ പള്ളിക്കുന്ന് വീട്ടിലേക്കു വിളിക്കുന്നത്. പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച ശേഷം ചോദിച്ചു– പാപനാസം കണ്ടോ?

തിയറ്ററിൽ ക്യൂ നിന്നു സിനിമ കാണാനുള്ള ആരോഗ്യമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ കമൽഹാസൻ ഒന്നുംപറഞ്ഞില്ല. എന്നാൽ അടുത്തദിവസം ടി.പത്മനാഭൻറെ വീടിനു മുൻപിൽ ഒരു കാറെത്തി. കണ്ണൂർ സമുദ്ര തിയറ്റർ ഉടമയുടെ കാറായിരുന്നു. അടുത്തദിവസം പാപനാസം സിനിമ കാണാനുള്ള ഏർപ്പാടുകളെല്ലാം ചെയ്തിട്ടുണ്ട്. വന്നു കാണണം.

എനിക്കു പാപനാസം കാണണമെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു എന്ന് ആഗതനോടു ചോദിച്ചു. അന്നേരമാണ് അയാൾ കാര്യങ്ങൾ വ്യക്തമാക്കിയത്. കമൽഹാസൽ പാപനാസത്തിന്റെ നിർമാതാവ് സുരേഷ് ബാലാജിയെ വിളിച്ചു. അദ്ദേഹത്തോട് ടി. പത്മനാഭന് സിനിമ കാണാൻ ആഗ്രഹമുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട കഥാകൃത്താണ്, കണ്ണൂരിലാണു വീട്, അവിടെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് കമൽ പറഞ്ഞു. സുരേഷ് ബാലാജി ഉടൻ തന്നെ എറണാകുളത്തെ വിതരണക്കാരുടെ ഓഫിസിലേക്കു വിളിച്ചുപറ‍ഞ്ഞു. അവിടെ നിന്നാണ് സമുദ്ര തിയറ്റർ ഉടമയ്ക്കു സന്ദേശം ലഭിക്കുന്നത്. ഫോൺ വന്ന ഉടൻ തന്നെ അദ്ദേഹം ആളെ അയയ്ക്കുകയായിരുന്നു.

ഉറ്റസുഹൃത്തുക്കളായ കഥാകൃത്ത് ടി.എൻ. പ്രകാശ്, സിപിഎം ഓഫിസ് സെക്രട്ടറി സുനിൽ എന്നിവർക്കൊപ്പമാണ് ടി. പത്മനാഭൻ അടുത്തദിവസം പാപനാസം കാണാൻ പോയത്. കമൽഹാസനെയും ടി.പത്നമാഭനെയും സുഹൃത്തുക്കളാക്കുന്നത് സുനിൽ ആണ്. കേരളത്തിൽ കമൽഹാസന് എന്തു സഹായം വേണമെങ്കിലും ആദ്യം ഫോണെത്തുക കണ്ണൂർ സിപിഎം ഓഫിസിലേക്കാണ്. അവിടെ സുനിലിനോടു പറഞ്ഞാൽ കാര്യങ്ങൾ ശരിയായിരിക്കും.

ഇതിനു മുൻപ് ഉന്നൈ പോൽ ഒരുവൻ എന്ന കമൽഹാസൻ ചിത്രമാണ് ടി.പത്മനാഭൻ തിയറ്ററിൽ പോയി കണ്ട കമൽ ചിത്രം. കമൽഹാസൻ കാണണമെന്നു വിളിച്ചുപറഞ്ഞപ്പോൾ പോയി കണ്ടതായിരുന്നു. മോഹൻലാലും കമലും തുല്യപ്രാധാന്യമുള്ള വേഷം ചെയ്ത ചിത്രമായിരുന്നു അത്.

പാപനാസം കണ്ടിറങ്ങിയ ടി. പത്മനാഭൻ കൂടെ വന്നവരോടു ചോദിച്ചു– ദൃശ്യത്തിലെ മോഹൻലാൽ ആണോ, പാപനാസത്തിലെ കമൽഹാസൻ ആണോ ഏറ്റവും നന്നായി അഭിനയിച്ചത്? രണ്ടുപേരുടെയും ഉത്തരം കമൽഹാസന് അനുകൂലമായിരുന്നു. കമലിൻറെ അഭിനയം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നാണ് പത്മനാഭൻ പറഞ്ഞത്.

സിനിമ കണ്ടിറങ്ങുമ്പോൾ കമലിനെ അടുത്ത ദിവസം വിളിച്ച് അഭിപ്രായം പറയാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വീട്ടിലെത്തിയപ്പോൾ അപ്പോൾ തന്നെ വിളിക്കാൻ തോന്നി. വിളിച്ചു, അഭിനയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞു.

സിനിയ്ക്കൊടുവിൽ കമൽ പാപനാസത്തു നിൽക്കുന്നൊരു സീനുണ്ട്. അങ്ങനെയൊരു സീൻ മലയാള സിനിമയായ ദൃശ്യത്തിലില്ല. അങ്ങനെയൊരു സീൻ ആരുടെ കൂട്ടിച്ചേർക്കലാണെന്നായിരുന്നു പത്മനാഭൻ ചോദിച്ചത്. ചിരിച്ചുകൊണ്ട് കമൽ പറഞ്ഞു, അത് ഞാൻ നിർദേശിച്ചതാണ്.

കാലഭൈരവൻ എന്ന തന്‍റെ കഥയിൽ അതുപോലെയൊരു സന്ദർഭമുള്ളതുകൊണ്ടായിരുന്നു പത്മനാഭൻ അങ്ങനെ ചോദിച്ചത്. സിനിമയിലെ സീനിനും കഥയിലെ സന്ദർഭത്തിനും ഒരു ബന്ധവുമില്ല. കാലഭൈരവനിൽ കാശിയിലാണു കഥ നടക്കുന്നത്. രണ്ടിലും പാപത്തെക്കുറിച്ചും പാപമോചനത്തെക്കുറിച്ചുമാണ് പറയുന്നത്. അതുകൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത്. ഇത്രയൊക്കെ സംസാരിച്ചിട്ടും കമൽ ഒന്നുമാത്രം ചോദിച്ചില്ല– മോഹൻലാൽ ആണോ ഞാനാണോ ഏറ്റവും നന്നായി അഭിനയിച്ചതെന്ന്.. ചോദിച്ചിരുന്നെങ്കിൽ എന്തു പറയണമെന്ന് സംശയിച്ചു നിൽക്കുകയായിരുന്നു കഥാകൃത്ത്.