Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ മേനോനല്ല, വെറും പാർവതി

parvathi പാർവതി

മലയാളികൾക്ക് പാർവതി ഒരു നായികയ്ക്ക് അപ്പുറം ബോൾഡ് ആയ ഒരു പെൺകുട്ടിയാണ്. അഭിനയത്തിൽ മാത്രം ഒതുങ്ങിപ്പോകാത്ത എല്ലാ കാര്യങ്ങളിലും തന്റേതായ നിലപാടുള്ള പെൺകുട്ടി. കാഞ്ചനമാലയെ വെള്ളിത്തിരയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ച പാർവതി കഴിഞ്ഞ ദിവസം യഥാർത്ഥ കാഞ്ചനമാലയ്ക്കൊപ്പം എന്നു നിന്റെ മൊയ്തീനും കണ്ടു. ആ അനുഭവങഅങളെക്കുറിച്ചും ജാതിപ്പേര് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചും അവർ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

ജീവിതത്തിലെ കാഞ്ചനമാലയും സിനിമയിലെ കാഞ്ചനമായലും കണ്ടുമുട്ടിയപ്പോൾ

യഥാർഥത്തിൽ ഞാൻ രണ്ടാം തവണയാണ് കാഞ്ചനചേച്ചിയെ കാണുന്നത്. എന്നാൽ ആദ്യമായി കണ്ടുവെന്നാണ് പലയിടത്തും വാർത്തകൾ വന്നത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് തന്നെ കാഞ്ചനചേച്ചിയെ കണ്ടിരുന്നു. റിലീസ് കഴിഞ്ഞ് നേരിട്ട് കാണാമെന്ന് വിചാരിച്ചെങ്കിലും ചാർളിയുടെ ഷൂട്ടിങ് തിരക്കായതുകൊണ്ട് അതിന് സാധിച്ചില്ല. ചേച്ചിയും നല്ല തിരക്കിലായിരുന്നു. മാധ്യമങ്ങൾ അറിയാതെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മറ്റൊന്നുംകൊണ്ടല്ല എങ്കിൽ മാത്രമേ തുറന്ന് സംസാരിക്കാൻ സാധിക്കുകയുള്ളൂ.

parvathi-kanchana

എന്ന് നിന്റെ മൊയ്തീന്റെ നൂറാം ദിവസത്തിന്റെ ആഘോഷത്തിൽ കോഴിക്കോടുള്ള തിയറ്റർ ഉടമയായ അഭിലാഷ് കുഞ്ഞച്ചനാണ് ഇങ്ങനെയൊരു ഐഡിയ കൊണ്ടുവന്നത്. എന്നോട് ഇത് പറയുമ്പോൾ നടക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ചേച്ചി ഒരു ഹൃദ്രോഗിയാണ്. ചിത്രത്തിലാണെങ്കിൽ ഇമോഷൻ ആകുന്ന ഒരുപാട് സീനുകളുണ്ട്. അപ്പോൾ അദ്ദേഹം തന്നെ സംസാരിച്ചു നോക്കാം എന്നു പറയുകയായിരുന്നു. അവസാന നിമിഷം വരെയും എനിക്ക് ഉറപ്പില്ലായിരുന്നു. തൊട്ടു തലേദിവസം രാത്രിയിലാണ് ചേച്ചി വരുമെന്ന് ഉറപ്പായത്. അതനുസരിച്ച് ഷോയുടെ സമയം ക്രമീകരിക്കേണ്ടിവന്നു. ബാർ അസോസിയേഷന്റെ പരിപാടിക്ക് ചേച്ചിയെ ക്ഷണിച്ചിട്ടുണ്ടെന്നറിയുന്നത്. എന്റെ അച്ഛനും അമ്മയു അഡ്വക്കേറ്റ്സ് ആണ്. ബാർ അസോസിയേഷൻ മെമ്പേഴ്സുമാണ്. മൊയ്തീൻ കണ്ടിട്ട് ബാർ അസോസിയേഷൻ പരിപാടിയിലും പങ്കെടുത്തു.

കാഞ്ചനമാലയോടൊപ്പമുള്ള സിനിമാക്കാഴ്ച എങ്ങനെയായിരുന്നു?

ചേച്ചിയോടൊപ്പം സിനിമ കാണാൻ സാധിച്ചത് ഭാഗ്യമാണ്. തൊട്ടടുത്ത് വിങ്ങിയിരിക്കുകയായിരുന്നു. വളരെയധികം മനക്കരുത്തോടു വേണം സിനിമ കാണാൻ. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അഭ്രപാളിയിൽ കാണുമ്പോൾ ഒരു പാട് ധൈര്യം ഉണ്ടാകണം. ക്ലൈമാക്സ് എത്തിയപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു. കാണണ്ട എന്നുണ്ടെങ്കിൽ വെളിയിൽ ഇറങ്ങാം എന്ന്. കയ്യിൽ പിടിച്ചുകൊണ്ട് വേണ്ട ഞാൻ കാണാം എന്നു പറഞ്ഞു. ചേച്ചിക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. ചേച്ചിയുടെ മെഡിക്കൽ സിറ്റുവേഷൻ നമ്മൾ ഓർക്കണമല്ലോ?

parvathy-prithvi-vimal

വിവാദങ്ങൾ നടക്കുന്ന സമയത്ത് ഇങ്ങനെയൊരു കാര്യം ചെയ്യാൻ കാഞ്ചനചേച്ചി തീരുമാനിച്ചത് നന്നായി. കലയിൽ നിന്ന് നന്മ മാത്രമേ വരാൻ പാടുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു കലാസൃഷ്ടി നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കണം. അപ്പോഴാണ് ഒരു കഥാപാത്രം അർഥവത്താകുന്നത്. അങ്ങനെയുള്ള സൃഷ്ടിയെ കൈകൂപ്പി വണങ്ങണം.

ചേച്ചിയായാലും ഞാനായാലും വിമൽ ആയാലും ആരായാലും കലകൊണ്ട് അവരുടെ എല്ലാ ഇഷ്യൂസും മാറണം. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആർക്കാണ് മാപ്പ് കൊടുക്കാൻ പറ്റുന്നത് അതാണ് ഏറ്റവും വലിയ നന്മ.

സിനിമ കണ്ടിറങ്ങിയശേഷം കാഞ്ചനമാല എന്തു പറഞ്ഞു?

ആ സമയത്ത് ചേച്ചിയോടൊന്നും ചോദിക്കാൻ സാധിച്ചില്ല. കാരണം ചേച്ചി ഭയങ്കര ഇമോഷണൽ ആണെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം വീണ്ടും ഓർക്കുകയും അത് അഭ്രപാളിയിൽ കാണുകയും ചെയ്യുക എന്നത് ഈസിയായിട്ടുള്ള കാര്യമല്ല. ആ സമയത്ത് ചേച്ചിയുടെ അവസ്ഥ മനസിലാക്കി ഒന്നും ചോദിക്കാതിരിക്കുന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം. സിനിമ കണ്ടിറങ്ങിയ ശേഷം അവിടെയുണ്ടായിരുന്നവരോട് ഞാനാണ് സംസാരിച്ചത്. വീട്ടിൽ എത്തിയശേഷം രാത്രി ഫോണിൽ ചേച്ചിയോട് സംസാരിക്കുകയായിരുന്നു. വളരെ നന്നായിട്ടുണ്ടെന്നും എല്ലാവരും പറഞ്ഞതുപോലെ നന്നായി അഭിനയിച്ചെന്നും ചേച്ചി പറഞ്ഞു.

prithvi-parvathi

സിനിമ ഇറങ്ങിയതിനുശേഷം പ്രേക്ഷകർ ഓഫിസിലും വീട്ടിലുമൊക്കെ അവരെ കാണാൻ ശ്രമിക്കുന്നതായാണ് അറിയാൻ സാധിച്ചത്. സിനിമയും ജീവിതവും ചോദിച്ച് വിഷമിപ്പിക്കുകയല്ല ദൂരെ നിന്നു കണ്ടു ബഹുമാനിക്കുകയാണ് നമുക്ക് ചെയ്യാൻ പറ്റുന്ന വലിയ കാര്യം.

പേര് ഒരു പൊല്ലാപ്പാണോ ?

എന്റെ പേര് പാർവതി തിരുവോത്ത് കോട്ടുവറ്റ (PARVATHY Thiruvothu Kottuvatta) പാർവതി ടി കെ എന്നാണ് ഓഫീഷ്യൽ പേര്. അമ്മയുടെ തറവാട്ടുപേരാണ് തിരുവോത്ത് കോട്ടുവറ്റ. അതുചേർത്താണ് ഇനീഷ്യൽ ടി കെ ഇട്ടിരിക്കുന്നത്. ഒഫീഷ്യലായി ഒരിടത്തും മേനോനെന്നോ നായരെന്നോ എന്റെ പേരിനൊപ്പം ചേർത്തിട്ടില്ല. ഞാൻ സിനിമയിൽ വന്ന് രണ്ടാം വർഷത്തിലാണ് എന്റെ പേരിനൊപ്പം ഏതോ ഒരു ജേർണലിസ്റ്റ് എന്റെ പേരിനൊപ്പം മേനോൻ ചാർത്തി തന്നത്. ഈ ഡിസംബർ ഇരുപത്തിയാറിന് ഞാൻ സിനിമയിൽ വന്നിട്ട് പത്ത് വർഷമാകുന്നു.

charlie-parvathi

പലപ്പോഴും പലരോടും ഞാൻ പറയുന്നുണ്ട് എന്റെ പേര് പാർവതി എന്നു മാത്രമാണെന്ന്. എന്നാൽ ഇപ്പോഴും മാറ്റമില്ലാതെ പലരും എന്റെ പേരിനൊപ്പം മേനോൻ ചേർക്കുന്നുണ്ട്. ഞാൻ ജാതിപ്പേര് ഉപേക്ഷിച്ചു എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. അത് ഉണ്ടെങ്കിലല്ലേ ഉപേക്ഷിക്കേണ്ട കാര്യമുള്ളൂ. അതാരോ തന്നതാണ്. എനിക്ക് എന്റെ പേരുമാത്രം മതി. ഒരു ഒഫീഷ്യൽ ഡോക്യുമെന്റിലുമില്ലാത്ത ജാതിപ്പേര് കൂടെക്കൂട്ടേണ്ടതില്ലല്ലോ . ഒരാളിന്റെ പേരിനോട് റസ്പെക്ട് കാണിക്കണം. പുതിയ വർഷത്തിലെങ്കിലും എന്റെ യഥാർഥപേരിൽ അറിയപ്പെടണം. പത്ത് വർഷമായി ഞാൻ നടത്തുന്ന ശ്രമമാണ്.അങ്ങനെയൊരു ശ്രമത്തിന്റെ ആവശ്യമുണ്ടോ? എന്റെ ഫേസ്ബുക്ക് പേജിൽ വരെ പാർവതി എന്ന് മാത്രമേ ഉള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.