Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വേദന പരസ്യമായി പറയണമെന്നു തോന്നി; പൃഥ്വി തുറന്നു പറയുന്നു

prithviraj

ചുണ്ടിന്റെ വലതുകോണിൽ തന്റേടവും ആത്മവിശ്വാസവും കലർന്നൊരു ചിരിയുടെ പൊട്ട്. അച്ഛൻ സുകുമാരൻ മകനു സമ്മാനിച്ചുപോയ ആ നറ​ുംചിരി ചിലപ്പോഴെങ്കിലും പൃഥ്വിരാജിന്റെ ചുണ്ടിന്റെ കോണിൽ ഉണ്ടാകാറുണ്ട്.. അതൊരിക്കലും സ്വകാര്യ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് അടുത്തവർക്ക് അറിയാം. പക്ഷേ, നടൻ എന്ന നിലയിൽ പലപ്പോഴും ആ ചിരി കണ്ടിട്ടുണ്ട്.

രാത്രിയുടെ മറവിൽ കാറിൽ ഗുണ്ടകളുടെ കൈക്കരുത്തിനെ സ്വന്തം ആത്മാഭിമാനം കൊണ്ട് അതിജീവിച്ച പെൺകുട്ടിയോട് പൃഥ്വിരാജ് പറഞ്ഞു, ‘ജീവിതകാലം മുഴുവൻ ഞാൻ നിന്റെ ആരാധകനായിരിക്കും. സ്ത്രീകളെ അടിച്ചമർത്തുന്ന സന്ദേശം നൽകുന്ന വേ‌ഷങ്ങൾ ഇനി ചെയ്യുകയുമില്ല.’ ആ സിനിമാനടിക്കു കിട്ടിയ മനോഹരമായ ആശ്വാസ വാക്കുകളിൽ ഒന്ന് ഇതായിരിക്കും. വല്ലാത്തൊരു സുരക്ഷിതത്വം തോന്നിയിരിക്കും. പൃഥ്വിയുടെ വാക്കുകൾ മൊബൈലിൽനിന്നു മൊബൈലുകളിലേക്കു പകർന്നുകൊണ്ടിരിക്കുന്നു. പൃഥ്വി എന്ന നടന് ഈ വാക്കുകൾ നൽകിയതു പുതിയൊരു മുഖമാണ്. ഒരു വലിയ കുടുംബചിത്രം ഹിറ്റാകുമ്പോൾ ഉണ്ടാകുന്ന അതേ പ്രതിഛായ. പടർന്നു കത്തുന്ന വാക്കുകൾക്കുശേഷം പൃഥ്വി സംസാരിക്കുന്നു.

ഇതു പെട്ടെന്നൊരു വികാരത്തിന്റെ പുറത്തു പറഞ്ഞുപോയതാണോ?

സ്ത്രീകളോടു മോശമായി പെരുമാറുന്നതിനെക്കുറിച്ചു എന്റെ അടുത്ത സുഹൃത്തുക്കളുമായും സെറ്റിലുമെല്ലാം ഞാൻ മുൻപും പലതവണ പറഞ്ഞിട്ടുണ്ട്. എനിക്കീ കാര്യത്തിൽ ഏറെക്കാലമായി മനോവിഷമവും ഉണ്ടായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധിയിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഞങ്ങളെ കൂട്ടിപ്പിടിച്ചു നിർത്തിയ അമ്മയാണ് എന്റെ മനസ്സിലെ സ്ത്രീ. അതുകൊണ്ടു കൂടിയായിരിക്കാം ഇങ്ങനെ ചിന്തിച്ചത്. ഈ സഹപ്രവർത്തകയുടെ വേദന എന്നെയും വല്ലാതെ വേദനിപ്പിച്ചു. അപ്പോൾ ഇത്തരമൊരു കുറിപ്പ് എഴുതണം എന്നു തോന്നി.

മുൻപും ഇതുപോലെ എത്രയോ പെൺകുട്ടികൾ അപമാനിക്കപ്പെട്ടിട്ടില്ലേ.. ?

ഉണ്ട്, അറിയപ്പെടാത്തവർ ആക്രമിക്കപ്പെടുമ്പോൾ നമുക്കെല്ലാം അതു വാർത്ത മാത്രമായിപ്പോകുന്നു.. രണ്ടോ മൂന്നോ ദിവസത്തിനപ്പുറം ആ വാർത്ത മനസ്സിൽ നിൽക്കുന്നുമില്ല. എന്നാൽ ഈ പെൺകുട്ടിക്കുണ്ടായ അനുഭവം എന്റെ തലയ്ക്കു കിട്ടിയ അടി പോലെയായിരുന്നു. നമ്മുടെ വേണ്ടപ്പെട്ടവർക്ക് അടി കിട്ടുമ്പോൾ നാമെല്ലാം ഇങ്ങനെയാണ്. എന്റെ സ്വാർഥത കൊണ്ടാകാം കൂടുതൽ വേദനിച്ചത്. പക്ഷേ, ആ വേദന പരസ്യമായി പറയണമെന്നു തോന്നി. അതും എന്റെ സ്വാർഥത തന്നെയാണ്.

ആ പെൺകുട്ടി നിയമസഹായം തേടിയത് അവരുടെ മാ‌ത്രം വിജയമല്ല. നമ്മുടെ നാട്ടിൽ എത്രയോ പെൺകുട്ടികളുടെ വിജയമാണ്. നാളെ പലർക്കും തോന്നും, പ്രശസ്തയായ ഒരു നായികയ്ക്ക് ഇതു ചെയ്യാമെ‌​ങ്കിൽ എന്തുകൊണ്ട് എനിക്കും ചെയ്തുകൂടാ എന്ന്. ഓരോ മനസ്സിലും ഇത്തരമൊരു പ്രതിരോധം വളർന്നാൽ കൂടുതൽ കൂടുതൽ സ്ത്രീകൾ സുരക്ഷിതരാകും. ഇതിനെല്ലാം കാരണക്കാരി അസാമാന്യ ധൈര്യം കാണിച്ച ആ കുട്ടി മാത്രമാണ്. സ്വന്തം ജീവൻ പണയം വച്ചാണ് അവരിതു ചെയ്തത് എന്നോർക്കണം. ജീവിതം മുഴുവൻ ഇത് അവരെ വേട്ടയാടിയേക്കാമെന്ന സത്യവും അവർ തിരിച്ചറിഞ്ഞ​ിട്ടുണ്ട്. എന്നിട്ടും സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി അവർ തല ഉയർത്തി നിന്നു.

രോഷത്തോടെയുള്ള ഈ പ്രതികരണം പൃഥ്വിയെ കൂടുതൽ കരുത്തനാക്കിയോ..?

ഞാൻ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരാളാണ്. എന്റെ വായനയും എന്റെ ചു‌റ്റുപാടുമെല്ലാം എന്നെ കൂടുതൽ കുരുത്തനാക്കിയിട്ടുണ്ടാകാം. എന്നാൽ എന്റെ പ്രതികരണത്തോടു സമൂഹം എങ്ങിനെ പ്രതികരിക്കുന്നു എന്നു ഞാൻ നോക്കിയിട്ടില്ല. ഇനി നോക്കാൻ ഉദ്ദേശിക്കുന്നുമില്ല. എനിക്കു പറയാനുള്ളതു പറഞ്ഞു എന്നു മാത്രം. നാളെ എല്ലാവരും എന്റെ പാതയിൽ വരണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഇതു പറയാൻ കരുത്തൊന്നും വേണ്ട. പറയണം എന്നു തോന്നിയാൽ മതി.

സ്ത്രീകളെ അപമാനിക്കുന്ന സിനിമകളിൽ ഇനി അഭിനയിക്കില്ല എന്നും പറഞ്ഞിരുന്നു...

ഞാൻ എഴുതിയതു സ്ത്രീകളെ അപമാനിക്കുന്നതാണ് പൗരുഷം എന്നു പ്രഖ്യാപിക്കുന്ന വേഷങ്ങൾ ചെയ്യില്ല എന്നാണ്. സ്ത്രീകളെ അപമാനിക്കുന്നത് ആഘോഷിക്കുന്ന വേഷങ്ങൾ ചെയ്യില്ല എന്നാണ്. ഒരു കഥാപാത്രത്തിന്റെ മാനസികനില ഒരു സ്ത്രീയോടു മോശമായി പെരുമാറുന്നതാണ് എങ്കിൽ ആ വേഷം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, അത് അയാളുടെ മാനസിക വൈകല്യമാണെന്നു തുറന്നു കാണിക്കണമെന്നു മാത്രം.

സ്ത്രീയെ അപമാനിക്കുന്നത് ഒരിക്കലും ഒരിടത്തും ഹീറോയിസമോ യോഗ്യതയോ ആകരുത്. സിനിമയിലായാലും ജീവിതത്തിലായാലും സ്ത്രീക്ക് അർഹിക്കുന്ന ബഹുമാനം കൊടുക്കണം. സ്ത്രീയെ അപമാനിക്കുന്ന ഡയലോഗുള്ള ഒരു കഥാപാത്രവും ഇനി ചെയ്യില്ല എന്നല്ല ഞാൻ പറഞ്ഞത്. ആ കഥാപാത്രം ആവശ്യപ്പെടുന്നത് അതാണെങ്കിൽ ചെയ്യും. പക്ഷേ, അത് ഒരിക്കലും ആ സിനിമയുടെ സന്ദേശമോ ഹീറോയിസമോ ആയിരിക്കരുത്. അതൊരു നെഗറ്റീവ് കാരക്ടർ മാത്രമായിരിക്കണം. ഇത്തരം കഥാപാത്രങ്ങൾ ഒരിക്കലും ന്യായീകരിക്കപ്പെടരുത്. അത്തരം വേഷം ഞാൻ ഏറ്റെടുക്കില്ല. സ്ത്രീയെ അപമാനിക്കുന്നതു പൗരുഷമാണന്നും പുരുഷന്റെ അവകാശമാണെന്നും കാണിക്കുന്ന വേഷവും എനിക്കു വേണ്ട.

ഇതുകൊണ്ടു വലിയ മാറ്റമുണ്ടാകുമോ?

ഉണ്ടാകണമെന്നില്ല. സാമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിടുന്നതാണ് ഏ‌റ്റവും ലളിതവും ആർക്കും ചെയ്യാവുന്നതുമായ പ്രതിഷേധ മാർഗം. അതു ചെയ്തു വീട്ടിൽ പോകേണ്ടെന്നു ഞാൻ തീരുമാനിച്ചു. എന്റെ ജീവിത മേഖലയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ ഞാൻ എന്റെതായ നിയന്ത്രണം കൊണ്ടുവന്നു എന്നു മാത്രം. ഇത് ആരെയും പ്രീതിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ അല്ല. എനിക്കു ശരിയാണെന്നു തോന്നിയതു മാത്രമാണ് ചെയ്യുന്നത്. ഒരു സാധാരണ മനുഷ്യനു ചെയ്യാവുന്ന കാര്യം അയാൾ ചെയ്തുവെന്നു കരുതിയാൽ മതി. അതിനപ്പുറം മഹത്വമൊന്നും ഇതിലില്ല.