Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘കുട്ടികളുടെ മനസുള്ള അപ്പൂപ്പൻ’’: പ്രിയദർശന്‍

om-puri-priyadarsan

ഹിന്ദിയിൽ പ്രിയദർശനു കിട്ടിയ ഇന്നസെന്റും ജഗതിയും കുതിരവട്ടം പപ്പുവമൊക്കെയായിരുന്നു ഓം പുരി. അപ്രതീക്ഷിതമായി അദ്ദേഹം വിടപറയുമ്പോൾ പ്രിയദർശന്‍ എന്ന സംവിധായകന് നഷ്ടമായത് ഏറ്റവുമധികം കംഫർട്ടബിൾ ആയി തനിക്കൊപ്പം സിനിമകളിൽ പ്രവർത്തിച്ചൊരു പങ്കാളിയെയാണ്. ദി കംപ്ലീറ്റ് ആക്ടർ എന്നാണ് ഓം പുരിയെ പ്രിയദർശൻ വിശേഷിപ്പിക്കുന്നതും....പരുക്കനായൊരു മനുഷ്യന്റെ വില്ലന്റെ ലുക്ക് ആണ് എപ്പോഴും അദ്ദേഹത്തിന്.  ഓം പുരിയെ പ്രിയദര്‍ശൻ വിളിച്ചിരുന്നത് കുട്ടികളുടെ മനസുള്ള അപ്പുപ്പൻ എന്നായിരുന്നു...കാരണം അത്രയേറെ നർമം നിറഞ്ഞ നിഷ്കളങ്കമായ സ്വഭാവമായിരുന്നു ഓം പുരിയ്ക്ക്...

എനിക്കൊപ്പം എട്ടോളം സിനിമകളിൽ അദ്ദേഹമുണ്ടായിരുന്നു. അപ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹം എനിക്കെത്രമാത്രം കംഫർട്ടബിൾ ആയിട്ടുള്ളൊരാളാണെന്ന്. അല്ലായിരുന്നുവെങ്കിൽ ഒരിക്കലും അത്തരം സിനിമകൾ സാധ്യമാകുമായിരുന്നില്ല. ഇവിടെ മലയാളത്തിൽ ഇന്നസെന്റിനേയോ ജഗതിയേയോ വച്ച് സിനിമ എടുക്കുന്ന അതേ അനുഭൂതിയോടെയാണ് ഓം പുരിയേയും ഞാൻ സമീപിച്ചിരുന്നത്. ലാളിത്യത്തിന്റെ ആൾരൂപം എന്നു പറയില്ലേ. അത് കൺമുൻപിൽ ഞാൻ കണ്ടത് ഓം പുരിയിലൂടെയായിരുന്നു. പ്രിയദർശൻ പറഞ്ഞു.

ഒട്ടേറെ ഹോളിവുഡ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഒരിക്കലും പറഞ്ഞു കൊണ്ടു നടക്കുന്ന ശീലം ഇല്ലായിരുന്നു. ഹോളിവുഡിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പോലും താൻ അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് അദ്ദേഹം മിണ്ടിയിരുന്നില്ല...നമ്മൾ അങ്ങോട്ടു ചോദിച്ചാൽ മാത്രം എന്തെങ്കിലും പറഞ്ഞാലായി....

ഒരിക്കൽ അങ്ങനെ സംസാരിച്ചിരിക്കവേ പറ‍ഞ്ഞ രസകരമായൊരു കാര്യമുണ്ട്....ഓം പുരി പറഞ്ഞു, അമേരിക്കയെ സംബന്ധിച്ച് ഞാൻ എന്നേ മരിച്ചു. കാരണം, അമരീഷ് പുരി മരിച്ച സമയത്ത് അമേരിക്കയിലെ സിനിമാ കമ്പനികളെല്ലാം അനുശോചനം അറിയിച്ചത് എന്റെ വീട്ടിലേക്കായിരുന്നു. അവരെ സംബന്ധിച്ച് ഞാൻ മരിച്ചു. ജീവിച്ചിരിക്കുന്നത് ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ്...ഇതും പറഞ്ഞ് അദ്ദേഹം കുറേ ചിരിച്ചു...രസകരമായ ഒരുപാട് ഓർമകൾ തന്നൊരാളാണ് വിടവാങ്ങിയത്. വില്ലനായി ഹാസ്യകാരനായും സ്വഭാവ നടനുമൊക്കെയായി ഇരുവട്ടം ദേശീയ അവാർഡ് വരെ നേടിയ പ്രതിഭ...പ്രിയദർശൻ ഓർമപ്പെടുത്തി...

Your Rating: