Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ കർണന് 100 കോടി; തലച്ചോറു കൊണ്ടു ചെയ്യുന്ന ചിത്രമെന്ന് വിമൽ‌

vimal-prithvi ആർ.എസ്. വിമൽ പൃഥ്വിയ്ക്കും നിർമാതാവ് വേണുവിനുമൊപ്പം

എട്ടരക്കോടി മുതൽമുടക്കുള്ള ‘എന്നു നിന്റെ മൊയ്തീ’നിൽനിന്നു നൂറുകോടിയിലേറെ ചെലവുള്ള ‘കർണനി’ലേക്ക് എത്തുമ്പോഴുള്ള പ്രധാന വ്യത്യാസമെന്താണ്? സംവിധായകനായ ആർ.എസ്. വിമലിനോടാണു ചോദ്യമെങ്കിൽ ഉത്തരമിങ്ങനെ- മൊയ്തീൻ മനസുകൊണ്ടു ചെയ്ത ചിത്രമാണെങ്കിൽ കർണൻ തലച്ചോറു കൊണ്ടു ചെയ്യുന്ന ചിത്രമാണ്. കർണനു പിന്നിലുള്ളതു കടുത്ത സാങ്കേതികാധ്വാനമാണ്..

തിയറ്ററുകൾ നിറഞ്ഞോടിയ എന്നു നിന്റെ മൊയ്തീൻ ടീമിന്റെ രണ്ടാമതു ചിത്രം പ്രതീക്ഷകൾകൊണ്ടു മാത്രമല്ല, പ്രത്യേകതകൾ കൊണ്ടും വ്യത്യസ്തമാവുകയാണ്. കർണനു വേണ്ടി തയാറായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സ്റ്റോറി ബോർഡ്, രണ്ടര മണിക്കൂർ അനിമേഷൻ ചിത്രമായി സിനിമയ്ക്കു തൊട്ടുപിന്നാലെ പുറത്തുവരും. അനിമേഷൻ കർണൻ ഡിവിഡി രൂപത്തിലും ടിവി ചാനൽ വഴിയുമാണ് റിലീസ് ചെയ്യുക.

karnan-movie-2

വിശദമായ ഡിജിറ്റൽ സ്റ്റോറി ബോർഡ് എന്ന പരീക്ഷണത്തിനു മലയാളത്തിൽ തുടക്കമിട്ട വിമൽ തന്നെയാണ്, ഇതുപയോഗിച്ചുള്ള ആദ്യത്തെ പൂർണ അനിമേഷൻ ചിത്രത്തിന്റെയും തുടക്കക്കാരനാകുന്നത്. ഇന്ത്യയിൽ പല ഭാഷകളിലും പ്രധാന താരങ്ങൾ വേഷമിട്ട അനിമേഷൻ ചിത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സിനിമ അതേപടി അനിമേഷൻ ചിത്രമായി പുറത്തിറക്കിയിട്ടില്ല. അനിമേഷൻ ചിത്രത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പശ്ചാത്തല സംഗീതമൊരുക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ ഗോപീസുന്ദർ. കർണൻ ചിത്രത്തിൽ ഉപയോഗിക്കുന്ന അഞ്ചു പാട്ടുകൾ അനിമേഷൻ ചിത്രത്തിലുമുണ്ടാകും. പൃഥ്വിരാജ് ഉൾപ്പെടെയുള്ള പ്രധാന കഥാപാത്രങ്ങൾ അവരുടെ രൂപത്തിലും ശബ്ദത്തിലുമെത്തും.

karnan-movie

കർണൻ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ മഹാഭാരത കഥ പറയുകയാണു ചിത്രം. ഈ സെപ്റ്റംബറിൽ ഹൈദരാബാദിലും രാജസ്ഥാനിലുമായി ചിത്രീകരണം ആരംഭിക്കുന്ന കർണൻ അടുത്ത സെപ്റ്റംബറിൽ തിയറ്ററുകളിലെത്തിക്കാനാണു ശ്രമം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടക്കും. നാലിലും പൃഥ്വിരാജ് തന്നെയാണു കർണൻ. ബോളിവുഡിൽനിന്നും ടോളിവുഡിൽനിന്നുമുള്ള താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുനനായും ഭീമനായും ദ്രൗപതിയായുമൊക്കെ ആരൊക്കെയാണ് എത്തുക എന്നതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകമെങ്ങുമുള്ള നാലായിരം തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യാനാണുദ്ദേശിക്കുന്നത്.

karnan-movie-1

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ക്യാമറ കൈകാര്യം ചെയ്ത സെന്തിൽകുമാറാണു ക്യാമറാമാൻ എന്നതുകൊണ്ട് ദൃശ്യമികവിൽ അൽഭുതങ്ങൾ പ്രതീക്ഷിക്കാം.

രാമോജി റാവു ഫിലിം സിറ്റിയിൽ വമ്പൻ സെറ്റ് ഇട്ടാകും യുദ്ധരംഗങ്ങളുടെ ചിത്രീകരണം. കാവ്യ ഫിലിംസിന്റെ ബാനറിൽ ദുബായിലെ വ്യവസായി വേണു കുന്നപ്പിള്ളിയാണു 100 കോടി രൂപയിലേറെ മുടക്കി ചിത്രം നിർമിക്കുന്നത്.