Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബിക്കാൻ മുട്ടിനിന്നവരല്ല ചുംബന സമരക്കാർ‌

sajitha-madathil സജിത മഠത്തിൽ

ചുംബന സമരം അവസാനിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും , കേരളം കണ്ട ഐതിഹാസീക സമരം തൊടുത്തുവിട്ട ആരോപണ ശരങ്ങൾക്ക് ഇനിയും അവസാനമായില്ല. ചുംബന സമരത്തിന്റെ സാരഥികളായ രാഹുൽ പശുപാലനും ഭാര്യയും ബിക്കിനി മോഡലുമായ രശ്മി നായരും ഓണ്‍ലൈൻ പെണ്‍വാണിഭ കേസിൽ കുടുങ്ങിയതോടെ , ജനങ്ങളുടെ പരോക്ഷ ആക്രമണം ചുംബന സമരത്തിന്റെ ലക്ഷ്യത്തിനു  നേരെയും ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഈ അവസരത്തിലാണ് , ചുംബന സമരത്തിന്റെ ആശയത്തെ പൂർണ്ണമായും പിന്തുണച്ച് പ്രശസ്ത അഭിനേത്രിയും സാംസ്കാരിക പ്രവർത്തകയുമായ സജിത മഠത്തിൽ.

''കിസ്സ് ഓഫ് ലൗ മുന്നോട്ടുവെച്ച ആശയങ്ങളുടെ പ്രസക്തി കേരള സമൂഹത്തിൽ ഇന്നും ഏറിവരികയാണ്'' സജിത പറയുന്നു. ''രാഹുൽ പശുപാലനും രശ്മിയും ചെയ്ത തെറ്റിന്റെ പേരിൽ കിസ്സ്‌ ഓഫ് ലവ് എന്ന സമരം പാഴ്‌വാക്കായി മാറുന്നില്ല. പെണ്‍വാണിഭം, രാഷ്ട്രീയ ചേരിപ്പോര് , ഇവയെല്ലാം പണ്ടുമുതലേ കേരളത്തിൽ ഉള്ളതാണ്.

അതിന്റെ പേരിൽ കിസ്സ്‌ ഓഫ് ലൗവിനെ പഴിചാരുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ വലിയൊരു ആശയമാണ് കിസ്സ്‌ ഓഫ് ലവ് മുന്നോട്ടു വച്ചത്, ആ സമരം സദാചാര ഗുണ്ടായിസത്തിന് എതിരെയായിരുന്നു. പുതിയ തലമുറയിലെ ആളുകളുടെ ആത്മരോഷവും രാഷ്ടീയ നിലപാടുകളുമാണ് ചുംബന സമരത്തിലൂടെ വെളിവായത്, അല്ലാതെ ചുംബന സമരത്തിൽ പങ്കെടുത്തവരെല്ലാം ചുംബിക്കാൻ മുട്ടി നിന്നവരല്ല.

മണിപ്പൂരിൽ യുവതികൾ വിവസ്ത്രരായി ആർമിയോട് തങ്ങളെ ബലാൽസംഗം  ചെയ്തോളൂ എന്ന് ആവശ്യപ്പെട്ടത് , അവർ ബലാൽസംഗം ചെയ്യപ്പെടാൻ ആഗ്രഹിച്ചിട്ടല്ല, മറിച്ച് , അതവരുടെ പ്രതികരണവും ചെറുത്ത് നിൽപ്പും ആയിരുന്നു. ചുംബന സമരവും ഇത്തരത്തിൽ ഒരു പ്രതീകാത്മക സമരമായിരുന്നു. ചുംബിച്ചാൽ എതിർക്കും എന്ന  ഹനുമാൻ സേനയുടെയും  ശിവസേനയുടെയും രാഷ്ട്രീയ നിലപാടുകൾക്ക് എതിരെയുള്ള യുവത്വത്തിന്റെ പ്രതികരണമായിരുന്നു ചുംബന സമരം. അതുകൊണ്ട് തന്നെ സമര രീതിയോടും അതിന്റെ ആശയത്തോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു''. സജിത മഠത്തിൽ പറഞ്ഞു.

രാഹുൽ പശുപാലന്റെയും രശ്മിയുടെയും അറസ്റ്റ് ചുംബന സമരത്തിന്റെ പരാജയമായി കാണുകയോ , അതിനെ മുൻനിർത്തി, സമരത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുകയോ വേണ്ട. കാരണം, ഓരോ വ്യക്തിക്കും സ്വകാര്യ ജീവിതമുണ്ട്. രാഹുലിന്റെയും രശ്മിയുടെയും കേസിൽ നാം കണ്ടത് അവരുടെ സ്വകാര്യ ജീവിതത്തിന്റെ പതനമാണ്. കേസ് നടക്കട്ടെ , നിയമ നടപടികൾ തുടരട്ടെ, അല്ലാതെ അതിന്റെ പേരിൽ ചുംബന സമരത്തിൽ പങ്കെടുത്തവർ എല്ലാം ആശയപരമായി ചതിക്കപ്പെട്ടു എന്നല്ല പറയേണ്ടത് . ഞാൻ അങ്ങനെ വിശ്വസിക്കുന്നുമില്ല. സജിത മഠത്തിൽ കൂട്ടി ചേർത്തു 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.