Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിയിൽനിന്നു പോയ മണിയുടെ ഷാജി കൈലാസ് ചിത്രം

shaji-kailas-mani ദ് സ്റ്റേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാജി കൈലാസും കലാഭവൻ മണിയും

ഉശിരുള്ള പൊലീസ് വേഷങ്ങൾ ഒരുപാട് അഭിനയിച്ചിട്ടുണ്ട് കലാഭവൻ മണി. മരണത്തിലേക്ക് നടന്നകന്നപ്പോൾ പൂർത്തിയാക്കാതെ പോയതും ഒരുപാട് ആഗ്രഹിച്ച പൊലീസ് ചിത്രമായിരുന്നു ഷാജി കൈലാസിന്റെ ദി സ്റ്റേറ്റ്. കൊയമ്പത്തൂർ എസ്പിയായി, ചിത്രത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമായി മണി നമുക്ക് മുന്നിലേക്ക് എത്തേണ്ടിയിരുന്നതാണ്. എന്നാൽ പാതിവഴിയിൽ നിലച്ച ചിത്രം ഇനിയെന്ന് പുനരാരംഭിക്കുമെന്ന് ആരാഞ്ഞ് ഇടയ്ക്കിടെ ആകാംഷയോടെ വിളിച്ചിരുന്ന മണിയെ സംവിധായകനായ ഷാജി കൈലാസിന് മറക്കാനാകുന്നില്ല. ഒരുപാട് ആഗ്രഹിച്ചിരുന്നു മണി ആ വേഷം പൂർത്തിയാക്കാൻ.

ഷാജി കൈലാസ് ചിത്രമായ ദി സ്റ്റേറ്റിൽ ആറു ദിവസം മണിയുെട രംഗം ചിത്രീകരിച്ചതുമാണ്. മണിയുടെ രംഗങ്ങളാണ് കൂടുതലും എടുത്തത്. പിന്നീട് പല കാരണങ്ങളാൽ ചിത്രം മുടങ്ങിപ്പോയി. ചിത്രത്തിൽ ഒരു വഴിത്തിരിവ് കൊണ്ടുവരുന്ന ശക്തമായ കഥാപാത്രമായിരുന്നുവത്. സുരേഷ് ഗോപിയായിരുന്നു മുഖ്യ വേഷത്തിൽ.

mani-shaji-kailas ദ് സ്റ്റേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാജി കൈലാസും കലാഭവൻ മണിയും

സാമ്പത്തിക പ്രശ്നമടക്കം ഒരുപാട് വിഷയങ്ങളുണ്ടായിരുന്നതിനാൽ പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ മണി ഇടയ്ക്കിടക്ക് ചോദിച്ചുകൊണ്ടേയിരുന്നു...സർ എന്നാണ് ആ ചിത്രം തുടങ്ങുക. പറയണം...മറ്റ് ഷെഡ്യൂളൊക്കെ മാറ്റിവച്ചിട്ട് ഞാൻ വരും എന്നൊക്കെ പറഞ്ഞിരുന്നു. വെന്റിലേറ്ററിലാണെന്ന വാർത്തകൾ വന്നപ്പോൾ ആകെ ഷോക്ക് ആയിരുന്നു. ഒരു ചാനൽ ലേഖകനാണ് എന്നെ വിളിച്ചു പറയുന്നത് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് - ഷാജി കൈലാസ് പറഞ്ഞു.

state-mani ദ് സ്റ്റേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാജി കൈലാസും കലാഭവൻ മണിയും

‌സംവിധായകൻ ഷാജി കൈലാസിന് മണിയെക്കുറിച്ച് ഒരുപാട് ഓർമകളുണ്ട്. ഇപ്പോഴും മണി കടന്നുപോയി എന്നെനിക്ക് വിശ്വസിക്കാനാകുന്നില്ല. അത്രയ്ക്ക് പ്രതിഭയുള്ള, സ്നേഹമുള്ള ആളാണ്. സാധാരണക്കാരനായ മണിയെ അല്ല, സ്പെഷ്യൽ ആയ മണിയെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. മണിക്ക് അനുയോജ്യമായ മണിയിലെ നടനെ പൂർണമായും ഉപയോഗിക്കാനാകുന്ന വേഷങ്ങളാണ് നൽകിക്കൊണ്ടിരുന്നത്. പച്ചയായ മനുഷ്യനായിരുന്നു മണി. അഭിനയവും അതുപോലെ തന്നെ - അദ്ദേഹം ഓർക്കുന്നു.

state-movie-mani ദ് സ്റ്റേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാജി കൈലാസും കലാഭവൻ മണിയും

മദിരാശി എന്ന സിനിമയിലെ കഥാപാത്രം കൊല്ലപ്പെടുന്ന ഒരു രംഗം. മണിയാണ് അഭിനയിക്കേണ്ടത്...മൂർച്ചയേറിയ ബ്ലെയിഡ് കൊണ്ടുള്ള ആക്രമണത്തിൽ പിടഞ്ഞ് മരിക്കുന്ന സീൻ. മണി പറഞ്ഞു, സർ ഞാനൊന്ന് ചെയ്ത് കാണിക്കാം. അതുപോലെ മതിയോ എന്ന് നോക്കൂ. മണി അഭിനയിച്ചു തുടങ്ങി. സംവിധായകനായ എനിക്ക് മാത്രമല്ല, ആര്‍ക്കും വിശ്വസിക്കാനായില്ല അത് അഭിനയിക്കുകയാണെന്ന്. അത്രയേറെ വികാരപരമായി യാഥാർഥ്യത്തോടെയാണ് മണി ആ രംഗത്തെ കൈകാര്യം ചെയ്തത്. - ഷാജി കൈലാസ് പറഞ്ഞു.