Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ എന്റെ മാലാഖ: സണ്ണി വെയ്ൻ

dulquer-sunny

മിഥുൻ മാനുവലിന്റെ ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ അതിഥിതാരമായി ദുൽഖർ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ട്രെയിലറിൽ മുഖം കാണിക്കാതെ ദുൽഖർ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ദുൽഖറിന്റെ ഈ അതിഥി വേഷത്തിനു പിന്നിൽ ഒരു കാരണമുണ്ട്. സണ്ണിവെയ്നുമായുള്ള സൗഹൃദമെന്ന വലിയ കാരണം. ദുൽഖറിന്റെ സിനിമാജീവിതത്തിനൊപ്പം തന്നെ തുടങ്ങിയതാണ് ഈ ചങ്ങാത്തവും. ദുൽഖറെന്ന കൂട്ടുകാരനെക്കുറിച്ചു പറയുമ്പോൾ സണ്ണിയ്ക്കാകട്ടെ നൂറുനാവും. വെള്ളിത്തിരയ്ക്കപ്പുറത്തേക്കുള്ള ഈ കൂട്ടുകെട്ടിനെക്കുറിച്ച് സണ്ണിവെയ്ൻ മനസ്സുതുറക്കുന്നു.

dulquer-sunny-1

‘എന്റെ ജീവിതത്തിലെ എയ്ഞ്ചലാണ് ദുൽഖർ. സൗഹൃദം എന്ന വാക്കിന്റെ ഉള്ളിൽ ഒതുക്കാവുന്നതിലുമപ്പുറമാണ് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം. അത് പക്ഷെ ഒരിക്കൽപ്പോലും ഞാൻ മിസ്‌യൂസ് ചെയ്തിട്ടില്ല. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ദുൽഖർ അഭിനയിക്കാനുള്ള കാരണവും ഈയൊരു ആത്മാർഥതയാണ്. സിനിമയെക്കുറിച്ചു സംസാരിച്ചപ്പോൾ ദുൽഖറിനും കഥ ഇഷ്ടമായി, പൂർണ്ണപിന്തുണ തരികയായിരുന്നു. സ്ക്രീനിൽ ആ കെമിസ്ട്രി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. സുഹൃദ്ബന്ധത്തിന്റെ നല്ല ഒരു ഉദാഹരണമാണ് ആൻമരിയ കലിപ്പിലാണ് എന്ന സിനിമയും.

dulquer-sunny-3

എന്റെ ഹൃദയത്തിന്റെ ഉള്ളിൽ കൊത്തിവച്ച ഒരു അടുപ്പമാണ് ദുൽഖറിനോടുള്ളത്. അതുകൊണ്ടാണ് സൗഹൃദം എന്ന ഒറ്റവാക്കിൽ അതിനെ ഒതുക്കാനാവില്ല. ആൻമരിയയുടെ ഷൂട്ടിങ്ങ് സമയത്ത് ഞാൻ ദുൽഖറിനോട് പറഞ്ഞു, എന്റെ പേഴ്സിൽ എന്നും ചിലപ്പോൾ കാശുകാണില്ല, പക്ഷെ എന്നും നിന്റെയൊരു ഫോട്ടോ അതിലുണ്ടാകുമെന്ന്. മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യനാണ് ദുൽഖർ, അവന്റെ ആ നന്മയാണ് എനിക്കേറെയിഷ്ടം. എന്തും പരസ്പരം പങ്കുവെക്കാൻ സാധിക്കുന്ന സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.

dulquer-sunny-4

ഞങ്ങളൊരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുൽഖർ വളരെ ഡൗൺ ടു എർത്താണ്. ദുൽഖറുമായി ഏറെ അടുക്കാനുള്ള മറ്റൊരു കാരണം ആ സിംപ്ലിസിറ്റിയാണ്. സെക്കൻഡ്ഷോ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. അതിൽ എന്റെ കുരുടിയെന്ന കഥാപാത്രം മരിക്കുന്ന ദിവസം ശരിക്കും ഞങ്ങൾക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല.

വൈകാരികമായി പിരിമുറുക്കം അനുഭവിച്ച ദിവസമായിരുന്നു അത്. കുരുടി മരിച്ചതിനു ശേഷം ദുൽഖറിന്റെ ലാലു കരയുന്നത് അഭിനയമല്ല. ദുൽഖർ ശരിക്കും ആ സീനിൽ കരയുകയായിരുന്നു. ആ ഒരു സൗഹൃദത്തിന്റെ ആഴമാണ് കുരുടിയുടെ മരണം പ്രേക്ഷകരെയും വേദനിപ്പിച്ചത്.

dulquer-sunny-2

സെക്കൻഡോഷോയുടെ ചിത്രീകരണത്തിന്റെ നാളുകളിൽ ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളിൽ കോഴിക്കോട്ട് ബീച്ചിലും മിഠായിതെരുവിലുമൊക്കെ സെലിബ്രിറ്റി പരിവേഷമില്ലാതെ ഞങ്ങളിരുവരും സമയം ചെലവഴിച്ചിരുന്നു. തെരുവിൽ നിന്നും ഉപ്പിലിട്ട നെല്ലിക്കയും സുലൈമാനിയുമൊക്കെ കഴിച്ചത് ആ കാലത്തെ രസമുള്ള വാക്കുകളാണ്. ഇനിയും ഒരുപാട് പറയാനുണ്ട്. പക്ഷെ സൗഹൃദത്തിന് കണ്ണുതട്ടേണ്ട അതുകൊണ്ട് കൂടുതൽ ഓർമ്മകൾ മനസ്സിൽ തന്നെയിരിക്കട്ടെ.’– സണ്ണി പറഞ്ഞു.