Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റുപോയൊരു ചന്തുവുണ്ട് !

chanthu

തോൽപിക്കാനാവാത്ത ആ ചന്തുവിനെയാണു മലയാളിക്കു കൂടുതൽ പരിചയം. എന്നാൽ തോറ്റുപോയ ഒരു ചന്തു വരുന്നുണ്ട്. ‘കണ്ടാൽ പൊൻ പൂവു പോലുള്ളൊരാൾ. അടുത്താൽ പൂവിനു പിന്നിലെ വിഷപ്പാമ്പു പോലെ..’. അതായിരുന്നു 13–ാം നൂറ്റാണ്ടിൽ പാണന്മാർ പാടിയ വടക്കൻ പാട്ടിലെ ചന്തു. ഏതാണ്ടതുപോലെയായിരുന്നു 16–ാം നൂറ്റാണ്ടിൽ വില്യം ഷേക്സ്പിയർ വരച്ചിട്ട ചതിയുടെ ചോര മണമുള്ള മക്ബെത്ത്. ഈ രണ്ടു കഥാപാത്രങ്ങളുടെയും ആത്മാക്കളെ ചേർത്തൊരു ചന്തു ചേകവർ.

ജയരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ‘വീര’ത്തിലാണ് ആ ചന്തു വരുന്നത്. മോഹങ്ങളുടെ മഷിക്കണ്ണിൽ കൊളുത്തി ജീവിതം ഹോമിച്ചവൻ– ചതിയൻ ചന്തു.

veeram-location-1

രംഗ് ദേ ബസന്തി പോലുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിലെ ന്യൂ ജനറേഷൻ നടന്മാരിൽ ഒരാളായ കുനാൽ കപൂറാണു ചന്തുവാകുന്നത്. ‘ഇത്രയും വലിയൊരു കാൻവാസിലുള്ള പടം. ബോളിവുഡിലായിരുന്നെങ്കിൽ ഒരു വർഷത്തിലേറെ എടുത്തേനെ പൂർത്തിയാക്കാൻ. 35 കോടിയിൽ ചെലവ് ഒതുങ്ങുകയുമില്ല. വെറും 40 ദിവസം കൊണ്ടാണു മൂന്നു ഭാഷകളിൽ ഈ ചിത്രം ഷൂട്ട് ചെയ്തതെന്നു പറഞ്ഞാൽ അതു വീരസ്യമാകില്ല’, കുനാൽ കപൂറിന്റെ വാക്കുകൾ.

വീരം എന്ന ജയരാജ് ചിത്രത്തെക്കുറിച്ച്. പിറക്കും മുൻപേ പാണന്മാർ പാടിപ്പുകഴ്ത്തിയൊരു ചേകവനെപ്പോലെ, പേരെടുത്ത ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയതാണു കുനാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിവിന താക്കൂറും.

സിനിമയായും നാടകമായും പല തലങ്ങളിൽ പല പ്രതിഭകളും അവതരിപ്പിച്ച മക്ബെത്തിനു പുതിയ രൂപത്തിൽ ജീവൻ കൊടുക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളിയെന്നു കുനാൽ പറയുന്നു. അതിനു വേണ്ടി വന്ന കായികാധ്വാനവും പുതിയ അനുഭവമായിരുന്നു. കഥാപാത്രങ്ങളെല്ലാം കളരിമുറകൾ അഭ്യസിച്ചു.

divina

‘എന്റെ ഇതുവരെയുള്ള ചിത്രങ്ങളിലെല്ലാം ഞാൻ നല്ലവനായ കഥാപാത്രമായിരുന്നു. ആദ്യമായാണ് ഒരു ആന്റി ഹീറോയിലേക്കു പകർന്നാടുന്നത്. ആക്‌ഷനും ആദ്യമായി ചെയ്യുന്നു. ഒരു ചരിത്രപശ്ചാത്തലമുള്ള ചിത്രവും ആദ്യം. മൂന്നു ഭാഷകളിൽ ഒരേ സമയം അഭിനയിക്കുകയും ചെയ്യുന്നു. ആ പുതുമകൾ തന്നെയായിരുന്നു പ്രധാന വെല്ലുവിളി. തിയറ്റർ പശ്ചാത്തലമുള്ളതു കൊണ്ടു പകർന്നാട്ടങ്ങൾ വിഷമകരമായിരുന്നില്ല. തെറ്റു ചെയ്യുകയും അതു ന്യായീകരിക്കാൻ ശ്രമിച്ചു ദുരന്തമാവുകയും ചെയ്യുന്ന സ്വഭാവം നമുക്ക് അപരിചതമല്ല. മക്ബെത്തിൽ മനസ്സുകളിൽ പതിഞ്ഞിരിക്കുന്ന ചില സംഭാഷണങ്ങളും ചില രംഗങ്ങളുമുണ്ട് .. life is a tale told by an idiot, full of sound and fury signifying nothing പോലെ.

അതൊക്കെ ഇതുവരെ കാണാത്ത രീതിയിൽ ചെയ്യുന്നതെങ്ങനെ എന്ന വെല്ലുവിളിയായിരുന്നു മനസ്സിൽ. അതു ചെയ്തു കണ്ടപ്പോൾ ഇതു വരെ ഞാൻ കണ്ടതിലേറ്റവും മികച്ചതാണ് എന്നു മനസ്സിലാക്കി, അത് എന്റെ ആത്മവിശ്വാസം കൂട്ടി’. കുനാൽ പറയുന്നു.

അസാമാന്യ മെയ്‌വഴക്കവും ആകാരഭംഗിയും വേണ്ട കഥാപാത്രത്തിനായി ജയരാജ് കണ്ടെത്തിയതു കുനാലിനെയാണ്. ഡോൺ ടുവിലും രംഗ് ദേ ബസന്തിയിലുമൊക്കെയുള്ള കുനാലിന്റെ പ്രകടനം കണ്ടപ്പോഴേ ഒരു യുണിവേഴ്സൽ അപ്പീൽ ഉള്ളയാളാണു കുനാലെന്നു തോന്നിയെന്നു ജയരാജ്. കഥാപാത്രത്തോടു 100 ശതമാനവും കുനാൽ നീതി പുലർത്തുകയും ചെയ്തു.
തികഞ്ഞ ലക്ഷ്യബോധമുള്ളവരും അതിലേക്കുള്ള മാർഗത്തിൽ ദയനീയമായി തോൽവിയേറ്റു വാങ്ങിയവരുമായ രണ്ടു കഥാപാത്രങ്ങളുടെ ആത്മാക്കൾ ചേർന്നൊരു ചന്തുവിനെ തിരശീലയിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നു ജയരാജ് പറയുന്നു.

veeram-8

അകിരാ കുറസോവയും റൊമാൻ പൊളാൻസ്കിയും പറഞ്ഞ മക്ബെത്തും മുൻപിലുണ്ടായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യാസമുള്ളൊരു വീരനെയാണു ലക്ഷ്യമിട്ടത്. നമുക്ക് അതിലും ശക്തമായൊരു നിലപാടുതറയുണ്ട്. പാണൻ പാടിത്തുടങ്ങി പാണൻ പാടി അവസാനിപ്പിക്കുന്ന മട്ടിലാണു സിനിമ പോകുന്നത്. നവരസങ്ങളുടെ പരമ്പരയിൽ അഞ്ചാമത്തേതാണു വീരം. നാലു വർഷത്തോളം ഗവേഷണം നടത്തി. എം.ആർ. വാര്യരെക്കൊണ്ടൊരു രൂപരേഖയുണ്ടാക്കിച്ചു.

veeram-location-1

ആ കാലഘട്ടം പുനർനിർമിക്കാൻ ശ്രമിച്ചു. എന്തുണ്ടെങ്കിലും ചോരയൊഴുക്കി തീർത്തൊരു കാലത്തിന്റെ പുനരാവിഷ്കാരം. ചെറിയ ഇടപെടലുകൾ നടത്തി അവർക്കൊരു വീരപരിവേഷം ചാർത്തുന്നുണ്ട്. ചേകവന്മാർ അങ്കത്തിനൊരുങ്ങുമ്പോൾ തെയ്യത്തിനൊക്കെ ചെയ്യുന്നതു പോലെ ശരീരത്തിൽ എഴുത്തുകൾ നടത്തും. കഥാപാത്രങ്ങൾക്ക് ആദ്യകാലത്തെ ആഭരണങ്ങളൊക്കെ ചാർത്തി. പടത്തിലുടനീളം വടക്കൻ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

എങ്കിലും കാലവും ദേശവും ഊഹിച്ചെടുക്കാൻ പറ്റാത്ത പോലെയാണ് അവതരിപ്പിക്കുന്നത്. കേരളത്തിലും അജന്ത, എല്ലോറ, ഫത്തേപ്പൂർ സിക്രി എന്നിവിടങ്ങളിലുമായിരുന്നു ഷൂട്ടിങ്. അരിങ്ങോടരുമായുള്ള ആരോമലിന്റെ അങ്കമൊക്കെ എല്ലോറയിൽ മഴയുടെ പശ്ചാത്തലത്തിലാണു ചെയ്തിരിക്കുന്നത്. മക്ബെത്തിലെ പശ്ചാത്തലമെല്ലാം ഈ നാട്ടിലേക്കു പറിച്ചുനട്ടു. Macbeth shall never vanquished be until great Birnam wood to high Dunsinane hill shall come against him. ഇതിലെ ബിർനംവൂഡ് തുളുനാടൻ കാടും മഴയുമായി മാറ്റി. മക്ബത്തിലെപോലെ പ്രേതഭാഷണങ്ങളില്ല. പകരം ബാധയെ ആവാഹിച്ച ഒരു പെൺകുട്ടിയാണു പ്രവചനങ്ങൾ നടത്തുന്നത്.

‘ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായിരുന്നു ലക്ഷ്യം. സ്വപ്നം സത്യമായി. ടെക്നിക്കലി ബ്രില്യന്റായ, ഉയർന്ന കലാമൂല്യുള്ള ഒപ്പം കൊമേഴ്സ്യൽ സാധ്യതകളുമുള്ള ഒരു സിനിമയാണിത് ’- ജയരാജ് പറയുന്നു.

veeram-location

വീരത്തിന്റെ തീം സോങ് ഓസ്കർ നോമിനേഷന് ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളിൽ സംഗീതംചെയ്യുന്ന ജെഫ് റോണയാണു സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തിരിക്കുന്നതു ഹോളിവുഡിൽ നിന്നുള്ള അലൻ പോപ്പിൾടൺ ആണ്.

Your Rating: