Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയരാഘവൻ ഇനി വിജയ്‌യ്ക്കൊപ്പം

vijayaraghavan-vijay

നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ 34 വർഷത്തോളം തിളങ്ങിയ വിജയരാഘവൻ ഇനി തമിഴിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ്. അതും സൂപ്പർ സ്റ്റാർ വിജയ് യോടൊപ്പം. മലയാളി കുടുംബത്തിലെ ഗൃഹനാഥനായി തന്നെയാണ് വിജയരാഘവൻ തമിഴിലും എത്തുന്നത്. സിനിമയുടെ വിശേഷങ്ങൾ അദ്ദേഹം പറയുന്നു.

തമിഴിലേക്കുള്ള അവസരം എങ്ങനെ വന്നു?

അത് എങ്ങനെ വന്നുവെന്നെനിക്കറിയില്ല. അസോഷ്യേറ്റ് ഡയറക്ടറാണ് വിളിക്കുന്നത്. തമിഴർ നമ്മെക്കാളും കൂടുതൽ സിനിമകൾ കാണും. അവർ എല്ലാ ഭാഷകളിലേയും സിനിമകളെക്കുറിച്ചു ബോധവാന്മാരാണ്. അവർക്ക് നമ്മളോടെല്ലാം ബഹുമാനവും കൂടുതലാണ്. അവിടെ അഭിനയിക്കാൻ ചെന്നാൽ നമ്മെ അവർ കൈവെള്ളയിലാണ് കൊണ്ടു നടക്കുക. മലയാളത്തിലെ എല്ലാ പുതുമുഖ താരങ്ങളെയും അവർക്കറിയാം. പുതിയ സിനിമയിൽ ഇന്ന വേഷം ചെയ്തത് ഇന്ന ആളല്ലേ എന്നൊക്കെ ചോദിച്ചാൽ നമുക്ക് അറിഞ്ഞെന്നു വരില്ല. നമ്മൾ സത്യത്തിൽ അവരെക്കണ്ടു പഠിക്കണം.

സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?

വിജയ് നായകനായ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. മലയാളി കുടുംബത്തിലെ ഗൃഹനാഥനായാണ് അഭിനയിക്കുന്നത്. എൻജിനീയറിംങ്ങിന് പഠിക്കുന്ന കുട്ടിയുടെ അച്ഛനായാണ് അഭിനയിക്കുന്നത്. ആ കുട്ടിയുടെ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവുമൊക്കെയാണ് സിനിമയിലുള്ളത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്നാണ് നിർദേശം. പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. വിജയ് അഭിനയിച്ച അഴകിയ തമിഴ് മകൻ സംവിധാനം ചെയ്ത ഭരതൻ ആണ് ഇൗ ചിത്രവും സംവിധാനം ചെയ്യുന്നത്.

ആദ്യമായല്ലേ തമിഴിൽ?

അല്ല. ഇത് രണ്ടാമത്തെ ചിത്രമാണ്. 20 വർഷം മുമ്പ് രാംജി റാവു സ്പീക്കിംഗിന്റെ തമിഴിൽ അഭിനയിച്ചിരുന്നു. നമ്മുടെ ഫാസിലായിരുന്നു അത് സംവിധാനം ചെയ്തത്. അതിനു ശേഷം ഇപ്പോഴാണ് നല്ലൊരു വേഷം തേടി വന്നത്.

സിനിമയിൽ ഇനിയുള്ള ആഗ്രഹങ്ങൾ?

വ്യത്യസ്ത വേഷങ്ങൾ ചെയ്യണമെന്നാണാഗ്രഹം. അല്ലാതെ സ്വപ്ന വേഷമൊന്നുമില്ല. മുന്നൂറോളം സിനിമകളിൽ‌ അഭിനയിച്ചു. വില്ലൻ വേഷമാണെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യണമെന്നാണാഗ്രഹം. ഒരു വർഷം പതിനഞ്ചു വരെ ചിത്രങ്ങളിൽ അഭിയിക്കാറുണ്ട്. വില്ലനാണെങ്കിൽ കണ്ണുരുട്ടുന്ന വില്ലനൊന്നുമായിരിക്കില്ല. പലരും ചോദിക്കാറുണ്ട് വിജയേട്ടനുമാത്രം ഇഷ്ടം പോലെ സിനിമകളുണ്ടല്ലോ എന്ന്. എല്ലാം ദൈവാനുഗ്രഹം. അടുത്തിടെ ചെയ്തതിൽ ലീലയിലെ വേഷം വളരെ ഇഷ്ടമായിരുന്നു.

പുതിയ ചിത്രങ്ങൾ?

പൃഥ്വിരാജ് അഭിനയിക്കുന്ന എസ്ര എന്നചിത്രമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അടൂർ ഗോപാല കൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. മുരളി ഗോപിയുടെ ദിലീപ് ചിത്രമാണ് അടുത്തത്.  

Your Rating: