Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ സിനിമയ്ക്ക് അമിതാഭ് ബച്ചന്റെ റിവ്യു

bachan-sachin

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം സച്ചിൻ നാളെ തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നിരുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ തുടങ്ങി സിനിമാ ക്രിക്കറ്റ് ബിസിനസ്സ് രംഗത്തെ പ്രമുഖർ അതിഥികളായി എത്തിയിരുന്നു.

സച്ചിൻ എന്ന സിനിമ തന്നെ വികാരഭരിതനാക്കിയെന്ന് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു. ‘ഇത് പ്രത്യേകമായൊരു വികാരമാണ്. സച്ചിന്റെ ജീവചരിത്രം എന്നതിലുപരി ഇതൊരു മികച്ച ചിത്രമാണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഹങ്കാരമായിരിക്കും ഈ സിനിമ.’–ബച്ചൻ പറഞ്ഞു.

ഈ സിനിമ ഇന്ത്യയിലെ ഓരോരുത്തരെയും കാണിക്കണമെന്ന് ഞാൻ സച്ചിനോട് പറഞ്ഞു. ഓരോ സ്കൂളുകളിലും ചിത്രം പ്രദർശിപ്പിക്കണം. ഇത് സച്ചിനോടുള്ള ആദരവുകൊണ്ടു മാത്രമല്ല, അദ്ദേഹം ഇന്ത്യയുടെ അഭിമാനം ഉയർത്തിയതെങ്ങനെയെന്നും ഇവർ അറിയണം. ഇങ്ങനെയൊരു സിനിമ വന്നതിൽ സന്തോഷമുണ്ട്. നമുക്കറിയാം സച്ചിന്റെ ജീവിതം എങ്ങനെയെന്ന്. എന്നാൽ ഈ സിനിമ ലോകത്തിനുതന്നെ അദ്ദേഹത്തെക്കുറിച്ച് കാണിച്ചുതരുകയാണ്.–ബച്ചൻ പറയുന്നു.

മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കുമൊപ്പമായിരുന്നു ബച്ചൻ സിനിമ കണ്ടത്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് യാത്ര തിരിക്കും മുമ്പാണ് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെ യുവരാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ചിത്രം കാണാനെത്തിയിരുന്നു. .