Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ബോളിവുഡിന്റെ മമ്മൂട്ടിയും ദുൽഖറും !

anil-harsh-3

ഇരുപത്തഞ്ച് വയസ്സുവരെ ദുൽഖർ സൽമാൻ അത്ഭുതത്തോടെ  നോക്കുമായിരുന്നു; ബാപ്പയ്ക്ക് ചെറുതായിട്ടെങ്കിലും പ്രായം കൂടുന്നുണ്ടോ...? ഇല്ല, ഓരോ ദിവസവും പ്രായം കുറഞ്ഞുവരികയാണ്. അങ്ങനെ ദുൽഖറും സിനിമയ്ക്കു കരാറൊപ്പിട്ടു. പടം ‘സെക്കൻഡ് ഷോ’ സൂപ്പർഹിറ്റായി, ദുൽഖർ മോളിവുഡിന്റെ പ്രിയപ്പെട്ട ‘ഡിക്യു കുഞ്ഞിക്കാ’ ആയി.

ഇതേപോലൊരു കാര്യം കഴിഞ്ഞ വർഷം ബോളിവുഡിലും സംഭവിച്ചു. അച്ഛന്റെ അഭിനയം മകൻ നോക്കിക്കൊണ്ടേയിരുന്നു. ഒരു രക്ഷയുമില്ല. ഒടുവിൽ രണ്ടും കൽപിച്ച് മകനും ഒരു സിനിമയിൽ അഭിനയിച്ചു. വമ്പൻ സംവിധായകൻ ഓം പ്രകാശ് മെഹ്റയുടേതായിട്ടും പടം ‘മിർസിയ’ പൊട്ടിപ്പാളീസായി. അതോടെ കക്ഷി തൽക്കാലത്തേക്കൊന്ന് ഉൾവലിഞ്ഞു. പക്ഷേ, അച്ഛൻ അപ്പോഴും സിനിമകളുടെ തിരക്കിലാണ്. അതും നായകവേഷത്തിൽത്തന്നെ! 

ആ അച്ഛന്റെ പേര് അനിൽകപൂർ. മകൻ ഹർഷവർധൻ കപൂർ.

ഇരുവരും ഒരുമിച്ചു നടന്നാൽ പരിചയമില്ലാത്തവരാണെങ്കിൽ സ്വാഭാവികമായും ചോദിച്ചു പോകും: ‘ഹർഷിന്റെ ബ്രദർ കല്യാണം കഴിച്ചതാണോ...?’ ഇണപിരിയാ മച്ചാന്മാരെപ്പോലെ കെട്ടിപ്പിടിച്ചു നടക്കുന്ന ആ അച്ഛനെയും മകനെയും ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച മുഴുവൻ. അച്ഛനെയും മകനെയും മലയാളികൾ ഉപമിക്കുന്നതാകട്ടെ മമ്മൂട്ടിയോടും ദുൽഖറിനോടും!

ഇക്കഴിഞ്ഞ ഡിസംബറിൽ ഷഷ്ടിപൂർത്തി ആഘോഷിച്ചു അനിൽ കപൂർ. പക്ഷേ, ഇപ്പോഴും 20 വർഷം മുൻപിറങ്ങിയ ‘1942: എ ലവ് സ്റ്റോറി’യിലെ നരേൻ സിങ്ങിന്റെ അതേ നാണവും പ്രണയവും നിറഞ്ഞ മുഖം. ആ നിഷ്കളങ്കതയെ മൂടി അൽപം താടി വളർന്നിട്ടുണ്ടെന്നു മാത്രം.

anil-harsh-1

താടിയുടെ കാര്യത്തിൽ ഹർഷവർധനും അച്ഛന്റെ പാതയിലാണ്. പക്ഷേ, ഇത്രയും പ്രായമായിട്ടും അച്ഛനെ എന്തിനാണ് ജോലിക്കു വിടുന്നതെന്ന ചോദ്യത്തിന് അനിൽ തന്നെ ഉത്തരം പറഞ്ഞതിങ്ങനെ: ‘ഞാൻ കാത്തിരിക്കുകയാണ്. എന്നെങ്കിലും എന്റെ മക്കൾ വന്നുപറയും. ഡാഡ്, നിർത്തിക്കോളൂ പണി...എന്ന്. പക്ഷേ, എല്ലാവരും ദുഷ്ടന്മാരാ...അവർക്കിപ്പോഴും എന്നെക്കൊണ്ട് ജോലിയെടുപ്പിക്കാനാ ഇഷ്ടം...’ 

പക്ഷേ, എന്തുകാരണം പറഞ്ഞ് അച്ഛനോട് അഭിനയം നിർത്താൻ ആവശ്യപ്പെടുമെന്നാണ് മക്കളായ സോനവും റിയയും ഹർഷവർധനും ചോദിക്കുന്നത്.

അതേസമയം ആദ്യപടം പൊളി‍ഞ്ഞതിനു പിന്നാലെ വരുന്ന ബിഗ്ബജറ്റ് പടങ്ങളെല്ലാം ഒഴിവാക്കി വിടുകയാണ് ഹർഷ്. ‘അച്ഛൻ ജോലിയെടുത്ത് കാശുണ്ടാക്കുന്നുണ്ടല്ലോ. ഞാനൽപം ക്രിയേറ്റീവ് ആയി സിനിമയെ സമീപിക്കട്ടെ’ എന്നതാണിപ്പോൾ നയം. ഈ പ്രായത്തിലും സകലരോടും കളിചിരിയുമായി നടക്കുന്ന കക്ഷിയാണ് അനിൽകപൂർ. പക്ഷേ, ഹർഷ് നേരെ തിരിച്ചും; തികച്ചും അന്തർമുഖൻ. ആകെ കുറച്ചു കൂട്ടുകാരുണ്ട്. ഇപ്പോഴാകട്ടെ സെയ്ഫ് അലി ഖാന്റെ പുത്രി സാറയുമായി ഡേറ്റിങ്ങിലാണെന്ന ഗോസിപ്പും.