Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലും മമ്മൂട്ടിയും കരഞ്ഞ് കാണും: രാമു

ramu-suuny

മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽ എത്തിയ സണ്ണി ലിയോണിനെ വരവേറ്റത് ആയിരങ്ങളാണ്. ഇത്ര വലിയ ജനക്കൂട്ടം തന്നെ കാണാൻ എത്തുമെന്ന് സണ്ണി പോലും ഓർത്ത് കാണില്ല. യുവാക്കളുടെ ഈ അമിതആവേശത്തെ പരിഹസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. സിനിമാപ്രവര്‍ത്തകരും സാഹിത്യകാരന്മാരും സണ്ണിയെ കാണാൻ എത്തിയവരെ വിമർശിച്ച് രംഗത്തെത്തി.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് വിവാദസംവിധായകൻ രാം ഗോപാൽ വർമ. മമ്മൂട്ടിയെയും  മോഹൻലാലിനെയുമാണ് ഇക്കാര്യത്തിൽ രാംഗോപാൽവർമ പരിഹസിക്കുന്നത്. സണ്ണിയെ കാണാൻ വന്ന ഈ ആൾക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹൻലാലും അസൂയകൊണ്ട് കരഞ്ഞുപോയികാണുമെന്ന് രാമു പറയുന്നു. ‘അവർ ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല ഇത്രയധികം ആളുകൾ വരുമെന്ന്. കേരളജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാൻ സല്യൂട്ട് ചെയ്യുന്നു.’–രാം ഗോപാൽ വർമ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോൺ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈൽ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങൾ ഇവിടെ തടിച്ചു കൂടിയിരുന്നു. തിരക്കു മൂലം പലപ്പോഴും എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി. 

അതേസമയം എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്തതായി സെൻട്രൽ പൊലീസ് അറിയിച്ചു. 

മെട്രോയുടെ ഭാഗമായി എംജി റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് മൊബൈൽ ഷോപ്പ് ഉടമയ്ക്കെതിരെ കേസെടുക്കാൻ കാരണം.