Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനം ഹൃതിക് അത് തുറന്നുപറഞ്ഞു; ഞെട്ടിത്തരിച്ച് ബോളിവുഡ്

kangana-hrithik.jpg.image.784.410

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദവിഷയമാണ് ഹൃതിക് റോഷൻ–കങ്കണ പ്രണയവിവാദം. ഹൃതിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പലപ്പോഴും കങ്കണ രംഗത്തുവന്നപ്പോൾ മൗനം പാലിക്കുകയായിരുന്നു ഹൃതിക് ചെയ്തത്. നടിയുടെ കഴിഞ്ഞ ചിത്രമായ സിമ്രാന്റെ പ്രചാരണപരിപാടികളിലും നടി ആയുധമാക്കിയത് ഇതേ വിഷയം തന്നെ. കഴിഞ്ഞ ദിവസം കങ്ങണയുടെ സഹോദരിയും ഹൃതിക്കിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചു. അവസാനം ഈ വിഷയത്തിൽ ഹൃതിക് റോഷൻ തന്നെ നേരിട്ട് രംഗത്ത്. വികാരധീനനായി വലിയൊരു കുറിപ്പോട് കൂടിയാണ് ഈ സംഭവത്തിൽ ഹൃതിക്കിന്റെ പ്രതികരണം.

ഹൃതിക്കിന്റെ വാക്കുകളിലേക്ക്–

ക്രിയാത്മകമായ ഒരു മേഖല തിരഞ്ഞെടുത്ത് അതിനൊപ്പം സഞ്ചരിക്കുന്നൊരാളാണ് ഞാൻ. എന്റെ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെ എന്റെ സഞ്ചാരത്തിന് ഭംഗം വരുത്തൊന്ന് ഒന്നായിക്കണ്ട് അവഗണിച്ചും മാറ്റിനിര്‍ത്തിയുമാണ് ഞാൻ മുന്നോട്ടുപോകുന്നത്. അത്തരത്തിലുള്ള അർഥശൂന്യമായ കാര്യങ്ങളെ നമ്മളിൽ‌ നിന്ന് മാറ്റിനിർത്താനള്ള ഏറ്റവും നല്ല വഴി ഇത്തരം കാര്യങ്ങളെ തീർത്തും കണ്ടില്ലെന്നു നടിച്ച് അതിനോട് പ്രതികരിക്കാൻ പോകാതെ നമ്മുടെ അന്തസിനനുസരിച്ച് നിലനിൽക്കുക എന്നതാണ്. പക്ഷേ നമ്മൾ അവഗണിച്ചു കളയുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ചില നേരങ്ങളിൽ മാരകമായ രോഗമായി മാറാറുണ്ട്, ഇവിടെ ഇപ്പോൾ എന്റെ ജീവിത സാഹചര്യവും നിർഭാഗ്യവശാൽ അങ്ങനെയൊരു തരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്.

ചില കാര്യങ്ങൾ കയ്യില്‍ കിട്ടിയാൽ മാധ്യമങ്ങളിൽ അതിന് പിന്നാലെ തന്നെയായിരിക്കും. ഞാൻ ഒരു തരത്തിലും ഇടപെട്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ എന്റെ വ്യക്തിത്വവും സ്വഭാവവും എന്താണെന്ന് ഞാൻ ആരുടെ മുന്‍‌പിലും ബോധ്യപ്പെടുത്തി സംസാരിക്കേണ്ടതില്ല;പ്രതിരോധം തീർ‌ക്കേണ്ടതില്ല. അതൊരു നല്ല കാര്യമാണെന്ന് ഞാൻ ചിന്തിക്കുന്നുമില്ല. ഞാൻ അറിയാത്ത കാര്യങ്ങളുടെ പേരിൽ ഒന്നും മിണ്ടാതിരുന്നിട്ടും ഇത്തരം ദുഷിച്ച കാര്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്. ഒന്നും ഞാനായിട്ടു സൃഷ്ടിച്ച കാര്യങ്ങളല്ല.

സത്യമെന്താണെന്നു വച്ചാൽ കഴിഞ്ഞ കുറേ നാളുകളായി എന്റെ ജീവിതത്തിലേക്ക് കുറേ ചോദ്യങ്ങളുയർത്തിവിടുന്ന ആ സ്ത്രീയെ ഞാൻ കണ്ടിട്ടേയില്ല. അതായത് ഞ‍ങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. പക്ഷേ സ്വകാര്യമായൊരു കൂടിക്കാഴ്ച ഒരിക്കലും ഉണ്ടായിട്ടേയില്ല. അതാണ് സത്യം. അതായത് മാധ്യമങ്ങളും ആ സ്ത്രീയും ആരോപിക്കുന്ന തരത്തിലൊരു കൂടിക്കാഴ്ച നടന്നിട്ടില്ല.

ദയവുചെയ്ത് എല്ലാവരും ഒരു കാര്യം മനസിലാക്കണം, ഒരു പ്രണയബന്ധം ആരോപിക്കപ്പെട്ടപ്പോൾ അതിനെതിരായ എന്റെ പോരാട്ടമല്ല ഇവിടെ നടക്കുന്നത്. അല്ലെങ്കിൽ കുട്ടികളെ പോലെ ഞാൻ നല്ല കുട്ടിയാണെന്നൊരു പ്രതിഛായയ്ക്കു വേണ്ടിയുമല്ല സംസാരിക്കുന്നത്. ഞാനൊരു മനുഷ്യനാണ്. എന്റെ തെറ്റുകളെന്തൊക്കെയാണെന്ന് നല്ല ബോധമുള്ള മനുഷ്യൻ. ഗുരുതരമായ, സെൻസിറ്റീവ് ആയ, വിനാശകരമായ ഒരു കാര്യത്തിൽ നിന്ന് സ്വയംപ്രതിരോധം തീർക്കുകയാണ് ഞാൻ. മാധ്യമങ്ങളുടെ കാര്യമായാലും പൊതു സമൂഹത്തിന്റെ കാര്യമായാലും വളരെ ചെറിയൊരു ശതമാനം മാത്രമാണ് എന്താണ് സത്യമെന്ന് മനസിലാക്കാൻ ശ്രമിക്കുന്നത്. ആ യാഥാർഥ്യം വളരെ വിഷമത്തോടെയാണ് ഞാൻ മനസിലാക്കിയത്. ഒരു പെൺകുട്ടി ഇരയും പുരുഷൻ ആക്രമണകാരിയുമായി നിർത്തപ്പെട്ടിരിക്കുകയാണ് അവരുടെ ലോകത്ത്. ആ ലോകം തകർക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. നുണകളുമായി അവർ സമരസപ്പെടുകയാണ്. എനിക്കതിനോടും പ്രശ്നമൊന്നുമില്ല.

പുരുഷൻമാർ കാലാകാലങ്ങളായി സ്ത്രീകളെ പീഡിപ്പിക്കുകയാണ്. അവർക്ക് എങ്ങനെ ഇത്രയും ക്രൂരൻമാരാകാൻ സാധിക്കുന്നു എന്നതോർക്കുമ്പോൾ എനിക്ക് തന്നെ ഭ്രാന്തുപിടിക്കുന്നു. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷതന്നെ ലഭിക്കണം. പുരുഷൻ വശംവദരാകാൻ പാടില്ല, സ്ത്രികൾ നുണപറയാനും പാടില്ല എന്നൊരു ഉത്തരവു കൂടി ഈ യുക്തിയിൽ എഴുതിച്ചേർക്കപ്പെട്ടാൽ അതിനോടും എനിക്ക് പൂർണ യോജിപ്പ് മാത്രമേയുള്ളൂ.

ഇവിടെ എനിക്കു മേൽ ആരോപിക്കപ്പെടുന്ന പ്രണയബന്ധത്തിന് ഏഴു വർഷത്തെ ദൈര്‍ഘ്യമുണ്ട്. ഉന്നതരായ രണ്ട് സെലിബ്രിറ്റികൾ തമ്മിലുള്ള ആ ബന്ധം ഒരു അടയാളവും അവശേഷിപ്പിക്കാതെയാണ് കടന്നുപോയിരിക്കുന്നത്. ഒരു തെളിവുമില്ലാതെ, പാപ്പരാസികള്‍ക്കു പോലും ഒരു ഫോട്ടോ കിട്ടാതെ ഒരു സാക്ഷികളുമില്ലാതെ ഇത്രയ്ക്ക് അടുപ്പമുള്ളവർ തമ്മിൽ അത്തരത്തിലൊരു സെൽഫി പോലും എടുത്തിട്ടില്ല. 2014ൽ‌ പാരിസിൽ വച്ചാണ് ഇക്കാര്യം സംഭവിച്ചതെന്നും ആരോപിക്കപ്പെടുന്നു. ഒരു പ്രണയാർദ്ര ബന്ധമായിരുന്നിട്ടു കൂടി ഒരു സമ്മാനവും കൈമാറിയിട്ടില്ല, അതിനൊരു തെളിവുമില്ല. എന്നിട്ടും നമ്മൾ വിശ്വസിക്കാൻ ബാധ്യസ്ഥരാകുകയാണ്. ഒരു പെൺകുട്ടി എന്തിനാണ് കള്ളംപറയുന്നതെന്ന പതിവ് പല്ലവിയിൽ.

2014 ജനുവരിയിൽ ഞാൻ ഇന്ത്യയ്ക്ക് പുറത്ത് പോയിട്ടില്ലെന്ന് എന്റെ പാസ്പോർട്ട് വിശദമായി നോക്കിയാല്‍ കാണാം. ഈ പറയുന്ന രഹസ്യമായ വിവാഹനിശ്ചയം നടന്നത് പാരിസിൽ ഇതേസമയത്താണെന്നാണ് അവർ പറയുന്നത്.

ഈ ബന്ധത്തിൽ ഇവർ കൊണ്ടുവന്ന ഏക തെളിവ് ഫോട്ടോഷോപ്പ് ചെയ്തൊരു ചിത്രം മാത്രമാണ്. ആ ചിത്രം പുറത്തുവന്ന് അപ്പോൾ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. എന്റെ മുൻഭാര്യ തന്നെ അത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല. കാരണം സ്ത്രീകളെ സംരക്ഷിക്കാൻ മാത്രമാണ് നമ്മൾ പഠിച്ചിട്ടുള്ളത്. ഞാനും ഇങ്ങനെ തന്നെയാണ് ചിന്തിച്ച് പോരുന്നത്. എന്നാൽ ഈ സംഭവത്തിൽ എന്റെ മാതാപിതാക്കളും ജീവിതത്തെ മാറ്റിമറിച്ച വനിതയും എനിക്ക് പിന്തുണയേകി. അവരോട് എന്നും ഞാൻ കടപ്പെട്ടിരിക്കും. കുടുംബത്തിന്റെ വിലയെന്തെന്നും സ്ത്രീകളോടുള്ള ബഹുമാനമെന്തെന്നും ഞാൻ എന്റെ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കാറുണ്ട്. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളണമെന്നും അവരോട് എന്നും പറയാറുണ്ട്.

3000 മെയിലുകൾ ഞാൻ അയച്ചെന്നാണ് പറയപ്പെടുന്നത്. സൈബർസെല്ലിന് ഇത് തെറ്റാണെന്നോ ശരിയാണോ എന്ന് നിഷ്പ്രയാസം തെളിയിക്കാം. അവർക്ക് അതിന് വെറും ദിവസങ്ങൾ മതി. അതുകൊണ്ടാണ് ഞാനെന്റെ ലാപ്‌ടോപ്പ്, പേഴ്‍സണൽ ഫോൺ തുടങ്ങി എല്ലാ ഉപകരണങ്ങളും പൊലീസ് മുന്നിൽ സമർപ്പിച്ചത്. എന്നാൽ പരാതിക്കാർ ഇതുവരെയും ഇതൊന്നും പൊലീസിന് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ആ കേസ് തീരാതെ മുന്നോട്ട് പോകുകയാണ്.

ഇതൊരിക്കലും കമിതാക്കളായിരുന്നവരുടെ വഴക്കല്ല, അത് ഞാന്‍ വീണ്ടും ഉറപ്പിച്ച് പറയുന്നു. ദയവ് ചെയ്ത് ഇത് ഒരാളുടെ മാത്രം പ്രശ്നമായി ചിത്രീകരിക്കരുത്. സത്യം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ.

കഴിഞ്ഞ നാല് വർഷമായി ഞാൻ ഈ കേസിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. സമൂഹത്തിന് സ്ത്രീകളോടുള്ള പക്ഷം ചേരലുകൾ എന്നെ നിസ്സഹായനാക്കി. ഈ സംഭവത്തിൽ സ്വയം പ്രതിരോധം തീർക്കേണ്ട അവസ്ഥയിലാണ് ഞാൻ.

ഞാനൊരിക്കലും ദേഷ്യത്തിലല്ല ഇത് സംസാരിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ ആരോടും വഴക്കുണ്ടാക്കാത്ത ആളാണ് ഞാൻ. അത് സ്ത്രീകളോടായും പുരുഷനോടായാലും. എന്റെ വിവാഹമോചനത്തിൽപ്പോലും വഴക്ക് ഉണ്ടായിട്ടില്ല. ചുറ്റുപാടുകളിൽ സമാധാനം ഉണ്ടാകാനാണ് ഞാൻ ആഗ്രഹിക്കുക.

ഞാൻ ഇവിടെ ആരെയും കുറ്റപ്പെടുത്താനോ വിധിപറയാനോ വന്നതല്ല. സത്യത്തിനായി നിലകൊള്ളേണ്ട സമയമായി. കാരണം സത്യം അവഗണിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് തന്നെയാണ് അവഗണിക്കപ്പെടുന്നത്.