Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ആലിയയോട് കളിക്കല്ലേ

എത്രയാന്നുവച്ചാ സഹിക്കുന്നേ? കളിയാക്കുന്നതിനും ഒരുപരിധിയില്ലേ? പണ്ടെങ്ങാണ്ട് ഒരു മണ്ടത്തരം പറഞ്ഞതിന് ആലിയയെ ഇങ്ങനെ കളിയാക്കേണ്ടതുണ്ടോ?

വിവാദപരിപാടിയായ എഐബി റോസ്റ്റിലും ആലിയയെ കളിയാക്കാനായിരുന്നു ഏവർക്കും തിടുക്കം. സ്വന്തം സഹപ്രവർത്തകരായതുകൊണ്ടു തന്നെ കണ്ടില്ല കേട്ടില്ല എന്നു നടിച്ച് എല്ലാത്തിനും ചിരിച്ചുകൊടുത്തു. എന്നാൽ മാധ്യമങ്ങളും ഇതൊരു പതിവാക്കിയതോടെ ആലിയയുടെ പിടിവിട്ടു.

കഴിഞ്ഞ ദിവസം ആലിയയോട് ഹോളി ആഘോഷിക്കാറുണ്ടോയെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. തന്റെ സ്കിന്നിന് നിറങ്ങൾ അലർജിയാണെന്നും അതുകൊണ്ടു തന്നെ ഹോളി ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കാറാണ് പതിവെന്നും ആലിയ മറുപടി നൽകി. ഉടൻ തന്നെ മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം. എന്തിനാണ് ഹോളി ആഘോഷിക്കുന്നതെന്ന് ആലിയയ്ക്ക് അറിയാമോ ? ഈ ചോദ്യം കൂടി കേട്ടതോടെ ആലിയയ്ക്ക് കലിയിളകി.

ഉടൻ തന്നെ ആലിയയുടെ വക മറുചോദ്യം! തനിക്ക് സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്റ് ആരാണെന്ന് പറയാമോ? അല്ലെങ്കിൽ വേണ്ട ചൈനീസ് പ്രസിഡന്റിന്റെ പേരു പറ. ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ആലിയ കാറിൽ കയറി യാത്രയായി.

കോഫി വിത്ത് കരണിൽ മണ്ടത്തരം വിളിച്ചുപറഞ്ഞതിനാണ് ആലിയയ്ക്ക് പണികിട്ടി തുടങ്ങുന്നത്. ആലിയ ഭട്ട് ഹോട്ട് ചിത്രങ്ങൾക്ക് പകരം ആലിയ ഭട്ട് ജോക്സ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. എന്തിന് ഷറപ്പോവ കേസ് വന്നപ്പോൾ അവൾ റഷ്യൻ ആലിയ ഭട്ട് ആണെന്ന് വരെ അടിച്ചു പരത്തി. ഇതിനൊക്കെ മറുപടിയായി ആലിയ ഭട്ട് + ജീനിയസ് ഓഫ് ദ ഇയർ എന്ന വിഡിയോയും താരം പുറത്തിറക്കിയിരുന്നു..