Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിന്റെ ദങ്കൽ; ഇതാണ് യഥാർഥ കഥ

real-dangal

ദങ്കൽ...ദങ്കൽ ഇന്ത്യ ഏറ്റുപാടുകയാണീ വാക്കുകൾ. ആമിർ ഖാൻ ചിത്രമായ ദങ്കലിന്റെ ട്രെയിലർ അത്രയേറെ ജീവസുറ്റതായിരുന്നു. ജീവിതം സിനിമയാക്കിയതു കാണാന്‍ ഇത്രയേറെ കൗതുകത്തോടെ കാത്തിരിക്കുമ്പോൾ അറിയണ്ടേ ഈ സിനിമയുടെ യാഥാർഥ്യതയെ കുറിച്ച്. ആ അച്ഛനേയും പെൺമക്കളേയും കുറിച്ച്. ഹരിയാന സ്വദേശികളായ മഹാവീർ ഭാഗോട്ടിനേയും ഗീതാ ഭോഗട്ടിനേയും ബബിത ഭോഗട്ടിനേയും കുറിച്ച്....

"ലോകമത്സരങ്ങളിൽ വെള്ളിയോ വെങ്കലമോ നേടിയാലും നമ്മളെ രാജ്യം ആദരിക്കും ആഘോഷിക്കും. പക്ഷേ അതെല്ലാം കുറച്ചു കാലത്തേക്കു മാത്രം. എന്നെന്നും ഓർമിക്കപ്പെടണമെങ്കിൽ സ്വർണം തന്നെ നേടിയെടുക്കണം.’ ട്രെയിലറിനെ വീണ്ടും വീണ്ടും കാണുവാൻ തോന്നിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഈ വാചകം. മഹാവീർ ഭോഗട്ട് തന്റെ പെണ്‍മക്കളോടു പറഞ്ഞതും ഇതാണ്.

real-dangal-1 ബബിത ഭോഗട്ടിനും ഗീത ഭോഗട്ടിനുമൊപ്പം ആമിര്‍ ഖാന്‍

കോമണ്‍വെൽത്തിൽ ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു അദ്ദേഹത്തിന്റെ ആറു പെൺമക്കളിലൊരാളായ ഗീത. 2010ല്‍ ചരിത്രത്തിൽ തന്നെ ഒരു വനിതാ താരത്തിന്റെ ആദ്യ നേട്ടം. ഈ വിഭാഗത്തിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ താരവും ഗീത ഭോഗട്ട് തന്നെ. അനുജത്തി ബബിത നാലു വർഷങ്ങൾക്കിപ്പുറം ഇതേ മത്സരത്തിൽ സ്വർണം നേടി. അനന്തരവന്‍ വിനേഷ് ഭാഗോട്ട് ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിലുമെത്തി. ‌

real-dangal-4 ആമിര്‍ഖാന്‍, മഹാവീര്‍ സിങ് ഭോഗട്ട്‌

പെൺകുഞ്ഞുങ്ങൾ അധികം ജനിക്കുന്നത് അധികപ്പറ്റായി കണ്ടിരുന്ന ഉത്തരേന്ത്യൻ കുടുംബങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നില്ല ഭോഗട്ട് കുടുംബവും. ആറു പെൺകുഞ്ഞുങ്ങളുള്ള മഹാവീറിന്റെ കുടുംബ കാര്യവും പറയേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ അമ്മ ഇതിൽ ഏറെ അസംതൃപ്തയുമായിരുന്നു. രാജ്യത്തെ ഒട്ടേറെ ഗുസ്തി താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള മഹാവീർ ഭോഗട്ടും ചെറിയ നിരാശയിലായിരുന്നു. പെൺമക്കളെ ഗുസ്തി താരങ്ങളാക്കാമെന്നത് അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു.

real-dangal-3 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവുമായി ഗീത ഭോഗട്ട്‌

2000ൽ ഭാരോദ്വേഹനത്തിൽ കർണം മല്ലേശ്വരി ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയതോടെയാണ് മഹാവീറിന്റെ ചിന്തകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന തന്റെ പെൺമക്കളുടെ ചിത്രം കയറിക്കൂടിയത്. അന്നുവരെ കായിക പരിശീലനമൊന്നും പെൺകുട്ടികൾക്കു കൊടുത്തിട്ടു കാര്യമില്ലെന്നു ധരിച്ചിരുന്ന മഹാവീർ ഗീതയേയും ബബിതയേയും ഗോദയിലേക്കു കൈപിടിച്ചിറക്കി.
ആൺകുട്ടികളോടൊപ്പം അവർക്കും പരിശീലനം നൽകി. മുടി പറ്റെവെട്ടി ബബിതയും ഗീതയും പുറത്തിറങ്ങിയപ്പോൾ ഗ്രാമമൊന്നാകെ നെറ്റിചുളിച്ചു. പക്ഷേ മഹാവീർ പിന്നോട്ടു നടന്നില്ല. ഗ്രാമം പെൺകുഞ്ഞുങ്ങൾക്കു കൽപിച്ച വ്യവസ്ഥാപിത ജീവിതത്തെ പാടേ മറിച്ചിട്ടു മഹാവീർ ഗോദകളിൽ പെൺമക്കളെ വീരോജ്വലരാക്കി. വിമർശനങ്ങളെ മഹാവീർ നേരിട്ടത് ഒരൊറ്റ ചോദ്യംകൊണ്ടായിരുന്നു...

ഒരു വനിതയ്ക്കു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാമെങ്കിൽ എന്തുകൊണ്ടൊരു ഗുസ്തിക്കാരി ആയിക്കൂട? ആൺ-പെണ്‍ ലിംഗസമത്വം ഏറ്റവും കുറവുള്ള, പെൺഭ്രൂണഹത്യയ്ക്കു കുപ്രസിദ്ധമായ നാട്ടിൽ നിന്നുകൊണ്ടായിരുന്നു മഹാവീർ ഭാഗോട്ടിന്റെ ചോദ്യവും സ്വർണത്തിളക്കത്തിന്റെ മെഡൽയാത്രയും.

അതുകൊണ്ടാണ് ഈ ചിത്രം ഇന്ത്യൻ സിനിമയ്ക്കു അഭിമാനമാകുന്നതും. കാണേണ്ട ഒന്നാകുന്നതും. ഗീതയും ബബിതയും നേടിത്തന്ന മെഡലുകൾ പോലെ കാലാതീതമാകുന്നത്...സമൂഹത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കലാപരമായി കണ്ണുതിരിക്കുമ്പോഴാണ് സിനിമയെന്ന മാധ്യമം പൂർണമാകുന്നത് പറയുന്നത്. ദങ്കൽ അക്കൂട്ടത്തിലാണ്.
 

Your Rating: