Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മജീദ് മജീദി ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്

deepika-majidi

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ അഭിനയിക്കുന്നതായി വാർത്ത വന്നിരുന്നു. . കുറച്ചു നാൾ മുൻപ് സിനിമയുമായി ബന്ധപ്പെട്ട ദീപികയുടെ ഒരു ചിത്രവും പുറത്തായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് സംവിധായകനരികെ നിൽക്കുന്ന ദീപികയുടെ ചിത്രം വാർത്തകളിലിടം നേടിയിരുന്നു.

എന്നാൽ മജീദ് മജീദിയുടെ ഈ ചിത്രത്തിൽ ദീപിക പദുക്കോൺ ഉണ്ടാകില്ല. ചിത്രത്തിലേക്ക് ദീപികയെ പരിഗണിച്ചിരുന്നെങ്കിലും നടിയെ ഒഴിവാക്കി എന്നാണ് പുതിയ വാർത്ത. കാരണം ദീപികയുടെ ലുക്ക് തന്നെ. ബോളിവുഡിനെ അമ്പരപ്പിക്കുകയാണ് ഈ വാർത്ത. ലുക്ക് ടെസ്റ്റിൽ കഥാപാത്രത്തോട് യോജിക്കാത്തതിനാൽ നടിയെ മാറ്റുകയായിരുന്നു.

കുറച്ചുനാൾ മുൻപ് മുംബൈയിൽ വച്ച് നടിക്കായി രഹസ്യമായി ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു മജീദ് മജീദി. തെരുവില്‍ അലയുന്ന ഒരു സ്ത്രീയുടെ വേഷപ്പകര്‍ച്ചയിലാണ് ദീപിക പദുക്കോണ്‍ മുംബൈയിലെ ധോബിഘട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ പോലും ദീപികയെ ആ വേഷത്തില്‍ തിരിച്ചറിഞ്ഞില്ലെന്നതാണ് വസ്തുത.

ബിയോണ്ട് ദ് ക്ലൗഡ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ആണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപികയെ പരിഗണിച്ചിരുന്നെങ്കിൽ ഇഷാന്റെ സഹോദരിയുടെ വേഷമാണ് നടി ചെയ്യേണ്ടിയിരുന്നത്.

ഇന്ത്യയിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതം എ ആർ റഹ്മാൻ ആണ്.