Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സൽമാൻ അല്ലെങ്കിൽ ആരാണ് എന്റെ അച്ഛനെ കൊന്നത്'

salman-firoz-son

സൽമാൻ ഖാനെതിരെയുള്ള 13 വർഷത്തെ കുറ്റാരോപണങ്ങൾക്ക് മുംബൈ ഹൈക്കോടതി വിരാമമിട്ടു. തന്നെ കുറ്റവിമുക്തനാക്കിയെന്ന വാർത്ത കേട്ട് നടൻ സൽമാൻ ഖാൻ കുഴഞ്ഞുവീണപ്പോൾ മാധ്യമങ്ങളുടെയെല്ലാം ക്യാമറകൾ അത് പകർത്തി കൊണ്ടിരുന്നു. എന്നാൽ കുറച്ചകലെ ഇതേവിധി കേട്ട് കുഴഞ്ഞു വീണ മറ്റൊരാൾ ഉണ്ടായിരുന്നു. മല്‍വാനി എന്ന സ്ഥലത്തെ ഒരു ചേരിയിൽ കഴിയുന്ന ഫിറോസ് ഷെയ്ക്ക് ആയിരുന്നുവത്. 2002ൽ സൽമാൻ ഖാന്റെ വാഹനമിടിച്ച് മരണമടഞ്ഞ നൂറുലഖാന്റെ മകനാണ് ഫിറോഷ് ഷെയ്ക്ക്.

13 വർഷം കഴിഞ്ഞപ്പോൾ സൽമാൻ ഖാൻ കുറ്റവിമുക്തനാക്കപ്പെട്ടു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തോട് ക്ഷമിക്കാനും ഷെയ്ക്ക് തയ്യാറാണ്. എന്നാൽ ആരാണ് തന്റെ പിതാവിനെ കൊന്നത് എന്ന ചോദ്യം ഉയർത്തുകയാണ് ഷെയ്ക്ക്. ഇത്രയും വർഷത്തെ അന്വേഷണത്തിന് ശേഷവും കൊലയാളി ആരെന്നത് ചോദ്യചിഹ്നമായി തുടരുകയാണെന്നും, തനിക്ക് നീതി വേണമെന്നും ഈ 25 വയസുകാരൻ ആവശ്യപ്പെടുന്നു.

സൽമാൻ ഖാനെ വെറുതെ വിട്ടുകൊണ്ടുള്ള വാർത്ത ഫിറോസിനെ ആകെ തളർത്തിയിരുന്നു. ഒരിക്കലും മനപൂർവ്വം ഉള്ള ഒരു അപകടമായിരുന്നില്ല അത്. അറിയാതെ സംഭവിച്ചതാണ്. അതിൽ തന്റെ പിതാവിന്റെ ജീവൻ നഷ്ടമായി. അങ്ങനെയൊരു കാര്യത്തിൽ ആരെയെങ്കിലും ശിക്ഷിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല. താൻ സൽമാൻ ഖാന്റെ ആരാധകനുമാണ് - ഫിറോസ് ഷെയ്ഖ് പറയുന്നു. എന്നാൽ തന്റെ പിതാവിനെ കൊന്നതാരാണെന്ന അറിയണമെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു. മാത്രമല്ല നൂറുലഖാൻ മരിച്ച ശേഷം വളരെ കഷ്ടപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. കേസിൽ നഷ്ടപരിഹാരമെങ്കിലും തനിക്ക് തരണമെന്നും ഫിറോഷ് പറയുന്നു.

സൽമാൻ ഖാനാണ് കാർ ഓടിച്ചിരുന്നതെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിരുന്നു. എന്നാൽ താൻ അല്ല കാറോടിച്ചിരുന്നതെന്ന് കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രൈവറുടെ മേൽ കുറ്റം ചുമത്തി. ഞങ്ങൾ പാവങ്ങളാണ്. എന്നുവച്ച് ഈ ജീവനുകൾക്ക് വിലയില്ലെന്ന് കരുതരുതെന്നും ഫിറോസിന്റെ മാതാവ് ബീഗം ജഹാൻ പറഞ്ഞു. പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഫിറോസിന് അവന്റെ പിതാവിനെ നഷ്ടമാകുന്നത്. കുടുംബത്തിന് താങ്ങാകണമെന്നുള്ളതിനാൽ അവന് പഠനം തുടരാൻ സാധിച്ചില്ല. അന്നുമുതൽ ഓരോ ജോലികൾ ചെയ്ത് വീടു പുലർത്തുകയാണ് ഫിറോസെന്നും ബീഗം ജഹാൻ കൂട്ടിച്ചേർത്തു.