ഷാരൂഖ് ഖാനിന്റെ കുഞ്ഞു മകൻ അബ്റാമിന്റെ ഫോട്ടോകളും വിഡിയോകളും നെറ്റ് ലോകത്ത് തരംഗമാണ്. ഷാരൂഖ് പങ്കുവയ്ക്കുന്നവ മാത്രമല്ല, അബ്റാമിനേയും കൂട്ടി ഷാരുഖ് പുറത്തിറങ്ങിയിട്ടുണ്ടോ അന്നെല്ലാം അബ്റാം വാർത്തകളിലെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരെണ്ണം കൂടി. ഫോട്ടോ ഷാരൂഖ് തന്നെയാണ് പുറത്തുവിട്ടത്. കരൺ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്.
കുടുംബാംഗങ്ങളുടെ ഫോട്ടോ പുറത്തുവിടുന്നത് അവർക്കൊട്ടും ഇഷ്ടമുള്ള കാര്യമല്ലെന്ന് ഷാരൂഖ് പറയുന്നു. പലപ്പോഴും ഇക്കാര്യത്തില്‍ അവര്‍ എന്നെ തടയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഷാരൂഖിനായില്ല അങ്ങനെ ചെയ്യാതിരിക്കാൻ. ഈ ചിത്രം ഷാരൂഖിന് പോസ്റ്റ് ചെയ്തേ മതിയാകൂ. കാരണം ഇത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. പല നിറങ്ങളിലുള്ള പന്തിനു നടുവിൽ കിടക്കുന്ന അബ്റാം. അവന്റെ കുഞ്ഞിക്കണ്ണ് മാത്രമാണ് പുറത്തുകാണാനാകുന്നത്. അബ്റാമിനെ പോലെ ക്യൂട്ട് ആയ ഈ ഫോട്ടോ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
മൂത്ത മകൻ ആര്യന്റെ ബിരുദ ദാന ചടങ്ങുകൾക്ക് ശേഷമാണ് ഷാരൂഖും മക്കളും പിറന്നാൾ പരിപാടിക്കെത്തിയത്. ഷാരൂഖ് ആഘോഷത്തിലായിരിക്കുമ്പോൾ അബ്റാം ഈ പന്തുകൾക്കൊപ്പം തന്റെ സമയം ചിലവിടുകയായിരുന്നു. സെയ്ഫ് അലി ഖാൻ, കരീന, രൺബീർ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത, ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ എന്നിവരും പിറന്നാൾ പാർട്ടിക്കെത്തിയിരുന്നു.