Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കാലത്ത് തീയറ്ററിൽ വച്ചു നേരിട്ട ലൈംഗികഅതിക്രമത്തെപ്പറ്റി സോനം കപൂർ

sonam

കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച് പ്രശസ്തരായ വനിതകൾ തുറന്നു പറഞ്ഞിട്ടുണ്ട്. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ സാധാരണക്കാരായ സ്ത്രീകൾക്ക് അതൊക്കെ തുറന്നുപറയാൻ ഈ വാക്കുകൾ പകർന്ന ധൈര്യം ചെറുതല്ല.

നടി സോനം കപൂറായിരുന്നു ആ ഒരു ധീര നീക്കത്തിനൊപ്പം ഏറ്റവുമൊടുവിൽ പങ്കാളിയായത്. കുട്ടിക്കാലത്ത് തീയറ്ററിൽ വച്ചാണ് കുഞ്ഞു സോനത്തിനെതിരെ ഒരു ക്രൂരൻ അതിക്രമം അഴിച്ചു വിട്ടത്. സംഭവത്തെക്കുറിച്ച് സോനം തുറന്നുപറയുന്നു.

‘ഇപ്പോഴും എനിക്കു വ്യക്തമായി അക്കാര്യങ്ങളൊക്കെ ഓർമകളുണ്ട്. അന്നൊരു പതിമൂന്ന് പതിനാല് വയസേ കാണുകയുള്ളൂ. രണ്ടു മൂന്നു വർഷക്കാലം എനിക്ക് അക്കാര്യങ്ങളൊക്കെ ആരോടും തുറന്നു പറയുവാൻ പോലും സാധിച്ചിരുന്നില്ല. രവീണ ടണ്ഠനും അക്ഷയ് കുമാറും അഭിനയിച്ചൊരു ചിത്രം കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഗെയ്റ്റി ഗാലക്സി തീയറ്ററിലെത്തിയത്. കൂട്ടം തെറ്റിപ്പോകാതിരിക്കാൻ ഞങ്ങൾ ഓരോരുത്തരും അവരവരുടെ തോളിൽ പിടിച്ചിട്ടുണ്ടായിരുന്നു. പൊക്കക്കൂടുതലുള്ളതു കൊണ്ടു തന്നെ അവസാനമായിരുന്നു ഞാൻ. കൂട്ടുകാരി ഏക്‌തയായിരുന്നു എനിക്കു മുൻപിൽ.

‘ആ സമയത്താണ് ഒരു മനുഷ്യൻ വന്ന് തൊട്ടു പുറകിൽ നിന്ന് എന്റെ ഉടലിൽ പിടിച്ചത്. അന്നെനിക്ക് ശാരീരിക വളർച്ച പോലും ആയിരുന്നില്ലെന്നോർക്കണം. ആകെ വിറച്ച് പേടിച്ചു പോയി ഞാൻ. എന്താണ് നടന്നതെന്നു പോലും അറിയാത്തൊരു അവസ്ഥ. ആരോടും എന്താണ് കാര്യമെന്നു പറയാനാകാതെ ഞാൻ അവിടെയിരുന്നു കരയുകയായിരുന്നു. പക്ഷേ എന്റെ ചിന്ത ഞാനെന്തോ തെറ്റ് ചെയ്തു എന്നായിരുന്നു. കുറേ കാലം അങ്ങനെ തന്നെയായിരുന്നു. പക്ഷേ എന്റെ കൂട്ടുകാരിൽ അധികം പേരും ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്കറിയാം. എനിക്കു തോന്നുന്നത് എല്ലാവരും ബാല്യകാലത്ത് ഇത്തരം ലൈംഗിക അതിക്രമങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണെന്ന്. എനിക്കും അങ്ങനെ തന്നെ. എന്നെ ഏറെക്കാലം പിന്തുടർന്നു ആ അനുഭവങ്ങൾ.– സോനം പറയുന്നു.

ഇതാദ്യമായല്ല ബോളിവുഡ് അഭിനേത്രിമാര്‍ ലൈംഗികപീഡനം നേരിടേണ്ടി വന്ന അനുഭവം തുറന്നു പറയുന്നത്. കല്‍കി കോച്‌ലിന്‍, തപ്‌സി പന്നു തുടങ്ങിയവരും ഇതുപോലെ അനുഭവം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ട്.