Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാടാൻ ചങ്കുറപ്പുള്ള ചലച്ചിത്രകാരൻ

Mumbai: Filmmaker Anurag Kashyap during the premiere of British documentary film Amy, in Mumabi on July 9, 2015. (Photo: IANS)

YOU MESSED WITH THE WRONG PERSON - ‘ഉഡ്താ പഞ്ചാബ്’ വിവാദവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുകളിലൊന്നിൽ സെൻസർ ബോർഡ് അധ്യക്ഷൻ പഹ്‌ലജ് നിഹലാനിയുടെ ചിത്രത്തിനു താഴെ കണ്ട വാചകം. അതു കൃത്യമാണെന്നു വൈകാതെ ബോംബെ ഹൈക്കോടതി വിധി തെളിയിച്ചു. പലർക്കും പണി കൊടുത്ത പഹ്‌ലജ് നിഹലാനിക്ക് ഇത്തവണ ശരിക്കും ആളുതെറ്റി. ബോളിവുഡിലെ കനയ്യകുമാർ അനുരാഗ് കശ്യപിനോടാണ് അദ്ദേഹം ഇക്കുറി കൊമ്പുകോർത്തത്. പോരാടാൻ ചങ്കുറപ്പുള്ള ചലച്ചിത്രകാരനെ നിഹലാനി മനസ്സിലാക്കിയപ്പോഴേക്കും വിഷയം കയ്യിൽനിന്നുപോയി.

ന്യൂ ഏജ് ബോളിവുഡ്

വിവാദ ചിത്രം ‘ഉഡ്താ പഞ്ചാബി’ന്റെ നിർമാതാക്കളിൽ ഒരാൾ എന്ന നിലയിലാണ് അനുരാഗ് കശ്യപ് വാർത്തകളിൽ നിറയുന്നതെങ്കിലും ബോളിവുഡിലെ ‘ആന്റി യാഷ് ചോപ്ര’ സിനിമകളുടെ വക്താവാണ് അദ്ദേഹം. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ഹിന്ദിയിലെ ന്യൂ ഏജ് സിനിമകളുടെ അമരക്കാരൻ. ബോളിവുഡിന്റെ നടപ്പുരീതികളെ പൂർണമായും നിരാകരിക്കുന്ന സിനിമകൾ സംവിധാനം ചെയ്യുന്നതിനു പുറമെ അത്തരം സിനിമകളൊരുക്കുന്ന ഒരുപറ്റം യുവചലച്ചിത്ര പ്രതിഭകളുടെ പ്രചോദനകേന്ദ്രം കൂടിയാണ് അനുരാഗ് കശ്യപ്.

അനുരാഗ് V/S സെൻസർ ബോർഡ്

‘ദേവ് ഡി’, ‘ഗാങ്സ് ഓഫ് വാസിപുർ’ പോലുള്ള സിനിമകളൊരുക്കിയ അനുരാഗിനു സെൻസർ ഏറ്റുമുട്ടലുകൾ പുതുമയുള്ള കാര്യമല്ല. അതുകൊണ്ടാണു പഹ്‌ലജ് നിഹലാനിയെ മാറ്റുന്നതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കില്ല, പൊളിച്ചെഴുതേണ്ടതു സെൻസർ നിയമം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2000ൽ ഒരുക്കിയ ആദ്യ സിനിമ ‘പാഞ്ച്’ മുതൽ ഏറ്റവും പുതിയ ചിത്രം ‘രമൺ രാഘവ് 2.0’ വരെ സെൻസർ ഇരയാണ് നാൽപത്തിമൂന്നുകാരനായ അനുരാഗ്. ആദ്യ രണ്ടു സംവിധാന സംരംഭങ്ങളും സെൻസർ, കോടതി കുരുക്കുകളിൽപ്പെട്ട് ഏഴു വർഷത്തോളമാണ് പുറത്തിറക്കാൻ കഴിയാതെ പോയത്.

ഡാർക് – വിഷ്വലും ജീവിതവും

ഇരുണ്ട ജീവിതങ്ങളും അതു പകരുന്ന ഇരുണ്ട കാഴ്ചകളുമാണ് അനുരാഗ് കശ്യപിന്റെ സിനിമകളിൽ നിറയുന്നത്. അധോനഗരങ്ങളുടെ പച്ചയായ കാഴ്ചകളിൽ മദ്യവും ലഹരിയും സെക്സും വയലൻസുമെല്ലാം അനിവാര്യമായ സാന്നിധ്യമാകുന്നു. പുതുമയ്ക്കോ വ്യത്യസ്തതയ്ക്കോ വേണ്ടി കണ്ടെത്തുന്നവയല്ല, ജീവിത പരിസരങ്ങളിൽനിന്നു നേരിട്ടു പറിച്ചുനടുന്നവയാണ് ഇവയെല്ലാം. അനുരാഗിന്റെ വ്യക്തിജീവിതം പോലും ഇതുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു. കുട്ടിയായിരിക്കെ ബന്ധുവീട്ടിലും പിന്നീട് സ്കൂൾ ഹോസ്റ്റലിലും നിരന്തരമായി ശാരീരിക പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്നതു തന്റെ വ്യക്തിത്വത്തെ ഉലച്ചുകളഞ്ഞതായി അനുരാഗ് പറഞ്ഞിട്ടുണ്ട്. എഴുത്തിലേക്കും നാടകത്തിലേക്കും സിനിമയിലേക്കും സ്വയം പറിച്ചുനടപ്പെട്ടില്ലായിരുന്നുവെങ്കിൽ താനൊരു സാമൂഹിക വിരുദ്ധൻപോലുമായേനെ എന്നും അദ്ദേഹം കുറിച്ചിരുന്നു.

മുംബൈ കുടിയേറ്റം

ഡൽഹി ഹൻസ് രാജ് കോളജിലെ സുവോളജി ബിരുദപഠനം കഴിഞ്ഞ് നാടകസംഘമായ ജനനാട്യമഞ്ചുമായി ചേർന്നു പ്രവർത്തിച്ചതാണ് യുപി സ്വദേശിയായ അനുരാഗിനെ മാറ്റിമറിച്ചത്. അക്കാലത്തു ഫിലിം ഫെസ്റ്റിവലിൽ കാണാനിടയായ ഡിസീക്ക സിനിമകൾ പുതിയൊരു ദൃശ്യലോകത്തേക്ക് ആനയിച്ചു. ആ സ്വപ്നങ്ങളുടെ കൈപിടിച്ചാണു വൈകാതെ മുംബൈയിലെത്തിയത്. കയ്യിൽ പണമില്ലാത്ത തുടക്കകാലം പരിതാപകരമായിരുന്നു. മാസങ്ങളോളം മഹാനഗരത്തിലെ തെരുവോരങ്ങളും ബീച്ചുമായിരുന്നു ആശ്രയം. ലക്ഷ്യം തെറ്റിയ ജീവിതത്തിൽ കഞ്ചാവും ചരസും പുസ്തകങ്ങളുമായി ലഹരി. ടെലിഫിലിമുകളൊരുക്കുന്ന ശ്രീറാം രാഘവന്റെ കൂട്ടത്തിൽ എത്തിപ്പെട്ടതോടെയാണ് ആ ജീവിതത്തിൽനിന്നു പുറത്തുകടന്നത്. സീരിയൽ കില്ലർ ഓട്ടോ ശങ്കറിന്റെ ജീവിതം ഷോർട്ഫിലിമിനായി തിരക്കഥയാക്കി. ആ ചിത്രം കണ്ടാണ് രാംഗോപാൽ വർമ ‘സത്യ’ എന്ന അധോലോക സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയാകാൻ ക്ഷണിച്ചത്. തുടർന്ന് യുവ, നായക്, ഷൂൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ സംഭാഷണമെഴുത്തുകാരനായി.

പുറത്തിറങ്ങാത്ത ‘പാഞ്ച്’

സ്വന്തമായി സംവിധാനം ചെയ്ത ആദ്യ സിനിമ ‘പാഞ്ച്’ പുണെയിൽ 1976ൽ നടന്ന കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു റോക്ക് ബാൻഡിലെ അഞ്ച് സുഹൃത്തുക്കളാണ് മുഖ്യകഥാപാത്രങ്ങൾ. നിർമാതാക്കളുടെ ആവശ്യത്തെ തുടർന്നു പല രംഗങ്ങളും പലതവണ മാറ്റിയെഴുതേണ്ടിവന്നതിനാൽ ആദ്യസിനിമ പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ഒടുവിൽ ചിത്രത്തിനു സെൻസർബോർഡ് പ്രദർശനാനുമതിയും നിഷേധിച്ചു. യുവാക്കൾക്കിടയിലെ കുറ്റവാസനയും സെക്സ്, ഡ്രഗ്സ് രീതികളുമെല്ലാം അവതരിപ്പിച്ച ചിത്രം ആരോഗ്യകരമായ എന്റർടെയ്ന്റ്മെന്റ് അല്ല എന്നായിരുന്നു വിലയിരുത്തൽ. ഇതു പകർന്ന നിരാശയിൽ അനുരാഗ് കടുത്ത മദ്യപാനിയായി. രാപകൽ മദ്യപിച്ചു. വഴിയരികിൽ കിടന്നു. അടുത്ത സിനിമയായ ‘ഗുലാലി’നു വേണ്ടി എഴുതാൻ തുടങ്ങിയതോടെയാണ് ഇതിൽനിന്നു മോചിതനായത്. ആ കഥയും നിർമാതാക്കളെ ബോധ്യപ്പെടുത്താൻ പാടുപെട്ടു.

മുംബൈ സ്ഫോടന കഥ

മാധ്യമപ്രവർത്തകൻ ഹുസൈൻ സയ്ദിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി മുംബൈ സ്ഫോടന പരമ്പരയെക്കുറിച്ചുള്ള ‘ബ്ലാക്ക് ഫ്രൈഡെ’ എന്ന സിനിമയാണ് തുടർന്നു സംവിധാനം ചെയ്തത്. മൂന്നു വർഷം ഇതിനായി ഗവേഷണം നടത്തി. യഥാർഥ സ്ഫോടനക്കേസ് വിചാരണ ഘട്ടത്തിലായിരുന്നതിനാൽ ചിത്രത്തിനു പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. ഏറെ സെൻസിറ്റീവ് ആയ വിഷയം ഒട്ടും വെള്ളം ചേർക്കാതെയാണ് ത്രില്ലർ‌ ആയി രൂപാന്തരപ്പെടുത്തിയത്. ടൈഗർ മേമൻ മുതൽ രാകേഷ് മാരിയവരെ അതേപേരുകളിൽ കഥാപാത്രങ്ങളായി. ആ ദിവസങ്ങളിൽ സെൻസർ ബോർഡ് ഓഫിസിലും ടാഡ കോടതിയിലും ഈ യുവസംവിധായകൻ ഒട്ടേറെത്തവണ കയറിയിറങ്ങി. 2005ൽ റിലീസ് നിശ്ചയിച്ചതിന്റെ തലേന്നാണു കോടതിയുടെ സ്റ്റേ എത്തിയത്. വിഷാദത്തിലേക്കു വീണുപോയ അനുരാഗ് ദിവസങ്ങളോളം മുറിയിൽനിന്നു പുറത്തിറങ്ങിയതേയില്ല.

ഹിറ്റുകളുടെ ഗാങ്ങിലേക്ക്

‘പാഞ്ചി’ന് പിന്നീട് സെൻസർ അനുമതി ലഭിച്ചെങ്കിലും വിതരണക്കാരെ കിട്ടിയില്ല. തുടർന്ന് ഇരുനൂറോളം സ്വകാര്യ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ‘ബ്ലാക്ക് ഫ്രൈഡേ’യുടെ വിലക്ക് മൂന്നുവർഷത്തിനു ശേഷമാണു നീക്കിയത്. ഒട്ടേറെ രാജ്യാന്തര മേളകളിൽ ചിത്രം നിറഞ്ഞ കയ്യടി നേടി. നാലാമത്തെ ചിത്രം ദേവ് ഡി (2009) ആണ് അനുരാഗിനെ സിനിമയുടെ വിജയവഴിയിലെത്തിച്ചത്. സ്വന്തം ശൈലിയിൽ നിന്നു മാറാതെ അവതരിപ്പിച്ച ചിത്രം സർപ്രൈസ് ഹിറ്റായി. രാഷ്ട്രീയം ചർച്ച ചെയ്ത ‘ഗുലാൽ’ (2009), ത്രില്ലർ ചിത്രമായ ‘ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്സ്’ എന്നിവയാണു പിന്നീടു വന്നത്. 2012ൽ ഇറങ്ങിയ, ധൻബാദിലെ ഖനിമാഫിയയുടെ കഥ പറഞ്ഞ ‘ഗാങ്സ് ഓഫ് വാസിപുർ’ ഹിറ്റ്മേക്കർ പദവി സമ്മാനിച്ചു. രണ്ടുഭാഗങ്ങളായി ഒരുക്കിയ സിനിമ പുതിയ കാഴ്ചയും അനുഭവവുമായി. തുടർന്നു സംവിധാനം ചെയ്ത ബോംബെ ടാക്കീസ്, അഗ്ലി, ബോംബെ വെൽവെറ്റ് എന്നീ സിനിമകൾ പക്ഷേ ദയനീയ പരാജയമായി. ഈ സമാന്തര സിനിമകൾക്കിടയിൽത്തന്നെ കുട്ടികൾക്കായുള്ള ഒരു ആനിമേഷൻ ചിത്രവും അനുരാഗ് ഒരുക്കി. മകൾ ആലിയയുടെ ആറാം പിറന്നാളിന് ആദ്യമായി പ്രദർശിപ്പിച്ച ‘റിട്ടേൺ ഓഫ് ഹനുമാൻ’ (2007).

താരഭാരമില്ലാത്ത ചിത്രങ്ങൾ

ഒരർഥത്തിൽ ബോളിവുഡിലെ സാഹസികനാണ് അനുരാഗ്. യഥാർഥ സംഭവങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ടവയാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും. റിയലിസ്റ്റിക് അവതരണത്തിനായി ഹിഡൺ ക്യാമറകൾ പോലുള്ള രീതികൾ തുടക്കംതൊട്ടേ പരീക്ഷിക്കുന്നു. തിരക്കഥയിൽനിന്നു മാറി ചിത്രീകരണ വേളയിൽ സ്വാഭാവികമായ തിരുത്തലുകൾ വരുത്തുന്നു. തന്റെ സിനിമയ്ക്കു താരങ്ങൾ വേണ്ട, അഭിനേതാക്കൾ മാത്രം മതി എന്നു നയം വ്യക്തമാക്കിയിട്ടുള്ള അദ്ദേഹം താരഭാരം മാറ്റിവച്ചുവരുന്ന ഏത് അഭിനേതാവുമായും സഹകരിക്കുമെന്നും പറഞ്ഞിരുന്നു. ബോളിവുഡിനെ ചില സിനിമാക്കുടുംബങ്ങളുടെ കയ്യിൽനിന്നു മോചിപ്പിക്കേണ്ടതുണ്ടെന്ന അഭിപ്രായ പ്രകടനവും വിവാദമായിരുന്നു.

സിനിമയിലെ അനുരാഗ് സ്കൂൾ

മുംബൈയിലെ അനുരാഗിന്റെ പ്രൊഡക്‌ഷൻ ഓഫിസ് പുതിയ സ്വപ്നങ്ങളുമായി എത്തുന്ന യുവ സിനിമാക്കാരുടെ താവളമാണ്. വിക്രമാദിത്യ മോട്‌വാനെ, ബിജോയ് നമ്പ്യാർ, സമീർ ഷർമ, ശ്ലോക് ഷർമ, റിതേഷ് ബത്ര തുടങ്ങി മികവു തെളിയിച്ച ഒരുപിടി സംവിധായകർ അനുരാഗിന്റെ തണൽ അനുഭവിച്ചവരാണ്. നവാസുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, റിച്ച ഛദ്ദ, മഹി ഗിൽ, കൽകി കോച്‌ലിൻ തുടങ്ങിയ അഭിനേതാക്കൾ ശ്രദ്ധിക്കപ്പെട്ടതും അനുരാഗിന്റെ ചിത്രങ്ങളിലൂടെയാണ്. ദേവ് ഡി, ഗാങ്സ് ഓഫ് വാസിപു‍‍ർ ഉൾപ്പെടെ അനുരാഗിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ പലതിനു‌ം ക്യാമറ ചലിപ്പിച്ച രാജീവ് രവിയും ഇതേസ്കൂളിന്റെ സംഭാവനയാണ്.

നിർമാണം, അഭിനയം

അനുരാഗ് കശ്യപ് ഫിലിം പ്രൊഡക്‌ഷൻ ലിമിറ്റഡ്, ഫാന്റം ഫിലിംസ് എന്നിങ്ങനെ രണ്ടു നിർമാണ കമ്പനികളുടെ ബാനറിലായി നിർമിച്ച ഉഡാൻ, ശയ്ത്താൻ, ചിറ്റഗോങ് പോലുള്ള ചിത്രങ്ങളും നിർമാണ പങ്കാളിത്തം വഹിച്ച ലഞ്ച് ബോക്സ്, ഷാഹിദ്, ലുട്ടേര, ഹസീ തോ ഫസീ, ക്വീൻ, എൻഎച്ച് 10, ഹണ്ടർ, മസാൻ തുടങ്ങിയവയും നവഹിന്ദി സിനിമയിലെ വേറിട്ട ശ്രമങ്ങളാണ്. ഇതിനു പുറമെ എണ്ണമറ്റ ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും നിർമാണത്തിലും സഹകരിച്ചു. സമാന്തര സിനിമകളുടെ ഈ വൺമാൻ പ്രൊഡക്‌ഷൻ ഫാക്ടറിയിൽ നിലവിൽ ഒരുഡസനോളം സിനിമകളാണു നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. തന്റെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളിൽ ചെറിയവേഷങ്ങളിലും ഇടയ്ക്ക് അനുരാഗ് കശ്യപിനെ കാണാം.  

Your Rating: