Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും വണ്ടർ വുമൺ; സിനിമ ഷൂട്ട് ചെയ്യുമ്പോൾ നായിക 5 മാസം ഗർഭിണി

gal-gadott-pregnant

വണ്ടർ വുമൺ ആണ് സിനിമയെങ്കിലും വണ്ടർ വിമൻ എന്നു പറഞ്ഞേ മതിയാകൂ. ലോകമഹായുദ്ധം ഇല്ലാതാക്കാൻ സ്വന്തം നാടുപേക്ഷിച്ചു വരുന്ന ഗാൽ ഗദോട്ട് ജീവൻ നൽകുന്ന ഡയാന രാജകുമാരിയെ വണ്ടർവുമണെന്നു തീർച്ചയായും വിളിക്കണം. എന്നാൽ വണ്ടർ വുമൺ സിനിമയിൽ മറ്റൊരു വണ്ടർ വുമൺ കൂടിയുണ്ട്, സംവിധായിക പാറ്റി ജെങ്കിൻസ്. 1000 കോടി മുതൽ മുടക്കിൽ നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം ആദ്യ ആഴ്ച വാരിക്കൂട്ടിയത് 1434 കോടി. ജെങ്കിൻസ് വണ്ടർ വുമണായതു കലക്‌ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞാണ്. ഏറ്റവും കൂടുതൽ കലക്‌ഷൻ നേടുന്ന ചിത്രത്തിന്റെ ‘സംവിധായിക’യെന്ന റെക്കോർഡ് ഇപ്പോൾ ജെങ്കിൻസിനു സ്വന്തം. ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ എന്ന ചിത്രത്തിലൂടെ സാം ടെയ്‌‌ലർ ജോൺസൺ നേടിയ റെക്കോർഡാണ് ഈ അദ്ഭുത സ്ത്രീകൾ തകർത്തത്. 

അതിലേറെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. വണ്ടർ വുമണിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഗാൽ ഗദോട്ട് അഞ്ചുമാസം ഗർഭിണിയായിരുന്നു. സിനിമയുടെ ഷൂട്ടിങ് ഏകദേശം പൂർത്തിയാക്കി ഗാൽ വീട്ടിലിരിക്കുമ്പോഴാണ് സിനിമയുടെ കുറച്ചുഭാഗം കൂടി പൂർത്തീകരിക്കാനുണ്ടെന്ന കോൾ വരുന്നത്.

Gal Gadot Auditioned for Wonder Woman Without Knowing It

എന്നാൽ ആ സമയം ഗർഭിണിയായ സ്ത്രീകളെ സംബന്ധിച്ചടത്തോളം അതികഠിനമായ ഒന്നാണ്. അതൊന്നും ഗാലിന് ഒരുപ്രശ്നമല്ലായിരുന്നു. കാരണം അവൾ വണ്ടർ വുമൺ ആണ് !

രണ്ടാം ഘട്ടത്തിൽ ഗാലിന്റെ നിറവയർ കാണാതിരിക്കാൻ വണ്ടർ വുമണ്‍ സ്യൂട്ടിന്റെ മുൻവശത്തെ കുറച്ച് ഭാഗം മാറ്റി അവിടെ പച്ച വസ്ത്രം ചേർത്തു. എളുപ്പത്തിൽ എഡിറ്റ് ചെയ്ത് മാറ്റി സ്പെഷൽ ഇഫക്ടിന് സഹായമാകാനാണ് പച്ച വസ്ത്രം ഉപയോഗിച്ചത്. 

മാത്രമല്ല ഈ നിറവയറും വച്ച് ആക്​ഷൻ രംഗങ്ങളും ഓടുന്ന രംഗങ്ങളുമൊക്കെ ചിത്രീകരിക്കേണ്ടി വന്നു. ‘ക്ലോസ്അപ് ഷോട്ടിൽ നോക്കിയാൽ വണ്ടർ വുമൺ തന്നെ എന്നാൽ വൈഡ് ഷോട്ടിൽ നോക്കിയാൽ ഇവള്‍ ഗർഭിണിയാണെന്ന് പറയുമായിരുന്നു.–ഗാൽ ഗദോട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞു.

WONDER WOMAN ACTION CLIP - Stay Here

‘വളരെ നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഈ സിനിമയുടേത്. ഒരു ഘട്ടത്തിൽ ഗാദോട്ട് ഗർഭിണിയായി. മരംകോച്ചുന്ന തണുപ്പത്തായിരുന്നു അപ്പോള്‍ ഷൂട്ടിങ്. ഒറ്റക്കാലിൽ നിന്നു ചെയ്യേണ്ട ആക്‌ഷന്‍ രംഗങ്ങളുണ്ടായിരുന്നു. എല്ലാദിവസവും അങ്ങനെ തന്നെയായിരുന്നു. പക്ഷേ അതെല്ലാം അവള്‍ ചെയ്തു.–സംവിധായിക പറഞ്ഞു.

18 വയസ്സുള്ളപ്പോൾ മിസ് ഇസ്രായേൽ കിരിടീം ചൂടിയ താരമാണ് ഗാൽ ഗദോട്ട്. തുടർന്ന് രണ്ട് വര്‍ഷം ഇസ്രായേൽ ഡിഫൻസ് ഫോർസിൽ ജോലി ചെയ്തു.തുടർന്ന് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലൂടെ തരംഗമായി മാറി. ഇസ്രായേലി ബിസിനസ്മാൻ യാരോണ്‍ ആണ് ഭർത്താവ്. നാല് വയസ്സ് പ്രായമായ ഒരു മകൾ കൂടിയുണ്ട്.

കരുത്തയായ ഡയാന

ഡയാന പ്രിൻസ് എന്നു സ്വയം പരിചയപ്പെടുന്ന വണ്ടർവുമൺ ചിത്രത്തിലുടനീളം ഈ കരുത്തു പ്രകടമാക്കുന്നുണ്ട്. യുദ്ധമുറകളഭ്യസിക്കുന്ന വനിതായോദ്ധാക്കളെ ഒളിഞ്ഞുനോക്കി ചലനങ്ങൾ പഠിക്കുന്ന കുഞ്ഞു ഡയാനയ്ക്കു മുതൽ യുദ്ധത്തിന്റെ ദേവനായ ഏരീസിനെ കൊലപ്പെടുത്തുന്ന ഡയാനയ്ക്കു വരെ ഈ കരുത്തുണ്ട്. വിമാനം തകർന്നു നടുക്കടലിൽ വീണുപോയ നായകനെ കടലിലേക്കൂളിയിട്ടിറങ്ങി കോരിയെടുത്തുവരുന്നുണ്ട് ഡയാന. ആകാശഗോപുരങ്ങളിലേക്കു പറന്നുയർന്നു യുദ്ധം ചെയ്യുന്നവൾ. ചില്ലുഗോപുരങ്ങൾ തുളച്ചു കടക്കുന്നവൾ. യുദ്ധത്തിന്റെ ദേവനെ കൊലപ്പെടുത്തി ഭൂമുഖത്തുനിന്നു യുദ്ധം തുടച്ചു നീക്കുകയെന്ന ദൗത്യവുമായാണു ഡയാന എത്തുന്നത്. ഷാർലെറ്റ് ജൊഹാൻസണിന്റെ അവഞ്ചേഴ്സിലെ ബ്ലാക്ക് വിഡോയേക്കാളും ദ് ഡാർക്ക് നൈറ്റ് റൈസസിലെ ക്യാറ്റ്‌വുമണിനേക്കാളും ഒരു പടി മുന്നിൽ നിൽക്കും ഡയാന. ആക‌്ഷൻ സിനിമകളുടെ കടുത്ത ആരാധകരെപ്പോലും ഗാൽ ഗദോട്ടും പാറ്റി ജെങ്കിൻസും  നിരാശപ്പെടുത്തില്ല.

 ചിരിപ്പിക്കുന്ന യുദ്ധസിനിമ

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരത ഒരു വശത്തു തുറന്നു കാട്ടുന്നുണ്ടെങ്കിലും യുദ്ധസിനിമയല്ല വണ്ടർ വുമൺ. കളിമൺ പ്രതിമയ്ക്കു സീയൂസ് ദേവൻ ജീവൻ കൊടുത്തു സൃഷ്ടിച്ചതാണു ഡയാനയെ. സ്ത്രീകൾ മാത്രമുള്ള സ്വർഗതുല്യമായ തെമിസ്കിറയിൽ ജീവിക്കുന്ന ഡയാനയുടെ ദൗത്യം ഏരീസിനെ ഇല്ലാതാക്കലാണ്. ജർമനിയിൽ നിന്നെത്തുന്ന ബ്രിട്ടിഷ് ചാരനാണു ഡയാനയോടു ഭൂമിയിൽ യുദ്ധം നടക്കുകയാണെന്നും ലക്ഷക്കണക്കിനു നിഷ്കളങ്കരായ ജനങ്ങൾ നശിക്കുകയാണെന്നും പറയുന്നത്. അങ്ങനെ സ്വന്തം രാജ്യമുപേക്ഷിച്ച് ഡയാന ദൗത്യത്തിനു പുറപ്പെടുന്നു. ഏരീസിനെ കൊല്ലാനുള്ള വാളും പരിചയുമേന്തി നഗരവീഥിയിലൂടെ നടക്കുന്ന ഡയാന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ആദ്യമായി നഗരം കാണുന്ന ഡയാനയുടെ നിഷ്കളങ്കത യുദ്ധത്തിനിടയിലും ചിരി പടർത്തും. 

WONDER WOMAN – Rise of the Warrior [Official Final Trailer]

ബാഹുബലി ഇഫക്ട്

വണ്ടർവുമൺ ടീസർ കണ്ടപ്പോൾ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് എവിടെയോ ഒരു ബാഹുബലി ഇഫക്ട് തോന്നിയിരുന്നു. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോൾ അതു പോകുകയും ചെയ്തു. ഉയർന്ന ഗോപുരങ്ങളും ചോലകളൊഴുകുന്ന കുന്നുകളുമൊക്കയായി തെമിസ്കിറ ഗ്രാഫിക്സിന്റെ പൂർണത കൊണ്ടു മഹിഷ്മതിയെപ്പോലെയോ മഹിഷ്മതിയേക്കാളേറെയോ സുന്ദരമാണ്. പടച്ചട്ടയും കൈകളിലെ  ബുള്ളറ്റേൽക്കാത്ത കവചവും നൈറ്റിയിൽ ധരിച്ച അധികാര ചിഹ്നവുമെല്ലാം ബാഹുബലിയെ ഓർമിപ്പിക്കും. 

Behind The Scenes On Wonder Woman (2017) + Movie Clips

നായികയുടെ നിഷ്കളങ്കതയ്ക്കും സ്നേഹത്തിനും അനുകമ്പയ്ക്കും അവസരങ്ങൾ ഏറെ നൽകുന്ന ജെങ്കിൻസിന്റെ ചിത്രം ആക്‌ഷൻ സിനിമാ ആരാധകരെ മാത്രമല്ല രസിപ്പിക്കുന്നത്. തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പ്രതികരണങ്ങളും ഇതു വ്യക്തമാക്കുന്നുണ്ട്. കലക്‌ഷൻ റെക്കോർഡുകളല്ല, പ്രധാനം, വണ്ടർ വുമൺ ഒരു ആഘോഷമായി മാറണമെന്നായിരുന്നു സംവിധായികയുടെ ആഗ്രഹം. പെൺകരുത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ, നിഷ്കളങ്കതയുടെ ആഘോഷമാണു വണ്ടർ വുമൺ.