Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സോഫിസിൽ റെക്കോർഡ് സൃഷ്ടിച്ച് ദിനോസറുകൾ

jurrasic-world-stills

ജുറാസിക് പാർക്ക് പരമ്പരയിലെ നാലാം ചിത്രം ജുറാസിക് വേൾഡ് ബോക്സോഫിസിൽ റെക്കോർഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 524.1 ദശലക്ഷം ഡോളറാണ് ആഗോളതലത്തിൽ ചിത്രം നേടിയതെന്ന് നിർമാതാക്കളായ യുണിവേഴ്സൽ പിക്ചേഴ്സ് അറിയിച്ചു.

നോർത്ത് അമേരിക്കയിൽ നിന്ന് 208.8 ദശലക്ഷം ഡോളർ വാരിയ ചിത്രം 2012 ൽ അവഞ്ചേഴ്സ് നേടിയ 207.4 ദശലക്ഷം ഡോളറിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. ആദ്യ ആഴ്ചയിൽ ചിത്രം 121 ദശലക്ഷം ഡോളർ നേടാനിടയുണ്ടെന്ന് പ്രവചിച്ച ഹോളിവുഡ് ചലച്ചിത്ര വിദഗ്ധർ പോലും ആഗോളതലത്തിൽ ചിത്രത്തിന്റെ ഗംഭീര സ്വീകാര്യത കണ്ട് അന്തംവിട്ടിരിക്കുകയാണ്. ജുറാസിക് പാർക്ക് എന്ന പേരിൽ സ്റ്റീവൻ സ്പീൽ ബർഗ് സംവിധാനം ചെയ്തു പുറത്തിറക്കിയ ആദ്യ ചിത്രത്തിന്റെ ആരാധകർ മുതൽ പുതുതലമുറ ചലച്ചിത്ര ആരാധകരെ വരെ ചിത്രം ആകർഷിച്ചതായാണ് വിലയിരുത്തൽ.

ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ, എപ്രിൽ റിലീസായ ഫ്യൂരിയസ് 7, മേയിൽ റിലീസ് ചെയ്ത പിച്ച് പെർഫെക്റ്റ് 2 തുടങ്ങിയ പണം വാരിച്ചിത്രങ്ങൾക്കു പിന്നാലെ ജുറാസിക് വേൾഡിന്റെയും കുതിപ്പ് ഈ ചിത്രങ്ങളുടെയെല്ലാം നിർമാതാക്കളായ യൂണിവേഴ്സൽ പിക്ച്ചേഴ്സിനും പുതിയ റെക്കോർഡിന് അവസരമൊരുക്കി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ഡോളർ നോർത്ത് അമേരിക്കയിലെ ബോക്സോഫിസിൽ നേടിയ നിർമാണക്കമ്പനിയെന്ന നേട്ടമാണ് യൂണിവേഴ്സൽ പിക്ച്ചേഴ്സിനു ലഭിച്ചത്. ആഗോളതലത്തിൽ ഇക്കാലയളവിൽ 300 കോടി ഡോളർ നേടിയ ആദ്യ നിർമാണക്കമ്പനിയെന്ന ഖ്യാതിയും ഇതോടൊപ്പമുണ്ട്. റിലീസായ 66 രാജ്യങ്ങളിൽ കലക്ഷനിൽ ഏറ്റവും മുന്നിലെത്തിയ ചിത്രമെന്ന നേട്ടവും ജുറാസിക് വേൾഡിനു ലഭിച്ചു.

ജുറാസിക് പാർക്ക് പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളുടെ സംവിധായകൻ സ്റ്റീവൻ സ്പീല്‍ബെര്‍ഗ് സഹനിര്‍മാതാവായ ജുറാസിക് വേൾഡ് കോളിന്‍ ട്രിവേറോയാണ് സംവിധാനം ചെയ്തത്. ക്രിസ് പാറ്റ്, ബ്രൈസ് ഡളാസ് ഹോവഡ്, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 1993 ൽ റിലീസ് ചെയ്ത ജുറാസിക് പാർക്ക് എന്ന ആദ്യ ചിത്രം ആഗോളതലത്തിൽ 100 കോടി ഡോളറാണ് നേടിയത്. പരമ്പരയിലെ രണ്ടാം ചിത്രമായ ദ് ലോസ്റ്റ് വേൾഡ് 1997 ലും ജുറാസിക് പാർക് ത്രീ 2001ലും റിലീസ് ചെയ്തു. പരമ്പരയിലെ മൂന്നാം ചിത്രം ബോക്സോഫിസിൽ കാര്യമായ വിജയം നേടിയിരുന്നില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.